ദൈവികമായ ജ്ഞാനം സ്വന്തമാക്കി എളിമയോടെയും ആത്മനിയന്ത്രണത്തോടെയും ജീവിക്കാം
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
സുഭാഷിതങ്ങളുടെ പുസ്തകത്തിന്റെ പുതിയൊരു ഭാഗമാണ് ഇരുപത്തിയഞ്ചാം അദ്ധ്യായത്തിൽ തുടങ്ങുന്നത്. സോളമൻ രാജാവ് എഴുതിയതെന്ന് കണക്കാക്കപ്പെടുന്ന ഇരുപത്തിയഞ്ചാം അദ്ധ്യായം മുതൽ ഇരുപത്തിയൊൻപതാം അദ്ധ്യായം വരെയുള്ള ഈ ഭാഗം (സുഭാ. 25, 1 - 29, 27), അദ്ദേഹത്തിന്റെ മരണശേഷം ഏതാണ്ട് മുന്നൂറിനടുത്ത് വർഷങ്ങൾക്കപ്പുറം യൂദാരാജാവായ ഹെസക്കിയയുടെ മേൽനോട്ടത്തിൽ ശേഖരിക്കപ്പെട്ട്, സോളമൻ തന്നെ എഴുതിയതെന്ന് കണക്കാക്കപെടുന്ന പത്ത് മുതൽ ഇരുപത്തിരണ്ടാം അദ്ധ്യായത്തിന്റെ പതിനാറാം വാക്യം വരെയുള്ള ഭാഗത്തോട് ചേർക്കപ്പെട്ടതാണെന്ന് ഒന്നാം വാക്യം വ്യക്തമാക്കുന്നുണ്ട്. മുൻ അദ്ധ്യായങ്ങളിലെന്നതുപോലെ ഇവിടെയും, അറിവും ജ്ഞാനവും സ്വന്തമാക്കാൻ ശ്രമിക്കുന്ന ഏതൊരു വ്യക്തിക്കും ഉപകാരപ്രദമാകുന്ന സാമൂഹ്യ, ധാർമ്മിക, മത ചിന്തകളും ഉദ്ബോധനങ്ങളുമാണ് നാം കണ്ടുമുട്ടുന്നത്. രാജാക്കന്മാരുടെ ജ്ഞാനം, കോടതിയിൽനിന്ന് അകന്നുനിൽക്കുക, കൃത്യമായ സമയത്ത് ഉചിതമായി സംസാരിക്കുക, ആത്മനിയന്ത്രണം പാലിക്കുക, പ്രതിയോഗികളോടുപോലും കരുണ കാണിക്കുക തുടങ്ങിയവയാണ് ഈ അദ്ധ്യായത്തിൽ പരാമർശിക്കപ്പെടുന്ന ചില ചിന്തകൾ. യഥാർത്ഥ മഹത്വവും വിജയവും ബഹുമതികൾക്കും ആദരവിനും വേണ്ടി തേടിനടക്കുന്നതിലല്ല, എളിമയും മിതത്വവുമുള്ള, ദൈവിക സ്വഭാവത്തോടെ ജീവിക്കാൻ പരിശ്രമിക്കുന്നതിലാണെന്ന ഒരു അറിവാണ് ഈ അദ്ധ്യായം പകർന്നുതരിക.
