തിരയുക

വിശ്വാസപ്രഘോഷണവഴിയിൽ മാതൃകയായി മത്തെയോ റിച്ചി: ഫ്രാൻസിസ് പാപ്പായുടെ പ്രബോധനം

മത്തെയോ റിച്ചിയുടെ ജീവിതത്തെയും സുവിശേഷപ്രഘോഷണമാതൃകയെയും ഉയർത്തിക്കാട്ടി ഫ്രാൻസീസ് പാപ്പായുടെ പ്രതിവാര പൊതുകൂടിക്കാഴ്ചാ സന്ദേശം (31-05-2023).
ഫ്രാൻസിസ് പാപ്പാ പൊതുകൂടിക്കാഴ്ച്ചാവേളയിൽ നടത്തിയ പ്രഭാഷണത്തിന്റെ പരിഭാഷ - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഫ്രാൻസിസ് പാപ്പായുടെ ഈ മാസത്തിലെ അഞ്ചാമത്തെ പൊതുകൂടിക്കാഴ്ചയായിരുന്നു  മെയ് മുപ്പത്തിയൊന്ന് തീയതി ബുധനാഴ്ച രാവിലെ വത്തിക്കാനിൽ വച്ച് നടന്നത്. പ്രാദേശിക സമയം രാവിലെ 8. 45, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 12.15-ന് തുറന്ന വാഹനത്തിൽ വത്തിക്കാനിലെ പത്രോസിന്റെ ചത്വരത്തിലേക്ക് പാപ്പാ എത്തി. ചത്വരത്തിലൂടെയുള്ള യാത്രയിൽ പാപ്പാ, ഇത്തവണയും തന്റെ വാഹനത്തിൽ തന്നോടൊപ്പം സഞ്ചരിക്കാൻ കുറച്ചു കുട്ടികൾക്ക് അവസരം നൽകി. ആളുകളെ അഭിവാദനം ചെയ്തു നീങ്ങവേ, കുറച്ചു ശിശുക്കൾക്ക് പാപ്പാ ചുംബനം നൽകുകയും അവരെ ആശീർവദിക്കുകയും ചെയ്തു. 8.57-ന് പാപ്പാ പ്രധാന പീഠത്തിലെത്തിയപ്പോൾ അവിടെയുണ്ടായിരുന്ന ആയിരക്കണക്കിന് ആളുകൾ കരഘോഷമുയർത്തി ത്രിത്വൈകസ്തുതിയോടുകൂടിയാണ് പാപ്പാ പൊതുദര്‍ശനപരിപാടിക്ക് ആരംഭം കുറിച്ചത്. “സുവിശേഷവത്ക്കരണത്തിനായുള്ള തീക്ഷ്ണത: വിശ്വാസിയുടെ അപ്പസ്തോലിക തീക്ഷ്ണത” എന്ന വിഷയത്തെ ആധാരമാക്കിയാണ് സുവിശേഷവത്ക്കരണത്തിനായുള്ള തീക്ഷ്ണതയുമായി ബന്ധപ്പെട്ട് നടത്തിവരുന്ന പ്രബോധനപരമ്പര പാപ്പാ തുടർന്നത്. ചൈനയിൽ സുവിശേഷവത്കരണത്തിനായി സ്വജീവിതം സമർപ്പിച്ച ധന്യൻ മത്തെയോ റിച്ചിയുടെ ജീവിതവുമായി ആധാരമാക്കിയാണ് സുവിശേഷവത്കരണവുമായി ബന്ധപ്പെട്ട ഇത്തവണത്തെ തന്റെ പ്രബോധനം പാപ്പാ നടത്തിയത്.. അധ്യയനത്തിന് മുൻപായി വിശുദ്ധ പൗലോസ് കോറിന്തോസുകാർക്കെഴുതിയ ഒന്നാം ലേഖനം ഒൻപതാം അധ്യായം 19-20.22-23 വാക്യങ്ങൾ വിവിധ ഭാഷകളിൽ വായിക്കപ്പെട്ടു:

