ശൈശവവിവാഹത്തിനെതിരെ - പാക്കിസ്ഥാനിൽനിന്നുള്ള ഒരു ചിത്രം ശൈശവവിവാഹത്തിനെതിരെ - പാക്കിസ്ഥാനിൽനിന്നുള്ള ഒരു ചിത്രം 

കുട്ടികളുടെ അന്തസ്സും സംരക്ഷണവും ഉറപ്പാക്കുക: ബാലപീഡനത്തിനെതിരെ പാക്കിസ്ഥാനിലെ കത്തോലിക്കാസഭ

"കുട്ടികളുടെ അന്തസ്സും സംരക്ഷണവും ഉറപ്പാക്കുക" എന്ന ലക്ഷ്യത്തോടെ, ബാലപീഡനത്തിനെതിരെ മുൻനിര പോരാട്ടം നടത്താൻ രാജ്യത്തെ കത്തോലിക്കാസഭ പ്രതിബദ്ധമെന്ന് ഇസ്ലാമാബാദ്-റാവൽപിണ്ടി രൂപതാദ്ധ്യക്ഷൻ ആർച്ച്ബിഷപ് ജോസഫ് അർഷാദ് പ്രസ്താവിച്ചതായി ഫീദെസ് ഏജൻസി. മതഭേദമന്യേ രാജ്യത്ത് കുട്ടികൾ നേരിടുന്ന ആക്രമണങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, 2026 "കുട്ടികളുടെ വർഷമായി" ആചരിക്കപ്പെടും.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

വിവിധ സമ്മേളനങ്ങളും ദിവ്യബലിയർപ്പണങ്ങളും പ്രാർത്ഥനയുമായി, ബാലപീഡനത്തിനെതിരെ മുൻനിരയിൽ നിന്ന് പോരാടാൻ തയ്യാറെടുത്ത് പാക്കിസ്ഥാനിലെ കത്തോലിക്കാസഭ. ബാലപീഡനകേസുകളിൽ മതഭേദമന്യേ ആശങ്കാജനകമായ വിധത്തിൽ വർദ്ധനവുണ്ടാകുന്ന സാഹചര്യത്തിൽ, 2026 "കുട്ടികളുടെ വർഷമായി" ആചരിക്കാൻ ഇസ്ലാമാബാദ്-റാവൽപിണ്ടി രൂപതാനേതൃത്വം തീരുമാനിച്ചു. കുട്ടികളുടെ അന്തസ്സും സുരക്ഷയും ഉറപ്പാക്കുകയാണ് തങ്ങൾ ലക്ഷ്യമാക്കുന്നതെന്ന് രൂപതാദ്ധ്യക്ഷൻ ആർച്ച്ബിഷപ് ജോസഫ് അർഷാദ് പ്രസ്താവിച്ചതായി ജൂലൈ എട്ടാം തീയതി ഫീദെസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

കുട്ടികളുടെ അന്തസ്സും സംരക്ഷണവും വിദ്യാഭ്യാസവും സമഗ്ര ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിനായി രൂപതയിലെ ഇടവകകൾ, സ്കൂളുകൾ, സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ വർഷം മുഴുവൻ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് രൂപതാദ്ധ്യക്ഷൻ അറിയിച്ചു.

കുട്ടികൾ ദുരുപയോഗം ചെയ്യപ്പെടുകയും ചൂഷണത്തിനും അതിക്രമങ്ങൾക്കും ഇരകളാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് "കുട്ടികളുടെ വർഷാചരണം" സംഘടിപ്പിക്കുന്നതെന്ന് ആർച്ച്ബിഷപ് അർഷാദ്  പ്രസ്താവിച്ചുവെന്ന് ഫീദെസ് വ്യക്തമാക്കി. രാജ്യത്ത് പ്രായപൂർത്തിയാകാത്തവർക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചുവരികയാണെന്നും, 'സാഹിൽ' എന്ന സന്നദ്ധസംഘടനയുടെ കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷം ഇത്തരം അതിക്രമങ്ങൾ സംബന്ധിച്ച പരാതികളിൽ എട്ടു ശതമാനം വർദ്ധനവുണ്ടായെന്നും 3.630 കേസുകൾ തെളിയിക്കപ്പെട്ടുവെന്നും ഏജൻസി എഴുതി. ഇതനുസരിച്ച് ദിനം പ്രതി ശരാശരി ഒൻപതിലധികം  കുട്ടികൾ വീതം രാജ്യത്ത് പീഡനങ്ങൾക്കും ചൂഷണങ്ങൾക്കും വിധേയമാക്കുന്നുണ്ട്.

റിപ്പോർട്ടുകൾ പ്രകാരം തട്ടിക്കൊണ്ടുപോകലും ബലാത്സംഗവുമാണ് രാജ്യത്ത് കൂടുതലായി ഉണ്ടായിട്ടുള്ളത്. കുറ്റകൃത്യങ്ങളുടെ ഇരകളിൽ 53 ശതമാനവും പെൺകുട്ടികളാണെന്നും, 11 മുതൽ 15 വയസ് വരെയുള്ള കുട്ടികളാണ് ഏറ്റവും കൂടുതൽ അപകടസാധ്യത നേരിടുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കി.

കുട്ടികൾക്കെതിരായ ഇത്തരം അതിക്രമങ്ങൾ മനുഷ്യാന്തസ്സിനെതിരായ കുറ്റകൃത്യങ്ങളാണെന്ന് ആർച്ച്ബിഷപ് അർഷാദ് പ്രസ്താവിച്ചു. കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും ഭീതിക്ക് കാരണമാകുന്ന ഇത്തരം ദുരവസ്ഥ ഒരു സമൂഹത്തിനും അംഗീകരിക്കാനാകില്ലെന്നും കുട്ടികൾ എല്ലായിടങ്ങളിലും സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബാലപീഡന കേസുകളിൽ ഉൾപ്പെട്ടവർക്കെതിരെ അടിയന്തരവും കർശനവും സുതാര്യവുമായ നടപടികൾ സ്വീകരിക്കണമെന്ന് പാകിസ്ഥാൻ സർക്കാരിനോടും നിയമപാലകരോടും ശിശുസംരക്ഷണ വകുപ്പുകളോടും, ബന്ധപ്പെട്ട മറ്റെല്ലാ സ്ഥാപനങ്ങളോടും ആവശ്യപ്പെട്ട ആർച്ച് ബിഷപ്പ്, കുട്ടികളുടെ സുരക്ഷ കുടുംബങ്ങളുടെ മാത്രം ഉത്തരവാദിത്വമല്ലെന്നും, മറിച്ച് ദേശീയ ധാർമ്മിക ഉത്തരവാദിത്വം കൂടിയാണെന്നും പ്രസ്താവിച്ചു.

സാംസ്‌കാരിക വിലക്കുകൾ, ദാരിദ്ര്യം, നീതിന്യായ സംവിധാനത്തിന്റെ ദൗർബല്യം, സാമൂഹിക അപമാനഭയം, ഭീഷണികൾ തുടങ്ങിയവ മൂലം പലയിടങ്ങളിലും ഇത്തരം പീഡനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാത്തതിനാൽ യഥാർത്ഥ കണക്കുകൾ വ്യക്തമല്ലെന്ന് ഐക്യരാഷ്ട്രസഭയുടേതുൾപ്പെടെ വിവിധ സംഘടനകളുടെ വിദഗ്ദർ അഭിപ്രായപ്പെട്ടിരുന്നു. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

09 ജൂലൈ 2026, 13:32