ഓരോ വൈദിക വിളിയും ക്രിസ്തുവുമായുള്ള വ്യക്തിപരമായ കൂടിക്കാഴ്ചയിൽ നിന്നാണ് ഉത്ഭവിക്കുന്നത്
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
വൈദിക പരിശീലനത്തെക്കുറിച്ചും, വൈദിക ശുശ്രൂഷയെക്കുറിച്ചുമുള്ള രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രമാണരേഖകളായ, ഒപ്താതാം തോത്സിയൂസ് (OPTATAM TOTIUS), പ്രെസ്ബിത്തെറോരും ഓർദിനിസ് (PRESBYTERORUM ORDINIS) എന്നിവയുടെ അറുപതാം വാർഷികത്തോടനുബന്ധിച്ച്, ലിയോ പതിനാലാമൻ പാപ്പാ, രചിച്ച അപ്പസ്തോലിക ലേഖനം , "ഭാവി സൃഷ്ടിക്കുന്ന വിശ്വസ്തത" (A FIDELITY THAT GENERATES THE FUTURE) ആഗോള തലത്തിൽ, കത്തോലിക്കാ സഭയ്ക്ക് ഏറെ വെളിച്ചം പകർന്ന ഒന്നാണ്. ഇരുപത്തിയൊൻപതു ഖണ്ഡികകളിലായി, പാപ്പാ, വൈദിക പരിശീലനത്തിന്റെ ആധുനിക യുഗത്തിലെ പ്രായോഗികതയും വെല്ലുവിളികളും, തുടർന്ന്, അഭിഷിക്തരായവർ നേരിടുന്ന വിവിധ പ്രശ്നങ്ങളും, വിശദമായി വിവരിക്കുന്നു. ക്രിസ്തുവിനോടും തിരുവചനത്തോടും സഭയോടുമുള്ള വിശ്വസ്തത കാത്തുസൂക്ഷിക്കുന്ന ജീവിതത്തിനായാണ് പുരോഹിതർ വിളിക്കപ്പെട്ടിരിക്കുന്നതെന്ന സത്യം എടുത്തു പറഞ്ഞുകൊണ്ടാണ്, പാപ്പാ ഈ ലേഖനം രചിച്ചിരിക്കുന്നത്. രണ്ടാം വത്തിക്കാൻ കൗൺസിൽ സഭയുടെ ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ വഴിത്തിരിവായിരുന്നു. സഭയെ കാലത്തിനനുസരിച്ച് നവീകരിക്കുക എന്ന ലക്ഷ്യത്തോടെ രൂപപ്പെടുത്തിയ ഈ രണ്ടു പ്രമാണരേഖകളിൽ പൗരോഹിത്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾക്ക് വലിയ പ്രാധാന്യമുണ്ട്. 60 വർഷങ്ങൾക്കിപ്പുറവും, ഈ രേഖകളിൽ, പരാമർശിച്ചിരികുന്ന കാര്യങ്ങൾ, പൗരോഹിത്യജീവിതം രൂപപ്പെടുത്തുവാൻ ഏറെ പ്രധാനപ്പെട്ടതാണെന്നും, അത് പോലെ ഇവയുടെ ഒരു പുനർവായന ആവശ്യമാണെന്നും തിരിച്ചറിഞ്ഞതിനാലാണ്, ലിയോ പതിനാലാമൻ പാപ്പാ, ഒരിക്കൽക്കൂടി ഇവയെ നമ്മുടെ അടുക്കലേക്ക് എത്തിക്കുന്നത്.
