അറിവ് നേടി വിവേകപൂർവ്വം ജീവിക്കാൻ ക്ഷണിക്കുന്ന ജ്ഞാനവചസ്സുകൾ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
സോളമന്റെ ജ്ഞാനോപദേശങ്ങളും മറ്റു സൂക്തങ്ങളും ഉൾക്കൊള്ളുന്നതും, മത, വംശ, ദേശ പരിമിതികൾക്കപ്പുറം, അറിവും ജ്ഞാനവും സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന യുവജനങ്ങൾക്കുൾപ്പെടെ എല്ലാവർക്കുമായി ഗുരുജനങ്ങളുടെയും മാതാപിതാക്കളുടെയും സ്ഥാനത്തുനിന്നുകൊണ്ട് ശരിയായ മാർഗ്ഗത്തിലുള്ള ജീവിതത്തിലേക്ക് വേണ്ട ഉപദേശങ്ങളും മാർഗ്ഗദർശനവും നൽകുന്ന സുഭാഷിതങ്ങളുടെ പുസ്തകത്തിലെ ഇരുപത്തിനാലാം അദ്ധ്യായം, നാം മുൻപ് കണ്ട അദ്ധ്യായങ്ങളിലേതുപോലെ വ്യത്യസ്തങ്ങളായ ഉദ്ബോധനങ്ങളാണ് മുന്നോട്ടു വയ്ക്കുന്നത്. സുഭാഷിതഗ്രന്ഥത്തിന്റെ ആമുഖമായ ഒന്ന് മുതൽ ഒൻപത് വരെയുള്ള അദ്ധ്യായങ്ങൾ ഉൾക്കൊള്ളുന്ന ഒന്നാം ഭാഗത്തിനും, സോളമന്റെ സൂക്തങ്ങളായി കണക്കാക്കപ്പെടുന്ന പത്താം അദ്ധ്യായം മുതൽ ഇരുപത്തിരണ്ടാം അദ്ധ്യായം പതിനാറാം വാക്യം വരെയുള്ള രണ്ടാം ഭാഗത്തിനും ശേഷം വരുന്ന, “ജ്ഞാനികളുടെ സൂക്തങ്ങൾ” എന്നറിയപ്പെടുന്നതും, ഇരുപത്തിരണ്ടാം അദ്ധ്യായം പതിനേഴാം വാക്യം മുതൽ ഇരുപത്തിനാലാം അദ്ധ്യായം ഇരുപത്തിരണ്ടാം വാക്യത്തിൽ അവസാനിക്കുന്നതുമായ മൂന്നാം ഭാഗത്തിന്റേതായ വാക്യങ്ങളും, ഈ അദ്ധ്യായത്തിന്റെ ഇരുപത്തിമൂന്നാം വാക്യത്തിൽ തുടങ്ങുന്നതും, "ജ്ഞാനികളുടെ സൂക്തങ്ങൾ" എന്ന പേരിൽത്തന്നെ വിശേഷിപ്പിക്കപ്പെടുന്നതുമായ പുതിയൊരു ഭാഗത്തിന്റെ 12 വാക്യങ്ങൾ ഉൾക്കൊള്ളുന്നതുമായ വചനഭാഗമാണ് ഇന്ന് നമുക്ക് മുന്നിലുള്ളത്. ദുഷ്ടരും ഭോഷരുമായ മനുഷ്യരുടെയും, ജ്ഞാനികളും നീതിമാന്മാരുമായ ആളുകളുടെയും ജീവിതങ്ങളും പ്രതിഫലങ്ങളും തമ്മിലുള്ള വ്യത്യാസം, കുറ്റം ചെയ്തവരുൾപ്പെടെ മറ്റു മനുഷ്യരോട് ഉണ്ടാകേണ്ട മനോഭാവം, ജീവിതത്തിൽ വ്യക്തവും കൃത്യവുമായ പദ്ധതികളും ലക്ഷ്യബോധവും തയ്യാറെടുപ്പുകളും ഉണ്ടാകേണ്ടതിന്റെ പ്രാധാന്യം തുടങ്ങി വിവിധ ചിന്തകളാണ് ഈ അദ്ധ്യായത്തിൽ നാം കണ്ടുമുട്ടുന്നത്.
