സാങ്കേതിക യുഗത്തിലെ സഭയുടെ പുതിയ സാമൂഹിക ദർശനം: 'മഞ്ഞീഫിക്ക ഉമാനിത്താസ്'
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
'നിർമ്മിത ബുദ്ധിയുടെ യുഗത്തിൽ മനുഷ്യവ്യക്തിയുടെ സംരക്ഷണം' എന്ന പ്രമേയത്തെ ആധാരമാക്കി ലിയോ പതിനാലാമൻ പാപ്പാ രചിച്ച ആദ്യ ചാക്രികലേഖനം, 'മഞ്ഞീഫിക്ക ഉമാനിത്താസ്' , ഇന്ന് ലോകം മുഴുവൻ എല്ലാ മേഖലകളിലും ചർച്ചകൾക്ക് വിഷയമായിരിക്കുകയാണ്. നിർമ്മിത ബുദ്ധിയുടെ കാലഘട്ടത്തിൽ, മാനവികതയുടെ പാത കണ്ടെത്തുന്നതിന് ഒരുമിച്ച് നടക്കാനും, കേൾക്കാനും, ഒരുമിച്ച് സംസാരിക്കാനുമുള്ള ക്ഷണമാണ് ഈ ചാക്രികലേഖനം മുൻപോട്ടു വയ്ക്കുന്നത്. 135 വർഷങ്ങൾക്ക് മുമ്പ്, തന്റെ മുൻഗാമിയായ ലിയോ പതിമൂന്നാമൻ പാപ്പാ, ദ്രുതഗതിയിലുള്ള വ്യാവസായിക പരിവർത്തനം മൂലം, തൊഴിലാളികളുടെയും അവരുടെ വേരോടെ പിഴുതെറിയപ്പെട്ട കുടുംബങ്ങളുടെയും ദാരിദ്ര്യവസ്ഥയെ ചൂണ്ടികാണിച്ചുകൊണ്ട്, രചിച്ച ചാക്രിക ലേഖനമാണ്, 'റേരും നൊവാരും', വ്യവസായിക വിപ്ലവം പോലെ തന്നെ, ജീവിതത്തിന്റെ പല മേഖലകളെയും സ്പർശിക്കുകയും മനുഷ്യ സഹവർത്തിത്വത്തെ രൂപപ്പെടുത്തുന്ന തീരുമാനങ്ങളെ സ്വാധീനിക്കുകയും ചെയ്യുന്ന നിർമ്മിത ബുദ്ധിയുടെ ഡിജിറ്റൽ വിപ്ലവമാണ് ഇന്ന് ലോകത്ത് നടക്കുന്നത്. ഈ തിരിച്ചറിവാണ്, മഞ്ഞീഫിക്ക ഉമാനിത്താസ്' ജന്മം കൊള്ളുന്നതിനു കാരണമായത്. ഒരു യന്ത്രത്തിനും പകരം വയ്ക്കാൻ കഴിയാത്ത സ്നേഹം ഉള്ളിൽ പേറുന്നവനാണ് ഓരോ വ്യക്തിയും എന്ന് തിരിച്ചറിഞ്ഞുകൊണ്ട്, ഈ സമഗ്രകാഴ്ചപ്പാടിലൂടെ, ബുദ്ധിയെ പൊതുനന്മയിലേക്ക് നയിക്കണമെന്നതാണ്, പാപ്പാ ഈ ലേഖനത്തിലൂടെ ആഹ്വാനം ചെയ്യുന്നത്.
ദൈവത്തിന്റെ സൃഷ്ടിജാലങ്ങളിൽ ഏറ്റവും ഉൽകൃഷ്ടമായ മാനവികത ഇന്ന് ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ ഒരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണ്. ലിയോ പതിനാലാമൻ പാപ്പ തന്റെ പ്രഥമ ചാക്രികലേഖനമായ 'മഞ്ഞീഫിക്ക ഉമാനിത്താസ്' ലൂടെ ആഗോള സമൂഹത്തിന് നൽകുന്ന സന്ദേശം ഗൗരവമേറിയ ഒന്നാണ്. മനുഷ്യൻ തന്റെ ബുദ്ധിശക്തിയും സാങ്കേതിക വൈഭവവും ഉപയോഗിച്ച് പുതിയൊരു 'ബാബേൽ ഗോപുരം' പണിയാൻ ശ്രമിക്കണോ, അതോ ദൈവവും മനുഷ്യനും ഐക്യത്തോടെ വസിക്കുന്ന സ്നേഹത്തിന്റെ നഗരം പണിയണോ? ഈ ചോദ്യമാണ് പാപ്പ ലോകത്തിന് മുന്നിൽ വയ്ക്കുന്നത്. കാലത്തിന്റെ അടയാളങ്ങളെ വിവേചിച്ചറിയാനും, മനുഷ്യന്റെ അന്തസ്സ് കാത്തുസൂക്ഷിക്കാനും ആഹ്വാനം ചെയ്യുന്ന ഈ രേഖ, ഡിജിറ്റൽ യുഗത്തിലെ സഭയുടെ പുതിയ വഴികാട്ടിയാണ്.
മാനവികതയുടെ തിരഞ്ഞെടുപ്പ്
ദൈവം സൃഷ്ടിച്ച മഹത്തായ മനുഷ്യലോകം ഇന്ന് ഒരു വലിയ പ്രതിസന്ധിയിലാണ്. ചരിത്രത്തിന്റെ ഓരോ ഘട്ടത്തിലും മനുഷ്യൻ നേരിടുന്ന വലിയ ചോദ്യം നാം എങ്ങോട്ടു പോകുന്നു? എന്നതാണ്. പഴയ നിയമത്തിലെ ബാബേൽ ഗോപുരം മനുഷ്യന്റെ അഹന്തയുടെയും ദൈവത്തെ വെല്ലുവിളിക്കാനുള്ള ശ്രമത്തിന്റെയും പ്രതീകമാണ്. ഇന്ന് ആധുനിക ലോകത്ത്, നാം കെട്ടിപ്പടുക്കുന്ന സാങ്കേതിക സമുച്ചയങ്ങൾ മറ്റൊരു ബാബേൽ ഗോപുരമായി മാറുന്നുണ്ടോ എന്ന് നാം ആത്മപരിശോധന നടത്തണം.
ഓരോ തലമുറയ്ക്കും തങ്ങളുടെ കാലഘട്ടത്തെ രൂപപ്പെടുത്താനുള്ള വലിയ ദൗത്യമുണ്ട്. ചരിത്രത്തെ കേവലം സംഭവങ്ങളുടെ പരമ്പരയായി കാണാതെ, ഓരോ വ്യക്തിയുടെയും അന്തസ്സ് കാത്തുസൂക്ഷിക്കപ്പെടുന്ന, നീതി നടപ്പിലാക്കപ്പെടുന്ന, സാഹോദര്യം പുലരുന്ന ഒരിടമായി മാറ്റാൻ നമുക്ക് കടമയുണ്ടെന്നു പാപ്പാ ഈ ലേഖനത്തിലൂടെ ചൂണ്ടിക്കാണിക്കുന്നു.
എന്നിരുന്നാലും, ഓരോ കാലഘട്ടത്തിലും മനുഷ്യത്വഹീനവും നീതിരഹിതവുമായ ഒരു ലോകം പണിയപ്പെടാനുള്ള അപകടം നിലനിൽക്കുന്നുണ്ട് എന്നുള്ളത് വസ്തുതയാണ്. ഇവിടെ ക്രൈസ്തവർ എന്ന നിലയിൽ നമ്മുടെ കടമയും പാപ്പാ എടുത്തു പറയുന്നു. മനുഷ്യന് തന്റെ യഥാർത്ഥ മുഖച്ഛായ നഷ്ടപ്പെടാൻ സാധ്യതയുള്ള ഇടങ്ങളിൽ, ക്രൈസ്തവർ ക്രിസ്തുവിലേക്ക് നോക്കാൻ വിളിക്കപ്പെട്ടിരിക്കുന്നു. "മനുഷ്യനായി അവതരിച്ച വചനത്തിന്റെ രഹസ്യത്തിൽ മാത്രമേ മനുഷ്യന്റെ രഹസ്യാത്മകതയ്ക്ക് യഥാർത്ഥ വെളിച്ചം ലഭിക്കൂ" എന്ന് പാപ്പ ഓർമ്മിപ്പിക്കുന്നു. ക്രിസ്തുവിലൂടെയാണ് നാം വഴിയും സത്യവും ജീവനും കണ്ടെത്തുന്നത്. നമ്മുടെ മാനവികത അതിന്റെ പൂർണ്ണതയിലേക്ക് വളരുന്നത് ക്രിസ്തുവാകുന്ന മാതൃകയെ സ്വീകരിക്കുമ്പോഴാണ്. ഈ വിശ്വാസമാണ് അന്ധകാരം നിറഞ്ഞ ലോകത്തിന് വെളിച്ചമേകുന്നത്.
ആത്മാവിന്റെ പ്രവർത്തനവും സംവാദത്തിന്റെ പാതയും
ക്രിസ്തുവാകുന്ന ജീവനുള്ള കല്ലിന്മേൽ പടുത്തുയർത്തപ്പെട്ടവരാണ് വിശ്വസികൾ. പരിശുദ്ധാത്മാവിന്റെ ശക്തമായ പ്രവർത്തനവും, സാന്നിധ്യവും ലോകത്തിൽ ഉണ്ടെന്നു വിശ്വസിക്കുന്നവരാണ് നാം. നന്മയ്ക്കായി മനുഷ്യൻ നടത്തുന്ന ഏത് ആത്മാർത്ഥമായ ശ്രമത്തെയും സ്വർഗ്ഗസ്ഥനായ പിതാവ് അനുഗ്രഹിക്കും. ഈ വിശ്വാസമാണ് നീതിപൂർണ്ണമായ ഒരു ലോകം കെട്ടിപ്പടുക്കാൻ മറ്റുള്ളവരുമായി സഹകരിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത്. ഓരോ മനുഷ്യന്റെയും സമഗ്രമായ വികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന എല്ലാവരുമായും സംവാദത്തിൽ ഏർപ്പെടാൻ സഭ ആഗ്രഹിക്കുന്നു. ഈ ഒരു ആഗ്രഹം കേവലം വാക്കുകളിൽ മാത്രമല്ല, ചരിത്രത്തിൽ ശക്തമായ ഇടപെടൽ കൊണ്ടും സഭ നടത്തിക്കൊണ്ടിരിക്കുന്നു എന്നതിന് തെല്ലും സംശയം ഇല്ല.
ലോകത്തിലെ സംഭവവികാസങ്ങളിലും ചോദ്യങ്ങളിലും ആഗ്രഹങ്ങളിലും പങ്കുചേരാതെ സഭ ഒരിക്കലും നിഷ്ക്രിയമായ മനോഭാവം സ്വീകരിച്ചിട്ടില്ല. പൊതുനന്മയ്ക്കും എല്ലാവർക്കും അന്തസ്സുള്ള ജീവിതം ഉറപ്പാക്കാനും സഭ പുതിയ വഴികൾ തേടുന്നു. ഈ സംവാദ മനോഭാവം സഭയുടെ വിളിയുടെ തന്നെ ഭാഗമാണ്. സഭ കേവലം ഒരു സ്ഥാപനമല്ല, മറിച്ച് ദൈവവുമായുള്ള ഐക്യത്തിന്റെയും മനുഷ്യവർഗ്ഗത്തിന്റെ മുഴുവൻ ഐക്യത്തിന്റെയും അടയാളവും ഉപകരണവുമാണ്. ലോകത്തെ മാറ്റിനിർത്തിക്കൊണ്ടല്ല, ലോകത്തിന്റെ മധ്യത്തിൽ നിന്നുകൊണ്ടാണ് സഭ തന്റെ ദൗത്യം നിർവ്വഹിക്കുന്നത്.
ലിയോ പതിമൂന്നാമന്റെ പാരമ്പര്യം: സഭയുടെ സാമൂഹിക പ്രബോധനം
1891-ൽ ലിയോ പതിമൂന്നാമൻ പാപ്പ രചിച്ച 'രേരും നൊവാരും' (Rerum Novarum) എന്ന ചാക്രിക ലേഖനം സഭയുടെ ചരിത്രത്തിൽ ഒരു നാഴികക്കല്ലായി. അതിന്റെ 135-ാം വാർഷികം ആഘോഷിക്കുമ്പോൾ, സഭയുടെ സാമൂഹിക പ്രബോധനം എത്രമാത്രം വികസിച്ചു എന്ന് നാം കാണുന്നു. അക്കാലത്ത് സഭ ലൗകിക കാര്യങ്ങളിൽ (സാമ്പത്തികവും രാഷ്ട്രീയവും) ഇടപെടരുത് എന്ന് വാദിച്ചവർക്ക് ലിയോ പതിമൂന്നാമൻ ശക്തമായ മറുപടി നൽകിയതാണ് ഇന്നും കാര്യമാത്ര പ്രസക്തമായിട്ടുള്ള ആ ചാക്രിക ലേഖനം. ജനങ്ങളുടെ യഥാർത്ഥ ജീവിതത്തെയും കഷ്ടപ്പാടുകളെയും അവഗണിച്ചുകൊണ്ട് സുവിശേഷം പ്രസംഗിക്കാനാവില്ലെന്ന് അദ്ദേഹം പഠിപ്പിച്ചു.
കഴിഞ്ഞ നൂറ്റാണ്ടുകളിൽ അനേകം പാപ്പമാരും ദൈവശാസ്ത്രജ്ഞരും വിശ്വാസികളും സുവിശേഷ വെളിച്ചത്തിൽ സാമൂഹിക വിഷയങ്ങളെ പഠിച്ചുവെന്നതിനു തെളിവുകൾ ഏറെയുണ്ട്. ഇന്ന് സഭയുടെ സാമൂഹിക പ്രബോധനം എന്നത് സമൂഹത്തിനു മുഴുവൻ ജ്ഞാനത്തിന്റെ വെളിച്ചം പകർന്നു കൊടുക്കുന്ന ഒരു മാർഗമാണ്. അതിൽ നാം ചിന്തിക്കാനുള്ള തത്വങ്ങളും, വിവേചിച്ചറിയാനുള്ള മാനദണ്ഡങ്ങളും, പ്രവർത്തിക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങളും കണ്ടെത്തുന്നു. ഇത് കേവലം നിശ്ചലമായ ആശയങ്ങളല്ല, മറിച്ച് ജീവസ്സുറ്റ സത്യങ്ങളാണ്. ശാസ്ത്ര വിഭാഗങ്ങളുമായി സംവാദത്തിൽ ഏർപ്പെട്ടുകൊണ്ട്, വർത്തമാനകാല വെല്ലുവിളികളെ വ്യക്തതയോടെ വായിക്കാൻ ഇത് നമ്മെ സഹായിക്കുന്നു. ഈ സജീവമായ പാരമ്പര്യത്തിലേക്കാണ് ലിയോ പതിനാലാമൻ പാപ്പാ തന്റെ ശബ്ദം കൂടി ചേർക്കുന്നത്.
വ്യവസായ വിപ്ലവത്തിൽ നിന്നും സാങ്കേതിക വിപ്ലവത്തിലേക്ക്
ലിയോ പതിമൂന്നാമൻ പാപ്പാ അക്കാലത്തെ തൊഴിലാളി വർഗ്ഗത്തിന്റെ പ്രശ്നങ്ങളെ 'പുതിയ കാര്യങ്ങൾ' (Res Novae) എന്ന് വിളിച്ചുവെങ്കിൽ, ഇന്ന് നാം നേരിടുന്നത് തികച്ചും വ്യത്യസ്തമായ വെല്ലുവിളികളാണ്. ഡിജിറ്റലൈസേഷൻ, നിർമ്മിതബുദ്ധി, റോബോട്ടിക്സ് എന്നിവ ലോകത്തെ അതിവേഗം മാറ്റിമറിച്ചുകൊണ്ടിരിക്കുന്നു. സാങ്കേതികവിദ്യ മനുഷ്യന് എതിരല്ല. അത് മനുഷ്യന്റെ സ്വാതന്ത്ര്യത്തിന്റെയും സ്വയംഭരണാധികാരത്തിന്റെയും ഭാഗമായി ചരിത്രത്തിൽ എക്കാലവും ഉണ്ടായിരുന്നു. സാങ്കേതിക പുരോഗതി മനുഷ്യജീവിതം മെച്ചപ്പെടുത്താൻ വലിയ പങ്കുവഹിച്ചിട്ടുണ്ട് എന്നതും വിസ്മരിക്കുവാനാവില്ല.
എന്നാൽ, ഓരോ പുരോഗതിക്കും ഒരു മറുവശം കൂടിയുണ്ട്. അത് നന്മയ്ക്കായി ഉപയോഗിച്ചില്ലെങ്കിൽ വലിയ ദോഷം ചെയ്യും. ഇന്നത്തെ സാഹചര്യം പഴയതിനേക്കാൾ സങ്കീർണ്ണമാണ്. സാങ്കേതികവിദ്യ ഇന്ന് നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറുകയും നമ്മുടെ തീരുമാനങ്ങളെയും ഭാവനയെയും സ്വാധീനിക്കുകയും ചെയ്യുന്നു. "മനുഷ്യവർഗ്ഗത്തിന് മേൽ ഇത്രയധികം അധികാരം ലഭിച്ച മറ്റൊരു കാലമില്ല" എന്ന് പാപ്പ നിരീക്ഷിക്കുന്നു. ഈ സാങ്കേതിക വിദ്യകളുടെ ദൂരവ്യാപകമായ ഫലങ്ങൾ എന്താണെന്ന് പ്രവചിക്കാൻ നമുക്ക് കഴിയില്ല. ഇത് മനുഷ്യന്റെ അന്തസ്സിനെയും പൊതുനന്മയെയും എങ്ങനെ ബാധിക്കും എന്നത് ഗൗരവകരമായി ചിന്തിക്കേണ്ട വിഷയമാണ്.
അധികാരത്തിന്റെ കേന്ദ്രീകരണവും സ്വകാര്യ ഉടമസ്ഥതയും
ആധുനിക ലോകത്തിലെ ഏറ്റവും വലിയ വെല്ലുവിളി സാങ്കേതിക വിദ്യയുടെ മേലുള്ള നിയന്ത്രണമാണ്. നാം ഇതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കണം. ഈ അധികാരം ഇന്ന് ആരുടെ കൈകളിലാണ്? ഫ്രാൻസിസ് പാപ്പ നേരത്തെ മുന്നറിയിപ്പ് നൽകിയത് പോലെ, ആണവോർജ്ജം, ബയോടെക്നോളജി, ഡിജിറ്റൽ വിവരങ്ങൾ എന്നിവ കൈവശം വച്ചിരിക്കുന്നവർക്ക് മനുഷ്യവർഗ്ഗത്തിന് മേൽ വലിയ ആധിപത്യം ലഭിക്കുന്നു. മുൻകാലങ്ങളിൽ ഭരണകൂടങ്ങളാണ് ഇത്തരം നവീകരണങ്ങൾക്ക് നേതൃത്വം നൽകിയിരുന്നതെങ്കിൽ, ഇന്ന് അത് ഏതാനും സ്വകാര്യ കമ്പനികളുടെയും അന്തർദേശീയ കോർപ്പറേറ്റുകളുടെയും കൈകളിലാണ് എന്നുള്ളത് ആശങ്കകൾ വർധിപ്പിക്കുന്നു.
പലപ്പോഴും പല സർക്കാരുകളെക്കാൾ വലിയ സാമ്പത്തിക ശേഷിയും സ്വാധീനവും ഈ സ്വകാര്യ കമ്പനികൾക്കുണ്ട്. ഇത് തിരിച്ചറിയാനും നിയന്ത്രിക്കാനും ഏറെ പ്രയാസമാണ്. ലാഭത്തിനുവേണ്ടി മാത്രം സാങ്കേതികവിദ്യ ഉപയോഗിക്കുമ്പോൾ അത് പൊതുനന്മയ്ക്ക് വിഘാതമാകുന്നതിനാൽ, ഇതിനെ മറികടക്കാൻ കൃത്യമായ നിയമനിർമ്മാണങ്ങൾ ആവശ്യമാണ്. നീതി ഉറപ്പാക്കാനും സാങ്കേതിക ശക്തിയുടെ ദുരുപയോഗം തടയാനും അന്താരാഷ്ട്ര തലത്തിൽ ഇടപെടലുകൾ ഉണ്ടാകണം. സാങ്കേതികവിദ്യയുടെ പിന്നിലെ സാമ്പത്തിക താത്പര്യങ്ങൾ തിരിച്ചറിയാൻ നമുക്ക് സാധിക്കണം.
നാം ഇന്ന് ജീവിക്കുന്നത് ഒരു "യുഗപ്പകർച്ചയിലൂടെയാണ്" (Change of Epoch). ഇത് കേവലം മാറ്റങ്ങളുടെ കാലമല്ല, മറിച്ച് കാലത്തിന്റെ തന്നെ മാറ്റമാണ്. ഈ മാറ്റത്തിൽ പലരും ഭാവിയെക്കുറിച്ച് അമിതമായ ആവേശത്തിലോ അല്ലെങ്കിൽ കടുത്ത ഭീതിയിലോ ആണ്. എന്നാൽ ഇവിടെയാണ് വിവേചിച്ചറിയലിന്റെ (Discernment) പ്രാധാന്യം. കേവലം പുറമെ കാണുന്ന മാറ്റങ്ങളിൽ ഒതുങ്ങിനിൽക്കാതെ, ഈ മാറ്റങ്ങളുടെ ആത്മീയവും സാംസ്കാരികവുമായ വേരുകൾ കണ്ടെത്താൻ നമുക്ക് സാധിക്കണം.
ലിയോ പതിനാലാമൻ പാപ്പായുടെ ഈ സന്ദേശം മാനവികതയ്ക്ക് പ്രത്യാശ നൽകുന്നതാണ്. ലോകം സാങ്കേതികവിദ്യയുടെ കടലിൽ മുങ്ങിപ്പോകുമ്പോഴും, മനുഷ്യന്റെ ആത്മാവിനും അന്തസ്സിനും പ്രാധാന്യം നൽകുന്ന ഒരു ചിന്താപദ്ധതി അദ്ദേഹം ഈ ചാക്രിക ലേഖനത്തിലൂടെ അവതരിപ്പിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.