തിരയുക

അപ്പസ്തോലിക യാത്രയിലെ എക്യൂമെനിക്കൽ മുഖം: പാപ്പാ ആർച്ച്ബിഷപ് ജസ്റ്റിൻ വെൽബിക്കും ഡോ. ഇയാൻ ഗ്രീൻഷീൽഡ്‌സിനുമൊപ്പം അപ്പസ്തോലിക യാത്രയിലെ എക്യൂമെനിക്കൽ മുഖം: പാപ്പാ ആർച്ച്ബിഷപ് ജസ്റ്റിൻ വെൽബിക്കും ഡോ. ഇയാൻ ഗ്രീൻഷീൽഡ്‌സിനുമൊപ്പം  (VATICAN MEDIA Divisione Foto)

കോംഗോയിൽ അനുരഞ്ജനത്തിന്റെ സന്ദേശമേകിയ പാപ്പാ, ഐക്യത്തിനായി പ്രാർത്ഥിച്ചുകൊണ്ട് സുഡാനിൽ

കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിലേക്കിലേക്കും തെക്കൻ സുഡാനിലേക്കുമുള്ള ഫ്രാൻസിസ് പാപ്പായുടെ അപ്പസ്തോലികയാത്രയുടെ നാലും അഞ്ചും ദിനങ്ങളെക്കുറിച്ചുള്ള വിവരണം.
ഫ്രാൻസിസ് പാപ്പായുടെ യാത്രയുമായി ബന്ധപ്പെട്ട വിവരണത്തിന്റെ ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ജനുവരി 31 ചൊവ്വാഴ്ച രാവിലെ വത്തിക്കാനിൽനിന്ന് യാത്ര ആരംഭിച്ച ഫ്രാൻസിസ് പാപ്പാ, കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിലെ കിൻഷാസയിൽ എത്തി അവിടെയുള്ള രാഷ്ട്രീയ, സഭാ നേതൃത്വങ്ങളുമായും പൊതുജനവുമായും വിവിധ കൂടിക്കാഴ്ചകൾ നടത്തി. ഈ ദിവസങ്ങളിൽ കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിലെ അപ്പസ്തോലിക നൂൺഷിയേച്ചറിൽ ആയിരുന്നു പാപ്പാ താമസിച്ചത്. "ഏവരും ക്രിസ്തുവിൽ അനുരഞ്ജിതർ" എന്ന ആപ്തവാക്യത്തോടെയുള്ള പാപ്പായുടെ ഈ നാല്പതാം അപ്പസ്തോലികയാത്രയുടെ നാലാം ദിനമായ ഫെബ്രുവരി മൂന്ന് രാവിലെ വരെയുള്ള കാര്യങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലെ പ്രക്ഷേപണങ്ങളിൽ ഉണ്ടായിരുന്നത്.

നാൽപതാം അപ്പസ്തോലിക യാത്ര

പരിശുദ്ധ പിതാവിന്റെ നാൽപ്പതാം അപ്പസ്തോലിക സന്ദർശനത്തിന്റെ, ആഫ്രിക്കയിലേക്കുള്ള അഞ്ചാമത് യാത്രയുടെ, ആദ്യപാദമായ കോംഗോ ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്കിൽ ജനുവരി 31 മുതൽ ഫെബ്രുവരി 3 വരെയുള്ള സന്ദർശനം അവസാനിച്ച ശേഷം, പ്രാദേശികസമയം രാവിലെ 10.39-ന്, ഇന്ത്യയിലെ സമയം ഉച്ചകഴിഞ്ഞ് 2.09-ന് കിൻഷാസയിലെ ന്ദ്ജിലി (Ndijili) അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന്, അപ്പസ്തോലികയാത്രയുടെ രണ്ടാം ഭാഗമായ, തെക്കൻ സുഡാനിലെ ജൂബ ലക്ഷ്യമാക്കി ഫ്രാൻസിസ് പാപ്പാ യാത്രയായി. "ഏവരും ഒന്നാകുവാൻവേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു" എന്നതാണ് ഈ അപ്പസ്തോലികയാത്രയിലെ രണ്ടാം ഭാഗമായ, തെക്കൻ സുഡാനിലേക്കുള്ള യാത്രയുടെ ആപ്തവാക്യം. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ 1980-ലും 1985-ലും ഇവിടം സംന്ദർശിച്ചതിന് ശേഷം ആദ്യമായാണ് ഒരു പാപ്പാ കോംഗോ സന്ദർശിച്ചത്.

