തിരയുക

ഒരു പഴയ ഐക്കൺ ചിത്രം ഒരു പഴയ ഐക്കൺ ചിത്രം   (©kbuntu - stock.adobe.com)

പരിശുദ്ധ മറിയം : ആധുനിക ലോകത്തിൽ പ്രത്യാശയുടെ പ്രതീകം

പരിശുദ്ധ കന്യകാമറിയത്തിന്റെ ഭക്തിക്കായി പ്രത്യേകം സമർപ്പിച്ചിരിക്കുന്ന മാസമാണ് മെയ്മാസം. ദൈവവത്തിൽ തന്റെ ജീവിതം പൂർണ്ണമായി സമർപ്പിച്ച ഒരു അമ്മ എന്ന നിലയിൽ, പരിശുദ്ധ കന്യകാമറിയം ഏവർക്കും ഒരു വലിയ മാതൃകയാണ്. യേശുവിനോട് ചേർന്നുള്ള പരിശുദ്ധ മറിയത്തിന്റെ ജീവിതത്തെ ആസ്പദമാക്കിയ ചിന്തകൾ
ചിന്താമലരുകൾ : ശബ്ദരേഖ

ഫാ. ഡൊമിനിക് സാവിയോ മൂഴിക്കര, ഒ ഐ സി

ദൈവമാതാവും നിത്യകന്യകയുമായ പരിശുദ്ധ മറിയത്തിനു തിരുസഭ പ്രത്യേകം സമർപ്പിച്ചിരിക്കുന്ന മെയ് മാസത്തിന്റെ സമാപനത്തിലേക്ക് നാം പ്രവേശിച്ചിരിക്കുകയാണ്. വസന്തകാലത്തിന്റെ പൂക്കളും പുതുജീവന്റെ സൗന്ദര്യവും പേറുന്ന നമ്മുടെ അമ്മയായ പരിശുദ്ധ  മറിയത്തിന്റെ ആത്മീയ സൗന്ദര്യത്തിലേക്കാണ്  ഈ ദിനങ്ങൾ  നമ്മെ നയിക്കുന്നത്. ഭൂമിയിൽ വിരിയുന്ന ഓരോ  മുകുളവും  പ്രത്യാശയുടെ അടയാളങ്ങളാണ്. പുരോഗതിയുടെയും മാറ്റങ്ങളുടെയും സത്‌ഫലങ്ങൾ ലോകത്തെ നയിക്കുമ്പോഴും, യുദ്ധവും പട്ടിണിയും അസമാധാനവും ആധുനിക സാങ്കേതിക രംഗത്തെ അരക്ഷിതാവസ്ഥകളും  മനുഷ്യജീവിതത്തിന്റെ സമസ്തമേഖലകളിലും വിതറുന്ന നിരാശയും നിസ്സംഗതയും അവഗണിക്കാനാവുന്നതല്ല. പ്രതീക്ഷകളും സ്വപ്നങ്ങളും ഇല്ലാതാകുന്ന മനുഷ്യൻ, സ്വയം നശിക്കുകയും, മറ്റുള്ളവരെ നശിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ, ഇരുൾ മൂടുന്ന  അനുദിനജീവിതത്തിന്റെ ചുറ്റുപാടുകളിൽ നിന്ന്  പ്രത്യാശയുടെ വെളിച്ചം കണ്ടെത്തുക എന്ന മനുഷ്യ സമൂഹത്തിന്റെ  വെല്ലുവിളിയ്ക്കുള്ള പരിഹാരമാണ് പരിശുദ്ധ മറിയം. ദിവ്യരഹസ്യം നിറഞ്ഞ പനിനീർ പുഷ്പമായ പരിശുദ്ധ മറിയം, ചരിത്രത്തിലുടനീളം തന്റെ സ്വർഗത്തിലേക്ക് തീർത്ഥാടനം ചെയ്യുന്ന സഭാമക്കൾക്ക് നമ്മുടെ അമ്മ  പ്രത്യാശയുടെ പ്രതീകമാണ്. പൗലോസ് ശ്ലീഹ പ്രഘോഷിക്കുന്നത് പോലെ പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല (റോമ 5/5). പ്രത്യാശയായ ക്രിസ്തുവിനെ (1 തിമോ 1/1) ശരീരത്തിലും ഹൃദയത്തിലും വഹിച്ച പരിശുദ്ധ മറിയം, മനുഷ്യജീവിതത്തിന് പ്രത്യാശയുടെ അടയാളമാണെന്നു രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ തിരുസഭയെകുറിച്ചുള്ള  പ്രബോധന രേഖയായ 'ജനതകളുടെ പ്രകാശം'   അടിവരയിട്ട് പഠിപ്പിക്കുന്നു.  പരിശുദ്ധ മറിയം ആധുനിക ലോകത്തിൽ   പ്രത്യാശയുടെ അടയാളവും അതിജ്ജീവനത്തിന്റെ കരുത്തുമാണ്.