രാജസദസ്സും വിവേകവും എളിമയുള്ള ജീവിതവും
സോളമന്റെ സുഭാഷിതങ്ങളാണ് (1) ഈ അദ്ധ്യായത്തിലുള്ളതെന്ന സാക്ഷ്യവും തെളിവും നൽകിക്കൊണ്ടാണ് ഈ അദ്ധ്യായം ആരംഭിക്കുന്നത്. പലപ്പോഴും നിഗൂഢവും മനുഷ്യന് അജ്ഞാതവുമായ ദൈവത്തെക്കുറിച്ചുള്ള അറിവും ദൈവത്തിന്റെ ജ്ഞാനവും, അത് തേടുന്നവർക്കായി വെളിവാക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമായ ഹെസക്കിയ രാജാവിന്റെ ഈ പ്രവൃത്തി മഹത്വപൂർണ്ണമായ ഒന്നാണ് എന്ന് തുടർന്നുവരുന്ന രണ്ടാം വാക്യം സൂചിപ്പിക്കുന്നുണ്ട്. എന്നാൽ മനുഷ്യർക്ക് കണ്ടെത്താനാകുന്നതിലും എത്രയോ അധികമാണ് ദൈവത്തിന്റെ ജ്ഞാനമെന്ന് നാം ഓർക്കേണ്ടതുണ്ട്. ആകാശത്തിന്റെ ഉയരവും ഭൂമിയുടെ ആഴവും പോലെ വലുതാണ് രാജാക്കന്മാരുടെ മനസ്സെന്നാണ് സോളമൻ അവകാശപ്പെടുക (3). ഭരണകർത്താക്കൾക്കുണ്ടാകേണ്ട വിവേകത്തിന്റെ ഭാഗമാണ്, വെള്ളിയിൽനിന്ന് കിട്ടം, ഇരുമ്പ് അകറ്റിക്കളയുന്നതുപോലെ, ദുഷ്ടരെയും തിന്മ പ്രവർത്തിക്കുന്നവരെയും അകറ്റി നിറുത്തുകയെന്നത്. അപ്പോഴാണ് നീതി പുലരുക, ഭരണം ശുദ്ധമാവുക.
എളിമയോടെയുള്ള ജീവിതമാണ് വിവേകപൂർവ്വമായ ജീവിതമായി സോളമൻ ഇവിടെ പഠിപ്പിക്കുന്നത്. സമുന്നതർക്കൊപ്പം രാജസന്നിദ്ധയിൽ ആയിരിക്കുന്നത് മഹത്വപൂർണ്ണമാണെങ്കിലും, അത് സ്വയം തേടിച്ചെന്നതാകരുതെന്ന്, സ്വാർത്ഥതയുടെ ഫലമാകരുതെന്ന് സുഭാഷിതം ഓർമ്മിപ്പിക്കുന്നു (6). സ്വയം ഉയർത്താൻ പരിശ്രമിക്കുമ്പോൾ, രാജസന്നിധിയിൽനിന്ന് മാറ്റിനിറുത്തപ്പെടാനും മറ്റുളളവരാൽ അപഹസിക്കപ്പെടാനുമുള്ള സാധ്യതയുള്ളതുകൊണ്ടുതന്നെ, കയറിവരാനുള്ള രാജാവിന്റെ വിളിക്കായി എളിമയോടെ കാത്തുനിൽക്കുന്നതാണ് നല്ലതെന്ന് (7) വചനം ഉദ്ബോധിപ്പിക്കുന്നു.
