തിരയുക

പന്തക്കുസ്തയുടെ ഐക്കൺ ചിത്രം പന്തക്കുസ്തയുടെ ഐക്കൺ ചിത്രം  

പന്തക്കുസ്താതിരുനാൾ, മനുഷ്യജീവന്റെ അന്തസ്സിനെ ബഹുമാനിക്കുവാനും, സംരക്ഷിക്കുവാനും നമ്മെ ആഹ്വാനം ചെയ്യുന്നു

സീറോ മലബാർ സഭാ ആരാധനാക്രമത്തിൽ ശ്ലീഹാക്കാലം ഒന്നാം ഞായറാഴ്ചയിലെ വിശുദ്ധഗ്രന്ഥവായനകളെ അടിസ്ഥാനമാക്കിയ വിചിന്തനം. ഈ ദിവസം, പന്തക്കുസ്താ തിരുനാൾ, സഭയിൽ ആഘോഷിക്കുന്നു. (യോഹന്നാൻ 20:19-23)
സുവിശേഷപരിചിന്തനം: ശബ്ദരേഖ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ഉയിർപ്പുകാലത്തിൽ നിന്നും, പന്തക്കുസ്താ തിരുനാൾ ആഘോഷിച്ചുകൊണ്ട്, സഭ, ശ്ലീഹാക്കാലത്തിലേക്ക് പ്രവേശിക്കുകയാണ്. സഭയുടെ ആരാധന ക്രമ വർഷത്തിലെ പ്രധാനവും, ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനവുമായ തിരുനാളുകളിലൂടെയാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ നാം കടന്നുപോയത്.  ആത്മപരിത്യാഗത്തിന്റെയും, മാനസാന്തരത്തിന്റെയും മാർഗമായ നോമ്പുകാലത്തിലൂടെ കടന്ന് യേശുവിന്റെ പീഡാസഹനവും, മരണവും ഉത്ഥാനവും അനുസ്മരിച്ച്, നവമായ ഒരു ചൈതന്യത്തിലേക്ക്, അതായത് പാപത്തിന്റെ പഴയ മനുഷ്യനിൽ മൃതരായി ക്രിസ്തുവിൽ പുതിയ മനുഷ്യരായി പുനരുത്ഥാനം ചെയ്യപ്പെട്ട നാം, തുടർന്നുള്ള അമ്പതു ദിവസങ്ങളിൽ, ദൈവത്തിന്റെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ വരവിനായി ദാഹത്തോടെ കാത്തിരിക്കുകയായിരുന്നുവല്ലോ. ഇതാ ആ ദിവസം സമാഗതമായി.

യേശുവിന്റെ ഉത്ഥാന തിരുനാളിനു ശേഷം അൻപതാം ദിവസമാണ് പരിശുദ്ധാത്മാവിന്റെ ആഗമനത്തിരുനാൾ നാം ആഘോഷിക്കുന്നത്. പന്തക്കുസ്ത എന്ന പേര് തന്നെ അക്ഷരാർത്ഥത്തിൽ അമ്പതു ദിവസം എന്നാണെന്നുള്ളത് എല്ലാവർക്കും അറിവുള്ളതാണ്. ഇസ്രായേൽ ജനതയുടെ പാരമ്പര്യത്തിൽ വേരൂന്നിയ ഈ തിരുനാൾ വിളവെടുപ്പിന്റെ ഉത്സവം ആയിട്ടായിരുന്നു കൊണ്ടാടിയിരുന്നത്.  ഈ ചൈതന്യം തന്നെയാണ്, സീറോ മലബാർ സഭയുടെ ആരാധന ക്രമവും പന്തക്കുസ്ത തിരുനാളോടെ ആരംഭിക്കുന്ന  ശ്ലീഹ കാലത്തിൽ അനുസ്മരിക്കുന്നത്. എന്നാൽ ഈ പന്തക്കുസ്തയും, വിളവെടുപ്പും, ചരിത്രത്തിൽ ഒരിക്കൽ മാത്രം നടക്കുകയും, കാലഹരണപ്പെടുകയും ചെയ്ത ഒരു സംഭവമല്ല, മറിച്ച്, അത് ഇന്നും അനുസ്യൂതം സഭയിലൂടെ തുടരുന്ന, ഒരു യാഥാർഥ്യമാണ്. വർത്തമാനകാലത്തിലും, ഈ പന്തക്കുസ്താ അനുഭവത്തിലേക്ക് വളരുവാനും, പരിശുദ്ധാത്മാവിനാൽ നിറഞ്ഞു കൊണ്ട്, നവമായ ഒരു സൃഷ്ടിയായി, ആത്മാവിന്റെ ഫലങ്ങൾ ജീവിതത്തിൽ പുറപ്പെടുവിക്കുവാൻ ഈ തിരുനാളും, കാലവും നമ്മെ ക്ഷണിക്കുന്നു. വിശ്വാസപ്രമാണത്തിൽ നാം ഇപ്രകാരം ഏറ്റുപറയുന്നു: "ജീവദാതാവും പിതാവിൽ നിന്നും പുത്രനിൽ നിന്നും പുറപ്പെടുന്നവനുമായ പരിശുദ്ധാത്മാവിൽ ഞാൻ വിശ്വസിക്കുന്നു." ഇന്ന് നാം ധ്യാനിക്കുന്ന നാല് വചനഭാഗങ്ങളും പരിശുദ്ധാത്മാവ് എപ്രകാരമാണ് മനുഷ്യജീവിതത്തിന് ജീവനും ശക്തിയും ദൗത്യവും നൽകുന്നത് എന്ന് വിവരിക്കുന്നു.