കാലപ്പഴക്കം ചെന്ന നിയമങ്ങളോടുള്ള വിധേയത്വമല്ല, മറിച്ച് ഭാവിയെ പ്രകാശപൂർണ്ണമാക്കുന്ന സജീവമായ ഒരു പ്രക്രിയയായിട്ടാണ് പൗരോഹിത്യ വിശ്വസ്തതയെ പാപ്പാ അവതരിപ്പിക്കുന്നത്. 1965 ഒക്ടോബർ 28-നും ഡിസംബർ 7-നുമാണ് യഥാക്രമം 'ഒപ്താതാം തോത്സിയൂസ്', 'പ്രെസ്ബിത്തെറോരും ഓർദിനിസ്' എന്നീ പ്രമാണരേഖകൾ പുറത്തിറങ്ങിയത്. സഭയുടെ നവീകരണം വൈദികരുടെ നവീകരണത്തെ ആശ്രയിച്ചിരിക്കുന്നു എന്ന വലിയ സത്യമാണ് ഇവ മുൻപോട്ടു വയ്ക്കുന്നത്. ഒരു പക്ഷെ ഈ ഒരു വലിയ യാഥാർഥ്യം, അകത്തും പുറത്തും വിസ്മരിക്കപ്പെടുമ്പോൾ, അല്ലെങ്കിൽ, വൈദികജീവിതത്തെ ലൗകീകവത്ക്കരിക്കുമ്പോൾ, ഈ രേഖകൾ മുൻപോട്ടു വച്ച ആശയങ്ങളെ ഓർമ്മിപ്പിക്കേണ്ടത്, സഭയുടെ പിതാവ് എന്ന നിലയിൽ, പാപ്പായുടെ കടമ കൂടിയാണ്. ചരിത്രത്തിലൂടെ യാത്ര ചെയ്യുന്ന 'ദൈവജനം' എന്നാണ് സഭയെ വിശേഷിപ്പിക്കുക, അതിനാൽ തന്നെ ആധുനിക ലോകം നേരിടുന്ന വെല്ലുവിളികൾ — യുദ്ധങ്ങൾ, സാങ്കേതിക വിദ്യയുടെ അതിപ്രസരം, ഏകാന്തത, ധാർമ്മിക മൂല്യച്യുതി എന്നിവയ്ക്കിടയിൽ ഒരു പുരോഹിതൻ എങ്ങനെ ക്രിസ്തുവിന്റെ സാക്ഷിയായി നിലകൊള്ളണം എന്നതിനെക്കുറിച്ച് ഈ ലേഖനം അടിവരയിട്ടു പറയുന്നു.
ഒരുപക്ഷെ വേരുകൾ മറന്നു പോകുന്ന ഒരു സമൂഹത്തിൽ നാം ജീവിക്കുന്നതുകൊണ്ടും, അല്ലെങ്കിൽ അവയെ തമസ്കരിക്കുന്നതുകൊണ്ടുമാകാം, പാപ്പാ പ്രത്യേകം രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ഈ രണ്ടു പ്രമാണരേഖകൾ സെമിനാരികളിൽ വീണ്ടും പഠിപ്പിക്കുവാൻ ആഹ്വാനം ചെയ്യുന്നു. വൈദിക ശുശ്രൂഷയുടെ സ്വഭാവത്തെക്കുറിച്ചും അതിനായുള്ള തയ്യാറെടുപ്പിനെക്കുറിച്ചും ഈ രേഖകൾ നൽകുന്ന പാഠങ്ങൾ ഇന്നും പ്രസക്തമാണെന്നതും പാപ്പാ അടിവരയിട്ടു പറയുന്നുണ്ട്.
