തിരയുക

റിമിനിയിലെ സമ്മേളനത്തിന്റെ ഭാഗമായി നടന്ന വിശുദ്ധ ബലിയിൽനിന്നുള്ള ഒരു ചിത്രം റിമിനിയിലെ സമ്മേളനത്തിന്റെ ഭാഗമായി നടന്ന വിശുദ്ധ ബലിയിൽനിന്നുള്ള ഒരു ചിത്രം  (diocesi rimini)

സ്നേഹത്തിന്റെ സംസ്കാരം പടുത്തുയർത്താൻ പാപ്പായുടെ സന്ദർശനം സഹായകമാകും: റിമിനി രൂപതാദ്ധ്യക്ഷൻ ബിഷപ്പ് അൻസെൽമി

സാൻ മരീനോയും റിമിനിയും സന്ദർശിക്കുന്നതിനായി ലിയോ പതിനാലാമൻ പാപ്പാ തങ്ങൾക്കിടയിലേക്ക് കടന്നുവരുന്നത്, സ്നേഹത്തിന്റെ സംസ്കാരം പടുത്തുയർത്തുന്നതിന് ശക്തിപകരുമെന്ന് റിമിനി രൂപതാദ്ധ്യക്ഷൻ ബിഷപ്പ് അൻസെൽമി. "ജനതകൾക്കിടയിലെ സൗഹൃദത്തിനായുള്ള സമ്മേളനത്തിൽ" പങ്കെടുക്കുന്നതിനായി ഓഗസ്റ്റ് 22-ന് റിമിനിയിലെത്തുന്ന പാപ്പാ രൂപതയുടെ കത്തീഡ്രൽ സന്ദർശിക്കുമെന്നും, യുവജനങ്ങൾക്കും ദുർബലസമൂഹങ്ങൾക്കുമൊപ്പം സമയം ചിലവഴിക്കുമെന്നും, തുറമുഖത്ത് വിശുദ്ധ ബലിയർപ്പിക്കുമെന്നും പരിശുദ്ധ സിംഹാസനം അറിയിച്ചിരുന്നു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

സ്നേഹത്തിന്റെ സംസ്കാരം വളർത്താനും നന്മ ചെയ്യുന്നതിന് യുവാക്കളെ പ്രോത്സാഹിപ്പിക്കാനും ലിയോ പതിനാലാമൻ പാപ്പയുടെ റിമിനി സന്ദർശനം സഹായകമാകുമെന്ന് റിമിനി രൂപതാദ്ധ്യക്ഷൻ ബിഷപ്പ് നിക്കൊളോ  അൻസെൽമി (Nicolò Anselmi). ഇറ്റലിയുടെ അതിർത്തിക്കുള്ളിലേ സ്വാതന്ത്രരാജ്യമായ സാൻ മരീനോ (San Marino) സന്ദർശിക്കുന്നതിനും, റിമിനി രൂപതയിലേതുൾപ്പെടെയുള്ള വിശ്വാസിസമൂഹത്തെ കണ്ടുമുട്ടുന്നതിനും, അതോടൊപ്പം, അവിടെ ഓഗസ്റ്റ് 21 മുതൽ 26 വരെ നടക്കുന്ന "ജനതകൾക്കിടയിലെ സൗഹൃദത്തിനായുള്ള സമ്മേളനത്തിൽ" (Meeting per l’amicizia fra i popoli)  പങ്കെടുക്കുന്നതിനുമായാണ് പാപ്പാ ഓഗസ്റ്റ് 22 ശനിയാഴ്ച നഗരത്തിലെത്തുക.