പാപ്പായെയും വഹിച്ചുകൊണ്ടുള്ള വിമാനം, 2.265 കിലോമീറ്ററുകൾ പിന്നിട്ട്, പ്രാദേശികസമയം ഉച്ചകഴിഞ്ഞ് 2.45-ന്, ഇന്ത്യയിൽ വൈകിട്ട് 7.15-ന് ജൂബയിലെ അന്താരാഷ്ട്രവിമാനത്താവളത്തിലെത്തി. പാപ്പായ്‌ക്കൊപ്പം വത്തിക്കാനിൽനിന്നുള്ള ഔദ്യോഗിക സംഘവും എഴുപതിലധികം മാധ്യമപ്രവർത്തകരുമുണ്ടായിരുന്നു. 2011 ജുലൈ 9-ന് സുഡാനിൽനിന്നും വേർപിരിഞ്ഞ തെക്കൻ സുഡാനിൽ ആദ്യമായാണ് ഒരു പാപ്പാ എത്തുന്നത്. തെക്കൻ സുഡാനിൽ സഭാ, രാഷ്ട്രീയ നേതൃത്വങ്ങൾ ഉൾപ്പെടെയുള്ള വിവിധ മീറ്റിംഗുകളിൽ പങ്കെടുക്കുന്ന പാപ്പാ, ഫെബ്രുവരി 5 ഞായറാഴ്ച രാവിലെ വിശുദ്ധ ബലിയർപ്പണത്തിന് ശേഷം തിരികെ റോമിലേക്ക് മടങ്ങും.

സുഡാൻ യാത്ര – ഒരു എക്യൂമെനിക്കൽ തീർത്ഥാടനം

2022 ജൂലൈ 7-ന് ആരംഭിക്കേണ്ടിയിരുന്ന കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിലേക്കും തെക്കൻ സുഡാനിലേക്കുമുള്ള യാത്ര, ഫ്രാൻസിസ് പാപ്പായുടെ കാൽമുട്ടിലെ വേദനയുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ മൂലം മാറ്റിവയ്ക്കുകയായിരുന്നു. ആഭ്യന്തര കലാപങ്ങളുടെയും, ദാരിദ്ര്യത്തിന്റെയും, മറ്റു പലവിധ സംഘർഷങ്ങളുടെയും ഭീകരതയുടെയും ഇടയിൽ, ഒരുപാടു മുറിവേറ്റ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ജീവിക്കുന്ന ജനങ്ങൾക്കിടയിലേക്ക് അനുരഞ്ജനത്തിന്റെയും ഐക്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവുമായാണ് കത്തോലിക്കാസഭയുടെ പരമാധ്യക്ഷൻ എത്തുന്നത്. അതേസമയം പാപ്പായുടെ ഈ യാത്രയിൽ, ആംഗ്ലിക്കൻ സഭാധ്യക്ഷൻ, കാന്റർബറി ആർച്ച്ബിഷപ് ജസ്റ്റിൻ വെൽബിയും ചേരുന്നതോടെ എക്യൂമെനിസത്തിന്റെ മുഖവും കൂടി ഈ യാത്രയ്ക്ക് കൈവരുന്നുണ്ട്.