വൈദിക സ്വത്വവും ദൗത്യവും
തിരുപ്പട്ടം എന്ന കൂദാശയുടെ പാരമ്പര്യത്തിൽ ഉറച്ചുനിന്നുകൊണ്ട് വൈദികരുടെ തനിമ നിലനിർത്തുക എന്ന കൗൺസിലിന്റെ ലക്‌ഷ്യം നിലനിർത്തുവാനും തുടർന്നുകൊണ്ടുപോകുവാനും ഇന്ന് ഏവർക്കും കടമയുണ്ടെന്നു പാപ്പാ എടുത്തു പറയുന്നു. ക്രിസ്തുവും, സഭയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിൽ നിന്ന് ശക്തി ഉൾക്കൊണ്ട്, എല്ലാ വിശ്വാസികളുമായും ഐക്യപ്പെട്ട് ജീവിക്കുന്ന മിഷനറി ശിഷ്യന്മാരായി വൈദികർ മാറണം. ഇതാണ് ഈ കാലഘട്ടം ഏറെ ആവശ്യപ്പെടുന്നത്. എല്ലാവരെയും ക്രിസ്തുവിലേക്കും, അവന്റെ മൗതിക ശരീരമായ സഭയിലേക്കും അടുപ്പിക്കുക എന്നും, സഭയുടെ മാതൃസ്നേഹം അവരിലേക്ക് പകരുക എന്നതുമാണ്, വൈദികരുടെ ജീവിത വിളി. കഴിഞ്ഞ ആറ് പതിറ്റാണ്ടുകൾക്കിടയിൽ ലോകം വലിയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചു എന്നത് യാഥാർഥ്യമെന്നിരിക്കിലും, സഭയുടെ പഠനങ്ങളെ സമകാലികമായി വിശകലനം ചെയ്യണമെന്നും പാപ്പാ ഉദ്ബോധിപ്പിക്കുന്നു. ഇവിടെ പാപ്പാ ഒരു സിനഡൽ യാത്രയുടെ പ്രധാന്യവും ചൂണ്ടിക്കാണിക്കുന്നു. പരിശുദ്ധാത്മാവ് ഇന്ന് സഭയെ നയിക്കുന്നത് സിനഡൽ (സഹയാത്രാത്മക) ശൈലിയിലേക്കാണ്. അതിനാൽ പരിശുദ്ധാത്മാവിനോടുള്ള വിശ്വസ്തത വൈദിക ജീവിതത്തിൽ അവശ്യം വേണ്ടുന്ന ഒന്നാണ്, ഒപ്പം നിരവധി വൈദികരുടെ ത്യാഗപൂർണ്ണമായ ശുശ്രൂഷകൾ ദൈവജനം അംഗീകരിക്കുകയും വേണം.
ദൈവവിളിയുടെ ഉറവിടം - ക്രിസ്തുവുമായുള്ള കൂടിക്കാഴ്ച
ദൈവവിളിയുടെ ഉത്ഭവത്തെക്കുറിച്ചും പാപ്പാ വിവരിക്കുന്നുണ്ട്. ഓരോ വൈദിക വിളിയും ക്രിസ്തുവുമായുള്ള വ്യക്തിപരമായ കൂടിക്കാഴ്ചയിൽ നിന്നാണ് ഉണ്ടാകുന്നത്. ഇത് ജീവിതത്തിന് പുതിയൊരു ചക്രവാളവും ദിശയും നൽകുന്നു. ഈ യാത്രയിൽ പരീക്ഷണങ്ങൾ നേരിടുമ്പോൾ, "എന്നെ അനുഗമിക്കുക" എന്ന് ആദ്യമായി വിളിച്ച ആ കർത്താവിന്റെ സ്വരം നാം ഓർമ്മിക്കുന്നത് കർത്താവിനോടുള്ള വിശ്വസ്തത നിലനിർത്താൻ സഹായിക്കും. ഇതിനു സ്വയമേയുള്ള ഒരു ജീവിത ശൈലിയല്ല, മറിച്ച് ആത്മീയ ഗുരുക്കന്മാരുടെ സഹായത്തോടെയുള്ള, ഒരു കൂട്ടായ്മയുടെ ജീവിതം ഏറെ പ്രധാനപ്പെട്ടതാണ്.
