വിശുദ്ധ മറിയം ത്രേസ്യ, ആധുനിക കാലഘട്ടത്തിൽ കുടുംബ നവീകരണത്തിന്റെ പ്രവാചികയാണ്: കർദിനാൾ കൂവക്കാട്
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
കുടുംബപ്രേക്ഷിതത്വത്തിന്റെ പ്രവാചകയും തിരുകുടുംബ സന്യാസിനി സമൂഹത്തിന്റെ സ്ഥാപകയുമായ വിശുദ്ധ മറിയം ത്രേസ്യായുടെ തിരുനാളും, വിശുദ്ധയുടെ സ്വർഗ്ഗ പ്രവേശനത്തിന്റെ നൂറാം വാർഷികവും റോമിൽ വച്ച് ഭക്തിനിർഭരമായ ചടങ്ങുകളോടെ ആഘോഷിച്ചു. തദവസരത്തിൽ, വത്തിക്കാൻ മതാന്തര സംവാദങ്ങൾക്കായുള്ള ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് കർദ്ദിനാൾ ജോർജ് ജേക്കബ് കൂവക്കാട്, വിശുദ്ധ ബലിയർപ്പിച്ചു, വചന സന്ദേശം നൽകി. കാലിൽ ചിറകും ഹൃദയത്തിൽ അഗ്നിയുമായി കുടുംബപ്രേക്ഷിതത്വം തന്റെ ജീവിത വ്രതമായി തെരഞ്ഞെടുത്ത കാലഘട്ടത്തിന്റെ വിശുദ്ധയായിരുന്നു മറിയം ത്രേസ്യയെന്നു കർദിനാൾ എടുത്തു പറഞ്ഞു.
" ചെറുപ്പം മുതൽ ദൈവത്തെ സ്നേഹിക്കണം എന്നുള്ള തീവ്ര ദാഹത്താൽ എന്റെ ആത്മാവ് ക്ലേശിച്ചിരുന്നു" , എന്നുള്ള വിശുദ്ധയുടെ വാക്കുകൾ, ബാല്യം മുതൽ മറിയം ത്രേസ്യയുടെ അന്തരാത്മാവിൽ ഉണ്ടായിരുന്ന അടങ്ങാത്ത ദൈവസ്നേഹദാഹത്തിന്റെ പ്രതിഫലനമായിരുന്നുവെന്നും, ഇത് നമ്മുടെ ജീവിതത്തിലും നാം സ്വീകരിക്കേണ്ടുന്ന വലിയ ആത്മീയ സന്ദേശമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ദൈവത്താൽ സ്നേഹിക്കപ്പെടുന്നത് പോലെ ദൈവത്തെ തിരികെ സ്നേഹിക്കാനുള്ള അടങ്ങാത്ത ആഗ്രഹം നമ്മുടെ ഉള്ളിൽ പേറണമെന്നുള്ളതാണ്, ഈ തിരുനാളിന്റെ ക്ഷണമെന്നതും കർദിനാൾ എടുത്തുപറഞ്ഞു.
1914 ലാണ് മറിയം ത്രേസ്യ വ്രത വാഗ്ദാനം നടത്തുകയും തിരുകുടുംബ സന്യാസിനി സമൂഹം സ്ഥാപിക്കുകയും ചെയ്തത്. പാവങ്ങൾക്കായി സ്വജീവിതത്തെ പൂർണമായി സമർപ്പിച്ച് അഗതികളെ പരിപാലിച്ചും, രോഗികളെ സേവിച്ചും ദൈവത്തിന് ശുശ്രൂഷ ചെയ്ത വിശുദ്ധ, ഏതൊരു ജോലി ചെയ്യുമ്പോഴും കൂടെക്കൂടെ ദൈവീക സ്മരണ പുതുക്കണം എന്നത്, ജീവിതചര്യയാക്കിയിരുന്നുവെന്നും, അതിനാൽ ആ ശുശ്രൂഷകൾ കേവലം, സാമൂഹിക ക്ഷേമ പ്രവർത്തികൾ ആയിരുന്നില്ല, മറിച്ച്, സേവിക്കപ്പെടുന്നവരിൽ ക്രിസ്തുവിനെ കണ്ടുകൊണ്ടുള്ള സ്നേഹശുശ്രൂഷയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ദൈവസ്നേഹവും പരസ്നേഹവും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ് എന്ന ക്രിസ്തീയ ആധ്യാത്മികതയുടെ അടിസ്ഥാന പാഠം പ്രായോഗിക ജീവിതത്തിലൂടെ നമുക്ക് കാട്ടിത്തന്ന വ്യക്തിത്വമായിരുന്നു മറിയം ത്രേസ്യായുടെതെന്നും കർദിനാൾ വിശദീകരിച്ചു.