കോടതിയും വ്യവഹാരങ്ങളും നാവിന്റെ നിയന്ത്രണവും
എത്രമാത്രം നീതിയുക്തമെങ്കിലും കോടതിയും വ്യവഹാരങ്ങളും കഴിയുന്നതും ഒഴിവാക്കണമെന്ന ഉപദേശമാണ് ഈ അദ്ധ്യായത്തിൽ നാം കാണുന്ന മറ്റൊരു ചിന്ത. കേട്ടറിഞ്ഞവയ്ക്ക് മാത്രമല്ല, കണ്ട കാര്യങ്ങൾക്ക് പോലും മറ്റൊരു മറുപുറമുണ്ടാകാമെന്ന്, നമ്മുടെ ബോധ്യങ്ങൾ തെറ്റാകാമെന്ന് തിരിച്ചറിഞ്ഞുകൊണ്ടുവേണം നമ്മുടെ വാക്കുകളും വെളിപ്പെടുത്തലുകളുമെന്ന് (8) എട്ടാം വാക്യം ഓർമ്മിപ്പിക്കുന്നുണ്ട്. മറ്റുള്ളവരെക്കുറിച്ചുള്ള അറിവുകൾ, അത് നല്ലതാകട്ടെ ചീത്തയാകട്ടെ, പങ്കുവയ്ക്കുന്നതിലും വെളിപ്പെടുത്തുന്നതിലും ഉണ്ടാകേണ്ട വിവേകത്തിലേക്കും നിയന്ത്രണത്തിലേക്കുമാണ് ഈ വാക്യം വിരൽ ചൂണ്ടുന്നത്. അതുകൊണ്ടുതന്നെ മറ്റുള്ളവരുമായുള്ള ഭിന്നാഭിപ്രായങ്ങളും തർക്കങ്ങളും പരസ്പരം സംസാരിച്ചു തീർക്കുന്നതാണ് നല്ലതെന്ന്, മറ്റുള്ളവരുടെ രഹസ്യങ്ങൾ അവിവേകപൂർവ്വം വെളിപ്പെടുത്തരുതെന്ന് സുഭാഷിതം പഠിപ്പിക്കുന്നു (9). കാരണം അത് തെറ്റാണെന്ന് അവർ തെളിയിച്ചാൽ അപമാനവും ദുഷ്കീർത്തിയുമുണ്ടാവുക നമുക്കായിരിക്കുമെന്ന് ഓർത്തിരിക്കേണ്ടതുണ്ട് (10).
കൃത്യവും ഉചിതവും സത്യസന്ധവുമായ സംസാരവും ജീവിതവും
മുൻപ് കണ്ട ചിന്തകളോട് സമാന്തരമായി പോകുന്ന മറ്റു ചില ചിന്തകളും ഈ അദ്ധ്യായം മുൻപോട്ട് വയ്ക്കുന്നുണ്ട്. ഉചിതമായ വാക്കിനെ സ്വർണ്ണനിർമ്മിതമായ ആപ്പിളിനോട് (11) ഉപമിക്കുന്ന സോളമൻ, ഉപദേശം സ്വീകരിക്കുന്നവർ ജ്ഞാനിയായ ശാസകന്റെ വാക്കുകളെ വിലമതിക്കുമെന്ന് പ്രസ്താവിക്കുന്നു (12). കൊയ്ത്തുകാലത്തിന്റെ ഊഷരതയിലും ഉഷ്ണത്തിലും മഞ്ഞുപെയ്യുന്നതുപോലെയാണ് വിശ്വസ്തനായ ദൂതന്റെ വാക്കുകളെന്ന് (13) പറയുന്ന ഈ വചനങ്ങൾ എന്നാൽ കപടമായ സംസാരത്തിൽനിന്ന് അകന്നുനിൽക്കാൻ ആഹ്വാനം ചെയ്യുന്നുണ്ട്. കൊടുക്കാത്ത ദാനത്തെക്കുറിച്ച്, ജീവിക്കാത്ത പുണ്യങ്ങളെക്കുറിച്ച് പറയുന്നതിനെ, മഴതരാത്ത മേഘങ്ങളോടും കാറ്റിനോടുമാണ് ഉപമിക്കപ്പെടുക (14). ധൂർത്തിൽ ജീവിക്കുന്നവർ പാവങ്ങളോടുള്ള കരുണയെക്കുറിച്ചും, പാപത്തിൽ മുങ്ങിയവർ വിശുദ്ധിയെക്കുറിച്ചും, അഹങ്കാരി എളിമയെക്കുറിച്ചും പ്രഘോഷിക്കുന്നതിലെ അപഹാസ്യത നമുക്കറിയാമല്ലോ.
