ഒയോ രൂപതാദ്ധ്യക്ഷൻ അഭി. എമ്മാനുവേൽ അദെത്തെയോസെ ബദേജോ ഒയോ രൂപതാദ്ധ്യക്ഷൻ അഭി. എമ്മാനുവേൽ അദെത്തെയോസെ ബദേജോ  

നൈജീരിയ: തട്ടിക്കൊണ്ടുപോകപ്പെട്ട വിദ്യാർത്ഥികളും അധ്യാപകരും സ്വാതന്ത്രരാക്കപ്പെടാൻവേണ്ടി പ്രാർത്ഥനകൾ അഭ്യർത്ഥിച്ച് ഒയോ മെത്രാൻ ബദേജോ

നൈജീരിയയിലെ ഒയോ സംസ്ഥാനത്തുള്ള ഓഗ്‌ബോമോസോയിലെ സ്‌കൂളുകളിൽനിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട അൻപതിലധികം ആളുകളുടെ മോചനത്തിനായി പ്രാർത്ഥനകൾ അഭ്യർത്ഥിച്ച് ഒയോ രൂപതാമെത്രാൻ അഭി. എമ്മാനുവേൽ അദെത്തെയോസെ ബദേജോ. മെയ് 15-നായിരുന്നു ബൈക്കുകളിലെത്തിയ സായുധസംഘം വിവിധ സ്‌കൂളുകളിൽനിന്നായി 45 വിദ്യാർത്ഥികളെയും ഒരു പ്രിൻസിപ്പലിനെയും ഏഴ് അധ്യാപകരെയും തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടിരുന്നു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

തെക്കൻ നൈജീരിയയിലെ ഓഗ്‌ബോമോസോയിൽ (Ogbomoso) വിവിധ സ്‌കൂളുകളിൽനിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട വിദ്യാർത്ഥികളും അധ്യാപകരുമടങ്ങുന്ന അൻപതോളം പേരുടെ സ്വാതന്ത്ര്യത്തിനായി പ്രാർത്ഥനകളും സർക്കാരിന്റെ ഇടപെടലും അപേക്ഷിച്ച് ഒയോ (Oyo) രൂപതാദ്ധ്യക്ഷൻ അഭി. എമ്മാനുവേൽ അദെത്തെയോസെ ബദേജോ (Bishop Emmanuel Adetoyese Badejo). മെയ് 20-ന് ഫീദെസ് ഏജൻസിയാണ് ഇതുസംബന്ധിച്ച വിവരങ്ങൾ റിപ്പോർട്ട് ചെയ്തത്. നൈജീരിയയുടെ തെക്കുപടിഞ്ഞാറൻ ഭാഗത്ത്, ബെനിനുമായി അതിർത്തി പങ്കിടുന്ന പ്രദേശത്താണ് മെയ് 15-ന് 45 വിദ്യാർത്ഥികളും ഒരു പ്രിൻസിപ്പലും ഏഴ് അധ്യാപകരും തട്ടിക്കൊണ്ടുപോകപ്പെട്ടത്.

ഒറീരെ ജില്ലയിലെ അഹോറോ എസിനേലെ (Ahoro-Esinele) പ്രദേശത്ത് ഓഗ്‌ബോമോസോയിലുള്ള വിവിധ സ്‌കൂളുകളിൽ ബൈക്കുകളിലെത്തിയ സായുധ സംഘം വിവിധ സ്‌കൂളുകൾ ആക്രമിക്കുകയും വിദ്യാർത്ഥികളെയും അധ്യാപകരെയും തട്ടിക്കൊണ്ടുപോവുകയുമായിരുന്നുവെന്ന് പ്രാദേശികവൃത്തങ്ങളെ അധികരിച്ച് ഫീദെസ് അറിയിച്ചു. യാവോത്തയിലുള്ള ബാപ്റ്റിസ്റ്റ് നേഴ്സറി, പ്രൈമറി സ്‌കൂളുകളും, എസിയേലേയിലെ ഗ്രാമർ സ്‌കൂളും, ഓഗ്‌ബോമോസോയിലെ എൽ.എ. പ്രൈമറി സ്‌കൂളും ലക്ഷ്യമാക്കിയായിരുന്നു ആക്രമണം.

ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടതായി അറിയിച്ച നൈജീരിയയിലെ പോലീസ് വൃത്തങ്ങൾ അൻപതിലധികം പേർ തട്ടിക്കൊണ്ടുപോകപ്പെട്ടതായും വ്യക്തമാക്കി. തട്ടികൊണ്ടുപോകപ്പെട്ട പ്രിൻസിപ്പലും ഒരു ടീച്ചറും തങ്ങളുടെ സ്വാതന്ത്ര്യത്തിനായി ഇടപെടാൻ ഫെഡറൽ ഗവൺമെന്റിനോട് അപേക്ഷിക്കുന്ന ഒരു വീഡിയോ മെയ് 17 ഞായറാഴ്ച സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. അതേസമയം, തട്ടിക്കൊണ്ടുപോകപ്പെട്ട അദ്ധ്യാപകരിൽ ഒരാൾ കൊല്ലപ്പെട്ടതായി ഒയോ സംസ്ഥാനത്തിന്റെ ഗവർണർ അറിയിച്ചു. സംഭവവുമായി സഹകരിച്ചു പ്രവർത്തിച്ചവരെന്ന് സംശയിക്കുന്ന ആറുപേരെയും മറ്റു രണ്ടുപേരെയും അറസ്റ്റ് ചെയ്തതായും അദ്ദേഹം വിശദീകരിച്ചു.

വടക്കു കിഴക്കൻ നൈജീരിയയിൽ ജിഹാദി ഗ്രൂപ്പുകൾക്കുമേലെയുള്ള സമ്മർദ്ദം എറിയതുമൂലം അവർ രാജ്യത്തിൻറെ തെക്കുപടിഞ്ഞാറൻ പ്രദേശങ്ങളുൾപ്പെടുന്ന ഭാഗങ്ങളിലേക്ക് നീങ്ങിയിട്ടുണ്ടെന്നും, നൈജീരിയയിലെ ജിഹാദി ഗ്രൂപ്പുകളിൽനിന്നുള്ള സമ്മർദ്ദം അയൽരാജ്യമായ ബെനിനിലും ഉണ്ടാകുന്നുണ്ടെന്നും, അവിടുത്തെ പ്രാദേശിക സുരക്ഷാസേനയെ സഹായിക്കുന്നതിനായി നൈജീരിയയിലെ സേനയുടെ യൂണിറ്റുകളെ അയച്ചിട്ടുണ്ടെന്നും ഗവർണർ അറിയിച്ചു. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 മേയ് 2026, 12:35