ആദ്യവായന ഉൽപ്പത്തി പുസ്തകത്തിൽ, ദൈവം, ആദത്തില്‍ ജീവശ്വാസം നിശ്വസിക്കുന്നതിനെ പറ്റിയാണ് വിവരിക്കുന്നത്. ദൈവത്തിന്റെ സൃഷ്ടികർമ്മത്തിൽ ഏറ്റവും സവിശേഷമായത്, മനുഷ്യന്റെ സൃഷ്ടി തന്നെയാണ്. കാരണം അത് കേവലം ഒരു നിർമ്മിതി ആയിരുന്നില്ല മറിച്ച്, തന്റെ ദൗത്യത്തിലേക്കുള്ള ഒരു ക്ഷണമായിരുന്നു. ഇവിടെ ഭൗതീകമായതും, നശ്വരവുമായ ഘടകങ്ങൾക്കപ്പുറം, ദൈവീകമായ ഒരു ചൈതന്യം മനുഷ്യന് ആവശ്യമാണെന്ന് ദൈവത്തിനു അറിയാമായിരുന്നതുകൊണ്ട്, ആത്മാവിനെ മനുഷ്യന്റെ ഉള്ളിലേക്ക് ദൈവം നിവേശിപ്പിക്കുന്നു. മനുഷ്യന്റെ ജീവിതത്തിനും, ജീവനും ഇപ്രകാരമാണ് ഒരു അർത്ഥം  കൈവരുന്നത്.

"ദൈവമായ കര്‍ത്താവ് ഭൂമിയിലെ പൂഴികൊണ്ടു മനുഷ്യനെ രൂപപ്പെടുത്തുകയും ജീവന്‍െറ ശ്വാസം അവന്‍െറ നാസാരന്ധ്രങ്ങളിലേക്കു നിശ്വസിക്കുകയും ചെയ്തു. അങ്ങനെ മനുഷ്യന്‍ ജീവനുള്ളവനായിത്തീര്‍ന്നു" എന്നാണ് വചനം പറയുന്നത്. ഈ നിശ്വാസം എന്ന പദം  ദൈവവും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ സൂചിപ്പിക്കുന്നു. ദൈവം തൻ്റെ ആത്മാവിൻ്റെ ഒരംശം മനുഷ്യനിലേക്ക് ചൊരിയുന്നതാണ് ഈ വചന ഭാഗത്തിന്റെ പ്രധാന വശം. ഓരോ മനുഷ്യനും അമൂല്യനാകുന്നത് അവൻ്റെ ഉള്ളിൽ ദൈവികമായ ഈ ശ്വാസം ഉള്ളതുകൊണ്ടാണ്. നമ്മുടെ ശരീരം മണ്ണിൽ നിന്നുള്ളതാണെങ്കിലും നമ്മുടെ ജീവൻ ദൈവത്തിൽ നിന്നുള്ളതാണ്. അതിനാൽ, ജീവൻ്റെ ഓരോ നിമിഷവും വിശുദ്ധമാണ്. ഗർഭപാത്രം മുതൽ മരണം വരെ ഓരോ ജീവനെയും ആദരിക്കാൻ ഈ വചനം നമ്മെ ക്ഷണിക്കുന്നു, കാരണം നാം പരിശുദ്ധാത്മാവിനാൽ ജീവൻ പ്രാപിച്ചിരിക്കുന്നവരാണ്. അതിനാൽ പന്തക്കുസ്താതിരുനാൾ, മനുഷ്യജീവന്റെ അന്തസ്സിനെ തിരിച്ചറിയുവാനും, ബഹുമാനിക്കുവാനും, സംരക്ഷിക്കുവാനും നമ്മെ ആഹ്വാനം ചെയ്യുന്നു.