ആത്മനിയന്ത്രണവും പ്രവൃത്തികളിലെ നന്മതിന്മകളും
ക്ഷമ എല്ലാം നേടാൻ സഹായിച്ചേക്കുമെന്ന്, ഭരണാധിപനെപ്പോലും അനുനയിപ്പിച്ചേക്കാമെന്ന് ഓർമ്മിപ്പിക്കുന്ന സോളമൻ, എന്നാൽ മൃദുലമായ നാവിന് കടുത്ത അസ്ഥികളെപ്പോലും ഉടയ്ക്കാനുള്ള കഴിവുണ്ടെന്ന്, അതുകൊണ്ടുതന്നെ വാക്കുകളിൽ നിയന്ത്രണമുണ്ടാകണമെന്ന് ഉദ്ബോധിപ്പിക്കുന്നു (15). തേൻ അമിതമായി കുടിക്കുമ്പോഴുണ്ടാകുന്ന ചെടിപ്പിനെയും (16) അനാവശ്യമായും അധികമായും അയൽക്കാരുടെ വീട്ടിൽ പോകുന്നതുവഴി ഉണ്ടായേക്കാവുന്ന അസ്വീകാര്യതയെയും കുറിച്ച് (17) ഓർമ്മിപ്പിച്ചുകൊണ്ട്, എല്ലാത്തിലും ഒരു നിയന്ത്രണം ആവശ്യമുണ്ടെന്ന് അവൻ പഠിപ്പിക്കുന്നു.
മറ്റുള്ളവരോടുള്ള പ്രവൃത്തികളിൽ ഉണ്ടാകേണ്ട സത്യസന്ധതയുടെയും കരുണയുടെയും വിവേകത്തിന്റെയും പ്രാധാന്യവും ഈ അദ്ധ്യായം പരാമർശിക്കുന്നുണ്ട്. അവിശ്വസ്‌തനിൽ വിശ്വാസമർപ്പിക്കുന്നതിനെ കേടുള്ള പല്ലിനോടും മുടന്തുകാലിനോടും (19) ഉപമിക്കുന്ന സോളമൻ, അയൽക്കാരനെതിരെ കള്ളസാക്ഷി പറയുന്നവനെ മരണം വിതയ്ക്കുന്ന ആയുധത്തോടാണ് (18) താരതമ്യം ചെയ്യുന്നത്. വടക്കൻ കാറ്റ് മഴ കൊണ്ടുവരുന്നതുപോലെ, ഏഷണി പറയുന്ന നാവ് രോഷം കൊണ്ടുവരുമെന്നും (23) അവൻ ഓർമ്മിപ്പിക്കുന്നുണ്ട്. ദുഃഖിക്കുന്നവന് ആശ്വാസം നൽകുന്നതിന് പകരം, അവന് ഉപകരിക്കാത്ത സഹായങ്ങൾ നൽകാൻ പരിശ്രമിക്കുന്നത് കൊടും തണുപ്പിൽ വസ്ത്രം ഉരിഞ്ഞ് മാറ്റുന്നതും വ്രണത്തിൽ വിനാഗിരി വീഴ്ത്തുന്നതും പോലെ ക്രൂരമാണെന്ന് സുഭാഷിതം പ്രസ്താവിക്കുന്നു (20).