മറിയം ത്രേസ്യയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്ന അവസരത്തിൽ ഭാഗ്യ സ്മരണാർഹനായ വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പാ, പ്രാർത്ഥനയ്ക്കും പരിഹാരത്തിനുമുള്ള വിശുദ്ധയുടെ താൽപര്യവും, കർത്താവിന്റെ കുരിശിനെ പുണരാനുള്ള മറിയം ത്രേസ്യയുടെ ആഗ്രഹവും, നിരന്തരമായ ആത്മീയ പരീക്ഷണങ്ങളുടെയും സഹജരുടെ തെറ്റിദ്ധാരണകളുടെയും മധ്യേ സ്നേഹത്തിൽ അടിയുറച്ചു നിൽക്കാൻ അവരെ ശക്തയാക്കിയതിനെക്കുറിച്ചും എടുത്തു പറഞ്ഞതും, കർദിനാൾ അനുസ്മരിച്ചു.
ഗാർഹിക സഭയായ കുടുംബം നന്നായാൽ തിരുസഭ നന്നാകും എന്ന തിരിച്ചറിവ് വർഷങ്ങൾക്ക് മുൻപ് തന്നെ കേരള സമൂഹത്തിന് പകർന്നു നൽകിയ സാധാരണക്കാരിയായ ഒരു വ്യക്തിയായിരുന്നു മറിയം ത്രേസ്യയെന്നും, ജാതിമത വ്യത്യാസങ്ങൾക്കപ്പുറം കുടുംബങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ക്രിസ്തുവിന്റെ സ്നേഹത്താൽ അവരെ നവീകരിച്ച് കേരളക്കരയിൽ കുടുംബപ്രേക്ഷിതത്വത്തിന്റെ കെടാവിളക്കിന് സ്നേഹത്തിന്റെ തിരി കൊളുത്തിയവളാണ് വിശുദ്ധയെന്നതും കർദിനാൾ എടുത്തുപറഞ്ഞു.
സമൂഹ ജീവിതത്തിന്റെ അടിത്തറ എന്ന നിലയിൽ കുടുംബങ്ങൾ വിമലീകരിക്കപ്പെടേണ്ടത് ഇന്നിന്റെ ആവശ്യമാണെന്നും, അതിനാൽ, പരസ്പര സ്നേഹത്തിലും ബഹുമാനത്തിലും അടിയുറച്ചജീവിതം നയിച്ചുകൊണ്ട് നമ്മുടെ കുടുംബങ്ങളെ തിരു കുടുംബത്തിന്റെ മാതൃകയിൽ, വിശുദ്ധിയിൽ വളർത്താൻ വിശുദ്ധയുടെ തിരുനാൾ ഏവർക്കും പ്രചോദനമാകട്ടെയെന്നും കർദിനാൾ ആശംസിച്ചു. സ്വയം പരിത്യജിച്ച് കുരിശെടുത്ത് എന്നെ അനുഗമിക്കുക, ഒന്നാമൻ ആകാൻ ആഗ്രഹിക്കുന്നവൻ എല്ലാവരുടെയും ശുശ്രൂഷകരാകുക, ക്രിസ്തുവിന്റെ സഹനത്തിൽ തന്റെ കുരിശുകൾ ചേർത്തുവയ്ക്കുക എന്നീ സുവിശേഷ പാഠങ്ങൾ, അക്ഷരം പ്രതി ജീവിതത്തിൽ പ്രാവർത്തികമാക്കിയ വ്യക്തിയായിരുന്നുവെന്നതും കർദിനാൾ അനുസ്മരിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.