ദുഷ്ടരുടെയും ഭോഷരുടെയും ചിന്തകളും പ്രവൃത്തികളും അവരോടുണ്ടാകേണ്ട മനോഭാവവും
തെറ്റിന്റെ മാർഗ്ഗത്തിൽ സഞ്ചരിക്കുകയും തിന്മയുടേതായ ചിന്തകൾ കൊണ്ടുനടക്കുകയും ചെയ്യുന്ന മനുഷ്യരെ മുന്നിൽ നിറുത്തിയാണ് ഇരുപത്തിനാലാം അദ്ധ്യായം, തെറ്റിനോടും അത് ചെയ്യുന്നവരോടും ഉണ്ടാകേണ്ടതും ഉണ്ടാകരുതാത്തതുമായ മനോഭാവങ്ങളെക്കുറിച്ച് പഠിപ്പിക്കുന്നത്. അക്രമം ചിന്തിക്കുകയും ഏഷണി പറയുകയും ചെയ്യുന്ന ദുഷ്ടരെക്കുറിച്ച് അസൂയ തോന്നുകയോ അവരോട് സൗഹൃദം സ്ഥാപിക്കാൻ ആഗ്രഹിക്കുകയോ അരുതെന്ന് (1-2) ഉദ്ബോധിപ്പിക്കുന്ന "ജ്ഞാനികൾ", ജ്ഞാനം ഭോഷന് എത്താത്തത്ര ഉയരത്തിലാണെന്നും സദസ്സിൽ, ബുദ്ധിമതികളായ മനുഷ്യരുടെ മുന്നിൽ അവൻ വായ് തുറക്കില്ലെന്നും വ്യക്തമാക്കുന്നു. ഇവിടെ സദസ്സെന്ന് പരാമർശിക്കപ്പെടുന്നത്, മറ്റുള്ളവരെക്കുറിച്ച് നിയമമനുസരിച്ച് വിവേകപൂർവ്വം വിധി പറയാനുള്ള ഇടമാണ്. നഗരകവാടങ്ങളിലിരുന്ന് ആളുകളെക്കുറിച്ച് വിധി പറയുന്ന ജ്ഞാനികളുടെ ചിത്രം വചനം പലയിടങ്ങളിൽ അവതരിപ്പിക്കുന്നുണ്ട് (ഉത്പത്തി 23,10; റൂത്ത് 4; സങ്കീ. 69, 13).
ഭോഷൻ പാപമായതാണ് ആലോചിക്കുന്നതെന്നും പരിഹാസകൻ മനുഷ്യരെ വെറുപ്പിക്കുന്നുവെന്നും (9) ജ്ഞാനസൂക്തം ഓർമ്മിപ്പിക്കുന്നു. നന്മയായത് ചിന്തിക്കാൻ അവർക്കാകില്ലല്ലോ. ദുഷ്ടൻ കാലിടറി വീഴുന്നത് പൂർണ്ണനാശത്തിലേക്കാണെന്ന് (16) മുന്നറിയിപ്പ് നൽകുന്ന ജ്ഞാനികൾ, എന്നാൽ നീ അവന്റെ വീഴ്ചയിൽ ആഹ്ളാദിക്കുകയോ സന്തോഷിക്കുകയോ അരുതെന്നും, അങ്ങനെയുണ്ടായാൽ, കർത്താവിന് നിന്നെക്കുറിച്ച് അപ്രീതിയുണ്ടാകുകയും, ശത്രുവിൽനിന്ന് കോപം അകറ്റിക്കളയുകയും (17-18) ചെയ്യുമെന്ന് ഉദ്ബോധിപ്പിക്കുന്നുണ്ട്. വീഴ്ചകൾ ജീവിതത്തിലേക്കുള്ള പാഠമാകേണ്ടവയാണ്.
തിന്മ ചെയ്യുന്നവരെക്കുറിച്ച് അസ്വസ്ഥരാകുകയോ ദുഷ്ടരെക്കുറിച്ച് അസൂയപ്പെടുകയോ വേണ്ടെന്ന് പഠിപ്പിക്കുന്ന സുഭാഷിതം, തിന്മ ചെയ്യുന്നവന് ഭാവിയില്ലെന്നും, ദുഷ്ടരുടെ വിളക്ക് അണഞ്ഞുപോകുമെന്നും (19-20) വ്യക്തമാക്കുന്നു. പുല്ലുപോലെ മുളച്ചുപൊന്തി തഴച്ചു വളരുന്ന ദുഷ്ടരും തിന്മ പ്രവർത്തിക്കുന്നവരും എന്നേക്കുമായി നശിപ്പിക്കപ്പെടുമെന്ന തൊണ്ണൂറ്റിരണ്ടാം സങ്കീർത്തനചിന്തയും (സങ്കീ. 92, 7) ഇതിനോട് ചേർന്നുപോകുന്നതാണ്.
ന്യായം വിധിക്കുന്നതിൽ പക്ഷപാതം പാടില്ലെന്ന, കുറ്റവാളികളെ ന്യായീകരിക്കാൻ ശ്രമിക്കുന്നത് തെറ്റാണെന്ന, അത്തരം പ്രവർത്തികൾ ജനത്തിന്റെ ശാപവും വെറുപ്പും ഏറ്റുവാങ്ങാൻ കാരണമാകുമെന്ന (23-24) ഉദ്ബോധനം ഈ അദ്ധ്യായത്തിന്റെ ഇരുപത്തിമൂന്നാം വാക്യത്തിൽ ആരംഭിക്കുന്ന രണ്ടാം ഭാഗത്തിന്റെ ആദ്യ വാക്യങ്ങളിൽ നമുക്ക് കാണാം. അതേസമയം കുറ്റവാളികളെ ശാസിക്കുന്നവർ സന്തോഷിക്കുമെന്നും, അവർക്ക് സമൃദ്ധമായ അനുഗ്രഹം ലഭിക്കുമെന്നും തുടർന്നുള്ള വാക്യത്തിൽ (25) ജ്ഞാനികൾ ഉദ്ബോധിപ്പിക്കുന്നുണ്ട്.
അയൽക്കാരൻ നമ്മോട് ചെയ്ത തെറ്റിന് പ്രതികാരമെന്ന രീതിയിലോ, അകാരണമായോ അവനെതിരെ നിൽക്കരുതെന്ന്, പകരത്തിനു പകരം തെറ്റ് ചെയ്യരുതെന്ന് പഠിപ്പിക്കുന്ന സുഭാഷിതം (28), അലസതയുടെ ഫലം എന്തായിരിക്കുമെന്ന്, മുള്ളുകൾ നിറഞ്ഞ മുന്തിരിത്തോപ്പും, കളകൾ നിറഞ്ഞ നിലവും ഇടിഞ്ഞുപൊളിഞ്ഞ കൽഭിത്തിയും (31) ചൂണ്ടിക്കാട്ടി വ്യക്തമാക്കുന്നുണ്ട്. അലസനെപ്പോലെ മയങ്ങുകയും വിശ്രമിക്കുകയും ചെയ്‌താൽ ദാരിദ്ര്യം കവർച്ചക്കാരനെപ്പോലെയും ദുർഭിക്ഷം ആയുധപാണിയെപ്പോലെയും (34), അതായത് നാമറിയാതെയും, നമുക്ക് ചെറുത്തുതോൽപ്പിക്കാനാകാത്തപോലെയും, നമ്മെ സമീപിക്കുമെന്ന് ഈ അദ്ധ്യായം അതിന്റെ അവസാന വാക്യങ്ങളിൽ എഴുതി വയ്ക്കുന്നുണ്ട്.
ജ്ഞാനവും വിവേകവും സ്വന്തമാക്കി ജീവിക്കുക
ദുഷ്ടരോടും തിന്മയോടും പാലിക്കേണ്ട മനോഭാവത്തെക്കുറിച്ചുള്ള ഉദ്ബോധനത്തിന് സമാന്തരമായി, ജ്ഞാനവും വിവേകവും സ്വന്തമാക്കി പ്രവർത്തിക്കേണ്ടതിന്റെയും ജീവിക്കേണ്ടതിന്റെയും പ്രാധാന്യവും ഇരുപത്തിനാലാം അദ്ധ്യായത്തിൽ ജ്ഞാനികൾ ഓർമ്മിപ്പിക്കുന്നുണ്ട്. സുസ്ഥിരവും മനോഹരവുമായ ഒരു ഭവനം പണിയുന്നതിന് വേണ്ട തയ്യാറെടുപ്പുകളും സ്വരുക്കൂട്ടേണ്ട വസ്തുവകകളും പോലെ, ജീവിതത്തിന്റെ ശരിയായ വളർച്ചയ്ക്ക് ജ്ഞാനവും വിവേകവും വിജ്ഞാനവും (3-4) എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന ഒരു ചിന്ത ഈ അദ്ധ്യായത്തിന്റെ ആദ്യഭാഗത്ത് നാം കാണുന്നുണ്ട്. ഇവിടെ ഭവനമെന്നത് നാലു ചുവരുകൾ മാത്രമല്ല, അതിൽ വസിക്കുന്ന മനുഷ്യരും അവരോടൊപ്പം വളരുന്ന പക്ഷിമൃഗാദികളും ജീവജാലങ്ങളും അവരുടെ പദ്ധതികളും സ്വപ്നങ്ങളും ഒന്ന് ചേരുന്ന യാഥാർത്ഥ്യമാണെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. ജ്ഞാനി കരുത്തനെക്കാളും അറിവുള്ളവർ ശക്തനെക്കാളും ബലവനാണെന്ന (5) അഞ്ചാം വാക്യത്തിലെ പ്രസ്താവന, ഉദ്ബോധനം സ്വീകരിച്ച് വളരേണ്ടതിന്റെ പ്രാധാന്യം എടുത്തുകാട്ടുന്നതാണ്. യുദ്ധത്തിന്റെയും ജീവിതത്തിന്റെയും വിജയത്തിന് വിവേകിയായ മാർഗ്ഗദർശിയുടെയും, ഉപദേഷ്ടാക്കളുടെയും (6) സാന്നിദ്ധ്യത്തിന്റെ പ്രാധാന്യവും ജ്ഞാനികൾ ഉദ്ബോധിപ്പിക്കുന്നുണ്ട്. ആപദ്ഘട്ടങ്ങളിൽ പതറിപ്പോകാതിരിക്കാനുള്ള ശക്തി നേടേണ്ടതിന്റെ ആവശ്യവും (10) ഈ അദ്ധ്യായം ഓർമ്മിപ്പിക്കുന്നുണ്ട്.
ഹൃദയത്തെ തൂക്കി നോക്കുന്നവൻ, ആത്മാവിനെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നവൻ, ദൈവം, സത്യം അറിയുന്നവനാണെന്ന ഉദ്‌ബോധനം പകരുന്ന ജ്ഞാനസൂക്തങ്ങൾ, ദുർബലരെയും, അനീതിയുടെ ഇരകളെയും കണ്ടില്ലെന്ന് നടിച്ചുകൊണ്ട് മുന്നോട്ട് പോകാതെ, "കൊലക്കളത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നവരെ" രക്ഷപ്പെടുത്തുകയും ചേർത്തുപിടിക്കുകയും ചെയ്യേണ്ടതുണ്ടെന്നും, പ്രവൃത്തികൾക്ക് തക്ക പ്രതിഫലം അവൻ നൽകുമെന്നും (11-12) ഉദ്ബോധിപ്പിക്കുന്നുണ്ട്. സ്വാദും ഗുണവുമുള്ള തേൻ നാവിനും ശരീരത്തിനും എത്രമാത്രം പ്രിയപ്പെട്ടതും നല്ലതുമാണെന്ന വസ്തുതയെ പരാമർശിച്ചുകൊണ്ടാണ്, ആത്മാവിനും ജീവിതത്തിനും ജ്ഞാനം എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന സത്യം വചനം പറഞ്ഞുതരുന്നത് (13-14). അത് നേടുന്നത് നല്ല ഭാവിക്കും പ്രതീക്ഷകളുടെ സാഫല്യത്തിനും കാരണമാകും.
നീതിമാനെതിരെ പതിയിരിക്കുകയോ അവന്റെ ഭവനത്തെ ആക്രമിക്കുകയോ അരുതെന്ന് പഠിപ്പിക്കുന്ന സുഭാഷിതം, അവന്റെ വീഴ്ച താത്കാലികമായിരിക്കുമെന്നും, ഏഴുതവണ വീണാലും, എത്രമാത്രം തോൽവികൾ അവനുണ്ടായാലും, അവൻ വീണ്ടും എഴുന്നേൽക്കുമെന്നും വ്യക്തമാക്കുന്നുണ്ട് (15-16).
കർത്താവിനോടുള്ള ഭയത്തെ രാജാവിനോടുള്ള ഭയത്തോട് താരതമ്യപ്പെടുത്തിയാണ് ഈ അദ്ധ്യായത്തിൽ ജ്ഞാനികൾ ഉദ്ബോധിപ്പിക്കുന്നത്. ദൈവത്തെയും രാജാവിനെയും ധിക്കരിക്കുന്നവരുടെ ശിക്ഷ ഏറെ കാഠിന്യമേറിയതും ഊഹിക്കാനാകുന്നതിനും അപ്പുറവുമായിരിക്കുമെന്ന് ജ്ഞാനികൾ മുന്നറിയിപ്പ് നൽകുന്നു (21-22).