ദൈവവിളി ദൈവസ്നേഹത്തിന്റെ ക്ഷണമാണ്
ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയാണ് ദൈവവിളിയുടെ അടിസ്ഥാനമെങ്കിൽ, പൗരോഹിത്യം എന്നത് ഒരു അവകാശമല്ല, മറിച്ച് ദൈവത്തിന്റെ സ്നേഹപൂർണ്ണമായ ക്ഷണമാണ്. അത് സ്വയം സമർപ്പണത്തിന്റെ വിളിയാണ്. ദൈവം ആരെയും നിർബന്ധിക്കുന്നില്ല, മറിച്ച് നമ്മെ സ്നേഹിക്കുകയും നമ്മളിൽ നിന്ന്, പരിശുദ്ധ മറിയം പറഞ്ഞതുപോലെ ഒരു 'അതെ' എന്ന മറുപടി പ്രതീക്ഷിക്കുകയും ചെയ്യുന്നു. എന്നാൽ ഈ ഒരു ഉത്തരം നൽകേണ്ടത് ഒരിക്കൽ മാത്രമല്ല, മറിച്ച് ജീവിതത്തിന്റെ ഓരോ നിമിഷങ്ങളിലും, ഈ അതെ എന്ന മറുപടി പുതുക്കുമ്പോഴാണ്, ദൈവവിളിയോട് കൂടുതൽ വിശ്വസ്തരായി ജീവിക്കുവാൻ നമുക്ക് സാധിക്കുക. ഇത് കേവലം ഏതാനും പ്രവർത്തനങ്ങളിലൂടെ മാത്രമല്ല, വിശുദ്ധ കുർബാനയിലൂടെയും പ്രാർത്ഥനയിലൂടെയും വചനത്തിലൂടെയും ഓരോ വൈദികനും ദിവസവും കർത്താവിനോട് തനിക്ക് ലഭിച്ച വിളിയെ സ്ഥിരീകരിക്കണം. വൈദിക രൂപീകരണം സെമിനാരി പഠനത്തോടെ അവസാനിക്കരുത്. അത് ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ഒരു രൂപീകരണമായി മാറണമെന്ന സഭയുടെ കാഴ്ചപ്പാടും പാപ്പാ വ്യക്തമാക്കുന്നു.
ശിഷ്യത്വത്തിന്റെ മഹനീയത
ബൗദ്ധികമായ പരിശീലനത്തേക്കാൾ ഉപരിയായി, തന്റെ വിളിയെക്കുറിച്ചുള്ള സജീവമായ ഓർമ്മപ്പെടുത്തലായിരിക്കണം ഓരോ രൂപീകരണവും എന്ന് പാപ്പാ അടിവരയിട്ടു പറഞ്ഞുകൊണ്ട്, ദൈവം നൽകിയ ദാനത്തെ ജ്വലിപ്പിച്ചു നിർത്താൻ വൈദികർ അക്ഷീണം പരിശ്രമിക്കണമെന്ന ആഹ്വാനവും നൽകുന്നു. വൈദികനായി മാറുന്ന ഒരു വ്യക്തി, ഒരു പക്ഷെ ഗുരുവിനേക്കാൾ ശ്രേഷ്ഠനാകുവാനും, അല്ലെങ്കിൽ, ഗുരുവിനെ മറന്നു പോകുന്ന ഒരു അവസ്ഥയും ഇന്ന് ചുരുക്കമെങ്കിലും നിലനിൽക്കുന്നതിനാൽ, ശിഷ്യത്വത്തിന്റെ മഹനീയത വീണ്ടെടുക്കുവാൻ പാപ്പാ ഏവരെയും ക്ഷണിക്കുന്നു. മറ്റുള്ളവരെ നയിക്കുന്ന ഇടയനാകുന്നതിന് മുൻപും ശേഷവും ഓരോ വൈദികനും ക്രിസ്തുവിന്റെ ശിഷ്യനാണ്. ജീവിതകാലം മുഴുവൻ ക്രിസ്തുവിനോട് അനുരൂപപ്പെടാൻ ആഗ്രഹിക്കുന്ന ഒരു ശിഷ്യനായി നിലനിൽക്കുക എന്നതാണ് ശരിയായ വഴി. ഈ ശിഷ്യത്വത്തിന്റെ പാതയിൽ നിന്ന് വ്യതിചലിക്കുന്നത് ശുശ്രൂഷയെ ദോഷകരമായി ബാധിക്കും.
വീഴ്ചകൾ വേദനയുളവാക്കുന്നു
സഭയിൽ വൈദികരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചകളും പാപ്പാ ചൂണ്ടിക്കാണിച്ചുകൊണ്ട്, ഭാവിയിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കുന്നതിനുള്ള ജീവിത ശൈലി രൂപപ്പെടുത്തുവാൻ ഏവരെയും ആഹ്വാനം ചെയ്യുന്നു. സഭയിലുണ്ടായ ലൈംഗിക പീഡനങ്ങളും അധികാര ദുർവിനിയോഗങ്ങളും സഭയെ ലജ്ജിപ്പിച്ചു. ഇത് വലിയൊരു ആത്മീയ തകർച്ചയ്ക്ക് കാരണമായി. ഈ സാഹചര്യത്തിൽ വൈദിക പരിശീലനം കൂടുതൽ പക്വതയുള്ളതാകണമെന്നും, മനുഷ്യത്വവും ആത്മീയതയും ഒത്തുചേരുന്ന വ്യക്തിത്വങ്ങൾ രൂപപ്പെടണമെന്നും പാപ്പാ എടുത്തു പറയുന്നു.
അതുപോലെ തന്നെ മറ്റൊരു വേദന, പൗരോഹിത്യം ഉപേക്ഷിച്ചു പോകുന്ന വൈദികരുടെ എണ്ണം വർധിച്ചു വരുന്നു എന്നുള്ളതാണ്. എന്നാൽ ഈ ആളുകളുടെ വേദനയെ സഭ സഹാനുഭൂതിയോടെ കാണണമെന്നും, ഇതിനെ കേവലം നിയമപരമായി കാണാതെ, ആ വ്യക്തികളുടെ ജീവിത സാഹചര്യങ്ങൾ കൂടി പരിഗണിച്ചുകൊണ്ട് അവരോടൊപ്പം ആയിരിക്കുവാൻ ഏവരെയും ക്ഷണിക്കുന്നു. ഇതിനുള്ള യഥാർത്ഥ പരിഹാരം മികച്ച പരിശീലനമാണെന്നതും പാപ്പാ അടിവരയിട്ടു പറയുന്നു.
സെമിനാരി പരിശീലനം
സെമിനാരി എന്നത് വെറുമൊരു വിദ്യാലയമല്ല, മറിച്ച് സ്വന്തം ഹൃദയത്തെ സ്നേഹിക്കാൻ പഠിപ്പിക്കുന്ന ഇടമാണ്. വൈദികാർത്ഥികൾ തങ്ങളുടെ വ്യക്തിത്വം വിട്ടുകളയാതെ അതിനെ ക്രിസ്തുവിനായി രൂപാന്തരപ്പെടുത്തണം. ഒരു പുരോഹിതൻ ജനങ്ങൾക്ക് തടസ്സമാകരുത്, മറിച്ച് ദൈവത്തിലേക്ക് അടുപ്പിക്കുന്ന പാലമായിരിക്കണം. മാനുഷിക പക്വതയിലേക്ക് വളരുവാൻ ഒരാളെ സഹായിക്കേണ്ടതും സെമിനാരി പരിശീലനത്തിന്റെ അവശ്യഭാഗമാണ്. വൈദിക വിദ്യാര്‍ത്ഥികളില്‍ ആഴമായ സഭാത്മക ദര്‍ശനം രൂപപ്പെടുത്തുന്നതിനും അവരെ കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ നേരിടാന്‍ പ്രാപ്തരാക്കുന്നതിനും സെമിനാരി പരിശീലകര്‍ക്ക് വലിയ ഉത്തരവാദിത്തമുണ്ട്.