പാപ്പാ തെക്കൻ സുഡാന്റെ മണ്ണിൽ

ജൂബയിൽ എത്തിയ പാപ്പായെ തെക്കൻ സുഡാനിലേക്കുള്ള അപ്പസ്തോലിക നൂൺഷ്യോ ആർച്ച്ബിഷപ് ഹ്യുബെർത്തുസ് മത്തേയൂസ് മരിയ ഫാൻ മേഗനും, ആംഗ്ലിക്കൻ സഭാധ്യക്ഷൻ, കാന്റർബറി ആർച്ച്ബിഷപ് ജസ്റ്റിൻ വെൽബിയും, സ്കോട്ലൻഡ് സഭകളുടെ ജനറൽ അസ്സംബ്ലി മോഡറേറ്റർ ഡോ. ഇയാൻ ഗ്രീൻഷീൽഡ്‌സും വിമാനത്തിലെത്തി അഭിവാദ്യം ചെയ്‌തു. തുടർന്ന് ലിഫ്റ്റിന്റെ സഹായത്തോടെ താഴെയിറങ്ങിയ പാപ്പായെ തെക്കൻ സുഡാൻ പ്രസിഡന്റ് സാൽവ കീർ മയാർദീത്ത് ഔദ്യോഗികമായി സ്വീകരിച്ചു. രണ്ടു കുട്ടികൾ പാപ്പായ്ക്ക് പൂക്കൾ നൽകി. നൂറുകണക്കിന് ആളുകളാണ് വിമാനത്താവളത്തിൽ പാപ്പായെ കാത്തു നിന്നിരുന്നത്. തുടർന്ന് വിമാനത്താവളത്തിന്റെ വി.ഐ.പി. ലോഞ്ചിലെത്തിയ പാപ്പാ അവിടെയുണ്ടായിരുന്ന ഔദ്യോഗികസംഘവുമായി ചെറുകൂടിക്കാഴ്ച നടത്തി.

പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക്.

വിമാനത്താവളത്തിൽനിന്ന് 5 കിലോമീറ്ററുകൾ അകലെ സ്റ്റേറ്റ് ഹൌസ് ജെ1 എന്ന പ്രെസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് വൈകുന്നേരം 3.30-ന് പാപ്പാ യാത്രയായി. 1974-നും 1978-നും ഇടയിൽ പണികഴിപ്പിച്ച നിയമനിർമ്മാണസഭയും വിവിധ മന്ത്രിസഭാമന്ദിരങ്ങളും സ്ഥിതിചെയ്യുന്ന കെട്ടിടസമുച്ചയത്തിനടുത്താണ് ഇതും സ്ഥിതിചെയ്യുന്നത്. 3.45-ന് കൊട്ടാരത്തിലെത്തിയ പാപ്പായെയും ആർച്ച്ബിഷപ് ജസ്റ്റിൻ വെൽബി, ഡോ. ഇയാൻ ഗ്രീൻഷീൽഡ്‌സ് എന്നിവരെയും പ്രസിഡന്റ് സ്വീകരിച്ചു. തുടർന്ന് ഔദ്യോഗികചടങ്ങുകളുടെ ഭാഗമായി ചിത്രമെടുക്കുകയും പ്രമുഖ അതിഥികൾ ഒപ്പുവയ്ക്കുന്ന സന്ദർശന ഡയറിയിൽ പാപ്പാ ഒപ്പുവയ്ക്കുകയും ചെയ്തു. ഇതിന് ശേഷം പ്രെസിഡന്റിന്റെ ഓഫിസിലെത്തിയ തെക്കൻ സുഡാൻ പ്രെസിഡന്റും പാപ്പായും സ്വകാര്യകൂടിക്കാഴ്ച നടത്തി. തുടർന്ന് ഇരുവരും പരസ്പരം സമ്മാനങ്ങൾ കൈമാറുകയും, പ്രസിഡന്റ് തന്റെ കുടുംബത്തെ പപ്പയ്ക്ക് പരിചയപ്പെടുത്തുകയും ചെയ്തു.

കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രെസിഡന്റിനൊപ്പം 4.15-ന് കൊട്ടാരത്തിന്റെ ബോർഡ് റൂമിലെത്തിയ പാപ്പാ, അവിടെ ഉണ്ടായിരുന്ന തെക്കൻ സുഡാന്റെ വൈസ് പ്രെസിഡന്റുമാരുമായും സംഭാഷണം നടത്തി.