ഞാൻ എല്ലാവരിലും നിന്ന് സ്വതന്ത്രനാണെങ്കിലും വളരെപ്പേരെ നേടേണ്ടതിന് ഞാൻ എല്ലാവരുടെയും ദാസനായിത്തീർന്നിരിക്കുന്നു. യഹൂദരെ നേടേണ്ടതിന് ഞാൻ അവരുടെയിടയിൽ യഹൂദനെപ്പോലെയായി. ബലഹീനരെ നേടേണ്ടതിന് ഞാൻ അവർക്കു ബലഹീനനായി. എല്ലാ പ്രകാരത്തിലും കുറേപ്പേരെ രക്ഷിക്കേണ്ടതിന് ഞാൻ എല്ലാവർക്കും എല്ലാമായി. സുവിശേഷത്തിൽ ഭാഗഭാക്കാകുന്നതിനായി സുവിശേഷത്തിനുവേണ്ടി ഞാൻ ഇവയെല്ലാം ചെയ്യുന്നു. (1 Cor 9,19-20.22-23)

സുവിശേഷവായനയെത്തുടർന്ന് ഇറ്റാലിയൻ ഭാഷയിൽ പാപ്പാ തന്റെ പ്രഭാഷണം ആരംഭിച്ചു..

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!

അപ്പസ്തോലിക തീക്ഷ്ണതയെക്കുറിച്ച്, അതായത് യേശു ക്രിസ്തുവിന്റെ സന്ദേശം മുന്നോട്ടു കൊണ്ടുപോകുവാൻ ഓരോ ക്രൈസ്തവനും ഉണ്ടാകുന്ന പ്രേരണയെക്കുറിച്ച്  പ്രതിപാദിച്ചുകൊണ്ടുള്ള നമ്മുടെ മതാധ്യായനം നമുക്ക് തുടരാം. ഇന്ന് അപ്പസ്തോലിക തീക്ഷണതയുടെ മറ്റൊരു വലിയ ഉദാഹരണമാണ് നിങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നത്. നാം ഫ്രാൻസിസ് സേവ്യറിനെക്കുറിച്ചും വിശുദ്ധ പൗലോസിനെക്കുറിച്ചും, അതി വ്യഗ്രരാരായവരുടെ അപ്പസ്തോലിക തീക്ഷ്ണതയെക്കുറിച്ച് മുൻപ് പ്രതിപാദിച്ചിരുന്നു. ഇന്ന് ചൈനയിലേക്ക് പോയ ഒരു ഇറ്റലിക്കാരനെക്കുറിച്ചാണ് നാം പറയുക, മത്തെയോ റിച്ചി.

ഇറ്റലിയിലെ മാർക്കെ പ്രദേശത്തെ മച്ചെരാത്തയിൽനിന്നുള്ള അദ്ദേഹം ഈശോസഭാവൈദികരുടെ സ്കൂളിൽ വിദ്യ അഭ്യസിക്കുകയും അതിനുശേഷം ഈശോസഭയിൽ ചേരുകയും, മറ്റനേകം യുവജനങ്ങളെപ്പോലെ മിഷനറിമാരുടെ വിവരണങ്ങൾ കേട്ട് ആവേശഭരിതനായി, കിഴക്കൻ പ്രദേശങ്ങളിലേക്കുള്ള മിഷനിലേക്ക് അയക്കപ്പെടുവാൻ ആവശ്യപ്പെടുകയും ചെയ്തു. ഫ്രാൻസിസ് സേവ്യറിന്റെ ശ്രമത്തിന് ശേഷം മറ്റ് ഇരുപത്തിയഞ്ച് ഈശോസഭാവൈദികർ ചൈനയിൽ പ്രവേശിക്കുവാൻ നിഷ്‌ഫലമായി പരിശ്രമിച്ചിരുന്നു. എന്നാൽ മത്തെയോ റിച്ചിയും മറ്റൊരു സഹസഹോദരനും ചൈനീസ് ഭാഷയും അവരുടെ ആചാരങ്ങളും നന്നായി പഠിച്ച് തയ്യാറെടുക്കുകയും അവസാനം ചൈനയുടെ തെക്കുഭാഗത്ത് സ്ഥിരതാമസമാക്കുന്നതിൽ വിജയിക്കുകയും ചെയ്തു. നാലു ഘട്ടങ്ങളായി നാല് നഗരങ്ങളിലൂടെ കടന്നുപോയി പതിനെട്ട് വർഷങ്ങൾ എടുത്താണ് അവർ തലസ്ഥാനമായ ബെയ്‌ജിങ്ങിൽ എത്തിയത്. അചഞ്ചലമായ ഒരു വിശ്വാസത്താൽ നയിക്കപ്പെട്ട്, അശ്രാന്തപരിശ്രമത്തോടും ക്ഷമയോടും കൂടി, മത്തെയോ റിച്ചിക്ക് ബുദ്ധിമുട്ടുകളും അപകടങ്ങളും, അവിശ്വാസവും എതിർപ്പുകളും മറികടക്കാൻ സാധിച്ചു. നടന്നോ, കുതിരപ്പുറത്തോ അക്കാലത്ത് ഒരുപാട് ദൂരം സഞ്ചരിക്കുന്നതിനെക്കുറിച്ച് ഒന്ന് ചിന്തിച്ചു നോക്കൂ, എന്നാൽ അദ്ദേഹം തന്റെ യാത്രയിൽ മുന്നോട്ട് പോയി. മത്തെയോ റിച്ചിയുടെ രഹസ്യം എന്തായിരുന്നു? സുവിശേഷവത്കരണത്തിനായുള്ള തീക്ഷ്‌ണത അദ്ദേഹത്തെ എവിടേക്കാണ് നയിച്ചത്?