വൈദികർ സ്വാർത്ഥത വെടിയണം
ലോകം ഇന്ന് നേരിടുന്ന വെല്ലുവിളികളിൽ ഏറ്റവും വലുത്, മനുഷ്യർക്കിടയിൽ വളർന്നു വരുന്ന സ്വാർത്ഥതയാണ്. ഇത് നിർഭാഗ്യവശാൽ സഭയിലും, സഭാശുശ്രൂഷകർക്കിടയിലും ഉണ്ടാകുന്നുവെന്നത് ഏറെ വേദനയുളവാക്കുന്നു. വിശ്വസ്തത എന്നത് തന്നിലേക്ക് തന്നെ ചുരുങ്ങുന്ന ഒന്നല്ല. അത് സ്വാർത്ഥതയിൽ നിന്ന് ഹൃദയത്തെ സുഖപ്പെടുത്തുന്ന ദൈവകൃപയാണ്. മറ്റുള്ളവരെ കേൾക്കാനും സേവിക്കാനുമുള്ള മനസ്സുണ്ടെങ്കിൽ മാത്രമേ ഒരു വൈദികന് ക്രിസ്തുവിന്റെ യഥാർത്ഥ ശുശ്രൂഷകനാകാൻ കഴിയൂ, ഇതാണ് സഭയുടെ സിനഡാത്മക ശൈലി മുൻപോട്ടു വയ്ക്കുന്ന വലിയ യാഥാർഥ്യവും. മാമോദീസയിലൂടെ, സഭയിൽ ക്രിസ്തുവിന്റെ രാജകീയ പൗരോഹിത്യത്തിൽ പങ്കുചേരുന്ന വിശ്വാസികൾക്കിടയിൽ, തിരുപ്പട്ടം എന്ന കൂദാശയിലൂടെ, വൈദികർ സവിശേഷമായ രീതിയിൽ ഒരു ആത്മീയ ബന്ധം സൃഷ്ടിക്കുന്നു. ഈ സാഹോദര്യം നമ്മൾ അധ്വാനിച്ചുണ്ടാക്കുന്ന ഒന്നല്ല, മറിച്ച് ദൈവം നൽകുന്ന ദാനമാണ്. മെത്രാന്മാരോടും, സഹവൈദികരോടും ചേർന്ന് പ്രവർത്തിക്കുമ്പോഴാണ് ഈ ദാനം പൂർണ്ണമാകുന്നത്.
വൈദിക ശുശ്രൂഷ കൂട്ടായ്മയുടേതാണ്
ഏകാന്തതയുടെ ശുശ്രൂഷയിലേക്കല്ല വൈദികർ വിളിക്കപ്പെടുന്നത്. യേശു പന്ത്രണ്ട് പേരെ ഒരുമിച്ചാണ് വിളിച്ചത്. അതിനാൽ വ്യക്തിവാദം (Individualism) സുവിശേഷ പ്രഘോഷണത്തിന് തടസ്സമാണ്. സഭയുടെ കൂട്ടായ്മയിൽ വിശ്വസ്തത പുലർത്തുക എന്നത് ഇന്നത്തെ ലോകത്ത് വലിയൊരു വെല്ലുവിളിയാണ്. വൈദികർക്കിടയിലെ ഐക്യം സഭയുടെ വിശ്വാസ്യത വർദ്ധിപ്പിക്കും. എന്നാൽ ഇന്ന് സാമൂഹ്യ മാധ്യമങ്ങളുടെ അതിപ്രസരവും, ലോകത്തിന്റെ ഗതിയും, വൈദികരെയും ഒറ്റപ്പെട്ട തുരുത്തുകളാക്കി മാറ്റുവാനുള്ള പ്രലോഭനം നൽകുന്നുണ്ട് എന്നുള്ളത് വാസ്തവം. യേശുക്രിസ്തുവുമായും അവന്റെ ശരീരമായ സഭയുമായും ഉള്ള കൂട്ടായ്മയ്ക്ക് പുറമെ ഒരു വൈദിക ശുശ്രൂഷയും ഇല്ല എന്നുള്ളതാണ് ഇതിന്റെ അർത്ഥം. വൈദിക സാഹോദര്യം വെറുമൊരു മുദ്രാവാക്യമാകരുത്. ദരിദ്ര ഇടവകകളിൽ ജോലി ചെയ്യുന്നവരും സമ്പന്ന മേഖലകളിൽ ഉള്ളവരും തമ്മിൽ സാമ്പത്തിക തുല്യത ഉണ്ടാവണം. രോഗികളും വൃദ്ധരുമായ സഹോദരങ്ങളെ സംരക്ഷിക്കുന്നതിൽ എല്ലാവരും താല്പര്യം കാണിക്കണം. ഒരു വൈദികൻ തന്റെ സഹപ്രവർത്തകനെ സ്നേഹിക്കാതെ ജനങ്ങളെ സ്നേഹിക്കുന്നു എന്ന് പറയുന്നതിൽ അർത്ഥമില്ല എന്നതും പാപ്പാ ചൂണ്ടിക്കാണിക്കുന്നു. ആധുനിക സമൂഹത്തിൽ വൈദികർ വലിയ ഏകാന്തത അനുഭവിക്കുന്നുവെന്നും, ഇത് അവരിലുള്ള ആത്മീയ ചൈതന്യം കുറക്കുവാനുള്ള സാധ്യത ഉണ്ടെന്നും പറയുന്ന പാപ്പാ, വൈദികർക്ക് ഒന്നിച്ച് താമസിക്കാനും പ്രാർത്ഥിക്കാനും സാധിക്കുന്ന തരത്തിലുള്ള സാമൂഹിക ജീവിതം പ്രോത്സാഹിപ്പിക്കണമെന്ന് കൂട്ടിച്ചേർക്കുന്നു.
