മാനവികതയുടെ ചക്രവാളങ്ങൾ പണിയാൻ റിമിനി സംഗമത്തിന് കഴിയട്ടെ: ഇറ്റലിയുടെ പ്രസിഡന്റ് മത്തരെല്ല
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
യുദ്ധത്തിനും അസമത്വങ്ങൾക്കും മുന്നിൽ സ്നേഹത്തിൽ അധിഷ്‌ഠിതമായ മാനവികതയുടെ ചക്രവാളങ്ങൾ പണിയാൻ റിമിനി സംഗമത്തിന് (Rimini meeting) കഴിയട്ടെയെന്ന് ഇറ്റലിയുടെ പ്രസിഡന്റ് സേർജ്ജ്യോ മത്തരെല്ല (Sergio Mattarella). ഓഗസ്റ്റ് 21 മുതൽ 26 വരെ തീയതികളിൽ, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായുടെ കൂടി സാന്നിദ്ധ്യത്തിൽ നടക്കുന്ന "ജനതകൾക്കിടയിലെ സൗഹൃദത്തിനായുള്ള സമ്മേളനത്തിന്റെ" (Meeting per l’amicizia fra i popoli) പശ്ചാത്തലത്തിൽ ഈ ഫൗണ്ടേഷന്റെ പ്രസിഡന്റ് ബെർണാഡ് ഷോൾസിനയിച്ച (Bernhard Scholz) തന്റെ സന്ദേശത്തിലാണ് ഇത്തരമൊരു ആശംസ പ്രസിഡന്റ് മത്തരെല്ല നൽകിയത്. ഓഗസ്റ്റ് 22-നാണ് പരിശുദ്ധ പിതാവ് ഈ സമ്മേളനത്തിൽ പങ്കെടുക്കുക.
വർദ്ധിച്ചുവരുന്ന യുദ്ധങ്ങളും അസമത്വങ്ങളും നേരിടുന്ന ലോകത്തിന് മുന്നിൽ സ്നേഹം എന്ന ആശയത്തെ കേന്ദ്രീകരിച്ചുള്ള റിമിനി മീറ്റിങ്ങിന്റെ ഈ നാല്പത്തിയേഴാമത് സമ്മേളനത്തിന് മനുഷ്യസ്നേഹത്തിന്റെയും സാമൂഹികസൗഹൃദത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും പുതിയ വഴികൾ തുറക്കാൻ സാധിക്കട്ടെയെന്ന് ആശംസിച്ച പ്രസിഡന്റ് മത്തരെല്ല, ഇത്തവണത്തെ സമ്മേളനത്തിന്റെ പ്രമേയമായി തിരഞ്ഞെടുക്കപ്പെട്ട “സൂര്യനെയും മറ്റു നക്ഷത്രങ്ങളെയും ചലിപ്പിക്കുന്ന സ്നേഹം” (L’amor che move il sole e l’altre stelle) എന്ന ദാന്തെയുടെ (Dante) വാക്കുകൾ പരാമർശിച്ചുകൊണ്ട്, ഇത് വ്യക്തിപരമായ വികാരത്തെ മാത്രമല്ല സൂചിപ്പിക്കുന്നതെന്ന് ഓർമ്മിപ്പിച്ചു.
ഒറ്റപ്പെടലിനെ മറികടക്കുന്ന സാമൂഹിക സൗഹൃദം
നമ്മിലേക്കും വർത്തമാനകാലത്തേക്കും മാത്രമല്ല, മറ്റുള്ളവരിലേക്കും തുറക്കുന്ന സ്നേഹം വ്യക്തിയെയും സമൂഹത്തെയും ബന്ധിപ്പിക്കുന്ന ആന്തരിക ശക്തിയാണെന്ന് ചൂണ്ടിക്കാട്ടിയ പ്രസിഡന്റ് മത്തരെല്ല, “ഞാൻ” എന്നതിനെ “നീ”യുമായും “നമ്മൾ” എന്നതുമായും ബന്ധിപ്പിക്കുന്നത്, ഒറ്റപ്പെടലുകളെ തകർക്കുകയും മനുഷ്യസമൂഹത്തിന് പുതിയ ദിശ നൽകുകയും ചെയ്യുന്ന ചിന്തയാണെന്ന് ഓർമ്മിപ്പിച്ചു.
തങ്ങളുടെ തന്നെ ഭാവിയുടെ നിർമ്മാതാക്കളാകുക എന്നതാണ് സമൂഹങ്ങളിൽ ഏല്പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വമെന്നതിനെക്കുറിച്ച് സംസാരിക്കവെ, ഈയൊരു ആശയം, ലിയോ പതിനാലാമൻ പാപ്പാ "മഞ്ഞീഫിക്ക ഉമാനിത്താസ്" (Magnifica Humanitas) എന്ന അദ്ദേഹത്തിന്റെ ചാക്രികലേഖനത്തിലൂടെ മുന്നോട്ട് വയ്ക്കുന്നുണ്ടെന്ന് പ്രസിഡന്റ് മത്തരെല്ല ഓർമ്മിപ്പിച്ചു.
സമാധാനത്തിനായി മനുഷ്യസ്നേഹത്തിലേക്ക്
യുദ്ധങ്ങൾ തുടരുകയും അസമത്വങ്ങൾ വർദ്ധിക്കുകയും ചെയ്യുന്ന ഒരു വ്യവസ്ഥിതിയിൽ, വളരെ ചെറിയ ഭരണവിഭാഗങ്ങൾ (oligarchy) പല പരമാധികാര രാഷ്ട്രങ്ങളേക്കാൾ വലിയ അധികാരം സമാഹരിക്കുന്ന സാദ്ധ്യതകൾ നിലനിൽക്കുന്നുണ്ടെന്ന് മത്തരെല്ല മുന്നറിയിപ്പ് നൽകി.
വൈവിധ്യങ്ങളോടും പരദേശികളോടും അകൽച്ച പാലിക്കുകയും, നിസംഗതയിൽ ജീവിക്കുകയും, വെറുപ്പ് കൊണ്ടുനടക്കുകയും, ചെയ്യാനുള്ള പ്രവണതയെ ഉപേക്ഷിക്കാനും, സമാധാനം വളർത്തുന്ന വിധത്തിൽ വിദ്യാഭ്യാസവും പരിശീലനവും നൽകാനും തയ്യാറാകേണ്ടതിന്റെ പ്രാധാന്യത്തിലേക്കും അദ്ദേഹത്തിന്റെ സന്ദേശം വെളിച്ചം വീശി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.