ദൈവത്തിന്റെ രക്ഷാകര പദ്ധതിയിലുള്ള മറിയത്തിന്റെ ഭാഗഭാഗിത്വം  മംഗളവാർത്ത മുതൽ ആരംഭിക്കുന്നു. മംഗളവാർത്തദിനം മറിയത്തിന്റെ   ജീവിതത്തിലെ  സ്വപ്രതീക്ഷകളുടെ അസ്തമയവും   സാമൂഹികമായ അപമാനത്തെ കുറിച്ചുള്ള ഭയത്തിന്റെ ആരംഭവും ആയിരുന്നു. സകലവും അവ്യക്തവും അനിശ്ചിതവുമായിരുന്ന ആ സാഹചര്യങ്ങളുടെ   മധ്യത്തിൽ നിന്നുകൊണ്ടാണ്  മറിയം 'അതെ' എന്ന സമ്മതം കൊണ്ട് പ്രത്യാശ തന്നെയായ  ക്രിസ്തുവിനെ ഹൃദയത്തിൽ സ്വീകരിച്ചത്. ജീവിതത്തിലെ സങ്കടങ്ങളുടെ കാലിത്തൊഴുത്തും സഹനങ്ങളുടെ കാൽവരിയും അതിജീവിച്ച്, പുനരുത്ഥാനത്തിന്റെ പ്രത്യാശയിൽ സന്തോഷിക്കുവാൻ മറിയത്തിന്റെ 'അതെ' എന്ന 'സമ്മത്തതിന്'  കഴിഞ്ഞു. ദൈവീകമായ വാഗ്ദാനങ്ങളിൽ സംശയലേശമെന്യേ വിശ്വസിക്കാൻ കഴിയുന്ന ഹൃദയത്തിൽ മാത്രമേ പ്രത്യാശ പ്രവേശിക്കുവെന്നാണ് മറിയം നമ്മെ പഠിപ്പിക്കുന്നത്. പരിശുദ്ധ ലിയോ പതിനാലാമൻ പാപ്പാ  2025 ലെ പരിശുദ്ധ മറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാളിൽ നൽകിയ സന്ദേശത്തിൽ ഇങ്ങനെ പറയുന്നു : യേശു "അതെ" എന്ന് പറഞ്ഞതുപോലെ, മറിയവും  "അതെ" എന്ന് പറഞ്ഞു; അവൾ കർത്താവിന്റെ വചനത്തിൽ വിശ്വസിച്ചു. അവളുടെ ജീവിതം മുഴുവൻ ദൈവപുത്രനായ തന്റെ മകനോടൊപ്പം നടത്തിയ  പ്രത്യാശയുടെ തീർത്ഥാടനമായിരുന്നു;  കുരിശിലൂടെയും പുനരുത്ഥാനത്തിലൂടെയും ദൈവീകമായ ആശ്ലേഷത്തിൽ സ്വർഗ്ഗീയരാജ്യത്തിലെത്തിയ ഒരു തീർത്ഥാടനമായിരുന്നു അത്". 2025 ജൂബിലി വർഷത്തിന്റെ പ്രമേയമായ പ്രത്യാശയുടെ തീർത്ഥാടകർ” എന്ന ആശയത്തോട് ചേർത്ത്, മറിയം മനുഷ്യരെ ദൈവത്തിലേക്കു നയിക്കുന്ന പ്രത്യാശയുടെ അടയാളമാണെന്നും പാപ്പാ ഓർമിപ്പിക്കുന്നു.

