റോമിലെത്തിയ ഒരുപറ്റം അഭയാർത്ഥികൾ - ഫയൽ ചിത്രം റോമിലെത്തിയ ഒരുപറ്റം അഭയാർത്ഥികൾ - ഫയൽ ചിത്രം  (ANSA)

ഇറ്റലിയിലേക്ക് ഇരുപത്തിയേഴ് അഭയാർത്ഥികൾ കൂടി എത്തി: സാന്ത് എജീദിയോ സംഘടന

സൊമാലിയയിലും സുഡാനിലും നിന്നുള്ള ഇരുപത്തിയേഴ് അഭയാർത്ഥികളെ ജൂലൈ ഒന്നാം തീയതി ഇറ്റലിയിലേക്കെത്തിച്ചതായി സാന്ത് എജീദിയോ സംഘടന അറിയിച്ചു. അദിസ് അബേബയിൽനിന്ന് റോമിലെ ഫ്യുമിച്ചീനോയിലുള്ള അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ഇവരെ ഇറ്റലിയുടെ വിവിധ പ്രവിശ്യകളിലേക്ക് അയക്കുമെന്ന് സംഘടന വ്യക്തമാക്കി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഇറ്റലിയിലെ മെത്രാൻസമിതി, ഇറ്റലിയുടെ ആഭ്യന്തര, വിദേശ കാര്യമന്ത്രാലയങ്ങൾ എന്നിവയുടെ സഹകരണത്തോടെ സോമാലിയ, സുഡാൻ എന്നിവിടങ്ങളിൽനിന്നുള്ള ഇരുപത്തിയേഴ് അഭയാർത്ഥികളെ ഇറ്റലിയിലേക്കെത്തിക്കാൻ സാധിച്ചതായി സാന്ത് എജീദിയോ സംഘടന അറിയിച്ചു. അദിസ് അബേബയിൽനിന്ന് ജൂലൈ ഒന്നാം തീയതി ബുധനാഴ്ച രാവിലെ എത്യോപ്യൻ എയർലൈൻസ് വിമാനത്തിൽ, റോമിലെ ഫ്യുമിച്ചീനോയിലുള്ള ലിയൊനാർഡോ ദാവിഞ്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ച ഇവർക്ക് ഇറ്റലിയിലെ വിവിധ പ്രവിശ്യകളിലായി അഭയമേകുമെന്ന് സംഘടന വിശദീകരിച്ചു.

എത്യോപ്യയിലുള്ള വിവിധ അഭയാർത്ഥി ക്യാമ്പുകളിൽ കഴിഞ്ഞുവരവെയാണ്, പ്രായപൂർത്തിയാകാത്ത 12 പേരുൾപ്പെടെയുള്ള ഈ സംഘത്തെ, അദിസ് അബേബയിലുള്ള ഇറ്റലിയുടെ എംബസിയുടെയും, ആഭ്യന്തരവകുപ്പിലെ കുടിയേറ്റവുമായി ബന്ധപ്പെട്ട വിവിധ വിഭാഗങ്ങളുടെയും സഹകരണത്തോടെ മാനവിക ഇടനാഴികൾ വഴി ഇറ്റലിയിലേക്കെത്തിച്ചത്.

2023-ൽ സുഡാനിൽ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തരയുദ്ധത്തെത്തുടർന്ന് എത്യോപ്യയിൽ അഭയം പ്രാപിച്ചവരാണ് ഇത്തവണ ഇറ്റലിയിലേക്കെത്തിച്ചിരിക്കുന്ന സുഡാൻ പൗരമാർ. ഇവരിൽ ഭൂരിഭാഗവും രാജ്യതലസ്ഥാനമായ ഖാർത്തൂമിൽനിന്നുള്ളവരാണ്. ലോകത്തിലെതന്നെ ഏറ്റവും ദുരിതപൂർണ്ണമായ മാനവികപ്രതിസന്ധിക്ക് കാരണമായ രാജ്യത്തെ ആഭ്യന്തരയുദ്ധം പന്ത്രണ്ട് ലക്ഷത്തിലധികം ആളുകളെയാണ് അഭയാർത്ഥികളാക്കി മാറ്റിയത്.

ഇസ്ലാമിക സംഘടനയായ അൽ-ഷബാബിന്റെ ഭാഗത്തുനിന്നുള്ള ആക്രമണം മൂലം അഭയാർത്ഥി ക്യാമ്പുകളിലെത്തിയവരാണ് ഇത്തവണ ഇറ്റലിയിലേക്കെത്തിച്ച സൊമാലിയൻ പൗരന്മാർ. രാജ്യത്തെ വലിയൊരു ഭാഗം ജനവിഭാഗവും ഈ സംഘടനയുടെ നിയന്ത്രണത്തിന് കീഴിലാണ്.

റോമിലെത്തിയ ഈ അഭയാർത്ഥികളെ സാന്ത് എജീദിയോ സംഘടനയുടെ സന്നദ്ധപ്രവർത്തകരും, ചില അഭയാർഥികളുടെ കുടുംബാംഗങ്ങളും ചേർന്ന് സ്വീകരിച്ചു. റോമിലും, ബസിലിക്കാത്ത, കംപാനിയാ, എമിലിയ റൊമാഞ്ഞ എന്നീ പ്രവിശ്യകളിലുമാകും ഇന്നെത്തിയ അഭയാർത്ഥികൾ സ്വീകരിക്കപ്പെടുക.

മാനവിക ഇടനാഴികൾ വഴി 2016 ഫെബ്രുവരി മുതൽ 7.633 അഭയാർത്ഥികളെ ഇറ്റലിയിലെത്തിച്ചിട്ടുണ്ടെന്ന് സാന്ത് എജീദിയോ സംഘടന അറിയിച്ചു. മനുഷ്യക്കടത്തിനും, അഭയാർത്ഥികളുടെ യാത്രാമദ്ധ്യേയുണ്ടാകുന്ന മറ്റു ദുരിതങ്ങൾക്കും ഒരു പരിധി വരെ പരിഹാരമാകുന്ന ഈ മാർഗ്ഗം യൂറോപ്യൻ യൂണിയനിലെ മറ്റ് രാജ്യങ്ങൾക്കും മാതൃകയായി  ഉപയോഗിക്കാമെന്ന് സംഘടന അഭിപ്രായപ്പെട്ടു. 





വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

01 ജൂലൈ 2026, 13:36