വൈദിക കൂട്ടായ്മ കൃപകളുടെ കൂട്ടായ്മയാണ്
ഓരോ വൈദികനും വ്യത്യസ്തമായ കഴിവുകളുണ്ട്. രൂപതാധ്യക്ഷന്റെ നേതൃത്വത്തിൽ ഇവയെ ഏകോപിപ്പിക്കണം. അന്ത്യോക്യയിലെ വിശുദ്ധ ഇഗ്നേഷ്യസിന്റെ സുന്ദരമായ ഉപമ പാപ്പാ ചൂണ്ടിക്കാണിക്കുന്നുണ്ട്. മെത്രാനും, വൈദികരും ഒരു വീണയിലെ തന്ത്രികൾ പോലെ ഐക്യപ്പെട്ടാൽ അവിടെ ക്രിസ്തുവിന്റെ സംഗീതം ഉയരും. ഈ ഐക്യമാണ് ലോകത്തിന് വേണ്ടത്. അതുപോലെ തന്നെ അത്മായരുമായുള്ള ബന്ധവും പാപ്പാ എടുത്തു പറയുന്നു. വൈദികൻ അൽമായരുടെ പിതാവും അധ്യാപകനുമാണെങ്കിലും ഒപ്പം സഹോദരനുമാണ്. അൽമായരുടെ കഴിവുകളെയും (Charisms) അനുഭവ സമ്പത്തിനെയും വൈദികർ മാനിക്കണം. അധികാര ഭാവം വെടിഞ്ഞ് അൽമായരോട് ചേർന്ന് സുവിശേഷത്തിനായി വേല ചെയ്യണം. ഇതാണ് വൈദികരെ, ദൈവത്തിന്റെ പ്രതിപുരുഷൻമാരായി കണ്ടു കൊണ്ട്, അവരോടൊപ്പം ചേരുവാനും, ദൈവത്തിലേക്ക് അടുക്കുവാനും അത്മായരെ പ്രേരിപ്പിക്കുന്നത്.
എല്ലാവരെയും ഉൾക്കൊള്ളുന്ന കൂട്ടായ നേതൃത്വ ശൈലി
അതിനാൽ സഭയിലെ സിനഡൽ പ്രക്രിയയിൽ വൈദികർ ഹൃദയപൂർവ്വം പങ്കെടുക്കണം. ബന്ധങ്ങളിലും പ്രവർത്തന ശൈലിയിലും മാറ്റം വരുത്താൻ സിനഡ് ആവശ്യപ്പെടുന്നു. എല്ലാ പ്രാദേശിക സഭകളിലും ഈ മാറ്റം പ്രതിഫലിക്കണം. വൈദികൻ എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ഏറ്റെടുക്കുന്ന രീതി മാറണം. എല്ലാ ഉത്തരവാദിത്തങ്ങളും തന്റേത് മാത്രമാണെന്ന ചിന്ത ഉപേക്ഷിക്കണം. പകരം എല്ലാവരെയും ഉൾക്കൊള്ളുന്ന കൂട്ടായ നേതൃത്വ ശൈലി വളർത്തിയെടുക്കണം. പുരോഹിതൻ അധികാരിയാകരുത്, മറിച്ച് എല്ലാവരെയും ഒന്നിപ്പിക്കുന്നവനാകണം. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ദൈവത്തെ കൊടുക്കുമ്പോഴാണ് ഒരു വൈദികൻ സ്വന്തം വ്യക്തിത്വം തിരിച്ചറിയുന്നത്. ഇന്നത്തെ ലോകത്ത് വൈദികർ നേരിടുന്ന രണ്ടു പ്രശ്നങ്ങൾ ഉണ്ട്. ഒന്ന്, ജോലിയുടെ എണ്ണം കൊണ്ട് മൂല്യം അളക്കുന്ന കാര്യക്ഷമത