ക്രിസ്തു നൽകുന്ന പ്രകാശവും പ്രത്യാശയും ലോകമെങ്ങും പരത്താൻ യുവജനങ്ങൾക്ക് ആഹ്വാനവുമായി ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
സംഘർഷങ്ങളും യുദ്ധങ്ങളുമുൾപ്പെടെ വിവിധ പ്രതിസന്ധികളാൽ മുറിവേറ്റ ഇന്നത്തെ ലോകത്തിൽ ക്രൈസ്തവമായ പ്രത്യാശയും ക്രിസ്തുവിന്റെ പ്രകാശവും പരത്താൻ യുവജനങ്ങളെ ആഹ്വാനം ചെയ്‌ത് ലിയോ പതിനാലാമൻ പാപ്പാ. ജൂലൈ 8 മുതൽ 11 വരെ തീയതികളിലായി ഇറാക്കിലെ അങ്കാവയിൽ (Ankawa) നടക്കുന്ന യുവജനസമ്മേളനത്തിലേക്കയച്ച ഒരു വീഡിയോ സന്ദേശത്തിലൂടെയാണ് ഇത്തരമൊരു ക്ഷണം പരിശുദ്ധ പിതാവ് നടത്തിയത്. എർബിൽ (Erbil Archeparchy) അതിരൂപതയാണ് യുവജനങ്ങളുടെ ഈ സമ്മേളനം വിളിച്ചുകൂട്ടിയത്.
ക്രിസ്തുവിന്റെ സാക്ഷികളാകുന്നതിനായി, വിശ്വാസവും സ്നേഹവും പ്രത്യാശയും തങ്ങളുടെ ജീവിതത്തിന്റെ അടിസ്ഥാനമാക്കി മാറ്റാനും, പ്രാർത്ഥനയിലൂടെയും കൗദാശികജീവിതത്തിലൂടെയും ദൈവവുമായുള്ള ബന്ധം ആഴത്തിൽ വളർത്താനും പരിശുദ്ധ പിതാവ് യുവജനങ്ങളോട് തന്റെ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു. മുറിവുകളേറ്റ ഈ ലോകത്ത് സമാധാനത്തിന്റെ പ്രവർത്തകരാകാൻ ക്രൈസ്തവയുവതയ്ക്കുള്ള വിളിയെക്കുറിച്ചും പരിശുദ്ധ പിതാവ് ഉദ്‌ബോധിപ്പിച്ചു.
ക്രിസ്തുവിന്റെ പ്രകാശം ലോകത്ത് പങ്കുവയ്ക്കാനുള്ള വലിയൊരു ഉത്തരവാദിത്വമാണ് മുഴുവൻ സഭയ്ക്കും നൽകപ്പെട്ടിരിക്കുന്നതെന്നും, വരും വർഷങ്ങളിൽ ഇത്തരുണത്തിൽ സഭയെയും ലോകത്തെയും രൂപീകരിക്കുന്നതിന് യുവജനങ്ങൾക്ക് പ്രത്യേകമായ ഉത്തരവാദിത്വമുണ്ടെന്നും പാപ്പാ ഓർമ്മിപ്പിച്ചു.
യേശുവിൽ തങ്ങളുടെ പ്രത്യാശയും വിശ്വാസവും അർപ്പിക്കാൻ യുവജനങ്ങളെ ക്ഷണിച്ച പാപ്പാ, ദൈവത്തിന്റെ നന്മയിൽ സംശയിക്കരുതെന്നും, പ്രത്യാശ നിറഞ്ഞ ഒരു പദ്ധതിയാണ് ദൈവം ഏവർക്കുമായി തയ്യാറാക്കുന്നതെന്നും ഉദ്‌ബോധിപ്പിച്ചു. ദൈവസ്നേഹത്തിൽ വേരുകൾ നട്ട ഒരു ജീവിതമാണ് നമുക്കുണ്ടാകേണ്ടതെന്ന് ഓർമ്മിപ്പിച്ച ലിയോ പതിനാലാമൻ പാപ്പാ, പ്രതിസന്ധികളുടെ മുന്നിലും ക്രിസ്തുവിന്റെ സമാധാനം വാഴുന്ന ഒരു വ്യവസ്ഥിതിക്കായി പരിശ്രമിക്കാൻ യുവജനങ്ങളെ ക്ഷണിച്ചു. സഭയുടെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തിന്റെ മാദ്ധ്യസ്ഥ്യവും പ്രാർത്ഥനകളും യുവജനങ്ങൾക്ക് ആശംസിച്ച പാപ്പാ, ഏവർക്കും തന്റെ അപ്പസ്തോലിക ആശീർവാദവും നൽകി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.