ശത്രുവിനോട് കരുണ കാണിക്കാൻ ഉദ്ബോധിപ്പിക്കുന്ന സോളമനെ ഈ അദ്ധ്യായത്തിന്റെ അവസാനഭാഗത്ത് കാണാം. ശത്രുവിന് കൊടുക്കുന്ന ആഹാരവും ജലവും, അവനിൽ പശ്ചാത്താപത്തിന്റെ തീക്കനൽ കൂട്ടുമെന്ന് ഓർമ്മിപ്പിക്കുന്ന വചനം, എന്നാൽ കർത്താവ് നിനക്ക് അതിന് പ്രതിഫലം നൽകുമെന്ന് (22) ഉദ്ബോധിപ്പിക്കുന്നുണ്ട്. അതേസമയം ദുഷ്ടന് വഴങ്ങിക്കൊടുക്കുന്ന നീതിമാനെ, കലങ്ങിയ അരുവിയോടും മലിനമായ ഉറവയോടും സുഭാഷിതം താരതമ്യപ്പെടുത്തുന്നതും (26) നമുക്ക് കാണാം. കലഹക്കാരിയായ ഭാര്യയോടൊത്ത് ജീവിക്കുന്നതിലെ ബുദ്ധിമുട്ടും (24) ഈ അദ്ധ്യായം ഓർമ്മിപ്പിക്കുന്നുണ്ട്. ദാഹിക്കുന്നവന് തണുത്ത ജലം പോലെയാണ് സാദ്വാർത്തയെന്ന് (25) പ്രസ്താവിക്കുന്ന സോളമൻ എന്നാൽ, തേൻ കഴിക്കുന്നതിലെന്നപോലെ, പ്രശംസയ്ക്ക് ചെവി കൊടുക്കുന്നതിലും നിയന്ത്രണമുണ്ടാകണമെന്നും (27) ഉപദേശിക്കുന്നുണ്ട്. ആത്മനിയന്ത്രണമില്ലാത്ത മനുഷ്യനെ കോട്ടകളില്ലാത്ത, പ്രതിരോധമില്ലാത്ത നഗരത്തോടാണ് (28) അവൻ താരതമ്യം ചെയ്യുക.
ഉപസംഹാരം
സോളമന്റെ ജ്ഞാനോപദേശങ്ങളുടെ ഭാഗമായി ഹെസക്കിയ സുഭാഷിതങ്ങളോട് ചേർത്തുവച്ച ഈ ഭാഗത്തെക്കുറിച്ച്, പ്രത്യേകിച്ച് ഇരുപത്തിയഞ്ചാം അദ്ധ്യായത്തെക്കുറിച്ചുള്ള ഈ വിചിന്തനം ചുരുക്കുബോൾ, വിവേകവും എളിമയും ജീവിച്ചുകൊണ്ട്, കർത്താവിന്റെ ജ്ഞാനവും, രാജാവിന്റെ അറിവും നേടാൻ തക്ക ഉയർന്ന ജീവിതനിലവാരം പുലർത്തി മുന്നോട്ട് പോകാൻ നമുക്കും പരിശ്രമിക്കാം. വാക്കുകളിലും പ്രവൃത്തികളിലും സത്യസന്ധതയും ചേർച്ചയും ഉണ്ടാകട്ടെ. ദുഷ്ടരിൽനിന്നും ദുഷ്ടതയിൽനിന്നും അകന്നുനിൽക്കുമ്പോൾത്തന്നെ, മറ്റുള്ളവരോട് കരുണയോടെ, ധാർമ്മികതയോടെ പെരുമാറിക്കൊണ്ട്, ഏവർക്കും കഴിയുന്നത്ര നന്മകൾ ചെയ്‌തുകൊണ്ട്, മറ്റുള്ളവരെക്കുറിച്ച് നല്ലത് പറഞ്ഞുകൊണ്ട് വിവേകപൂർവ്വം ജീവിക്കാം. സ്ഥാനമാനങ്ങളും നേട്ടങ്ങളും മഹത്വവും ബഹുമതിയും സ്വന്തം കഴിവുകളുടെ ഫലമെന്നതിലുപരി, ദൈവദാനമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് ആത്മാർത്ഥമായ എളിമയും നന്മയും വിശുദ്ധിയും സ്വന്തമാക്കിയും അഹംഭാവത്തിന്റെയും തിന്മയുടെയും താൻപോരിമയുടെയും കറകളകറ്റിയും, ജീവിതത്തെ ഏവർക്കുമുള്ള ഉദ്ബോധനവും സാക്ഷ്യവുമാക്കി മാറ്റാം. നന്മ പടർത്തിക്കൊണ്ട്, മനുഷ്യർക്ക് മുന്നിലെന്നതിനേക്കാൾ, ദൈവത്തിന് മുന്നിൽ സ്വീകാര്യരും വിലപ്പെട്ടവരുമായി മാറാൻ പരിശ്രമിക്കാം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.