മറിയത്തിന്റെ സമ്മതം, ദൈവത്തിന്റെ തിരഞ്ഞെടുക്കപെട്ടവളായി അവളെ ചേർത്തുനിർത്തിയെങ്കിലും, സാധാരണ ജീവിതത്തിന്റെ പ്രതിസന്ധികളും പ്രശ്നങ്ങളും അവളെ വിട്ടുപോയതേയില്ല. ബെത്ലഹേമിലേക്കുള്ള യാത്രയും, ഈജിപ്റ്റിലേക്കുള്ള പലായനവും  നസറത്തിലേക്കുള്ള മടങ്ങിവരവും  ബാലനായ യേശുവിനെ അന്വേഷിച്ചുള്ള ആകുലതകളും, കുരിശു വഴിയിലെ ക്ലേശങ്ങളും കുരിശിൻ ചുവട്ടിലെ വേദനയും   തുടങ്ങിയ സങ്കീർണ്ണവും ഗാഢവുമായ  ജീവിതാവസ്ഥകളിൽ  പതറാതെ മറിയം നിന്നു. വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ  ‘രക്ഷകന്റെ അമ്മ'   എന്ന പ്രബോധനത്തിൽ മറിയത്തിന്റെ ഈ വിശ്വാസയാത്രയെ “പ്രത്യാശയുടെ തീർത്ഥാടനം” എന്ന് വിശേഷിപ്പിക്കുന്നു. ഹൃദയം കീറിമുറിച്ച വാൾമുന തുമ്പിലും പ്രത്യാശയുടെ പിടിവള്ളി കണ്ടെത്തിയവളാണ് മറിയം.  തീരാരോഗങ്ങൾ, കുടുംബപ്രശ്നങ്ങൾ, മാനസികവിഷാദം, സാമൂഹികമായ  ഒറ്റപ്പെടൽ, ആത്മീയ ശൂന്യത തുടങ്ങിയ ആധുനിക മനുഷ്യജീവിതത്തിന്റെ  സാഹചര്യങ്ങളിൽ മറിയത്തിന്റെ ഈ തീർത്ഥാടനം  അതിജീവനത്തിന്റെ വലിയ പാഠമാണ് നമുക്ക് നൽകുന്നത്.

“മറിയമാകട്ടെ ഇവയെല്ലാം ഹൃദയത്തിൽ സംഗ്രഹിച്ച് ഗാഢമായി ചിന്തിച്ചുകൊണ്ടിരുന്നു” (ലൂക്കാ 2:19) എന്ന വചനം പരിശുദ്ധ മറിയത്തിന്റെ ആത്മീയ ആഴവും പ്രത്യാശയുടെ ജീവിതശൈലിയും വെളിപ്പെടുത്തുന്നു. ഈ ജീവിത ശൈലി, മറിയം സ്വന്തമാക്കിയത് ദൈവസന്നിധിയിൽ ധ്യാനിച്ചും വിവേചിച്ചും ദൈവഹിതം സ്വീകരിച്ചുമാണ്. കാനായിലെ കല്യാണവീട്ടിൽ അപമാനത്തിന്റെ വക്കിലെത്തിയ കുടുംബത്തെ ക്രിസ്തുവിലേക്കു നയിച്ച മറിയം, മനുഷ്യന്റെ പരിമിതികളിൽ പോലും പ്രത്യാശയുടെ വഴി തുറക്കുന്നു. ഇന്നത്തെ ഡിജിറ്റൽ ലോകത്തിലെ  ശബ്ദകോലാഹലങ്ങളും സാമൂഹികമാധ്യമങ്ങളിലെ താരതമ്യങ്ങളും മാനഹാനികളും ഭീഷണികളും മനുഷ്യനെ ആന്തരികമായി തകർക്കുമ്പോൾ, പ്രത്യാശയെ  “ഹൃദയത്തിൽ സംഗ്രഹിക്കുന്ന” മറിയത്തിന്റെ ശൈലി മനുഷ്യനെ ആത്മസംയമനത്തിലേക്കും ആത്മവിശ്വാസത്തിലേക്കും നയിക്കുന്നു. അമിതവൈകാരികത മനുഷ്യനെ ആക്രമണത്തിലേക്കും കൊലപാതകങ്ങളിലേക്കും കൊണ്ടെത്തിക്കുന്നു.   മറിയത്തിന്റെ ജീവിത ശൈലി, നിശ്ശബ്ദതയുടെയും പ്രാർത്ഥനയുടെയും ദൈവവിശ്വാസത്തിന്റെയും വഴിയാണ്. യഥാർത്ഥ പ്രത്യാശ ദൈവവുമായി ബന്ധപ്പെട്ടു ജീവിക്കുന്നതിലാണെന്ന് തിരുസ്സഭ അസ്സന്നിഗ്ദ്ധമായി പഠിപ്പിക്കുന്നു.  ആത്മഹത്യയിലേക്കും വിഷാദരോഗങ്ങളിലേക്കും വഴുതിവീഴുന്ന  ഇന്നത്തെ തലമുറയ്ക്ക് മറിയത്തിന്റെ ധ്യാനാത്മകവും ദൈവകേന്ദ്രിതവുമായ ഈ ജീവിതശൈലി ഉയിർത്തെഴുന്നേൽപ്പിലേക്കുള്ള വഴിയാണ്; കാരണം മറിയം  പഠിപ്പിക്കുന്നത്, പ്രത്യാശ എന്നത്  ചുറ്റുമുള്ള ലോകത്തിന്റെ പ്രശംസകളിലോ, അംഗീകാരങ്ങളിലോ അല്ല, ദൈവം നൽകുന്ന സ്നേഹത്തിൽ ഉറച്ചുനിൽക്കുന്ന ഹൃദയത്തിലാണെന്നാണ്.

