തിരയുക

സിനഡാലിറ്റിയെക്കുറിച്ച് ഏഷ്യൻ മെത്രാൻസമിതികളുടെ ഫെഡറേഷൻ തായ്‌ലൻഡിൽ വച്ച് നടത്തിയ ഒരു സമ്മേളനത്തിൽനിന്നുള്ള ദൃശ്യം സിനഡാലിറ്റിയെക്കുറിച്ച് ഏഷ്യൻ മെത്രാൻസമിതികളുടെ ഫെഡറേഷൻ തായ്‌ലൻഡിൽ വച്ച് നടത്തിയ ഒരു സമ്മേളനത്തിൽനിന്നുള്ള ദൃശ്യം 

സഹകരണം മെച്ചപ്പെടുത്താനും മിഷനറി നിയോഗം ഫലപ്രദമാക്കാനും ഏഷ്യൻ മെത്രാന്മാർ ഒരുമിച്ചുകൂടുന്നു

ജൂലൈ 20 മുതൽ 26 വരെ തീയതികളിലായി, ഏഷ്യൻ മെത്രാൻസമിതികളുടെ ഫെഡറേഷൻ അതിന്റെ പന്ത്രണ്ടാമത് പ്ലീനറി അസംബ്ലിയുടെ ഭാഗമായി ഒരുമിച്ച് കൂടുമെന്ന് ഫീദെസ് ഏജൻസി അറിയിച്ചു. ജക്കാർത്ത അതിരൂപതയുടെ നേതൃത്വത്തിൽ ഹോട്ടൽ മുലിയ സെനായാനിൽ നടക്കുന്ന ഈ സമ്മേളനത്തിൽ വിവിധ സഭകളിൽനിന്നായി 120 പേർ പങ്കെടുക്കും.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഏഷ്യയിലെ മെത്രാൻസമിതികൾ ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ (Jakarta) ഒരുമിച്ചുകൂടുമെന്ന്, ഏഷ്യയിലെ മെത്രാൻസമിതികളുടെ ഫെഡറേഷൻ (The Federation of Asian Bishops’ Conferences - FABC)  സെക്രെട്ടറി ഫാ. ജോൺ മീ ഷെന്നിനെ പരാമർശിച്ചുകൊണ്ട് ഫീദെസ് ഏജൻസി അറിയിച്ചു. "സിനഡാത്മക പരിവർത്തനവും, പരസ്പരബന്ധത്തിന്റെ പാലങ്ങളാകാനും പാലങ്ങളുടെ സൃഷ്ടാക്കളാകാനുമുള്ള സഭയുടെ നിയോഗവും" എന്ന പ്രമേയത്തിൽ സംഘടിപ്പിക്കപ്പെടുന്ന ഏഷ്യയിലെ മെത്രാൻസമിതികളുടെ ഫെഡറേഷന്റെ ഈ പന്ത്രണ്ടാമത് പ്ലീനറി സമ്മേളനം ജക്കാർത്ത അതിരൂപതയുടെ നേതൃത്വത്തിൽ, ജൂലൈ 20 മുതൽ 26 വരെ ഹോട്ടൽ മുലിയ സെനായാനിലായിരിക്കും (Mulia Senayan) നടക്കുക. യേശു നഥാനയേലിനോട് പറയുന്ന "എന്നാല്‍ ഇതിനെക്കാള്‍ വലിയ കാര്യങ്ങള്‍ നീ കാണും" (യോഹന്നാൻ 1, 50) എന്ന തിരുവചനം ഈ പ്ലീനറി അസംബ്ലിയിൽ പ്രേരകവചനമായിരിക്കും.