1982 ഓഗസ്റ്റ് 29-ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ റിമിനി സന്ദർശിച്ചശേഷം 44 വർഷങ്ങൾക്കിപ്പുറമാണ് ഒരു പാപ്പാ തങ്ങൾക്കിടയിലേക്കെത്തുന്നതെന്ന് ബിഷപ് അൻസെൽമി ഓർമ്മിപ്പിച്ചു. വിശുദ്ധൻ അന്ന് റിമിനി തുറമുഖത്ത് അർപ്പിച്ച വിശുദ്ധ ബലിയിൽ ഏതാണ്ട് രണ്ടുലക്ഷത്തോളം പേർ പങ്കെടുത്തിരുന്നു.

റിമിനിയിലെ സന്ദർശനം

ലോകത്തിലെ തന്നെ ചെറു രാജ്യങ്ങളിൽ ഒന്നായ സാൻ മരീനോ സന്ദർശിച്ച ശേഷം, റിമിനിയിൽ നടക്കുന്ന ജനതകൾക്കിടയിലെ സൗഹൃദത്തിനായുള്ള സമ്മേളനത്തിൽ പരിശുദ്ധ പിതാവ് പങ്കെടുക്കും. യുവാക്കൾക്കും സന്നദ്ധപ്രവർത്തകർക്കും സന്ദർശകർക്കും പ്രതീക്ഷയും പ്രോത്സാഹനവും പകരുന്നതും, ശക്തിയുടെ സംസ്കാരത്തിന് പകരം സ്നേഹത്തിന്റെ സംസ്കാരം വളർത്താൻ യുവാക്കൾക്ക് പ്രചോദനം നൽകുന്നതുമാകും പാപ്പായുടെ സാന്നിദ്ധ്യമെന്ന് റിമിനി രൂപതാദ്ധ്യക്ഷൻ അഭിപ്രായപ്പെട്ടു.

മീറ്റിങ്ങിൽ പങ്കെടുത്ത ശേഷം പാപ്പാ റിമിനി കത്തീഡ്രലിലെത്തുമെന്നും, അവിടെ രോഗികളും, ഭിന്നശേഷിക്കാരും, കാരിത്താസ് സംഘടനയുടെ ശുശ്രൂഷയിലായിരിക്കുന്ന പാവപ്പെട്ടവരുമായും കൂടിക്കാഴ്ച നടത്തുമെന്നും പരിശുദ്ധ സിംഹാസനം അറിയിച്ചിരുന്നു. ഏകദേശം 650 പേരെയാണ് ഇതിലേക്കായി പ്രതീക്ഷിക്കുന്നതെന്ന് ബിഷപ് അൻസെൽമി പറഞ്ഞു.

കടൽത്തീരത്ത് വിശുദ്ധ കുർബാന

കത്തീഡ്രലിൽ നടക്കുന്ന സമ്മേളനങ്ങൾക്ക് ശേഷം റിമിനി തുറമുഖത്തെത്തുന്ന പാപ്പാ, അവിടെ വൈകുന്നേരം ആറരയ്ക്ക് വിശുദ്ധ ബലിയർപ്പിക്കും. കടൽ യേശുവിന്റെ ജീവിതത്തിലും ദൗത്യത്തിലും പ്രധാനപ്പെട്ട പ്രതീകങ്ങളായിരുന്നുവെന്ന് അനുസ്മരിച്ച ബിഷപ്പ് അൻസെൽമി, പരിശുദ്ധ പിതാവിനെ കാണാനും അദ്ദേഹത്തിന്റെ സന്ദേശം സ്വീകരിക്കാനുമുള്ള പ്രത്യേക അവസരമാണ് പ്രദേശത്തെ ആളുകൾക്ക്, പ്രത്യേകിച്ച് യുവജനങ്ങൾക്ക് ലഭിക്കുകയെന്ന് പ്രസ്താവിച്ചു.

വൈകിട്ട് എട്ടുമണിയോടെ ഹെലികോപ്ടറിലായിരിക്കും പരിശുദ്ധ പിതാവ് വത്തിക്കാനിലേക്ക് മടങ്ങുക. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

21 ഓഗസ്റ്റ് 2026, 13:12