ആദ്യഭാഗത്ത് കണ്ടതുപോലെ, പക്ഷപാതം ചേരാതെ നിഷ്പക്ഷമായി വേണം നമ്മുടെ വിധിയും തീരുമാനങ്ങളുമെന്ന് പഠിപ്പിക്കുന്ന ജ്ഞാനികൾ (23-25), സത്യത്തെ, സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും അടയാളമാകുന്ന ചുംബനത്തോടാണ് (26) താരതമ്യം ചെയ്യുന്നത്.
പുറത്തെ, ജോലികൾ ക്രമപ്പെടുത്തി, വയൽ സജ്ജീകരിച്ച ശേഷം, വിവേകപൂർവ്വം, കൃത്യമായി പദ്ധതികൾ തയ്യാറാക്കിയ ശേഷം വേണം ഭവനം പണിയേണ്ടതെന്ന (27), ഇരുപത്തിയേഴാം വാക്യത്തിലെ ചിന്തയെ, മനുഷ്യരും അവന്റേതായവയെല്ലാം ചേരുന്ന ഭവനമെന്ന ആദ്യ വാക്യങ്ങളിലെ (3-4) ചിന്തയോട് ചേർത്ത് വേണം മനസ്സിലാക്കാൻ. ഈ വിചിന്തനത്തിന്റെ ആദ്യഭാഗത്തിന്റെ അവസാനവാക്യങ്ങളിൽ കണ്ടതുപോലെ, അലസന്റെ പാളിച്ചകൾ ഉദ്ബോധനമാക്കി മാറ്റണമെന്ന, പിന്നീടൊരിക്കലേക്ക് മാറ്റി വയ്ക്കാതെ, ഇന്നിന്റെ പ്രവർത്തനങ്ങൾ വിവേകപൂർവ്വം ഇന്നുതന്നെ ചെയ്തുതീർക്കണമെന്ന, ഉപേക്ഷ വിചാരിക്കാതെ നന്മ ചെയ്യുകയും വിജ്ഞാനം സ്വന്തമാക്കി വിവേകപൂർവ്വം പ്രവർത്തിക്കുകയും വേണമെന്ന ചിന്ത പകർന്നുകൊണ്ടാണ് ഈ അദ്ധ്യായം അവസാനിക്കുന്നത്.
ഉപസംഹാരം
സോളമന്റെ ജ്ഞാനോപദേശങ്ങളുടെ തുടർച്ചയായി ഈ അദ്ധ്യായത്തിൽ ജ്ഞാനികൾ പകരുന്ന ഉദ്ബോധനങ്ങളും ചിന്തകളും പഴയനിയമകാലത്ത് മാത്രമല്ല, സ്വാർത്ഥതയിലും താൻപോരിമയിലും ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഇന്നത്തെ ലോകത്തും ഏവർക്കും മാർഗ്ഗദർശികളായി നിൽക്കുന്നത് തിരിച്ചറിഞ്ഞുകൊണ്ട്, അവ സ്വീകരിച്ച് മെച്ചപ്പെട്ട ഒരു വ്യക്തി, സാമൂഹിക ജീവിതം പടുത്തുയർത്താൻ നമുക്കും സാധിക്കേണ്ടതുണ്ട്. ലോകത്ത് നാം കാണുന്ന നന്മതിന്മകളെ ശരിയായ രീതിയിൽ വിലയിരുത്താനും വിധിക്കാനും, നമ്മുടെ ജീവിതങ്ങളെ വളർത്താനുതകുന്ന വിധത്തിൽ അവയെ സ്വീകരിക്കാനും നമുക്ക് സാധിക്കണം. കരുണയും സ്നേഹവും കാണിക്കേണ്ടയിടങ്ങളിൽ അവ നൽകാൻ, അങ്ങനെ ദൈവത്തിനും മനുഷ്യർക്കും പ്രീതികരമായ ജീവിതം നയിക്കാൻ നമുക്കും പരിശ്രമിക്കാം. തിന്മകളും തെറ്റായ മനോഭാവങ്ങളും ഭോഷത്തവും അലസതയും കൈവെടിയാം. കർത്താവിനെ ബഹുമാനിച്ചും സ്നേഹിച്ചും, ദൈവദാനങ്ങളായ ജ്ഞാനവും അറിവും സ്വന്തമാക്കി, സത്യത്തിലും നീതിയിലും നന്മയിലും ജീവിക്കാം. വചനമേകുന്ന വെളിച്ചത്തിൽ, കർത്താവിൽ ശരണപ്പെട്ടും അവനോട് ചേർന്നും അവന്റെ ഹിതമനുസരിച്ചും മുന്നോട്ട് പോകാം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.