രണ്ടമത്തെ വായനയിൽ, ജോബ് തന്റെ ജീവിതത്തിൽ തിരിച്ചറിയുന്ന സത്യവും, സൃഷ്ടികർമ്മത്തിൽ നിവേശിക്കപ്പെട്ട പരിശുദ്ധാത്മാവിന്റെ സാന്നിധ്യമാണ്. ദൈവചൈതന്യം എന്നെ സൃഷ്ടിച്ചു;സര്‍വശക്തന്‍െറ ശ്വാസം എനിക്കുജീവന്‍ തന്നു. അവിടുന്ന് തന്‍െറ ചൈതന്യം തന്നിലേക്കു പിന്‍വലിച്ചാല്‍, തന്‍െറ ശ്വാസം തന്നിലേക്കു തിരിച്ചെടുത്താല്‍, എല്ലാ ശരീരവും ഒന്നോടെ നശിക്കും; മനുഷ്യന്‍ പൊടിയിലേക്കു മടങ്ങും. "ദൈവത്തിൻ്റെ ആത്മാവ് എന്നെ സൃഷ്ടിച്ചു" എന്ന് പറയുമ്പോൾ, നാം ഓരോരുത്തരും ദൈവത്തിൻ്റെ തുടർച്ചയായ സൃഷ്ടികർമ്മത്തിൻ്റെ ഫലമാണെന്ന് നാം തിരിച്ചറിയണം.  ദൈവത്തിന്റെ ആത്മാവിന്റെ സാന്നിധ്യം നമ്മിൽ ഇല്ലാതാകുന്ന നിമിഷം, നാം ധരണിയിലെ ധൂളി മാത്രമെന്ന ജോബിന്റെ വാക്കുകൾ,  നമ്മെ വിനയമുള്ളവരാക്കണം. നമ്മുടെ ആരോഗ്യവും ബുദ്ധിയും സമ്പത്തും ഒന്നുമല്ല നമ്മെ നിലനിർത്തുന്നത്, മറിച്ച് ദൈവത്തിൻ്റെ കൃപയാണ് എന്നുള്ള തിരിച്ചറിവിലേക്ക് നമ്മെ നയിക്കണം. അതിനാൽ പന്തക്കുസ്ത തിരുനാൾ നമ്മിലുള്ള ആത്മാവിനെ  തിരിച്ചറിഞ്ഞുകൊണ്ട്, നന്ദിയുള്ള ഹൃദയത്തോടെ ജീവിക്കുവാൻ നമ്മെ പ്രചോദിപ്പിക്കുന്നു. 

പഴയനിയമത്തിൽ ജീവൻ നൽകിയ അതേ ആത്മാവ്, പെന്തക്കുസ്ത നാളിൽ സഭയെ ശക്തിപ്പെടുത്താനായി എഴുന്നള്ളി വരുന്നു. ഈശോയുടെ സ്വർഗ്ഗാരോഹണത്തിന് ശേഷം ഭയചകിതരായി മുറിക്കുള്ളിൽ അടച്ചിരുന്ന ശിഷ്യന്മാരുടെ മേൽ അഗ്നിനാവുകളുടെ രൂപത്തിൽ പരിശുദ്ധാത്മാവ് ഇറങ്ങിവന്നു. മൂന്നാമത്തെ വായനയിൽ, അപ്പസ്തോല പ്രവർത്തനങ്ങളുടെ വിവരണം, ഈ ഒരു സംഭവത്തെ വിവരിക്കുന്നത്, സഭയുടെ തുടക്കം എന്ന നിലയിലാണ്. ലോകത്തിന്റെ കണ്ണിൽ അജ്ഞരായ മീൻപിടുത്തക്കാർ ലോകത്തിൻ്റെ അതിരുകൾ വരെ സുവിശേഷം അറിയിക്കാൻ ധൈര്യമുള്ളവരായി മാറി.  കത്തോലിക്കാ വിശ്വാസികളെ സംബന്ധിച്ചിടത്തോളം, നമ്മുടെ സ്ഥൈര്യലേപന കൂദാശ ഈ പന്തക്കുസ്തയുടെ അനുഭവമാണ് നമുക്ക് പ്രദാനം ചെയ്യുന്നത്.  ലോകത്തിന് മുൻപിൽ ക്രിസ്തുവിന് സാക്ഷ്യം വഹിക്കാൻ പരിശുദ്ധാത്മാവ് നമുക്ക് ഏഴ് വരങ്ങളും പന്ത്രണ്ട് ഫലങ്ങളും കൂദാശയിലൂടെ നൽകുന്നു. ഭാഷകളുടെ വൈവിധ്യത്തിനിടയിലും സ്നേഹത്തിൻ്റെ ഏകഭാഷ സംസാരിക്കാൻ ആത്മാവ് സഭയെ പഠിപ്പിക്കുന്നു. പന്തക്കുസ്ത അപ്രകാരം സ്നേഹത്തിന്റെ ഭാഷയിൽ  ഏവരെയും ഉൾക്കൊള്ളുവാൻ നമ്മെ ഏവരെയും ക്ഷണിക്കുന്നു.