ഔദ്യോഗികസമ്മേളനം

കൊട്ടാരത്തിന്റെ ഉദ്യാനത്തിൽ സമ്മേളിച്ചിരുന്ന, സർക്കാർ, നയതന്ത്ര, മത രാഷ്ട്രീയ നേതൃത്വങ്ങളുമായുള്ള തന്റെ ആദ്യ കൂടിക്കാഴ്ചക്കായി അഞ്ചുമണിയോടെ പാപ്പാ എത്തി. ഏതാണ്ട് 250 പേരോളമാണ് അവിടെ സമ്മേളിച്ചിരുന്നത്. തുടർന്ന്, തെക്കൻ സുഡാൻ പ്രസിഡന്റ് പ്രഭാഷണം നടത്തി. പാപ്പായുടെ സന്ദർശനത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ അദ്ദേഹം, ഇത് തെക്കൻ സുഡാന്റെ ചരിത്രത്തിൽത്തന്നെ പ്രധാനപ്പെട്ട ഒരു സംഭവമായിരിക്കുമെന്നും, രാഷ്ട്രമാനസാക്ഷിയിൽ മായാത്ത ഒരു അടയാളമായിരിക്കും ഇത് പതിക്കുക എന്നും പ്രസ്താവിച്ചു. തങ്ങളുടെ രാജ്യത്തിന്റെ സമാധാനത്തിനും അനുരഞ്ജനത്തിനും പാപ്പായുടെയും മറ്റു രണ്ട് സഭാനേതാക്കളുടെയും ഉൾപ്പെടെയുള്ള എക്യൂമെനിക്കൽ തീർത്ഥാടനം ഉപകാരപ്രദമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 2019-ൽ വത്തിക്കാനിൽ വച്ച് നടന്ന ധ്യാനവും പാപ്പായുടെ ഇടപെടലും വെറുതെയാകില്ലെന്ന് അദ്ദേഹം ഉറപ്പുനൽകി.

പ്രെസിഡന്റിന്റെ പ്രഭാഷണത്തിന് ശേഷം മുൻപ് തീരുമാനിച്ചതിൽനിന്ന് വ്യത്യസ്തമായി ഫ്രാൻസിസ് പാപ്പായാണ് പ്രഭാഷണം നടത്തിയത്. ഇറ്റാലിയൻ ഭാഷയിലായിരുന്നു പാപ്പായുടെ പ്രഭാഷണം.

പാപ്പായുടെ പ്രഭാഷണത്തെത്തുടർന്ന്, ആംഗ്ലിക്കൻ സഭാധ്യക്ഷൻ, കാന്റർബറി ആർച്ച്ബിഷപ് ജസ്റ്റിൻ വെൽബിയാണ് പ്രഭാഷണം നടത്തിയത്. ക്രിസ്തുവിലുള്ള വിശ്വാസത്തിൽ ഒരുമിച്ചായിരിക്കുന്ന നാം വിശുദ്ധ യോഹന്നാന്റെ സുവിശേഷം 17-ആം അധ്യായത്തിൽ ക്രിസ്തു പ്രാർത്ഥിക്കുന്ന. "ഏവരും ഒന്നായിരിക്കുക" എന്ന ലക്ഷ്യത്തിലേക്കാണ് നോക്കുന്നതെന്ന് ആർച്ച്ബിഷപ് വെൽബി പറഞ്ഞു. മുൻപ് തീരുമാനിച്ചിരുന്ന “സമാധാനത്തിനായുള്ള ഉടമ്പടി” ഇനിയും പൂർണ്ണമായും പ്രവർത്തികമായില്ല എന്നതിൽ അദ്ദേഹം തന്റെ ദുഃഖം അറിയിച്ചു. അഴിമതി അവസാനിക്കട്ടെയെന്നും സമാധാനം ഉണ്ടാകട്ടെയെന്നുമുള്ള ആശംസയോടെയാണ് അദ്ദേഹം തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്.

