തിരയുക

മെത്രാഭിഷേകച്ചടങ്ങിൽനിന്നുള്ള ഒരു ചിത്രം മെത്രാഭിഷേകച്ചടങ്ങിൽനിന്നുള്ള ഒരു ചിത്രം  (AFP or licensors)

പരിശുദ്ധപിതാവിന്റെ അനുമതിയില്ലാതെ നാല് മെത്രാന്മാരെ വാഴിച്ച് പത്താം പീയൂസിന്റെ സഭ

പത്താം പീയൂസിന്റെ പൗരോഹിത്യകൂട്ടായ്മ എന്ന പേരിൽ അറിയപ്പെടുന്ന പാരമ്പര്യവാദികളായ കത്തോലിക്കാ പുരോഹിതരുടെ അന്താരാഷ്ട്രസമൂഹം പാപ്പായുടെ അനുമതിയില്ലാതെ നാല് പുതിയ മെത്രാന്മാരെ വാഴിച്ചു. കത്തോലിക്കാസഭയുടെ നിയമങ്ങൾക്ക് വിരുദ്ധമായ ഈ പ്രവൃത്തി സഭയിൽനിന്നുള്ള സ്വയം പുറത്താകലിന് (ശീശ്മ) കാരണമാകുമെന്ന് സഭാനേതൃത്വം മുൻപുതന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.

സാൽവത്തോറെ ചെർനൂത്സിയോ, മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

സഭയിൽ വീണ്ടുമൊരു ഭിന്നിപ്പിന് കാരണമായി പത്താം പീയൂസിന്റെ പേരിലുള്ള പാരമ്പര്യവാദികളായ കത്തോലിക്കാ പുരോഹിതരുടെ അന്താരാഷ്ട്രസമൂഹം പരിശുദ്ധ പിതാവിന്റെ അനുമതി കൂടാതെയും, മുന്നറിയിപ്പുകൾ അവഗണിച്ചും നാല് വൈദികരെ മെത്രാന്മാരായി വാഴിച്ചു. ബിഷപ്പ് അൽഫോൻസോ ദേ ഗലറേത്ത (Alfonso de Galarreta) യുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന മെത്രാഭിഷേക ചടങ്ങിൽ ബിഷപ് ബെർണാഡ് ഫെല്ല (Bernard Fellay) സഹകാർമ്മികത്വം വഹിച്ചു. 1988 ജൂൺ 30-ന് ആർച്ച്ബിഷപ് ലെഫേബ്ര് അഭിഷേകം ചെയ്ത നാല് മെത്രാന്മാരിൽപ്പെട്ടവരാണ് ഇരുവരും.

കഴിഞ്ഞ ഏതാനും മാസങ്ങളായി അറിയിക്കപ്പെട്ടിരുന്ന ഈ ചടങ്ങുകളുമായി മുന്നോട്ട് പോകരുതെന്നും, അനുമതിയില്ലാതെ മെത്രാഭിഷേകം നടത്തരുതെന്നും, ഇത് കർത്താവിന്റെ തിരുസഭയിൽ വിള്ളലുണ്ടാക്കുന്ന പ്രവൃത്തിയാണെന്നും ലിയോ പതിനാലാമൻ പാപ്പായും, വിശ്വാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസും പലവുരു മുന്നറിയിപ്പ് നൽകിയിരുന്നു. ഈ ചടങ്ങുകൾക്കെതിരായും ക്രൈസ്തവ ഐക്യത്തിനായും ആഹ്വാനം ചെയ്തുകൊണ്ട് ജൂൺ 29-ന് പരിശുദ്ധ പിതാവ് ഒരു കത്തും സമൂഹനേതൃത്വത്തിന് നൽകിയിരുന്നു. കാനോനിക നിയമമനുസരിച്ച് പാപ്പായുടെ അനുമതിയില്ലാതെ മെത്രാഭിഷേകം നടത്തുന്നത്, സഭയിൽനിന്നുള്ള സ്വയം പുറത്താകലിന് (latae sententiae excommunication) കാരണമാകും.

“പത്താം പീയൂസിന്റെ സഭയുടെ തുടർച്ചയ്ക്ക് അനിവാര്യമായ മെത്രാഭിഷേകം” എന്ന് ഈ സമൂഹനേതൃത്വം വിശേഷിപ്പിച്ച ചടങ്ങുകൾ നടന്നത്, ആർച്ച്ബിഷപ് ലെഫേബ്രിൻറെ പിൻഗാമികളെന്ന പേരിൽ അറിയപ്പെടുന്ന ഈ സമൂഹത്തിന്റെ സിരാകേന്ദ്രമായ സ്വിറ്റസർലണ്ടിലെ എക്കോണിൽ (Ecône) ആയിരുന്നു.

പരിശുദ്ധ പിതാവിന്റെ അനുമതിയില്ലാതെയിരിക്കെ, ലെഫേബ്രിന്റെ സഭയുടെ നിലനിൽപ്പും തുടർച്ചയും കണക്കിലെടുത്ത് ഈ അനുമതി ഉണ്ടെന്ന ന്യായീകരണം നിരത്തിയാണ് മെത്രാഭിഷേകചടങ്ങുകൾ നടന്നത്. ചടങ്ങിൽ ആയിരത്തിലധികം വൈദികരും മറ്റു സമർപ്പിതരും പങ്കെടുത്തുവെന്ന് വാർത്താമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജൂലൈ ഒന്നാം തീയതി രാവിലെ പ്രാദേശികസമയം ഒൻപത് മണിക്ക് ആരംഭിച്ച ചടങ്ങിൽ പതിനയ്യായിരത്തോളം ആളുകളെങ്കിലും പങ്കെടുത്തുവെന്നാണ് കണക്കാക്കുന്നത്.

സ്വിറ്റ്സർലണ്ടിൽ നിന്നുള്ള പാസ്കൽ ഷ്റൈബർ (53 വയസ്സ്), വടക്കേ അമേരിക്കയിൽനിന്നുള്ള മൈക്കിൾ ഗോൾഡേഡ്, ഫ്രാൻസിൽനിന്നുള്ള മൈക്കിൾ പ്വാൻസിനെ ദ് സിവ്രി (42 വയസ്സ്), മാർക്ക് ഹാപ്പീർ (36 വയസ്സ്) എന്നിവരാണ് മെത്രാന്മാരായി അഭിഷിക്തരായത്. ഈ അഭിഷേകം മൂലം ഉണ്ടാകുന്ന "ശിക്ഷകൾക്കും ശാസനങ്ങൾക്കും" തങ്ങൾക്ക് മുന്നിൽ യാതൊരു മൂല്യവുമുണ്ടാകില്ലെന്ന് പത്താം പിയൂസ് സഭയുടെ സുപ്പീരിയർ ജനറൽ ഫാ. ദാവിദേ പാല്യറാനി, മെത്രാഭിഷേകചടങ്ങിനോടനുബന്ധിച്ച് നടത്തിയ പ്രഭാഷണത്തിൽ പ്രസ്താവിച്ചു.

ചരിത്രപരമായ ഒരു ദിനമാണിതെന്ന് "ലെഫേബ്റിയൻ" അനുയായികൾ വിശേഷിപ്പിച്ച ഈ ദിനം ആഗോളസഭയെ സംബന്ധിച്ചിടത്തോളം ഭിന്നതയുടെ പഴയ ഒരു മുറിവ് വീണ്ടും തുറക്കപ്പെട്ട ഒരു ദിനമാണ്. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

01 ജൂലൈ 2026, 13:48