താൻ കണ്ടുമുട്ടിയ ഏവരുമായും സംവാദത്തിന്റെയും സൗഹൃദത്തിന്റെയും മാർഗ്ഗമാണ് അദ്ദേഹം പിന്തുടർന്നത്. ഇത് ക്രൈസ്‌തവവിശ്വാസം പ്രഘോഷിക്കുന്നതിനായി നിരവധി വാതിലുകൾ അദ്ദേഹത്തിന് മുന്നിൽ തുറക്കപ്പെടുവാൻ കാരണമായി.  ചൈനീസ് ഭാഷയിലുള്ള അദ്ദേഹത്തിന്റെ ആദ്യകൃതി സൗഹൃദത്തെക്കുറിച്ചുള്ളതായിരുന്നു. അതിന് വലിയ വിജയമുണ്ടായി. ചൈനീസ് സംസ്കാരത്തോടും ജീവിതരീതികളോടും ഇണങ്ങുന്നതിനായി അദ്ദേഹം, അവിടുത്തെ രീതിയനുസരിച്ച് ഉന്നതബുദ്ധമതക്കാരെപ്പോലെ വസ്ത്രം ധരിച്ചിരുന്നു. എന്നാൽ ഏറ്റവും മെച്ചപ്പെട്ടത്, വിദ്യാസമ്പന്നരെയും യൂണിവേഴ്സിറ്റി പ്രൊഫസർമാരെയും പോലെ, വിദ്യാഭ്യാസം നേടിയവരുടെ ജീവിതശൈലിയും വസ്ത്രധാരണരീതിയുമാണ് എന്ന് മനസ്സിലാക്കിയ അദ്ദേഹം, പിന്നീട് അതനുസരിച്ച് വസ്ത്രധാരണശൈലി മാറ്റി. ക്രൈസ്തവമതത്തെ ക്രിയാത്മകമായ സംവാദത്തിലൂടെയും, കൺഫ്യൂഷ്യൻ ജ്ഞാനത്തോടെയും, ചൈനീസ് സമൂഹത്തിന്റെ ആചാരങ്ങളോടും പാരമ്പര്യത്തോടും കൂടി അവതരിപ്പിക്കുന്നതിനായി അദ്ദേഹം അവരുടെ പൗരാണിക ഗ്രന്ഥങ്ങൾ ആഴത്തിൽ പഠിച്ചു. ഇതിനെയാണ് സാംസ്‌കാരിക അനുരൂപണത്തിന്റെ മനോഭാവം എന്ന് വിളിക്കുന്നത്. മിഷനറിമാർ ഗ്രീക്ക് സംസ്കാരം പോലെയുള്ള സംവാദങ്ങൾ വഴി ക്രൈസ്തവവിശ്വാസത്തെ സാംസ്കാരികമായി അനുരൂപപ്പെടുത്താൻ അറിഞ്ഞിരുന്നു.

ചൈനക്കാർ അന്നുവരെ ചിന്തിച്ചിരുന്നതിൽനിന്ന് ഒരുപാട് വ്യത്യസ്ഥമായ രീതിയിൽ, വലിയ ഒരു യാഥാർഥ്യമായി, വിവിധ ഭൂഖണ്ഡങ്ങൾ ഉൾപ്പെടെ, അന്നുവരെ അറിയപ്പെട്ടിരുന്ന മുഴുവൻ ഭൂമിയുടെയും ഭൂപടം ഉൾപ്പെട്ടിരുന്ന അദ്ദേഹം തയ്യാറാക്കിയ ലോകഭൂപടം പോലെ, അദ്ദേഹത്തിന്റെ ശാസ്ത്രീയവിഷയങ്ങളിലുള്ള തയ്യാറെടുപ്പ്, വിദ്യാസമ്പന്നരായ ആളുകളിൽ താല്പര്യമുണർത്തിയിരുന്നു. ലോകം ചൈനയേക്കാൾ വലുതാണെന്ന് അദ്ദേഹം അവരെ കാണിച്ചുകൊടുത്തു. ഇത് ചൈനക്കാർക്ക് മനസ്സിലായി കാരണം അവർ ബുദ്ധിമതികളായിരുന്നു. അതുപോലെ, റിച്ചിയുടെയും അദ്ദേഹത്തട്ടിന്റെ അനുയായികളായ മിഷനറിമാരുടെയും ഗണിത, ജ്യോതി ശാസ്ത്രപരമായ അറിവുകൾ പാശ്ചാത്യ പൗരസ്ത്യ സംസ്കാരങ്ങളും ശാസ്ത്രങ്ങളും തമ്മിലുള്ള ഫലവത്തായ ഒരു ഒത്തുചേരലിന് സഹായകമായി. ഈ സമയത്ത് ഇരു സംസ്കാരങ്ങളും ശാസ്ത്രങ്ങളും, സംവാദങ്ങളിലൂടെയും സൗഹൃദത്തിലൂടെയും ഏറ്റവും മനോഹരമായ ഒരു സമയത്തിലൂടെയാണ് കടന്നുപോയത്. വാസ്തവത്തിൽ, ഡോക്ടർ പോൾ (Xu Guangqi) ഡോക്ടറോ ലിയോൺ (Li Zhizao) പോലെയുള്ള പ്രശസ്തരായ അദ്ദേഹത്തിന്റെ ചൈനീസ് സുഹൃത്തുക്കളുടെ സഹകരണമില്ലായിരുന്നെങ്കിൽ മത്തെയോ റിച്ചിയുടെ പ്രവർത്തനം സാധ്യമാകുമായിരുന്നില്ല.

ഒരു ശാസ്ത്രജ്ഞനെന്ന നിലയിലുള്ള റിച്ചിയുടെ പ്രശസ്തി, അദ്ദേഹത്തിന്റെ എല്ലാ പരിശ്രമങ്ങളിലും ഏറ്റവും അടിസ്ഥാനമായി നിന്നിരുന്ന സുവിശേഷപ്രഘോഷണമെന്ന പ്രചോദനത്തെ തമസ്‌കരിച്ചുകളയരുത്. അദ്ദേഹം ശാസ്ത്രജ്ഞരുമായുള്ള തന്റെ ശാസ്ത്രസംവാദങ്ങളുമായി മുന്നോട്ടുപോവുകയായിരുന്നു, പക്ഷെ തന്റെ വിശ്വാസത്തിനും സുവിശേഷത്തിനും സാക്ഷ്യം നൽകിയിരുന്നു. "സ്വർഗ്ഗാധിപതിയുടെ യഥാർത്ഥ അർത്ഥം" (Il vero significato del Signore del Cielo) എന്ന പേരിലുള്ള പുസ്തകം പോലെയുള്ള തന്റെ പ്രധാന ചൈനീസ് കൃതികളിൽ അദ്ദേഹം പറയുന്നതുപോലെ, ശാസ്ത്രസംവാദങ്ങളിലൂടെ ലഭിച്ച വിശ്വാസ്യത, ക്രൈസ്തവ വിശ്വാസത്തിന്റെയും ധാർമികതയുടെയും യാഥാർഥ്യത്തെ മുന്നോട്ടുവയ്ക്കാൻ അദ്ദേഹത്തിന് ആധികാരികത നൽകി. പ്രമാണങ്ങൾക്ക് പുറമെ, അദ്ദേഹത്തിന്റെ സമർപ്പിതജീവിതത്തിന്റെയും, സദ്ഗുണങ്ങളുടെയും പ്രാർത്ഥനയുടെയും സാക്ഷ്യം അവർക്കുണ്ടായിരുന്നു. ഈ മിഷനറിമാർ പ്രാർത്ഥിച്ചിരുന്നു. അവർ പ്രഘോഷണത്തിന് പോയിരുന്നു, അവർ രാഷ്ട്രീയ നീക്കങ്ങൾ ഉൾപ്പെടെ നടത്തിയിരുന്നു, എല്ലാറ്റിനുമുപരി പ്രാർത്ഥിച്ചിരുന്നു. കാരുണ്യത്തിന്റേതായ ഒരു ജീവിതം, ഇതാണ് മിഷനറി ജീവിതത്തെ പോഷിപ്പിക്കുന്നത്. അവർ എളിമയോടെ മറ്റുള്ളവരെ സഹായിച്ചിരുന്നു. ബഹുമതികളിലും സമ്പത്തിലും താല്പര്യമില്ലാതെ, പരിപൂർണ്ണ നിസ്വാർത്ഥമായ അവരുടെ ജീവിതമാണ് അദ്ദേഹത്തിന്റെ ഒരുപാട് ശിഷ്യന്മാരെയും സുഹൃത്തുക്കളെയും ക്രൈസ്തവവിശ്വാസം സ്വീകരിക്കുന്നതിലേക്ക് നയിച്ചത്. കാരണം അദ്ദേഹത്തിൽ, കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്ന ബുദ്ധിമതിയും ജ്ഞാനിയും, നല്ല അർത്ഥത്തിൽ കൗശലക്കാരനുമായ ഒരു മനുഷ്യനെ അവർ കണ്ടു. ഇദ്ദേഹം പ്രഘോഷിക്കുന്നത് സത്യമാണ്, കാരണം സാക്ഷ്യം നൽകുന്ന ഒരു വ്യക്തിത്വമാണ് ഇദ്ദേഹത്തിന്റേത് എന്ന് അവർ പറഞ്ഞു. താൻ പ്രഘോഷിക്കുന്ന കാര്യങ്ങൾക്ക് സ്വജീവിതം കൊണ്ട് അദ്ദേഹം സാക്ഷ്യം നൽകുന്നു. ഇതാണ് സുവിശേഷപ്രഘോഷകരുടെ ഉൾപ്പൊരുത്തം. ഇത് സുവിശേഷപ്രഘോഷകരായ ക്രൈസ്തവരായ നമ്മെ എല്ലാവരെയും ബാധിക്കുന്ന ഒന്നാണ്. എനിക്ക് വിശ്വാസപ്രമാണം മനഃപാഠമായി പറയാൻ സാധിക്കും, നാം വിശ്വസിക്കുന്ന എല്ലാം പറയുവാൻ സാധിക്കും, പക്ഷെ നിന്റെ ജീവിതം ഇതുമായി പൊരുത്തപ്പെട്ടുപോകുന്നില്ലെങ്കിൽ ഒന്നിനും ഉപകാരപ്പെടില്ല. മറ്റുള്ളവരെ ആകർഷിക്കുന്നത് പൊരുത്തത്തോടെയുള്ള സാക്ഷ്യമാണ്. ക്രിസ്ത്യാനികളായ നാം നമ്മൾ പറയുന്നതുപോലെ ജീവിക്കണം, ക്രൈസ്തവരെപ്പോലെ ജീവിക്കുന്നു എന്ന് അഭിനയിച്ച് ലൗകികരെപ്പോലെ ജീവിക്കാതിരിക്കാം. ഇക്കാര്യത്തിൽ നിങ്ങൾ ശ്രദ്ധ ചെലുത്തണം. ഈ വലിയ മിഷനറിമാരെ നോക്കൂ. ഇതൊരു ഇറ്റലിക്കാരനാണ് അല്ലെ? ഈ വലിയ മിഷനറിമാരെ നോക്കുമ്പോൾ അവരിലെ ഏറ്റവും വലിയ ശക്തി (വാക്കുകളും ജീവിതവും തമ്മിലുള്ള) ഈ പൊരുത്തമാണ്.

അദ്ദേഹത്തിന്റെ അവസാനനാളുകളിൽ തന്റെ അടുത്ത് നിന്നിരുന്നവർ, അദ്ദേഹത്തിന് എന്താണ് ഇപ്പോൾ തോന്നുന്നത് എന്ന് ചോദിച്ചപ്പോൾ അദ്ദേഹം നൽകിയിരുന്ന മറുപടി, "താൻ ദൈവത്തെ രുചിച്ചറിയാനുള്ള യാത്രയോട് അടുക്കുകയാണ് എന്ന ചിന്തയിൽ ഉള്ളിൽ തോന്നിയിരുന്ന സന്തോഷവും ആനന്ദവും ആണോ, അതോ തന്റെ എല്ലാ മിഷനുകളിലും കൂടെയുണ്ടായിരുന്ന, താൻ അത്യധികം സ്നേഹിച്ചിരുന്ന ആളുകളെ വിട്ടുപോകണമെന്നതും, ഇനിയും നമ്മുടെ കർത്താവായ ദൈവത്തിന് വേണ്ടി ഈ മിഷനിൽ ഇനിയും ചെയ്യാൻ സാധിക്കുമായിരുന്ന സേവനങ്ങളും ഓർത്തുള്ള ദുഃഖം ആണോ വലുത് എന്നതിനെക്കുറിച്ച് ചിന്തിക്കുകയാണ്" എന്നായിരുന്നു (S. DE URSIS, Relazione su M.Ricci, Archivio Storico Romano S.I.). കർത്താവിലേക്ക് പോകാനും, കർത്താവിനെ കണ്ടെത്താനും ആഗ്രഹിക്കുമ്പോഴും നിങ്ങളെ ശുശ്രൂഷിക്കാൻ വേണ്ടി ഇവിടെ തുടരുന്നു (cf. Phil 1,22-24) എന്ന് പറയുന്ന വിശുദ്ധ പൗലോസിന്റെ അതെ മനോഭാവമാണ് നാം ഇവിടെ കാണുന്നത്.

1610-ൽ ബെയ്‌ജിങ്ങിൽ വച്ച് തന്റെ 57-ആം വയസ്സിൽ മത്തെയോ റിച്ചി മരിച്ചു: തന്റെ ജീവിതം മുഴുവൻ മിഷനറി പ്രവർത്തനത്തിനായി നൽകിയ ഒരുവൻ. മത്തെയോ റിച്ചിയുടെ മിഷനറി ചൈതന്യം ഒരു സജീവമാതൃകയാണ്. ചൈനീസ് ജനതയോടുള്ള അദ്ദേഹത്തിന്റെ സ്നേഹം ഒരു മാതൃകയാണ്. എന്നാൽ ഏറ്റവും പ്രധാനപ്പെട്ടത് അദ്ദേഹത്തിന്റെ ജീവിതപൊരുത്തമാണ്; ക്രൈസ്തവനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ജീവിതത്തിന്റെ സാക്ഷ്യമാണ്. അദ്ദേഹമാണ് ക്രിസ്തുമതം ചൈനയിൽ എത്തിച്ചത്. അദ്ദേഹം അവിടെ ഒരു മഹാനായി കരുതപ്പെടുന്നു, കാരണം അദ്ദേഹം ഒരു വലിയ ശാസ്ത്രജ്ഞനാണ്, ധൈര്യശാലിയാണ്, അനേകം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്, അതിലുപരി അദ്ദേഹം തന്റെ വിളിയോട് അനുരൂപപ്പെട്ട് ജീവിച്ചു; ക്രിസ്തുവിനെ പിന്തുടരാനുള്ള തന്റെ ആഗ്രഹത്തോട് പൊരുത്തപ്പെട്ട് ജീവിച്ചു. സഹോദരീസഹോദരന്മാരെ,  ഇന്ന് നാമോരുത്തർക്കും നമ്മുടെ ഉള്ളിൽ സ്വയം ചോദിക്കാം. ഞാൻ എന്റെ ജീവിതത്തോട് പൊരുത്തപ്പെട്ടാണോ ജീവിക്കുന്നത് അതോ ഞാൻ സാമാന്യഗുണമുള്ളവനായി മാത്രം, കുറച്ച് അനുരൂപപ്പെട്ടും കുറച്ച് അല്ലാതെയും ആണോ ജീവിക്കുന്നത്? നന്ദി.

