സംഘർഷങ്ങൾ തുടരുന്ന ഹൈറ്റിയിൽ ഗുരുതരമാനവികപ്രതിസന്ധി: നൂറുകണക്കിനാളുകൾ പേർ കൊല്ലപ്പെട്ടു
വത്തിക്കാന്‍ ന്യൂസ്
സംഘർഷങ്ങളും സായുധ ഏറ്റുമുട്ടലുകളും നിലനിൽക്കുന്ന, ഹൈറ്റിയിൽ മാനവികപ്രതിസന്ധി കൂടുതൽ ഗുരുതരമായി. കരീബിയൻ പ്രദേശത്തുള്ള ഈ രാജ്യത്ത് കഴിഞ്ഞ മൂന്ന് മാസത്തിനിടെ കുറഞ്ഞത് 1,600 പേരെങ്കിലും കൊല്ലപ്പെട്ടുവെന്ന് ഐക്യരാഷ്ട്രസഭയുടെ പ്രത്യേക പ്രതിനിധി കാർലോസ് റൂയിസ് മാസ്യു (Carlos Ruiz Massieu) വ്യക്തമാക്കി.
രാജ്യതലസ്ഥാനമായ പോർട്ട് ഓ പ്രൻസിന്റെ എഴുപതോളം ശതമാനം പ്രദേശങ്ങളും ക്രിമിനൽ സംഘങ്ങളുടെ നിയന്ത്രണത്തിലാണെന്നും, സംഘർഷങ്ങൾ ആരംഭിച്ചതുമുതൽ നാളിതുവരെ ഏതാണ്ട് പതിനഞ്ച് ലക്ഷത്തോളം ആളുകൾ വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്യാൻ നിർബന്ധിതരായതെന്നും അദ്ദേഹം അറിയിച്ചു.
ഹൈറ്റി പ്രസിഡന്‍റായിരുന്ന ജൊവനേൽ മൊയിസ് 2021-ൽ കൊല്ലപ്പെട്ടതിന് ശേഷം രാജ്യത്ത് സായുധ അക്രമിസംഘങ്ങളുടെ സ്വാധീനം വർദ്ധിച്ചുവരികയാണെന്നും, രാജ്യത്തെ വിവിധ സ്ഥാപനങ്ങൾ അടിസ്ഥാനസേവനസൗകര്യങ്ങൾ എന്നിവ തടസ്സപ്പെട്ടതായും റിപ്പോർട്ട് ചെയ്യപ്പെട്ടു. രാജ്യതലസ്ഥാനത്ത് അഴിഞ്ഞാടുന്ന സായുധസംഘങ്ങളിൽ പതിനായിരം മുതൽ പതിനയ്യായിരത്തോളം വരെ അംഗങ്ങളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
ഹൈറ്റിയിൽ സുസ്ഥിരത പുനഃസ്ഥാപിക്കാൻ സുരക്ഷ, നീതി, വികസനം എന്നീ മേഖലകളിൽ ഏകോപിത നടപടികൾ ആവശ്യമാണെന്ന് ഐക്യരാഷ്ട്രസഭാ പ്രതിനിധി പ്രസ്താവിച്ചു. 2025-ൽ ഹൈറ്റിയുടെ സമ്പദ്‌വ്യവസ്ഥ തുടർച്ചയായ ഏഴാം വർഷവും പിന്നോട്ട് പോയെന്നും, രാജ്യത്തെ പണപ്പെരുപ്പം 28.3 ശതമാനമായി ഉയർന്നുവെന്നും ലോകബാങ്കിന്റെ കണക്കുകൾ വ്യക്തമാക്കി. രാജ്യത്തെ ജനസംഖ്യയുടെ പകുതിയോളം പേർ കടുത്ത ദാരിദ്ര്യത്തിലാണ് കഴിയുന്നത്.
ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം 2025-ൽ സംഘർഷങ്ങളുമായി ബന്ധപ്പെട്ട അക്രമങ്ങളിൽ 5,500-ലധികം പേർ കൊല്ലപ്പെടുകയും 2,600-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2024-ൽ കെനിയയുടെ നേതൃത്വത്തിലുള്ള ബഹുരാഷ്ട്ര സുരക്ഷാസേനയെ രാജ്യത്ത് വിന്യസിച്ചുവെങ്കിലും, ക്രിമിനൽ സംഘടനകളുടെ പ്രദേശിക നിയന്ത്രണം അവസാനിപ്പിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.