പരിശുദ്ധ അമ്മയുടെ വണക്കമാസം, ലോകം വസന്തത്തെ ആനന്ദത്തോടെ  എതിരേൽക്കുന്ന സമയം കൂടിയാണ്. ഭൂമി പൊതുഭവനമായി കരുതി പരിസ്ഥിതിയെ സംരക്ഷിക്കാൻ ആഹ്വാനം ചെയ്ത ഫ്രാൻസിസ് മാർപാപ്പ 'അങ്ങേയ്ക്ക് സ്തുതി' എന്ന തന്റെ ചാക്രിക ലേഖനത്തിൽ  പറയുന്നു: “ഉണ്ണിയേശുവിനെ പരിപാലിച്ച അമ്മ, ഇന്ന് മുറിവേറ്റ ഈ ലോകത്തെ മാതൃസഹജമായ സ്നേഹത്തോടും വേദനയോടും കൂടെ പരിപാലിക്കുന്നു.”  കാലാവസ്ഥ വ്യതിയാനങ്ങൾ മൂലം വെള്ളപ്പൊക്കവും കൊടുംങ്കാറ്റും തുടങ്ങി മനുഷ്യജീവിതത്തിന് ഭീഷണിയായ പ്രകൃതിദുരന്തങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ  അടിക്കടി ഉണ്ടാകുന്നുണ്ട്. സ്രഷ്ടാവിന്റെ ഉദരത്തിൽ വഹിച്ച മറിയത്തിന്റെ സമ്പൂർണ്ണ സമർപ്പണം,  സൃഷ്ടിയോടുള്ള ആർദ്രതയും ആദരവും കൂടിയാണ്. മറിയത്തിന്റെ ഉദരത്തിൽ “വചനം മാംസമായി” (യോഹ 1:14). സ്രഷ്ടാവ് തന്നെ സൃഷ്ടിയുടെ ഭാഗമായി. അതിനാൽ, മറിയം “സൃഷ്ടിയുടെ രാജ്ഞി” ആണ്. അവളിൽ ദൈവവും മനുഷ്യനും സൃഷ്ടിയും ഒന്നിക്കുന്നു. വസന്തത്തിൽ നാം കാണുന്ന പൂവിടൽ, മറിയത്തിലൂടെ ലോകത്തിന് ലഭിച്ച കൃപയുടെ പൂവിടലിന്റെ അടയാളമാണ്. അതുകൊണ്ട് തന്നെ മറിയം നമ്മെ ക്ഷണിക്കുന്നത്, പ്രത്യാശയുടെയും പ്രതീക്ഷയുടെയും അടയാളമായ ഭൂമിയിലെ ഓരോ ജീവന്റെ കണികയെയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വത്തിലേക്കാണ്. ഓരോ ജൈവീക വസ്തുക്കളിലും ഉള്ള ദൈവീക നിയോഗത്തെ തിരിച്ചറിയാനുള്ള പ്രത്യാശ നിറഞ്ഞ മറിയത്തിന്റെ കണ്ണുകളിലൂടെ ഈ പ്രകൃതിയെ നമുക്ക് ശ്രദ്ധാപൂർവ്വം വീക്ഷിക്കാം.