ഈ വായനകളുടെയെല്ലാം പൂർത്തീകരണമാണ്, ശിഷ്യന്മാര്‍ക്ക് പരിശുദ്ധാത്മാവിനെ നല്കുന്ന യേശുവിനെ കുറിച്ചുള്ള യോഹന്നാന്റെ വിവരണം. ഉല്പത്തി പുസ്തകത്തിൽ ദൈവം ശ്വസിച്ചപ്പോൾ മനുഷ്യന് ജൈവിക ജീവൻ ലഭിച്ചുവെങ്കിൽ, ഭയചകിതരായി, തങ്ങൾക്കുള്ളിൽ ഒതുങ്ങിക്കഴിഞ്ഞിരുന്ന ശിഷ്യൻമാരെ ധൈര്യപ്പെടുത്തിക്കൊണ്ട്, യേശു നൽകുന്നത് നവമായ ആത്മീയ ജീവനാണ്. ഇതു പറഞ്ഞിട്ട് അവരുടെമേല്‍ നിശ്വസിച്ചുകൊണ്ട് അവരോട് അരുളിച്ചെയ്തു: നിങ്ങള്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിന്‍.  ഈ വചനങ്ങൾക്കു ശേഷം, പാപമോചനത്തിന്റെ കൂദാശ യേശു സ്ഥാപിക്കുന്നു. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ക്ഷമിക്കുന്നുവോ അവ അവരോടു ക്ഷമിക്കപ്പെട്ടിരിക്കും. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ബന്ധിക്കുന്നുവോ അവ ബന്ധിക്കപ്പെട്ടിരിക്കും.  പാപത്തിലൂടെ മൃതമായ നമ്മുടെ ആത്മാവിലേക്ക് ദൈവിക ജീവൻ വീണ്ടും പകരുന്നത് പരിശുദ്ധാത്മാവാണ്. ദൈവം നമ്മോട് ക്ഷമിക്കുന്നതുപോലെ മറ്റുള്ളവരോട് ക്ഷമിക്കാനും സമാധാനം സ്ഥാപിക്കാനും നാം ആത്മാവിനാൽ ഉത്തേജിപ്പിക്കപ്പെടുന്നു. ഇന്ന് വെറുപ്പിന്റെയും, അസൂയയുടെയും അഹങ്കാരത്തിന്റെയും ചിന്തകൾ കുമിഞ്ഞുകൂടുന്ന കാലത്ത്, ക്രിസ്തുവിൻ്റെ സമാധാനം ലോകത്തിൽ പ്രചരിപ്പിക്കാനുള്ള ഒരു നിയോഗം പരിശുദ്ധാത്മാവ് നമുക്ക് നൽകുന്നു.  മറ്റുള്ളവരോട് ക്ഷമിക്കാനും, സ്നേഹിക്കാനും  ഈ ആത്മാവ് നമ്മെ പ്രാപ്തരാക്കുന്നു. സമാധാനം നഷ്ടപ്പെട്ട ലോകത്തിന് സമാധാനം നൽകുന്ന ക്രിസ്തുവിൻ്റെ ശ്വാസമായി മാറുവാൻ ഈ പന്തക്കുസ്താതിരുനാൾ നമ്മെ സഹായിക്കട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 മേയ് 2026, 13:12