മനോഭാവം, രണ്ട്, എല്ലാം ഉപേക്ഷിച്ചു ഉൾവലിയുന്ന 'നിഷ്‌ക്രിയത്വം'. ഇതിനിടയിൽ സന്തുലിതാവസ്ഥ കണ്ടെത്താൻ അജപാലന സ്നേഹം ഒന്ന് മാത്രമാണ് വൈദികനെ സഹായിക്കുക. എവിടെ നിന്നെങ്കിലും ബുദ്ധിമുട്ടുകൾ നേരിടുമ്പോൾ, ബലം ചോർന്നു പോകുകയും, അപ്രകാരം പിന്നീട് ഒന്നും ചെയ്യുവാൻ താത്പര്യം കാണിക്കാതിരിക്കുകയും ചെയ്യുന്ന എത്രയോ വൈദികർ നമുക്ക് ചുറ്റുമുണ്ട്. ഇവിടെ വിളിച്ചവനോടുള്ള വിശ്വസ്തതയും, ഏൽപ്പിക്കപ്പെട്ട ജനങ്ങളോടുള്ള സ്നേഹവുമാകണം നമ്മെ മുൻപോട്ടു നയിക്കേണ്ട ശക്തി.
പ്രാർത്ഥിക്കുന്ന വൈദികർ
വൈദികരുടെ പ്രവൃത്തിയും പ്രാർത്ഥനയും തമ്മിൽ ഐക്യമുണ്ടാവണം. എത്ര തിരക്കുണ്ടെങ്കിലും പ്രാർത്ഥനയും പഠനവും വൈദിക സാഹോദര്യവും ഉപേക്ഷിക്കരുത്. സോഷ്യൽ മീഡിയയുടെ ഉപയോഗത്തിൽ വലിയ വിവേകം കാണിക്കണം. സ്വന്തം പ്രശസ്തിക്കല്ല, മറിച്ച് ക്രിസ്തുവിനെ പ്രഘോഷിക്കാനാണ് സാങ്കേതിക വിദ്യ ഉപയോഗിക്കേണ്ടത്. ഇപ്രകാരം നവീകരിക്കപ്പെട്ട ഒരു പ്രേഷിത ചൈതന്യം നമുക്കിടയിൽ വളർത്തിയെടുക്കുവാൻ നമുക്ക് സാധിക്കും. ഇടവകകൾ വെറുമൊരു ചടങ്ങുകളുടെ ഇടമാകരുത്, മറിച്ച് ലോകത്തേക്ക് സുവിശേഷവുമായി പോകുന്ന കേന്ദ്രങ്ങളാകണം. രാഷ്ട്രീയ, സാമൂഹിക മേഖലകളിൽ അൽമായർ നടത്തുന്ന വിശ്വാസ സാക്ഷ്യത്തെ വൈദികർ പിന്തുണച്ചുകൊണ്ട്, പുതിയൊരു ലോകം കെട്ടിപ്പടുക്കുവാൻ സാധിക്കണം. പൗരോഹിത്യം എന്നത് യേശുവിന്റെ ഹൃദയത്തിലെ സ്നേഹമാണെന്നും അത് ഏകാന്തതയെയും നിരാശയെയും അകറ്റുമെന്നും പാപ്പാ പറഞ്ഞുകൊണ്ട്, ഈ സ്നേഹം മറ്റുളവർക്കു പകർന്നുനല്കുന്നതിലാണ്, വൈദിക ജീവിതത്തിന്റെ ചൈതന്യമെന്നതും ചൂണ്ടികാണിക്കുന്നു. ഐക്യത്തിന്റെയും ഒരുമയുടെയും അടയാളമായി, അനുരഞ്ജനപ്പെട്ട ഒരു ലോകത്തിന്റെ പുളിമാവാകുന്ന, ഒരുമയുള്ള ഒരു സഭയ്ക്കായുള്ള പാപ്പായുടെ ആഗ്രഹത്തിനു നമുക് സ്വയം സമർപ്പിക്കാം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.