ലിയോ പതിനാലാമൻ പാപ്പാ സാൻ മരീനോയും റിമിനിയും സന്ദർശിക്കും
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ഇറ്റലിയുടെ അതിർത്തിക്കുള്ളിലെ സാൻ മരീനോയും (San Marino), റിമിനി (Rimini) നഗരവും സന്ദർശിക്കാനൊരുങ്ങി ലിയോ പതിനാലാമൻ പാപ്പാ. ഓഗസ്റ്റ് 22 ശനിയാഴ്ച രാവിലെ മുതൽ വൈകുന്നേരം വരെ നീളുന്ന ഈ യാത്രയിൽ, യൂറോപ്പിലെ തന്നെ ചെറു രാജ്യങ്ങളിൽ ഒന്നായ സാൻ മരീനോയിലെ രാഷ്ട, സഭാ നേതൃത്വങ്ങളുമായി കൂടിക്കാഴ്ച നടത്തുന്ന പാപ്പാ, പിന്നീട് റിമിനിയിൽ നടക്കുന്ന "ജനതകൾക്കിടയിലെ സൗഹൃദത്തിനായുള്ള സമ്മേളനത്തിൽ" പങ്കെടുക്കുകയും, വൈകുന്നേരം റിമിനി തുറമുഖത്ത് വിശുദ്ധ ബലിയർപ്പിക്കുകയും ചെയ്യും.
പാപ്പാ സാൻ മരീനോയിലേക്ക്
ഓഗസ്റ്റ് 22 ശനിയാഴ്ച രാവിലെ 8 മണിക്ക് വത്തിക്കാനിലെ ഹെലിപ്പാഡിൽനിന്ന് യാത്ര പുറപ്പെടുന്ന പാപ്പാ, ഏതാണ്ട് ഒരു മണിക്കൂറുകൊണ്ട് ഇറ്റലിക്കുള്ളിൽ 62 ചതുരശ്ര കിലോമീറ്ററുകളിലായി വ്യാപിച്ചുകിടക്കുന്ന സാൻ മരീനോയിലുള്ള തൊറാച്ച (Torraccia) ഹെലിപ്പാഡിലെത്തും. തുടന്ന് നടക്കുന്ന ഔദ്യോഗിക ബഹുമതിച്ചടങ്ങുകൾക്ക് ശേഷം, രാജ്യത്തെ റീജന്റ് ക്യാപ്റ്റന്മാർക്കൊപ്പം "പൊതു കൊട്ടാരത്തിൽ" എത്തുന്ന പാപ്പാ രാജ്യത്തിന്റെ സ്റ്റേറ്റ് സെക്രെട്ടറിമാരെ കണ്ടുമുട്ടും. തുടർന്ന് അവിടെയുള്ള "സാല കൊൺസീലിയോ ദെയി ദോദിച്ചി"-യിൽ വച്ച് റീജന്റ് ക്യാപ്റ്റന്മാരുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തുകയും, വിശിഷ്ടാതിഥികൾക്കായുള്ള ഡയറിയിൽ ഒപ്പുവയ്ക്കുകയും ചെയ്യും. തുടർന്ന് "കൊൺസീലിയോ ഗ്രാന്തെ" ശാലയിൽ വച്ചും പാപ്പാ ഒരു കൂടിക്കാഴ്ച നടത്തും. ഇതിന്റെ അവസാനം "പൊതു കൊട്ടാരത്തിന്റെ" മട്ടുപ്പാവിൽ നിന്നുകൊണ്ട്, ഈ സമുച്ചയത്തിന് മുന്നിലുള്ള ചത്വരത്തിലെ വിശ്വാസികളെ അഭിവാദ്യം ചെയ്യുകയും ഏവർക്കും ആശീർവാദം നൽകുകയും ചെയ്യും.
