ഗാസായിലെ ഭൂരിഭാഗം ജനങ്ങളും ദുരിതത്തിൽ: 50.000 ലധികം ആളുകൾക്ക് അടിയന്തിര പുനരധിവാസസഹായം ആവശ്യമുണ്ട്
ബെയാത്രീച്ചെ ഗ്വരേര, മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ഗാസാ പ്രദേശത്തെ ആളുകൾ ഇപ്പോഴും സുരക്ഷിതരല്ലെന്നും, കഴിഞ്ഞ രണ്ടുവർഷങ്ങളിലധികമായി പ്രദേശത്തെ കുട്ടികളും മുതിർന്നവരും തികച്ചും പരിതാപകരമായ അവസ്ഥയിലാണ് കഴിയുന്നതെന്നും ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സഹായ വിഭാഗം (OCHA) ഓഫീസ് അറിയിച്ചു. ആരോഗ്യ, പരിസ്ഥിതി പ്രശ്നങ്ങൾ നേരിടുന്ന ഇവിടുത്തെ ആളുകൾ താമസിക്കുന്ന ജനവാസപ്രദേശങ്ങളിൽ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും ഐക്യരാഷ്ട്രസഭ കൂട്ടിച്ചേർത്തു.
പൊതു സാമൂഹ്യമാധ്യമങ്ങളും വാർത്താചാനലുകളും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെ സംഘർഷങ്ങളിലും യുദ്ധങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുമ്പോൾ ഗാസാ പ്രദേശത്ത് ഇരുപത് ലക്ഷത്തിലധികം ആളുകളാണ് ദുരിതത്തിൽ കഴിയുന്നതെന്ന് യു.എൻ. വ്യക്തമാക്കി. കഴിഞ്ഞ ഒക്ടോബറിൽ വെടിനിറുത്തൽ പ്രഖ്യാപിക്കപ്പെട്ടതിന് ശേഷം ഗാസാ പ്രദേശത്ത് കുറഞ്ഞത് 880 ആളുകളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നും സംഘടന അറിയിച്ചു.
ഗാസാ പ്രദേശത്തെ ജനത്തിന് മരുന്നുകളും മറ്റു ചികിത്സാസാമഗ്രികളും എത്തിക്കാനായി ആവശ്യമായ ഇടനാഴികൾ തുറക്കണമെന്ന് നിരവധി മനുഷ്യാവകാശസംഘടനകൾ അഭ്യർത്ഥിച്ചു. പ്രദേശത്തേക്ക് മാനവികസഹായമെത്തിക്കുന്നതിന് പൂർണ്ണമായ തോതിൽ സാധിക്കുന്നില്ലെന്ന് പരാതിപ്പെട്ട ഏജൻസികൾ, മെയ് മാസത്തിലെ ആദ്യ പതിനൊന്ന് ദിവസങ്ങളിൽ ഈജിപ്തിൽനിന്ന് വന്ന പകുതി ട്രക്കുകൾക്കേ ഗാസാ പ്രദേശത്ത് സാധനസാമഗ്രികൾ എത്തിക്കാനായിട്ടുള്ളൂ എന്നും അറിയിച്ചു.
ഗാസാ പ്രദേശത്ത് ലഭ്യമായ ജലത്തിന്റെ 98 ശതമാനവും ശുദ്ധമല്ലെന്നും, ജലസംഭരണ, വിതരണ സംവിധാനങ്ങളിൽ 89 ശതമാനവും ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നും, ജലം പമ്പുചെയ്യാനാവശ്യമായ ഇന്ധനം ആവശ്യത്തിന് ലഭിക്കുന്നില്ലെന്നും യു.എൻ. വ്യക്തമാക്കിയിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: