തിരയുക

ദുരിതാനുഭവത്തിന്റെ കണ്ണീർ തുടയ്ക്കുന്ന ഫ്രാൻസിസ് പാപ്പാ ദുരിതാനുഭവത്തിന്റെ കണ്ണീർ തുടയ്ക്കുന്ന ഫ്രാൻസിസ് പാപ്പാ  (VATICAN MEDIA Divisione Foto)

മുറിവുകളിൽ വിശ്വാസത്തിന്റെ തൈലവുമായി ഫ്രാൻസിസ് പാപ്പാ

കോംഗോ ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്കിന്റെ കിഴക്കൻ പ്രദേശങ്ങളിൽ വിവിധ തരത്തിലുള്ള പീഡനങ്ങൾക്ക് ഇരകളായ ആളുകളുമായി കൂടിക്കാഴ്ച നടത്തിയ പാപ്പാ, തങ്ങൾ അനുഭവിക്കേണ്ടിവന്ന പീഡനങ്ങൾക്ക് പകരം വീട്ടാൻ ശ്രമിക്കുകയെന്ന ചിന്ത ഇല്ലാതാക്കാനും, പരസ്പരം ക്ഷമിച്ച്, അനുരഞ്ജനത്തിന്റെ പാതയിലേക്ക് വരാനും, സഹോദര്യത്തിൽ മുന്നേറാനും ആഹ്വാനം ചെയ്തു.
ഫ്രാൻസിസ് പാപ്പായുടെ പ്രഭാഷണത്തിന്റെ മലയാളത്തിലുള്ള സംഗ്രഹം - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

മാനുഷികമായ രീതിയിൽ ഒരിക്കലും അംഗീകരിക്കാനാകാത്ത വലിയ പീഡനങ്ങളിലൂടെ കടന്നു പോയ, കിഴക്കൻ കോംഗോയിൽനിന്നുള്ള ആളുകൾ നൽകിയ സാക്ഷ്യത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് പരിശുദ്ധ പിതാവ് തന്റെ പ്രഭാഷണം ആരംഭിച്ചത്. അന്താരാഷ്ട്രമാധ്യമങ്ങൾ പലപ്പോഴും മൗനം പാലിക്കുന്ന ഇതുപോലെയുള്ള സംഭവങ്ങൾക്ക് മുന്നിൽ നിശബ്ദതയിൽ വിലപിക്കാനേ സാധിക്കൂ എന്ന് പാപ്പാ പറഞ്ഞു. കൂടുതൽ ശക്തിയും ആയുധങ്ങളും കൈയിലുള്ളവരുടെ കീഴിൽ കഴിയേണ്ടി വരുന്ന സ്ഥിയെക്കുറിച്ച് പാപ്പാ അനുസ്മരിച്ചു. രാജ്യത്തിന്റെ കിഴക്കൻ പ്രദേശങ്ങളിൽ സമാധാനമെത്താതെ കോംഗോയിൽ സമാധാനം ഉണ്ടാവുകയില്ലെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

ദൈവത്തിന്റെ കണ്ണുകളിൽ വിലയുളളവർ

ശാരീരികവും മാനസികവുമായ പലവിധ പീഡനങ്ങളിലൂടെ കടന്നുപോയ സ്ത്രീകളെയും, കുട്ടികളെയും മുതിർന്നവരെയും പരാമർശിച്ചുകൊണ്ട്, ഞാൻ നിങ്ങളോടൊപ്പമുണ്ട് എന്ന് പാപ്പാ പറഞ്ഞു. അക്രമികൾ നിങ്ങളെ വസ്തുക്കളായി കണക്കാക്കുമ്പോൾ, പിതാവായ ദൈവം നിങ്ങളെ വിലയുള്ളവരായി കണക്കാക്കുകയും സ്നേഹിക്കുകയും ചെയ്യുന്നുവെന്ന് പറഞ്ഞ പാപ്പാ, സഭ നിങ്ങൾക്കൊപ്പമാണെന്ന് ഉറപ്പുനൽകി.