സമാപനാഭിവാദ്യവും ആശീർവ്വാദവും

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമൻ, പോളിഷ് തുടങ്ങി വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു. സ്പാനിഷ് ഭാഷക്കാരായ ആളുകളോട്, പാപ്പാ തന്റെ മാതൃഭാഷയായ സ്പാനിഷിൽത്തന്നെയാണ് സംസാരിച്ചത്.

റഷ്യ ഉക്രൈൻ യുദ്ധവും സമാധാനവും

ഇറ്റാലിയൻ ഭാഷയിൽ ആളുകളെ അഭിസംബോധന ചെയ്ത പാപ്പാ, സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനായി, ഇറ്റലിയിലെ അറെസ്സോ രൂപതയിൽ നിന്ന് ബിഷപ് അന്ത്രെയാ മാല്യവാക്കയോടൊപ്പം എത്തിയ ആളുകൾക്ക്, പ്രത്യേകിച്ച് ഉക്രൈനിൽനിന്നും റഷ്യയിൽനിന്നും, യുദ്ധങ്ങൾ നടക്കുന്ന മറ്റു രാജ്യങ്ങളിൽനിന്നും എത്തി, ശത്രുക്കളായല്ല, സഹോദരങ്ങളായി ജീവിക്കാൻ തീരുമാനിച്ചുറപ്പിച്ച ആളുകളെക്ക് സ്വാഗതമേകി. നിങ്ങളുടെ മാതൃക ഏവർക്കും, പ്രത്യേകിച്ച് രാഷ്ട്രീയചുമതല ഉള്ളവരിൽ നല്ല ചിന്തകൾ ഉണർത്താൻ കാരണമാകട്ടെയെന്ന് പാപ്പാ ആശംസിച്ചു. ആക്രമിക്കപ്പെടുന്ന ഉക്രൈനുവേണ്ടി കൂടുതൽ പ്രാർത്ഥിക്കാനും, അവിടുത്തെ ജനങ്ങളോട് കൂടുതൽ സമീപസ്ഥരായിരിക്കാനും ഇത് നമ്മെ സഹായിക്കട്ടെയെന്ന് പാപ്പാ കൂട്ടിച്ചേർത്തു.

സന്ദർശനത്തിരുനാൾ

പൊതുദർശനപരിപാടിയുടെ അവസാനഭാഗത്ത്, പാപ്പാ,  പ്രായാധിക്യത്തിലെത്തിയവർ, രോഗികൾ, യുവജനങ്ങൾ, നവദമ്പതികൾ എന്നിവരെ, പതിവുപോലെ, അഭിവാദ്യം ചെയ്തു. മെയ് മാസത്തിലെ അവസാനദിനമായ ഇന്ന് സഭ ആചരിക്കുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ സന്ദർശനത്തിരുനാളിനെക്കുറിച്ച് സംസാരിച്ച പാപ്പാ, അവൾ വാഴ്ത്തപ്പെട്ടവളായി വിളിക്കപ്പെടുന്നതിന് കാരണം അവൾ കർത്താവിന്റെ വാക്കുകൾ വിശ്വസിച്ചതിനാലാണെന്ന് ഓർമ്മിപ്പിച്ചു. കൂടുതൽ സ്ഥൈര്യമുള്ള ഒരു വിശ്വാസത്തിനായി പരിശുദ്ധ അമ്മയുടെ സഹായം അപേക്ഷിക്കാൻ ആഹ്വാനം ചെയ്ത പാപ്പാ, യുദ്ധത്താൽ, പ്രത്യേകിച്ച് ഉക്രൈനിൽ വലയുന്ന ആളുകളെ അമ്മയുടെ മാധ്യസ്ഥ്യത്തിന് സമർപ്പിച്ചു.

തുടർന്ന് സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥന ലത്തീൻഭാഷയിൽ ആലപിക്കപ്പെട്ടതിനു ശേഷം, പാപ്പാ,  ഏവർക്കും തൻറെ അപ്പൊസ്തോലിക ആശീർവ്വാദം നല്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 May 2023, 17:38