സാൻ മരീനോ ബസലിക്കയിലെ കൂടിക്കാഴ്ച
കൊട്ടാരത്തിലെ കൂടിക്കാഴ്ചകളെത്തുടർന്ന് സാൻ മരീനോ ബസലിക്കയിലെത്തുന്ന പാപ്പായെ, സാൻ മരീനോ-മോന്തെഫെൽത്രോ രൂപതാദ്ധ്യക്ഷൻ ബിഷപ് ഡൊമിനിക്കോ ബെനെവെന്തിയും (Bishop Domenico Beneventi), ബസലിക്ക റെക്ടർ ഫാ. മാർക്കോ മത്സാന്തിയും (Fr. Marco Mazzanti) ചേർന്ന് സ്വീകരിക്കും. തുടർന്ന് പ്രദേശത്തെ സമർപ്പിതസമൂഹത്തിനൊപ്പം വിശുദ്ധ കുർബാനയ്ക്ക് മുന്നിൽ ആരാധനയും, വിശുദ്ധ മരീനോയുടെ തിരുശേഷിപ്പുകൾക്ക് മുന്നിൽ വണക്കവും നടത്തുന്ന പാപ്പാ, അവിടെ ചത്വരത്തിലുള്ള വിശ്വാസികളെ അഭിവാദ്യം ചെയ്യും. പിന്നീട് രാജ്യത്തെ ഔദ്യോഗികനേതൃത്വവുമായി യാത്ര പറഞ്ഞിറങ്ങുന്ന പാപ്പാ, ഹെലികോപ്റ്ററിൽ റിമിനി എക്സിബിഷൻ സെന്ററിലേക്ക് പോകും. റിമിനിയിലേക്ക് പോകുന്നതിന് മുൻപായി, പെന്നബില്ലിയിലെ (Pennabilli) അഗസ്റ്റീനിയൻ സന്ന്യസ്തകളുടെ "പാദുവായിലെ വിശുദ്ധ അന്തോനീസിന്റെ" പേരിലുള്ള ആശ്രമത്തിൽ പാപ്പാ സ്വകാര്യസന്ദർശനവും നടത്തും.
പാപ്പാ റിമിനിയിൽ
ഉച്ചയ്ക്ക് രണ്ടേമുക്കാലോടെ റിമിനിയിലെത്തുന്ന പാപ്പാ വിശുദ്ധ അഗസ്റ്റിനെയും ലിയോൺ ഹാർമലിനെയും കുറിച്ചുള്ള പ്രദർശനങ്ങൾ സന്ദർശിക്കും. തുടർന്ന് ജനതകൾക്കിടയിലെ സൗഹൃദത്തിനായുള്ള സമ്മേളനത്തിൽ (MEETING PER L’AMICIZIA FRA I POPOLI) പങ്കടുക്കുന്ന കുട്ടികളുൾപ്പെടെയുള്ള ഏവരെയും പരിശുദ്ധ പിതാവ് അഭിവാദ്യം ചെയ്യുകയും, തുടർന്ന് അവിടെയുള്ള "ഗ്രാൻഡ് ഓഡിറ്റോറിയത്തിൽ" പൊതുകൂടിക്കാഴ്ച നടത്തുകയും ചെയ്യും.
റിമിനി കത്തീഡ്രൽ
റിമിനിയിലെ സമ്മേളനത്തിൽ സംബന്ധിച്ച ശേഷം, അവിടെ അടുത്തുള്ള കത്തീഡ്രലിൽ എത്തുന്ന പാപ്പാ, രോഗികളും, ഭിന്നശേഷിക്കാരും, കാരിത്താസ് സംഘടനയുടെ ശുശ്രൂഷയിലായിരിക്കുന്ന പാവപ്പെട്ടവരുമായും കൂടിക്കാഴ്ച നടത്തും.
റിമിനി തുറമുഖത്തെ വിശുദ്ധ ബലി
റിമിനി കത്തീഡ്രലിൽ നടക്കുന്ന കൂടിക്കാഴ്ചയെത്തുടർന്ന്, റിമിനി തുറമുഖതീരത്തെത്തുന്ന പാപ്പാ, വൈകുന്നേരം ആറരയോടെ അവിടെ വിശുദ്ധ ബലിയർപ്പിക്കും. തുടർന്ന് എട്ടുമണിയോടെ ഔദ്യോഗികനേതൃത്വങ്ങളോട് വിട പറഞ്ഞ് പരിശുദ്ധ പിതാവ് തിരികെ വത്തിക്കാനിലേക്ക് പുറപ്പെടും. ഏതാണ്ട് ഒരു മണിക്കൂർ നീളുന്ന ഈ യാത്രയ്ക്ക് ശേഷം വൈകിട്ട് 9 മണിയോടെ പാപ്പാ വത്തിക്കാനിലെ ഹെലിപാഡിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.
