തിരുവചനവിത്തിന് യോഗ്യമായ വിളനിലമാകാൻ ക്രൈസ്തവർക്കുള്ള വിളി
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
യേശു തന്റെ ശിഷ്യരോടും ജനക്കൂട്ടത്തോടുമായി പറയുന്ന, ലളിതവും, എന്നാൽ ഏറെ അർത്ഥവത്തായതുമായ ഒരു ഉപമയാണ് വിശുദ്ധ മത്തായിയുടെ സുവിശേഷം പതിമൂന്നാം അധ്യായത്തിലും, വിശുദ്ധ മർക്കോസിന്റെ സുവിശേഷം നാലാം അധ്യായത്തിലും, വിശുദ്ധ ലൂക്കായുടെ സുവിശേഷം എട്ടാം അധ്യായത്തിലും നാം കണ്ടുമുട്ടുന്ന വിതക്കാരന്റെ ഉപമ.
നമുക്കറിയാവുന്നതുപോലെ, ഉപമകളിലൂടെ ഒരുവൻ സംസാരിക്കുന്നത്, തനിക്ക് മുന്നിലുള്ള ശ്രോതാവിന്, അവന്റെ ജീവിതാനുഭവങ്ങളോട് ചേർത്ത് ഒരു ആശയത്തെ മനസ്സിലാക്കാൻ എളുപ്പമാണ് എന്നതിനാലാണ്. അങ്ങനെ പറയപ്പെടുന്ന കാര്യങ്ങൾ കൂടുതൽ എളുപ്പത്തിൽ മനസ്സിലാക്കാനും, അതിന്റെ ഉൾപ്പൊരുൾ ഗ്രഹിക്കാനും ഒരുവന് സാധിക്കുമെന്നതാണ് ഉപമകളുടെ ഉപയോഗത്തിലൂടെ നാം മനസ്സിലാക്കുന്നത്.
ഇന്നത്തേതിൽനിന്ന് ഏറെ വ്യത്യസ്തമായ, മണ്ണിനോടും പ്രകൃതിയോടും കൂടുതൽ അടുത്ത് ജീവിച്ചിരുന്ന ഒരുപാട് ആളുകളുണ്ടായിരുന്ന ഒരു കാലത്താണ് യേശു, അവർ കണ്ടും കേട്ടും ജീവിച്ചും മനസ്സിലാക്കിയിട്ടുള്ള ഒരു യാഥാർത്ഥ്യത്തെക്കുറിച്ച്, വിത്ത് വിതയ്ക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നത്. ഈയൊരർത്ഥത്തിൽ, യേശുവിന് ചുറ്റും കൂടിയ ജനസമൂഹത്തിന് ഇത് മനസ്സിലാക്കാൻ ഏറെ ബുദ്ധിമുട്ടുണ്ടായിരുന്നിരിക്കില്ല. എന്നാൽ യേശു ഇവിടെ മണ്ണിൽ വിതയ്ക്കുന്ന വിത്തിനെക്കുറിച്ചോ, കൃഷിയെക്കുറിച്ചോ പഠിപ്പിക്കാനല്ല, ജീവിതത്തെക്കുറിച്ച്, വിതയ്ക്കപ്പെടുന്ന ദൈവവചനത്തെക്കുറിച്ചാണ് സംസാരിക്കുന്നത് എന്ന് നമുക്കറിയാം. ദൈവവചനം നമ്മുടെ ജീവിതത്തിൽ പുറപ്പെടുവിക്കുന്ന, പുറപ്പെടുവിക്കേണ്ട ഫലങ്ങളെക്കുറിച്ചുള്ള, അതിനുവേണ്ട ഒരുക്കങ്ങളെയും മനോഭാവത്തെയും കുറിച്ചുള്ള ഒരു ഉദ്ബോധനമാണ് ഇവിടെ നമുക്ക് മുന്നിലുള്ളത്.
വിതയ്ക്കപ്പെടുന്ന ജീവന്റെ വചനം
ഈ തിരുവചനഭാഗത്ത് യേശു നാലുതരം നിലങ്ങളെക്കുറിച്ച്, സാഹചര്യങ്ങളെക്കുറിച്ചാണ് പഠിപ്പിക്കുന്നതെന്ന് നമുക്ക് കാണാം. വഴിയരിക്, പാറക്കെട്ട്, മുള്ളുകൾ നിറഞ്ഞ ഇടം, നല്ല നിലം ഇങ്ങനെ നാല് ഇടങ്ങളിൽ വീണ വിത്തും, അവ നൽകുന്ന ഫലങ്ങളുമാണ് ഈ ഉദ്ബോധനത്തിന്റെ പ്രധാന ഉള്ളടക്കം. ആത്മീയമായ ഒരു ചിന്തയെന്ന നിലയിൽ, ജീവിതത്തിൽ ദൈവവചനത്തിന് ലഭിക്കുന്ന സ്വീകാര്യതയും, അത് നൽകുന്ന ഫലങ്ങളുമാണ് ഈ ഉപമ വഴി വചനം നമ്മോട് പറയുന്നത്. ഇവിടെ നാലുതരം നിലങ്ങളെക്കുറിച്ച് പറയുമ്പോൾ, വിത്ത് ഒന്നുതന്നെയാണെന്നത് ഏറെ പ്രധാനപ്പെട്ട ഒരു വസ്തുതയാണ്. വിതക്കാരൻ, ദൈവം, വിതയ്ക്കുന്ന തിരുവചനം, വചനം മാംസമായ യേശു, നമ്മിൽ ഏതുതരം നിലമാണ് കണ്ടെത്തുന്നത്, നമ്മിൽ വിതയ്ക്കപ്പെട്ട വചനത്തോട് നാം എപ്രകാരമാണ് പ്രതികരിക്കുന്നത്, വചനം നമ്മിലൂടെ എന്ത് ഫലങ്ങളാണ് നൽകുന്നത് തുടങ്ങിയ കൃത്യമായ ചില ചോദ്യങ്ങൾക്കാണ് ഇന്ന് നാം ഉത്തരം നൽകാൻ പരിശ്രമിക്കേണ്ടത്.
യേശുവിനെ ശ്രവിക്കപ്പെടുന്ന ഇടങ്ങളിലെല്ലാം, വ്യക്തിപരമായ വചനവായനയിലാകട്ടെ, വിശുദ്ധ കുർബാനയുൾപ്പെടെയുള്ള കൂദാശകളിലാകട്ടെ, വചനം പ്രഘോഷിക്കപ്പെടുന്ന മറ്റിടങ്ങളാകട്ടെ, ദൈവം സൗജന്യമായി നൽകുന്ന തന്റെ പുത്രനായ, ജീവന്റെ വചനമായ ക്രിസ്തു, നമ്മുടെ ഹൃദയങ്ങളിലേക്കാണ് വിതയ്ക്കപ്പടുന്നത്. അതുകൊണ്ടുതന്നെ, വചനത്തെ വിലയിരുത്താനോ, അതിന്റെ പ്രത്യേകതകൾ പരിശോധിക്കാനോ അല്ല, അത് വിതയ്ക്കപ്പെടുന്ന എന്റെ ഹൃദയം എപ്രകാരമുള്ളതാണ് എന്ന ഒരു ആത്മശോധനയ്ക്കായാണ് ഇന്ന് നാം ആദ്യമേ പരിശ്രമിക്കേണ്ടത്.
നാല് നിലങ്ങൾ
വിസ്തൃതവും ആൾസഞ്ചാരമേറിയതുമായ ഒരു വഴിയോരം പോലെ, ലോകത്തിന്റെ തിരക്കുകൾ നിറഞ്ഞ, സാമൂഹ്യമാധ്യമങ്ങളിലും സാങ്കേതികവിദ്യകളിലും സമയം നഷ്ടപ്പെട്ടുപോകുന്ന ഹൃദയമാണ് വഴിയരിക്. പക്ഷികൾ വന്ന് തിന്നു കളയുന്ന വിത്തുകൾ പോലെ, നമ്മിൽ പലപ്പോഴും വചനം വേരുപിടിക്കാത്തത്, മണ്ണിലേക്കിറങ്ങാത്തത്, ഇടം കണ്ടെത്താത്തത്, ദൈവദാനമായി ലഭിച്ചതെങ്കിലും, ദൈവത്തിന് നൽകാൻ സമയമില്ലാത്ത ഒന്നായി നമ്മുടെ ജീവിതം മാറിയതുകൊണ്ടാണ്. വിശുദ്ധ കുർബാനയിൽ പങ്കെടുക്കുമ്പോഴും, വചനം ശ്രവിക്കുമ്പോഴുമൊന്നും യേശു നമ്മിൽ ഇടം കണ്ടെത്താത്തത്, ഇങ്ങനെ യേശുവിന് പകരം പലരും പലതും വന്ന് ഇടം സ്വന്തമാക്കുന്നതുകൊണ്ടാണ്. ആരുടേയും ജീവിതത്തിൽനിന്ന് വിശ്വാസത്തിന്റെ വിത്തിനെ എടുത്തുമാറ്റരുതെന്ന ഒരു ഉദ്‌ബോധനം കൂടി ഈ വചനം മുന്നോട്ട് വയ്ക്കുന്നുണ്ട്.