അക്രമങ്ങൾക്കെതിരെ

പീഡനങ്ങൾക്കിരകളായവർക്കും, സമാധാനത്തിനും, സാഹോദര്യത്തിനും, നീതിക്കും വേണ്ടി പ്രവർത്തിക്കുന്നവർക്കുമൊപ്പം, താൻ സായുധ അക്രമങ്ങളെയും, കൊലപാതകങ്ങളെയും, പീഡനങ്ങളെയും, എല്ലാത്തരം കൊള്ളകളെയും ദൈവത്തിന്റെ നാമത്തിൽ അപലപിക്കുന്നുവെന്ന് പാപ്പാ പറഞ്ഞു. രാജ്യത്തിന് പുറത്തുനിന്നും, ഉള്ളിൽനിന്നും കോംഗോയിൽ അന്തഛിദ്രം ഉണ്ടാക്കാൻ ശ്രമിക്കുന്നവർക്കെതിരെയും പാപ്പാ ശബ്ദമുയർത്തി. അത്തരം പ്രവർത്തികളിൽ ഏർപ്പെട്ടിരിക്കുന്നവർക്കുവേണ്ടിയും താൻ ദൈവത്തോട് ക്ഷമ യാചിക്കുന്നുവെന്ന് പാപ്പാ പറഞ്ഞു. ദശലക്ഷക്കണക്കിന് ആളുകൾക്ക് കുടിയിറങ്ങേണ്ടിവന്ന അവസ്ഥയും, അതിഗൗരവമായ മനുഷ്യാവകാശ ലംഘനങ്ങളും, പരിഹരിക്കാനാകാത്ത കുറ്റങ്ങളുമാണ് ഇവിടെ ഉണ്ടായിട്ടുള്ളതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ധനത്തിന് വേണ്ടിയുള്ള ആർത്തിയാണ് ഇതുപോലെയുള്ള പല അതിക്രമങ്ങൾക്കും പിന്നിൽ എന്ന് പാപ്പാ കൂട്ടിച്ചേർത്തു. കോംഗോയിലെ സംഘർഷങ്ങൾക്ക് കാരണമാകുന്നവരോട്, പീഡനങ്ങൾക്കിരയായ മനുഷ്യരുടെ നിലവിളി ശ്രവിക്കുവാനും, ദൈവത്തിന്റെയും മനഃസാക്ഷിയുടെയും സ്വരം ശ്രവിച്ച്, മനസാന്തരപ്പെടാനും പാപ്പാ ആവശ്യപ്പെട്ടു. ആയുധങ്ങൾ കൈവെടിയാനും, ദുർബലരായ മനുഷ്യരുടെ ജീവിതം തകർത്തുകൊണ്ട് ധനസമ്പാദനം നടത്തുന്നത് നിറുത്തുവാനും പരിശുദ്ധ പിതാവ് ഏവരെയും ആഹ്വാനം ചെയ്തു.

അരുതുകൾ

രണ്ടു തരം അരുതുകൾ ജീവിതത്തിൽ പറയുവാൻ പാപ്പാ ഉദ്‌ബോധിപ്പിച്ചു. ഒന്നാമതായി അക്രമങ്ങളോട് അരുത് എന്ന് പറയുവാൻ നമുക്ക് സാധിക്കണം. സ്വന്തം ജനത്തെയോ, രാജ്യത്തെയോ സ്നേഹിക്കുക എന്നാൽ മറ്റുള്ളവരെ വെറുക്കുക എന്ന അർത്ഥമില്ല എന്ന് പാപ്പാ ഓർമ്മിപ്പിച്ചു. അക്രമങ്ങൾ ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞ പാപ്പാ, നമ്മുടേത് യുദ്ധത്തിന്റെയല്ല, സമാധാനത്തിന്റെ ദൈവമാണെന്ന് വ്യക്തമാക്കി. അക്രമങ്ങളെയും വെറുപ്പിനെയും കൈവെടിയുവാൻ, ഹൃദയത്തെ നിർമ്മലമാക്കേണ്ട ആവശ്യമുണ്ടെന്ന് പറഞ്ഞു. തന്നെ കുരിശിലേറ്റിയവരോട് ക്ഷമിച്ച യേശുവിന്റെ നാമത്തിൽ, ഹൃദയങ്ങളിൽനിന്ന് വെറുപ്പിന്റെ ആയുധങ്ങൾ നീക്കം ചെയ്യാൻ പാപ്പാ ആവശ്യപ്പെട്ടു.

നല്ലൊരു ഭാവി കെട്ടിപ്പടുക്കുന്നതിനും, സമാധാനം സ്ഥാപിക്കുന്നതിനുമുള്ള ശ്രമങ്ങളിൽ നിന്ന് പിന്നോക്കം പോകാനുള്ള പ്രലോഭനങ്ങളുടെ മുന്നിൽ വഴങ്ങിക്കൊടുക്കാനുള്ള തോന്നലിനോട് അരുത് എന്ന് പറയാനുള്ള കഴിവാണ് രണ്ടാമത് വേണ്ടതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. സമാധാനത്തിന്റെ ഒരു നല്ല നാളെ ആകാശത്തിൽനിന്ന് വീണു കെട്ടില്ലെന്നും, അതിനായി അധ്വാനിക്കേണ്ട ആവശ്യമുണ്ടെന്നും പാപ്പാ പറഞ്ഞു. സ്വന്തം ഗ്രൂപ്പിനോട് മാത്രം ചേർന്ന് നിന്നോ, സ്വന്തം താല്പര്യങ്ങൾക്കുവേണ്ടി നിന്നുകൊണ്ടോ ഭാവിയെ പടുത്തുയർത്താനാകില്ലെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ക്രൈസ്തവ വിശ്വാസപ്രകാരം ഒരേ പിതാവിന്റെ മക്കളെന്ന നിലയിൽ എല്ലാവരോടും ഒരുമിച്ച് പ്രവർത്തിച്ച് മുന്നേറാൻ പാപ്പാ ആഹ്വാനം ചെയ്തു.

