തിരയുക

അമേരിക്കൻ മെത്രാൻസമിതി പ്രസിഡന്റ് ആർച്ച്ബിഷപ് പോൾ കോക്‌ലി അമേരിക്കൻ മെത്രാൻസമിതി പ്രസിഡന്റ് ആർച്ച്ബിഷപ് പോൾ കോക്‌ലി 

സ്വാതന്ത്ര്യത്തിന്റെ ഇരുനൂറ്റിയൻപതാം വാർഷികത്തിൽ അമേരിക്കയെ ഈശോയുടെ തിരുഹൃദയത്തിന് സമർപ്പിക്കാനൊരുങ്ങി മെത്രാൻസമിതി

സ്വാതന്ത്ര്യപ്രഖ്യാപനത്തിൽ ഒപ്പിട്ടതിന്റെ ഇരുന്നൂറ്റിയൻപതാം വാർഷികത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ യേശുവിന്റെ തിരുഹൃദയത്തിന് സമർപ്പിക്കാനൊരുങ്ങി അമേരിക്കൻ മെത്രാൻസമിതി. വരുന്ന ജൂൺ 11-നായിരിക്കും രാജ്യത്തെ പ്രാദേശിക കത്തോലിക്കാസഭയ്ക്കുൾപ്പെടെ മുഴുവൻ ക്രൈസ്തവർക്കും പ്രധാനപ്പെട്ട ഈ സമർപ്പണം നടക്കുക.

ഡെവിൻ വാക്കിൻസ്, മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ക്രിസ്തുവിന്റെ തിരുഹൃദയത്തിന് തങ്ങളുടെ രാജ്യത്തെ സമർപ്പിക്കാനൊരുങ്ങി വടക്കേ അമേരിക്കയിലെ കത്തോലിക്കാ മെത്രാൻസമിതി. തങ്ങളുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ ഇരുനൂറ്റിയൻപതാം വാർഷികത്തോടനുബന്ധിച്ച്, ജൂൺ 11-നായിരിക്കും ഈ സുപ്രധാന ചടങ്ങ് നടക്കുകയെന്ന് മെത്രാൻസമിതി വ്യക്തമാക്കി. ജൂൺ 10 മുതൽ 12 വരെ തീയതികളിൽ ഫ്ലോറിഡയിലെ ഒർലാന്റോയിൽ വച്ച് നടക്കുന്ന മെത്രാൻസമിതി പ്ലീനറി സമ്മേളനത്തിൽ വച്ചായിരിക്കും പ്രാദേശിക കാത്തോലിക്കാസഭാനേതൃത്വം രാജ്യത്തെ ഈശോയുടെ തിരുഹൃദയത്തിന് സമർപ്പിക്കുക.

രാജ്യത്ത് നടക്കുന്ന ഈ സുപ്രധാന ചടങ്ങിന് ഒരുക്കമായി 250 മണിക്കൂർ ദിവ്യകാരുണ്യ ആരാധന നടത്താനും 250 കാരുണ്യപ്രവൃത്തികൾ ചെയ്യാനും രാജ്യത്തെ ഇടവകകളെയും വിശ്വാസികളെയും മെത്രാൻസമിതി ആഹ്വാനം ചെയ്തു. 2024-ൽ പുറത്തിറക്കിയ “ദിലേക്സിത് നോസ്” എന്ന ചാക്രികലേഖനത്തിൽ, ആധുനികസമൂഹത്തിലെ ഉപരിപ്ലവതയ്ക്ക് മറുമരുന്നായി യേശുവിന്റെ തിരുഹൃദയത്തോടുള്ള ഭക്തിയെ പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പാ അവതരിപ്പിച്ചിരുന്നു.

അമേരിക്കൻ മെത്രാൻസമിതി പ്രസിഡന്റും ഒക്‌ലഹോമ അതിരൂപതാദ്ധ്യക്ഷനുമായ ആർച്ച്ബിഷപ് പോൾ കോക്‌ലിയായിരിക്കും പ്ലീനറി സമ്മേളനത്തിൽ പ്രഥമപ്രഭാഷണം നടത്തുക. അമേരിക്കയിലേക്കുള്ള അപ്പസ്തോലിക നൂൺഷ്യോ ആർച്ച്ബിഷപ് ഗബ്രിയേലേ കാച്ചയും പ്ലീനറിസമ്മേളനത്തിൽ സംബന്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സമർപ്പണച്ചടങ്ങിന്റെ ഭാഗമായി നടക്കുന്ന വിശുദ്ധ ബലിക്ക് മുൻപായി, യേശുവിന്റെ തിരുഹൃദയത്തെക്കുറിച്ചുള്ള വിചിന്തനങ്ങൾ മെത്രാൻസമിതിയിൽ പങ്കുവയ്ക്കപ്പെടും. ജൂലൈ നാലാം തീയതിയാണ് അമേരിക്കയുടെ സ്വന്തന്ത്ര്യദിനം. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 മേയ് 2026, 12:40