വെനസ്വേലയിലെ ഭൂകമ്പബാധിതർക്കായി 47 ടൺ മാനവിക സഹായം എത്തിച്ച് യുണിസെഫ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
വെനിസ്വേലയിൽ ദുരിതമനുഭവിക്കുന്ന ജനത്തിന് കൈത്താങ്ങായി 47 ടൺ മാനവികസഹായമെത്തിച്ച് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. ജൂൺ 24 ബുധനാഴ്ച പ്രാദേശികസമയം വൈകുന്നേരം ആറുമണിയോടെ രാജ്യത്തിന്റെ വടക്കുഭാഗത്തുണ്ടായ വലിയ രണ്ടു ഭൂകമ്പങ്ങൾ മൂലം രാജ്യത്ത് രണ്ടായിരത്തിനടുത്ത് ആളുകൾ മരണമടയുകയും ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും പതിനായിരക്കണക്കിന് ആളുകൾ ഭവനരഹിതരാകുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു സഹായമെത്തിക്കാൻ യൂണിസെഫ് നടപടികൾ സ്വീകരിച്ചത്. കോപ്പനാഗനിലുള്ള യൂറോപ്യൻ യൂണിയന്റെ കരുതൽ ശേഖരത്തിൽനിന്ന് ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലുൾപ്പെടെയുള്ള വിവിധ സാധനസാമഗ്രികളാണ് സംഘടന എത്തിച്ചത്.
ഭൂകമ്പമുണ്ടായ പ്രധാന കേന്ദ്രമായ ഗ്വായിര സംസ്ഥാനമുൾപ്പെടെ ആറ് സംസ്ഥാനങ്ങളിൽ ദുരിതം വിതച്ച ഈ ദുരന്തം മൂലം ഏകദേശം ഏഴു ലക്ഷത്തോളം കുട്ടികൾക്ക് മാനവികസഹായം ആവശ്യമാണെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ ഒരു നൂറ്റാണ്ടിലധികമായി വെനിസ്വേലയിലുണ്ടായ ഭൂകമ്പങ്ങളിൽ ഏറ്റവും ശക്തമായ രണ്ടു ഭൂകമ്പങ്ങളാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. ഏതാണ്ട് അറുനൂറോളം തുടർചലനങ്ങൾ രേഖപ്പെടുത്തിയ ഈ ദുരിതം മൂലം രാജ്യത്തെ പൊതുസമൂഹം ഇപ്പോഴും അപകടസാധ്യത നേരിടുന്നുണ്ടെന്ന് യൂണിസെഫ് അറിയിച്ചു.
അടിയന്തിര ആരോഗ്യസേവനങ്ങൾ ഉറപ്പാക്കുന്നതിനുള്ള മെഡിക്കൽ കിറ്റുകൾ, പ്രസവവുമായും നവജാതശിശുക്കളുടെ പരിചരണവുമായും ബന്ധപ്പെട്ട സാധനസാമഗ്രികൾ, സുരക്ഷിതമായ കുടിവെള്ളം ഉറപ്പാക്കാൻ വേണ്ട ശുദ്ധീകരണ, സംഭരണ സംവിധാനങ്ങൾ എന്നിവ സംഘടന രാജ്യത്തെത്തിച്ചു. ഇതുകൂടാതെ ഭവനരഹിതരായി കഴിയുന്ന കുട്ടികൾക്കായി ടെന്റുകളും, ആവശ്യമുള്ളവർക്കായി വീൽചെയറുകളും വിദ്യാഭ്യാസ തുടർച്ചയ്ക്കായി വേണ്ട സാധനസാമഗ്രികളുമാണ് ഇപ്പോൾ യൂണിസെഫ് രാജ്യത്തെത്തിരിച്ചിരിക്കുന്നത്.
പനാമയിലൂടെ ജൂൺ 28-ന് രാജ്യത്തെത്തിച്ച ഈ സാധനസാമഗ്രികൾ വരുന്ന മൂന്ന് മാസങ്ങളിലായി ഒരു ലക്ഷത്തോളം കുട്ടികൾക്ക് ഉപകാരപ്പെടുമെന്നാണ് കണക്കാക്കുന്നതെന്ന് ശിശുക്ഷേമനിധി അറിയിച്ചു. എന്നാൽ ഭൂകമ്പം മൂലം ദുരിതമനുഭവിക്കുന്ന എല്ലാ കുട്ടികൾക്കും വേണ്ടി അൻപത്തിരണ്ട് മില്യൺ ഡോളറിന്റെ സഹായം ആവശ്യമായി വരുമെന്നാണ് സംഘടന കണക്കാക്കുന്നത്.
വെനിസ്വേലയിൽ കുട്ടികളുടെ ജീവിതത്തിന്റെ നിർണ്ണായകമായ ഒരു നിമിഷത്തിലാണ് ശിശുക്ഷേമനിധി ഈ സാധനസാമഗ്രികൾ എത്തിച്ചിരിക്കുന്നതെന്ന് തെക്കേ അമേരിക്കയ്ക്കും കരീബിയൻ ദ്വീപസമൂഹങ്ങളിലേക്കുമുള്ള യൂണിസെഫിന്റെ പ്രാദേശിക പ്രതിനിധി റോബെർത്തോ ബേനെസ് പ്രസ്താവിച്ചു. ഭൂകമ്പബാധിതപ്രദേശങ്ങളിലെ കുടുംബങ്ങൾ ഭീതിമൂലം ഇപ്പോഴും തുറസ്സായ സ്ഥലങ്ങളിലാണ് ഉറങ്ങുന്നതെന്ന് അദ്ദേഹം അറിയിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.