തുടർന്ന് പ്രഭാഷണം നടത്തിയ സ്കോട്ലൻഡ് സഭകളുടെ ജനറൽ അസ്സംബ്ലി മോഡറേറ്റർ ഡോ. ഇയാൻ ഗ്രീൻഷീൽഡ്‌സ്, മെച്ചപ്പെട്ട ഒരു ഭാവിയിലേക്ക് വളരാൻ തെക്കൻ സുഡാന് സാധിക്കട്ടെയെന്നും, അതിലേക്കായി രാജ്യത്ത് സമാധാനം ഉണ്ടാകട്ടെയെന്നും ആശംസിച്ചു. നീതിയും കരുണയും ഏവരിലേക്കുമെത്തിക്കാനുള്ള കടമ, രാജ്യത്തിന്റെ അധികാരികളിലും ഓരോ പൗരന്മാരിലുമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

സമ്മേളനം അവസാനിച്ചതിനെത്തുടർന്ന് വൈകുന്നേരം 5.45-ഓടെ പാപ്പാ പ്രെസിഡെൻഷ്യൽ കൊട്ടാരത്തിൽനിന്നും രണ്ടു കിലോമീറ്ററുകൾ അകലെയുള്ള അപ്പസ്തോലിക് നൂൺഷിയേച്ചറിലേക്ക് യാത്രയായി. അവിടെയെത്തിയ പാപ്പായെ നൂൺഷിയേച്ചറിൽ സേവനമനുഷ്ഠിക്കുന്ന ഏവരും ചേർന്ന് സ്വീകരിച്ചു. തുടർന്ന് പാപ്പാ അത്താഴം കഴിച്ചശേഷം വിശ്രമിച്ചു.

തെക്കൻ സുഡാനിലെ രണ്ടാം ദിനം

ഫെബ്രുവരി നാലാം തീയതി രാവിലെ 7 മണിക്ക് നൂൺഷിയേച്ചറിൽ വിശുദ്ധ ബലിയർപ്പിച്ച പാപ്പാ, പ്രഭാതഭക്ഷണത്തിന് ശേഷം രാവിലെ 8.45-ന് അവിടെനിന്ന് രണ്ടു കിലോമീറ്ററുകൾ അകലെ, വിശുദ്ധ ത്രേസ്യയുടെ നാമത്തിലുള്ള കത്തീഡ്രൽ ദേവാലയത്തിലേക്ക് യാത്രയായി.

സഭാനേതൃത്വവും സമർപ്പിതരും പാപ്പായ്‌ക്കൊപ്പം

തെക്കൻ സുഡാനിലെ മെത്രാന്മാരും, വൈദികരും, സമർപ്പിതരും ഉൾപ്പെടെയുള്ള ആളുകളുമായുള്ള കൂടിക്കാഴ്ചയ്ക്കായി യാത്ര പുറപ്പെട്ട പാപ്പാ 9 മണിയോടെ അവിടെയെത്തി. 1974-ൽ പോൾ ആറാമൻ പാപ്പാ അനുവദിച്ച ജൂബ അതിരൂപതയുടെ കത്തീഡ്രൽ ദേവാലയവാതിൽക്കലെത്തിയ പാപ്പായെ അതിരൂപതാധ്യക്ഷനും കത്തീഡ്രൽ പള്ളി വികാരിയും ചേർന്ന് സ്വീകരിച്ചു. തുടർന്ന് നടന്ന സമ്മേളനത്തിൽ പ്രാരംഭാഗാനത്തിന് ശേഷം, സുഡാനിലെ മെത്രാൻ സംഘത്തിന്റെ പ്രസിഡന്റ് ഏവരെയും സ്വാഗതം ചെയ്തു. തെക്കൻ സുഡാനിലെയും സുഡാനിലെയും മെത്രാന്മാർ ചേരുന്നതാണ് ഇവിടുത്തെ മെത്രാൻസംഘം. സുഡാനിലെ എൽ ഒബെയ്ദ് രൂപതാധ്യക്ഷൻ ബിഷപ് യുനാൻ തോമ്പെയാണ് മെത്രാൻ സംഘത്തിന്റെ ഇപ്പോഴത്തെ പ്രസിഡന്റ്. ഫ്രാൻസിസ് പാപ്പായുടെ ജീവിതത്തിന്റെ ലാളിത്യവും, ഉദാരമനസ്കതയും അവഗണിക്കപ്പെട്ടവരോടും പാവപ്പെട്ടവരോടുമുള്ള തങ്ങളുടെ കരുതലിൽ മാതൃകയാണെന്ന് ബിഷപ് യുനാൻ തന്റെ പ്രഭാഷണത്തിൽ പറഞ്ഞു. പ്രകൃതിയുടെ സംരക്ഷണം, പ്രശ്നങ്ങൾ സമാധാനപൂർണ്ണമായും ചർച്ചകളിലൂടെയും പരിഹരിക്കൽ, അഭയാർത്ഥികളോട് തുറന്ന മനസ്സോടെയുള്ള പെരുമാറ്റം തുടങ്ങിയ കാര്യങ്ങളിൽ പാപ്പാ നൽകിവരുന്ന നിർദ്ദേശങ്ങൾ തങ്ങൾ പാലിക്കുവാൻ പരിശ്രമിക്കുന്നതിനെക്കുറിച്ച് പറഞ്ഞ അദ്ദേഹം ദൈവത്തോടും മറ്റുള്ളവരോടുമുള്ള തങ്ങളുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ച് തങ്ങളെ ബോധവാന്മാരാക്കുന്നതിൽ പാപ്പായ്ക്ക് നന്ദി പറഞ്ഞു.