ആഴമില്ലാത്ത വിശ്വാസം മൂലം, ജീവിതത്തിലുണ്ടാകുന്ന വേദനകളുടെ ചുടുവെയിലിലും, ദുഃഖത്തിന്റെ കുത്തൊഴുക്കിലും, പരീക്ഷങ്ങളുടെയും വിമർശനങ്ങളുടെയും മുൾമുനകൾക്ക് മുന്നിലും ഇല്ലാതാകുന്ന തിരുവചനത്തെക്കുറിച്ച്, ദൈവവിശ്വാസത്തെക്കുറിച്ച് ഒക്കെയാണ് പാറക്കെട്ട് നമ്മോട് പറയുന്നത്. വചനത്തിന് വളരാൻ തക്ക ആഴമുള്ള നിലമാകണമെങ്കിൽ, പ്രാർത്ഥനയിലും തിരുവചനവായനയിലും കൂദാശാജീവിതത്തിലും ആഴപ്പെടാനും സ്ഥിരതയോടെ ജീവിക്കാനും സാധിക്കണം. കുരിശുകൾക്കപ്പുറം ഉയിർപ്പിന്റെ മഹത്വമുണ്ടെന്ന ആഴമേറിയ ബോധ്യം നമ്മിൽ വളർത്തിയെടുക്കണം.
ലോകത്തിന്റെ പ്രലോഭനങ്ങൾക്കും, തൊഴിലിനും സമ്പത്തിനും വേണ്ടിയുള്ള നെട്ടോട്ടത്തിനുമിടയിൽ ദൈവത്തെ സൗകര്യപൂർവ്വം മറക്കുകയും ഒഴിവാക്കുകയും ചെയ്യുന്ന, ദൈവത്തെക്കാൾ പ്രിയപ്പെട്ടതും പ്രധാനപ്പെട്ടതുമായി മറ്റു പലതും കടന്നുവരുന്ന ഇടമാണ് മുള്ളുകൾ നിറഞ്ഞ ഇടം. ആത്മീയജീവിതത്തിൽ വളരുന്നതിലും ദൈവത്തിന് പ്രഥമസ്ഥാനം നൽകുന്നതിലും നാം പരാജയപ്പെടുമ്പോൾ, ഈയൊരു മുള്ളുകൾ നിറഞ്ഞ നിലമായി, വചനം വളരാത്ത ഇടമായി നാം മാറും.
ജീവിതാനുഭവങ്ങളുടെ വേദനകളിൽ ഉഴുതുമറിക്കപ്പെടുമ്പോഴും, വെട്ടി ഒരുക്കപ്പെടുമ്പോഴും വിശ്വാസം കൈവിടാത്ത, വചനം ശ്രവിച്ച്, മനസ്സിലാക്കി, ജീവിതത്തിൽ സ്വീകരിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യുന്ന മനുഷ്യരാണ് ഏറെ ഫലം പുറപ്പെടുവിക്കുന്ന നല്ല നിലങ്ങളായി കണക്കാക്കപ്പെടുന്നത്. കാതുകളിൽനിന്ന് ഹൃദയത്തിലേക്ക് എത്താൻ വചനത്തിന് ഇടമൊരുക്കിയാൽ, കരുണയും സ്നേഹവും ക്ഷമയും നീതിയുമൊക്കെ നമ്മുടെ വ്യക്തി ജീവിതങ്ങളിലും കുടുംബങ്ങളിലും വളരാൻ അനുവദിച്ചാൽ, അവിടെ തിരുവചനം, യേശു ഏറെ ഫലം പുറപ്പെടുവിക്കും.
