ഭൂകമ്പബാധിതർക്കായി ദേശീയ പ്രാർത്ഥനാദിനമാചരിച്ച് കൊളംബിയയിലെ കത്തോലിക്കാസഭ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
നൂറുകണക്കിന് ജീവനുകളെടുത്ത ശക്തമായ ഭൂകമ്പബാധയുടെ ഇരകൾക്കായി പ്രാർത്ഥനകളുമായി കൊളംബിയയിലെ കത്തോലിക്കാസഭ. പ്രാദേശിക മെത്രാൻസമിതിയുടെ ആഹ്വാനമനുസരിച്ച് ഓഗസ്റ്റ് 16 ഞായറാഴ്‌ച രാജ്യത്തെ കത്തോലിക്കാവിശ്വാസികൾ ദേശീയ പ്രാർത്ഥനാദിനമാചരിച്ചു. ഓഗസ്റ്റ് മാസം പത്തിന് പടിഞ്ഞാറൻ കൊളംബിയയിലുണ്ടായ വൻ ഭൂമികുലുക്കത്തിൽ, ലഭ്യമായ കണക്കുകളനുസരിച്ച് 295 പേരെങ്കിലും മരണമടഞ്ഞിരുന്നു. 143 പേരെ ഇനിയും കണ്ടുകിട്ടിയിട്ടില്ല.
"അവസാനം വരെ കൊളംബിയയ്‌ക്കൊപ്പം" എന്ന സന്ദേശവുമായി കത്തോലിക്കാ മെത്രാൻസമിതി അദ്ധ്യക്ഷൻ, ആർച്ച്ബിഷപ് ഫ്രാൻസിസ്കോ മുനേര കൊറെയയും (Archbishop Francisco Munera Correa) കാരിത്താസ് കൊളംബിയ നേതൃത്വവും കഴിഞ്ഞ ദിവസമാണ് പ്രാർത്ഥനാദിനത്തിന് ആഹ്വാനം ചെയ്തിരുന്നത്. റിക്ടർ സ്കെയിലിൽ 7.4 രേഖപ്പെടുത്തിയ ഈ സംഭവത്തിൽ മരണമടഞ്ഞവർക്കും, അവരുടെ ബന്ധുമിത്രാദികൾക്കും വേണ്ടി പ്രാർത്ഥിക്കുക എന്ന പ്രധാന ഉദ്ദേശത്തിനൊപ്പം, സമൂർത്തമായ സഹായവും പ്രത്യാശയുടെ സന്ദേശവും ശക്തിപ്പെടുത്താനാണ് സഭ ഉദ്ദേശിക്കുന്നതെന്ന് മെത്രാൻസമിതി വ്യക്തമാക്കിയിരുന്നു.
നൂറുകണക്കിന് ജീവനുകളെടുത്ത ഈ ദാരുണ സംഭവത്തിൽ നാലായിരത്തോളം ആളുകൾക്ക് പരിക്കേറ്റിരുന്നു. ഏതാണ്ട് അൻപത്തിനാലായിരത്തോളം കുടുംബങ്ങളെ ഈ ദുരന്തം ബാധിച്ചതായാണ് കണക്കാക്കുന്നത്. നിരവധി പ്രദേശങ്ങളിൽ വീടുകൾക്കും റോഡുകൾക്കും പാലങ്ങൾക്കും ജലവിതരണ സംവിധാനങ്ങൾക്കും വിമാനത്താവളങ്ങൾക്കും നിരവധി ദേവാലയങ്ങൾക്കും കോൺവെന്റുകൾക്കും സഭാ സ്ഥാപനങ്ങൾക്കും വ്യാപകമായ നാശനഷ്ടങ്ങളുണ്ടായി.
ദുരിതബാധിതർക്കൊപ്പം രക്ഷാപ്രവർത്തകർ, ആരോഗ്യപ്രവർത്തകർ, സന്നദ്ധപ്രവർത്തകർ എന്നിവർക്കായി പ്രാർത്ഥിക്കാനും, ഭവനങ്ങളും ഉപജീവനമാർഗങ്ങളും നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് സഹായനിധി സമാഹരണത്തിലൂടെ അടിയന്തര പിന്തുണ നൽകാനും കാരിത്താസ് സംഘടന പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.