തിരയുക

ഫ്രാൻസിസ് പാപ്പാ ആൻസലെം ഇൻസ്റ്റിട്യൂട്ട് സംഘടിപ്പിച്ച കോഴ്സിൽ പങ്കെടുക്കുന്നവർക്കൊപ്പം ഫ്രാൻസിസ് പാപ്പാ ആൻസലെം ഇൻസ്റ്റിട്യൂട്ട് സംഘടിപ്പിച്ച കോഴ്സിൽ പങ്കെടുക്കുന്നവർക്കൊപ്പം  (ANSA)

ആരാധനാക്രമപരിശീലനം അത്യന്താപേക്ഷിതം: ഫ്രാൻസിസ് പാപ്പാ

റോമിലെ ആൻസലെം പൊന്തിഫിക്കൽ ഇൻസ്റ്റിട്യൂട്ടിൽ വച്ച് വിവിധ രൂപതകളിലെ ആരാധനാക്രമങ്ങൾക്ക് നേതൃത്വം നല്കുന്നവർക്കായി സംഘടിപ്പിച്ച പരിശീലനകളരിയിലെ അംഗങ്ങളുമായി ഫ്രാൻസിസ് പാപ്പാ ജനുവരി ഇരുപതാം തീയതി വത്തിക്കാനിൽവച്ച് കൂടിക്കാഴ്ച്ച നടത്തി.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ആരാധനാക്രമപരിശീലനങ്ങൾക്ക് ഏറ്റവും പ്രശസ്തമായ റോമിലെ ആൻസലെം ഇൻസ്റ്റിട്യൂട്ട് വിവിധ രൂപതകളിലെ ആരാധനാക്രമവിഭാഗങ്ങളിൽ ഉത്തരവാദിത്വം വഹിക്കുന്നവർക്കായി ഒരു പ്രത്യേക പരിശീലനക്കളരി സംഘടിപ്പിച്ചു. പരിശീലനത്തിന്റെ അവസാനം അംഗങ്ങളുമായി ഫ്രാൻസിസ് പാപ്പാ നടത്തിയ കൂടിക്കാഴ്ചയിൽ ഓരോ രൂപതകളിലും ആരാധനാക്രമപരിശീലനത്തിന്റെ ആവശ്യകതയും,പ്രാധാന്യവും പാപ്പാ എടുത്തു പറഞ്ഞു. ബൗദ്ധികമായ ഒരു ഗവേഷണത്തിനുമപ്പുറം അജപാലനപരമായ ഒരു ഉത്തരവാദിത്വവും ഈ നിലയിലുള്ളവർക്കുണ്ടെന്ന കാര്യവും പാപ്പാ സൂചിപ്പിച്ചു.

ദൈവികജീവിതത്തിന്റെ കൈമാറ്റം നടക്കുന്ന അനുഗ്രഹനിമിഷങ്ങളാണ് ആരാധനാക്രമ ആഘോഷങ്ങളെന്നു പറഞ്ഞ പാപ്പാ അതിനാൽ തന്നെ ആരാധനാക്രമത്തെ സഭയുടെ 'പ്രാഥമിക കല'യെന്ന് വിശേഷിപ്പിക്കാമെന്നും എടുത്തു കാട്ടി. തുടർന്ന് അംഗങ്ങൾക്ക് ഏതാനും നിർദ്ദേശങ്ങളും പാപ്പാ നൽകി. ആരാധനക്രമ ആഘോഷങ്ങളുടെ തലവൻ (master of Ceremonies) എന്ന ഉത്തരവാദിത്വം ശുശ്രൂഷയുടേതാണ് കാരണം അദ്ദേഹം മെത്രാനോട് ചേർന്ന് നിന്നുകൊണ്ട് വിശ്വാസികൾക്കായി സേവനം ചെയ്യുന്നു. ഇപ്രകാരം ജനത്തെ സഹായിക്കണമെങ്കിൽ പ്രായോഗികമായ പരിശീലനം ആവശ്യമാണ്. അവരെ ക്രിസ്തുവിലേക്ക് നയിക്കുവാനും, ക്രിസ്തുവിനെ അവർക്ക് സംലഭ്യമാക്കുവാനുമുള്ള അജപാലന ശുശ്രൂഷയാണ് നിങ്ങൾക്കുള്ളതെന്ന് പാപ്പാ കൂടിയിരുന്നവരെ ഓർമ്മിപ്പിച്ചു.

രണ്ടാം വത്തിക്കാൻ സൂനഹദോസ് ചൂണ്ടിക്കാട്ടുന്ന ആരാധനാക്രമമാതൃകകളും പാപ്പാ എടുത്തു പറഞ്ഞു. ആരാധനക്രമ ആഘോഷങ്ങളുടെ തലവൻമാർ ആർജ്ജിക്കേണ്ട പരിശീലനവും അതിന്റെ പ്രാധാന്യവും വളരെ വലുതാണ്. കാരണം ഇത്തരത്തിലുള്ള ആരാധനാക്രമശീലങ്ങൾ എന്നും നമ്മുടെ ആലയങ്ങളിൽ നിലനില്ക്കപ്പെടേണ്ടതാണ്. അവ ഏതാനും പ്രത്യേക അവസരങ്ങളിലേക്കുള്ളതല്ല മറിച്ച് ഓരോ ദിവസവും പാലിക്കപ്പെടേണ്ടതാണ്.

അതിനാൽ അനുദിനമുള്ള ആരാധനക്രമ ആഘോഷങ്ങളിൽ ഇപ്രകാരം വിശ്വാസികളെ ഒരു സമൂഹമായി നയിക്കുമ്പോൾ അവരും ഇതിന്റെ മനോഹാരിത ആസ്വദിച്ചുകൊണ്ട് പങ്കെടുക്കുവാൻ തുടങ്ങും, പാപ്പാ പറഞ്ഞു. അവസാനമായി  ആരാധനാക്രമത്തിലെ നിശബ്ദതയുടെ പ്രാധാന്യവും പാപ്പാ എടുത്തു പറഞ്ഞു. മിശിഹാരഹസ്യങ്ങളിലേക്ക് നമ്മെ നയിക്കുന്ന നിശബ്ദതയുടെ പങ്കും നാം വിശ്വാസികളെ പഠിപ്പിക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 January 2023, 21:20