സമ്മതമേകൽ

സമാധാനം നേടുവാനായി രണ്ടു കാര്യങ്ങളിൽ നാം യെസ് പറയേണ്ട ആവശ്യമുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ഒന്നാമതായി അനുരഞ്ജനത്തിന് നാം സമ്മതം നൽകേണ്ടതുണ്ട്. മറ്റുള്ളവരോട് ക്ഷമിച്ചുകൊണ്ട്, ആയുധങ്ങൾ ഉപേക്ഷിച്ച്, ക്രിസ്തു മരണത്തിന്റെ ഉപകാരണമായിരുന്ന കുരിശിനെ എപ്രകാരം ജീവന്റെ വൃക്ഷമാക്കി മാറ്റിയോ അതുപോലെ, മറ്റുള്ളവരോട് ക്ഷമിച്ചുകൊണ്ട്, നമ്മളും ജീവന്റെ വൃക്ഷങ്ങളായി മാറേണ്ടതുണ്ട്. മറ്റുള്ളവരെ ശിക്ഷിക്കാൻ ആഗ്രഹിക്കാതിരിക്കുകയും, പ്രതികാരം ചെയ്യാതിരിക്കുകയും മാത്രം പോരാ, അനുരഞ്ജനപ്പെടുകയും ക്ഷമിക്കുകയും വേണമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. പുറമെ നിന്നുകൊണ്ട് ഇല്ലാതാക്കാൻ ശ്രമിക്കുന്നതിനേക്കാൾ, ക്ഷമിച്ചുകൊണ്ട് ഉള്ളിൽനിന്ന് യാഥാർഥ്യങ്ങളെ മാറ്റുവാനാണ് നാം ശ്രമിക്കേണ്ടത്. അനുരഞ്ജനപ്പെടുകയെന്നാൽ നാളത്തേക്ക് സൃഷ്ടിക്കുക എന്നതാണ് അർഥം.

രണ്ടാമത് സമ്മതമേകാനുള്ളത് പ്രതീക്ഷകൾക്കാണ് എന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. അനുരഞ്ജനം ഫലം നൽകുന്ന ഒരു വൃക്ഷമാണെകിൽ, പ്രതീക്ഷ, അതിനെ പുഷ്പിക്കുന്ന ജലമാണെന്ന് പാപ്പാ പറഞ്ഞു. പ്രതീക്ഷയുടെ സ്രോതസ്, യേശുവാണ്. എല്ലാത്തിന്റെയും അവസാനമെന്നു കരുതിയിരുന്ന കല്ലറയെ പുതിയൊരു തുടക്കത്തിന്റെ ഇടമാക്കി യേശു മാറ്റി. തിന്മകൾ ഏൽക്കേണ്ടി വന്നവർക്കും, അത് ചെയ്തവർക്കും, യേശുവിൽ ഇനിയും പ്രതീക്ഷയുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. വരുന്ന തലമുറയ്ക്കായി പ്രതീക്ഷയുടെ വിത്തുകൾ ഇന്ന് വിതയ്ക്കേണ്ടതുണ്ടെന്ന് പരിശുദ്ധ പിതാവ് കൂട്ടിച്ചേർത്തു.

ഉപസംഹാരം

സമാധാനസ്ഥാപനത്തിന് വേണ്ടി പരിശ്രമിക്കുന്നവർക്ക് പാപ്പാ നന്ദി പറഞ്ഞു. തങ്ങളുടെ ജീവൻ പണയപ്പെടുത്തിയും സമാധാനത്തിനുവേണ്ടി പരിശ്രമിച്ച ആളുകളുണ്ടെന്ന്, രണ്ടു വർഷങ്ങൾക്ക് മുൻപ് കൊല്ലപ്പെട്ട ലൂക്ക അത്തനാസിയോ എന്ന ഇറ്റാലിയൻ അംബാസഡറിന്റെയും, ഇറ്റാലിയൻ പാരാമിലിറ്ററി അംഗം വിത്തോറിയോ യാക്കൊവാച്ചി, അവരുടെ ഡ്രൈവർ മുസ്തഫ മിലാമ്പോ എന്നിവരെ പരാമർശിച്ചുകൊണ്ട് പാപ്പാ പറഞ്ഞു. ഏവർക്കും യേശുവിന്റെ സമാധാനം ആശംസിച്ചുകൊണ്ടാണ് പാപ്പാ തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 February 2023, 13:12