ക്രൈസ്തവജീവിതവും വചനവും
നാം ശ്രവിക്കുന്ന വചനത്തിലും, നമ്മൾ സ്വീകരിക്കുന്ന വിശുദ്ധ കുർബാനയിലും, മാംസമായിത്തീർന്ന ദൈവപുത്രനെ, ക്രിസ്തുവിനെയാണ് നാം കണ്ടുമുട്ടുന്നത്. അതേസമയം വചനത്തിലൂടെയും കുർബാനയിലൂടെയും ക്രിസ്‌തു തന്നെയാണ് നമ്മുടെ ആത്മീയജീവിതത്തെ പോഷിപ്പിക്കുന്നത്. ജനക്കൂട്ടത്തോട് ഉപമകളിലൂടെ സംസാരിച്ച യേശു തന്റെ പ്രിയ ശിഷ്യർക്ക് ഉപമയുടെ അർത്ഥം മനസ്സിലാക്കിക്കൊടുക്കുന്നതുപോലെ, നമ്മുടെ ഹൃദയങ്ങളോട് ദൈവവചനം പ്രഘോഷിക്കുന്നു, തന്നെത്തന്നെ നൽകുന്നു. അതുകൊണ്ടുതന്നെ, തിരുവചനം ശ്രദ്ധയോടെ കേൾക്കാൻ, കുടുംബപ്രാർത്ഥനകളിലും വ്യക്തിപരമായ ധ്യാനങ്ങളിലും തിരുവചനത്തിന് സ്ഥാനം നൽകാൻ, അതുവഴി വചനം, ക്രിസ്തു നമ്മിൽ ഇടം കണ്ടെത്താൻ, ആഴപ്പെടാൻ, വളരാൻ, ഫലം നൽകാൻ വേണ്ടി ആത്മാർത്ഥമായി പരിശ്രമിക്കാം.
തന്റെ വചനം, ക്രിസ്തു നമ്മുടെ ഹൃദയങ്ങളിൽ ഫലങ്ങൾ നൽകുന്നത് ക്ഷമയോടെ കാത്തിരിക്കുന്ന ഒരു ദൈവമാണ് നമുക്ക് മുന്നിലുള്ളത്. അവനുവേണ്ടി ഹൃദയം തുറന്നുകൊടുക്കാൻ, അവനോട് ചേർന്ന് നിന്ന് നല്ല ഫലങ്ങൾ നൽകാൻ നമുക്ക് പരിശ്രമിക്കാം. ഹൃദയത്തിലെ കല്ലുകളും മുള്ളുകളും നീക്കി, കഠിനമായ ഇടങ്ങൾ ഉഴുതുമറിച്ച്, പുണ്യങ്ങളുടെ വളക്കൂറുള്ള നല്ല മണ്ണാക്കി, മുപ്പതും അറുപതും നൂറും മേനി ഫലം നൽകുന്ന നല്ല നിലമാക്കി മാറ്റാം. തിരുവചനത്തെ ഉള്ളിൽ സ്വീകരിച്ച് ലോകത്തിന് സമ്മാനിച്ച പരിശുദ്ധ അമ്മ, ക്രിസ്തുവിനായി നമ്മുടെ ഹൃദയങ്ങളെ ഒരുക്കാൻ സഹായിക്കട്ടെ, പ്രാർത്ഥനകളോടെ നമ്മുടെ വിശ്വാസയാത്രയിൽ കൂടെയുണ്ടാകട്ടെ. അങ്ങനെ ആത്മീയതയുടെ നിറവിൽ, വിശ്വാസത്തിന്റെ ആനന്ദം മറ്റുള്ളവരിലേക്ക് പകരുന്ന, ക്രിസ്തുസാക്ഷ്യമേകുന്ന, ക്രിസ്തുവിനെ നൽകുന്ന യഥാർത്ഥ ശിഷ്യരാകാൻ നമുക്കും സാധിക്കട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.