ബൊഗെയ്ൻവീലിൽ ക്രൈസ്തവവിശ്വാസത്തിന്റെ 125-ആം വാർഷികാഘോഷങ്ങളിൽ പങ്കെടുത്ത് കർദ്ദിനാൾ താഗ്ലെ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
പാപുവ ന്യൂ ഗിനിയയിലെ ബൊഗെയ്ൻവീലിൽ (Bougainville) കത്തോലിക്കാവിശ്വാസമെത്തിയതിന്റെ നൂറ്റിയിരുപത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി, ബുക ദ്വീപിലുള്ള സ്വർഗ്ഗാരോപിത മാതാവിന്റെ നാമധേയത്തിലുള്ള കത്തീഡ്രൽ ദേവാലയത്തിൽ വിശുദ്ധ ബലിയർപ്പിച്ച് സുവിശേഷവത്കരണത്തിനായുള്ള വത്തിക്കാൻ ഡികാസ്റ്ററി പ്രൊ-പ്രീഫെക്ട് കർദ്ദിനാൾ ലൂയിസ് അന്റോണിയോ താഗ്ലെ. 1901 ആഗസ്റ്റ് 7-ന് അഹോക്-അഹോക് ദ്വീപിൽ ഫാ. പീറ്റർ മെയറും ഫാ. യൂജീൻ എൻഡറും അർപ്പിച്ച ആദ്യ ദിവ്യബലിയിലൂടെ പ്രദേശത്ത് എത്തിയ ക്രൈസ്തവ വിശ്വാസം, ഐക്യത്തിന്റെയും മിഷനറി നിയോഗത്തിന്റെയും ശക്തിയാകണമെന്ന്, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായുടെ പ്രത്യേക പ്രതിനിധിയായി എത്തിയ അദ്ദേഹം ആഹ്വാനം ചെയ്തു.
മറ്റെല്ലാ ആശങ്കകൾക്കും ഉപരിയായി ദൈവരാജ്യം തേടണമെന്നും, നീതി, സ്നേഹം, മനുഷ്യരോടുള്ള ബഹുമാനം, പ്രകൃതിസംരക്ഷണം എന്നിവ ജീവിതത്തിന്റെ ഭാഗമാക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ജാതി, ഗോത്രം, സമ്പത്ത് തുടങ്ങിയ തലങ്ങളിലെ വ്യത്യാസങ്ങൾക്കപ്പുറം ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ എല്ലാവരും ഒരേ കുടുംബമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അറുപത് വർഷങ്ങൾക്ക് മുൻപ് സ്ഥാപിക്കപ്പെട്ട ബൊഗെയ്ൻവീൽ രൂപതയിൽ ഇന്ന് മുപ്പത്തിയഞ്ച് ഇടവകകളിലായി രണ്ടു ലക്ഷത്തോളം വിശ്വാസികളാണുള്ളത്. തിരുവചനത്തെ ആധാരമാക്കി നടത്തിയ തന്റെ പ്രഭാഷണത്തിൽ, 125 വർഷങ്ങൾക്ക് മുൻപ് അർപ്പിക്കപ്പെട്ട പ്രഥമ ബലിയിലെ വായനകൾ ആവർത്തിച്ച കർദ്ദിനാൾ താഗ്ലെ, ദൈവരാജ്യം അന്വേഷിക്കാനും ജീവിതത്തിൽ ദൈവശുശ്രൂഷയ്ക്ക് സ്ഥാനം നൽകാനും വിശ്വാസികളെ ക്ഷണിച്ചു.
എണ്ണൂറിലധികം ഭാഷകളും നിരവധി ഗോത്രങ്ങളുമുള്ള രാജ്യത്ത് സഭ വിവിധ ജനവിഭാഗങ്ങളെ ഒരുമിപ്പിക്കുന്ന ഒരു യാഥാർത്ഥ്യമായി തുടരുന്നുണ്ടെന്ന കാര്യവും കർദ്ദിനാൾ തന്റെ പ്രഭാഷണത്തിൽ അനുസ്മരിച്ചു. തിരുവചനത്തിലൂടെ അറിഞ്ഞ ക്രിസ്തുവിനെ മറ്റുള്ളവരോട് പ്രഘോഷിക്കാൻ വിശുദ്ധ ബലിയുടെ അവസാനം അദ്ദേഹം ജനങ്ങളെ ആഹ്വാനം ചെയ്തു.
മൂന്ന് ദിവസങ്ങൾ നീണ്ട അജപാലനസന്ദർശനം, ഓഗസ്റ്റ് 17 തിങ്കളാഴ്ച പോർട്ട് മോറെസ്ബിയിൽ അർപ്പിച്ച വിശുദ്ധ ബലിയോടെയാണ് അവസാനിച്ചത്. രാജ്യത്തേക്കുള്ള അപ്പസ്തോലിക നൂൺഷ്യോ ആർച്ച്ബിഷപ് മൗറീത്സ്യോ ബ്രാവി, ബിഷപ് പോൾ സുണ്ടു തുടങ്ങിയവർ വിശുദ്ധ ബലിയിൽ സഹകാർമ്മികരായി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.