പരിശുദ്ധ മറിയത്തിന്റെ സ്തോത്ര ഗീതം പ്രത്യാശയുടെ ഗീതമാണ്. ദൈവത്തെ മഹത്വപ്പെടുത്തുകയും ദൈവത്തിൽ ആനന്ദിക്കുകയും ചെയ്യുന്ന ഹൃദയം തന്നെയാണ് പ്രത്യാശയുടെ ഉറവിടം. ബെനഡിക്ട് പതിനാറാമൻ മാർപാപ്പ പറയുന്നു, ' മറിയത്തിന്റെ ചിന്തകൾ ദൈവത്തിന്റെ ചിന്തകളായിരുന്നു, അവളുടെ വാക്കുകൾ ദൈവത്തിന്റേതായിരുന്നു'.  ദൈവവചനത്തിൽ നങ്കൂരമിട്ട മറിയത്തിന്റെ ജീവിത നൗക മനുഷ്യജീവിതത്തെ പ്രത്യാശയായ ക്രിസ്തുവിലേക്ക് നിരന്തരം നയിക്കുന്നതാണ്‌. ' അവൻ പറയുന്നത് ചെയ്യുവിൻ' എന്ന കാനായിലെ മറിയത്തിന്റെ ആഹ്വാനം, പ്രത്യാശയുടെ ഈ സ്തോത്രഗീതത്തിന്റെ ചുരുക്കെഴുത്ത് തന്നെയാണ്. ആശ നഷ്ട്ടപെട്ടവർക്കും, മാറ്റി നിർത്തപ്പെട്ടവർക്കും നീതിയുടെയും ഔന്നത്യത്തിന്റെയും പുതിയ വെളിച്ചം പകരുന്ന സ്തോത്രഗീതത്തിൽ പ്രത്യാശയെ പങ്കിട്ടെടുത്ത്  അനുഭവിച്ച ദൈവദാസിയുടെ വിശാലമായ മനസ്സാണ് നമുക്ക് കാണാൻ കഴിയുന്നത്. താഴ്മയുള്ളവരെ ഉയർത്തുന്ന ദൈവീക നീതി ഉറക്കെ പ്രഖ്യാപിക്കുന്ന മറിയത്തിന്റെ ഗീതം, നിരന്തരം മുഴങ്ങുന്ന  പ്രത്യാശയുടെ ധ്വനികളാണ്. 

ഭാവിയിലേക്കുള്ള പ്രത്യാശയുടെ പ്രകാശമായും മറിയം നമ്മെ നയിക്കുന്നു. ബെനഡിക്ട് പതിനാറാമൻ മാർപാപ്പ, തന്റെ *പ്രത്യാശയിൽ രക്ഷ എന്ന ചാക്രികലേഖനത്തിൽ “പ്രത്യാശയുടെ നക്ഷത്രം" എന്ന്  പരിശുദ്ധ അമ്മയെ വിശേഷിപ്പിക്കുന്നു.  മനുഷ്യ ജീവിതം  പലപ്പോഴും ഇരുട്ടും കൊടുങ്കാറ്റും നിറഞ്ഞ സമുദ്രത്തിലൂടെയുള്ള  യാത്രയാണ്. ഈ യാത്രയിൽ ദിശ കാണിക്കുന്ന നക്ഷത്രങ്ങളെപ്പോലെ, ജീവിതത്തിൽ പ്രത്യാശ നൽകുന്ന അനേകം വ്യക്തികൾ നമ്മുടെ ജീവിതത്തിൽ ഉണ്ട്.  എന്നാൽ അവരിൽ ഏറ്റവും പ്രകാശമുള്ള നക്ഷത്രം മറിയമാണെന്ന് പാപ്പാ ഓർമിപ്പിക്കുന്നു.  പരിശുദ്ധ മറിയം  ജീവിതയാത്രയിൽ സുരക്ഷിതമായ ദിശ കാണിക്കുന്ന മാർഗ്ഗദീപമാണ്. പ്രതിസന്ധികളിലും പരീക്ഷണങ്ങളിലുമാണ് അവളുടെ മദ്ധ്യസ്ഥത ഏറ്റവും ശക്തമായി അനുഭവപ്പെടുന്നത്; അവൾ നമ്മെ ദൈവത്തിൽ വീണ്ടും വിശ്വാസം സ്ഥാപിക്കാൻ സഹായിക്കുന്നു. അതിനാൽ മറിയം ദുഃഖത്തിലും പരീക്ഷണങ്ങളിലും ആശ്വാസവും ധൈര്യവും നൽകുന്ന പ്രത്യാശയുടെ മാതാവായി വിശ്വാസികളുടെ ജീവിതത്തിൽ നിലകൊള്ളുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 മേയ് 2026, 14:24