ഏഷ്യയിലെ വിവിധ രാജ്യങ്ങളിൽനിന്നുള്ള മെത്രാന്മാർ, പരിശുദ്ധ സിംഹാസനത്തിന്റെ പ്രതിനിധികൾ, ഏഷ്യൻ മെത്രാൻസമിതികളുടെ ഫെഡറേഷന്റെ ഓഫീസ് സെക്രെട്ടറിമാർ ദൈവശാസ്ത്രജ്ഞർ, അജപാലനവിദഗ്ധർ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും. ഏഷ്യയിൽ സഭയുടെ ഭാവി ദൗത്യത്തെക്കുറിച്ച് പ്രാർത്ഥനയിലും, ചർച്ചകളിലും വിചിന്തനങ്ങളിലും അടിസ്ഥാനമിട്ട് സഭാനേതൃത്വങ്ങൾ ആശയകൈമാറ്റം നടത്തും. ഏഷ്യയിലെ വിവിധ പ്രാദേശികസഭകൾക്ക് പരസ്പരം ആശയകൈമാറ്റത്തിനും ശ്രവണത്തിനുമുള്ള ഒരു സമയമായിരിക്കും ഇത്.

സമ്മേളനത്തിന്റെ പ്രാരംഭദിവ്യബലിക്ക്, പരിശുദ്ധ പിതാവിന്റെ പ്രത്യേക പ്രതിനിധിയെന്ന നിലയിൽ കർദ്ദിനാൾ ഗ്രേഷ്യസ് ഓസ്വാൾഡ് (Card. Gracias Oswald) മുഖ്യകാർമികത്വം വഹിക്കും. ഫെഡറേഷൻ പ്രസിഡന്റ് കർദിനാൾ ഫിലിപ്പെ നേരി ഫെറാവോ (Card. Filipe Neri Ferrão) മുഖ്യപ്രഭാഷണം നടത്തും. സിനഡാത്മക അദ്ധ്യാത്മികതയെ അടിസ്ഥാനമാക്കിയ ധ്യാനത്തിന്റെയും പ്രാർത്ഥനയുടെയും ദിനം, സുവിശേഷവത്കരണത്തിനായുള്ള വത്തിക്കാൻ ഡികാസ്റ്ററി പ്രൊ പ്രീഫെക്റ്റായ കർദിനാൾ ലൂയിസ് ആന്തോണിയോ താഗ്ലെ (Card. Luis Antonio Tagle) നയിക്കും. മോൺ. തോമാഷ് ഹാലിക്കും (Msgr. Tomáš Halík) ഡോ. ചൂങ് പുയ് യിയും (Dr. Choong Pui Yee) മുഖ്യപ്രഭാഷണങ്ങൾ അവതരിപ്പിക്കും.

സമ്മേളനത്തിൽ സംബന്ധിക്കുന്നവർക്കായി പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ നൽകുന്ന സന്ദേശം ജൂലൈ 25-ന് പ്രസിദ്ധീകരിക്കപ്പെടും. ജൂലൈ 26-ന് സമ്മേളനം അവസാനിക്കുന്നതിന് മുൻപായി സമാപനസന്ദേശം അംഗീകരിക്കപ്പെടും. തുടർന്ന്, സ്വർഗ്ഗാരോപിതമാതാവിന്റെ ജക്കാർത്ത അതിരൂപതയുടെ പേരിലുള്ള കത്തീഡ്രലിൽവച്ച് വിശുദ്ധ ബലിയർപ്പണവുമുണ്ടാകും.

സമ്മേളനം അവസാനിക്കുന്നതിന് മുൻപായി, വിശുദ്ധ ബലിക്ക് ശേഷം സമ്മേളനത്തിൽ സംബന്ധിക്കുന്നവർ, ഇന്തോനേഷ്യയുടെ മതസൗഹാർദ പ്രതിബദ്ധതയുടെ പ്രതീകമായ “സൗഹൃദ തുരങ്കം” വഴി  കടന്നുചെന്ന്, കത്തീഡ്രലിന് സമീപത്തുള്ള ഇസ്തിഖ്‌ലാൽ (Istiqlal) മസ്ജിദ് സന്ദർശിക്കും. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

09 ജൂലൈ 2026, 12:14