തുടർന്ന് ഒരു വൈദികന്റേയും ഒരു സന്ന്യാസിനിയുടെയും സാക്ഷ്യമുണ്ടായിരുന്നു. ആദ്യം സംസാരിച്ച ഫാ. ലൂക്ക ഹസ്സൻ അർനു, സുഡാനിലെ എല്ലാ ആളുകളുടെയും ഹൃദയത്തെ സ്പർശിക്കണമേയെന്നും, നീണ്ടുനിൽക്കുന്ന സമാധാനത്തിലേക്ക് നയിക്കണമേയെന്നും പ്രാർത്ഥിച്ചു. സുഡാനിലെ സഭ, തങ്ങളുടെ പരിധികൾക്കുള്ളിൽ നിന്നുകൊണ്ട് മറ്റുള്ളവർക്ക്, അജപാലനരംഗത്തും, ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളിലും നൽകുന്ന സേവനത്തെക്കുറിച്ചും അദ്ദേഹം വിവരിച്ചു. തുടർന്ന് സംസാരിച്ച സിസ്റ്റർ റെജീന ആക്കൻ, 2021 ഓഗസ്റ്റ് 16-ആം തീയതി അക്രമികളുടെ കൈകളാൽ കൊല്ലപ്പെട്ട മേരി, റെജീന എന്നീ സന്ന്യാസിനിമാരെക്കുറിച്ച് തന്റെ പ്രഭാഷണത്തിൽ പരാമർശിച്ചു.

അതേത്തുടർന്ന് പാപ്പാ തന്റെ പ്രഭാഷണം നടത്തി. പ്രഭാഷണത്തിന് ശേഷം ഏവർക്കും പാപ്പാ ആശീർവാദം നൽകി.

സമ്മേളനം അവസാനിച്ചശേഷം 10.13-ന് തിരികെ നൂൺഷിയെച്ചറിലേക്ക് യാത്രയായ പാപ്പാ, 11 മണിയോടെ അവിടെവച്ച് സുഡാനിലെ ഈശോസഭാവൈദികരുമായി സ്വകാര്യകൂടിക്കാഴ്ച നടത്തി.

തുടർന്ന് 12 മണിയോടെ നൂൺഷിയെച്ചറിൽ ഉച്ചഭക്ഷണം കഴിച്ച പാപ്പാ വൈകുന്നേരം 4.30-ന് സ്വാതന്ത്ര്യത്തിന്റെ ഓർമ്മയ്ക്കായി 2011-ൽ പണികഴിക്കപ്പെട്ട ശാലയിൽ, സുഡാനിലെ കുടിയൊഴിക്കപ്പെട്ട ആളുകളുമായുള്ള സമ്മേളനത്തിനായി യാത്രയാകുന്നത് വരെ നൂൺഷിയെച്ചറിൽ തുടർന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 February 2023, 16:05