തിരയുക

മൈനമറിലെ സഭ മൈനമറിലെ സഭ   (©Radio Veritas Asia (RVA))

മ്യാന്മറിൽ വൈദിക, സന്യസ്ത ദൈവവിളികൾ വർദ്ധിക്കുന്നു

ഏറെ പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന മ്യാന്മറിലെ കത്തോലിക്കാ സഭയെ സംബന്ധിച്ചിടത്തോളം, വൈദികരാകുവാനുള്ള, പുതിയ ദൈവവിളികൾ വർദ്ധിക്കുന്നത് വലിയ പ്രത്യാശ പ്രദാനം ചെയ്യുന്നു

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ ന്യൂസ്  

മ്യാൻമറിലെ ആഭ്യന്തര സംഘർഷങ്ങളും ദാരിദ്ര്യവും ദുരിതങ്ങളും തുടരുന്ന പശ്ചാത്തലത്തിലും കത്തോലിക്കാ സഭയിൽ പുതിയ ദൈവവിളികൾ വർദ്ധിക്കുന്നത് വലിയ പ്രത്യാശ നൽകുന്നു.  കഠിനമായ പരീക്ഷണങ്ങളിലൂടെയും അനിശ്ചിതത്വത്തിലൂടെയും രാജ്യം കടന്നുപോകുമ്പോഴും, സഭ, നിരാശരാക്കാത്ത പ്രത്യാശയോടെ ഭാവിയിലേക്ക് നോക്കുന്നു എന്നതിന്റെ തെളിവാണ് പുതുതായി അഭിഷിക്തരായ വൈദികരും ഡീക്കൻമാരും കന്യാസ്ത്രീകളും. ഓഗസ്റ്റ് മാസത്തിൽ നടന്ന വിവിധ ചടങ്ങുകളിലായി മൂന്ന് പുതിയ വൈദികരും നാല് ഡീക്കൻമാരും സഭയുടെ ശുശ്രൂഷാ രംഗത്തേക്കു കടന്നുവന്നു.

 വിഭജനങ്ങളും മുറിവുകളും നിറഞ്ഞ ഈ രാജ്യത്ത് "മതിലുകളല്ല, മറിച്ച് പാലങ്ങളായി" വർത്തിക്കാൻ യാങ്കൂൺ ആർച്ച് ബിഷപ്പ് കർദിനാൾ ചാൾസ് മൗങ് ബോ, സലേഷ്യൻ വൈദികർക്ക് തിരുപ്പട്ടം നൽകുന്ന അവസരത്തിൽ, വൈദികരെ ആഹ്വാനം ചെയ്തു. ഹഖ രൂപതയിൽ നാല് പുതിയ ഡീക്കൻമാരും യാങ്കൂണിൽ രണ്ട് പുതിയ സമർപ്പിതരും, തങ്ങളുടെ ശുശ്രൂഷ ആരംഭിച്ചു. പഠന വൈദഗ്ധ്യത്തേക്കാൾ ഉപരിയായി ദൈവത്തോടുള്ള സ്നേഹവും എളിമയും ആത്മാക്കളുടെ രക്ഷയ്ക്കായുള്ള തീക്ഷ്ണതയുമാണ് ശുശ്രൂഷകർക്ക് വേണ്ടതെന്ന് മെത്രാൻ ലൂസിയസ് ഹ്രെ കുങ് തിരുചടങ്ങിൽ  ഓർമ്മിപ്പിച്ചു.

ടാങ്കൂ രൂപതയുടെ സഹായ മെത്രാനായി ബെർണാർഡിനോ നീ നീ അഭിഷിക്തനായതും,മ്യാൻമറിലെ സഭയ്ക്ക് പുതിയ ഉണർവ് പ്രദാനം ചെയ്യുന്നു. "കണ്ണീരിന്റെ താഴ്‌വരയിലൂടെ" കടന്നുപോകുന്ന മ്യാൻമറിലെ ജനങ്ങൾക്ക് ക്രിസ്തുവിന്റെ പ്രകാശം നൽകാനാണ് മെത്രാന്റെ നിയോഗം എന്ന്, കർദിനാൾ ചാൾസ് ബോ വ്യക്തമാക്കി. ദുരിതബാധിതരെ ആശ്വസിപ്പിക്കാനും വിഘടിച്ചുനിൽക്കുന്ന സമൂഹങ്ങളെ ഒന്നിപ്പിക്കാനും പുതിയ മെത്രാനെ ആഹ്വാനം ചെയ്തു. "എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു" എന്ന സ്തോത്രഗീതത്തിലെ വചനം ഉദ്ധരിച്ചുകൊണ്ട്, ജനങ്ങൾക്കൊപ്പം വിശ്വാസത്തിലും സ്നേഹത്തിലും യാത്ര ചെയ്യുമെന്ന് മോൺസിഞ്ഞോർ ബെർണാർഡിനോ ഉറപ്പുനൽകി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

27 ഓഗസ്റ്റ് 2026, 14:33