തിരയുക

'കുടുംബങ്ങളുടെ സാർവലൗകിക സന്ധി സമ്മേളനത്തിൽനിന്ന് 'കുടുംബങ്ങളുടെ സാർവലൗകിക സന്ധി സമ്മേളനത്തിൽനിന്ന് 

കുടുംബങ്ങളുടെ നന്മയാണ് ഭാവിയുടെ അടിത്തറ: ഫ്രാൻസിസ് പാപ്പാ

‘കുടുംബങ്ങളുടെ സാർവലൗകിക സന്ധി’ പദ്ധതിയുടെ സമാരംഭത്തോടനുബന്ധിച്ച് ഫ്രാൻസിസ് പാപ്പാ മെയ് മാസം മുപ്പതാം തീയതി സന്ദേശം കൈമാറി.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ആഗോളതലത്തിൽ കുടുംബങ്ങളുടെ ഉന്നമനം ലക്‌ഷ്യം വച്ചുകൊണ്ട് കുടുംബങ്ങൾക്കുവേണ്ടിയുള്ള വത്തിക്കാൻ കാര്യാലയവും,സാമൂഹിക ശാസ്ത്ര ഗവേഷണങ്ങൾക്ക് വേണ്ടിയുള്ള പൊന്തിഫിക്കൽ അക്കാദമിയും സംയുക്തമായി നടത്തുന്ന 'കുടുംബങ്ങളുടെ സാർവലൗകിക സന്ധി' എന്ന പുതിയ  സംരംഭത്തിന് ആശംസകൾ നേർന്നുകൊണ്ടും തന്റെ ആശയങ്ങൾ പങ്കുവച്ചുകൊണ്ടും ഫ്രാൻസിസ് പാപ്പാ മെയ് മാസം മുപ്പതാം തീയതി സന്ദേശം കൈമാറി."കുടുംബത്തിന്റെ നന്മയാണ് ലോകത്തിന്റെയും, സഭയുടെയും ഭാവിക്ക് നിർണ്ണായകമായ ശക്തി" എന്ന 'സ്നേഹത്തിന്റെ ആനന്ദം' എന്ന പാപ്പായുടെ ചാക്രികലേഖനത്തിലെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ടാണ് സന്ദേശം ആരംഭിക്കുന്നത്.

കുടുംബങ്ങൾക്കുവേണ്ടിയുള്ള അജപാലനശുശ്രൂഷകളെ പറ്റിയുള്ള തദ്ദേശപരമായ പഠനങ്ങളെ കോർത്തിണക്കികൊണ്ട് ആഗോളതലത്തിൽ കുടുംബ ശുശ്രൂഷകൾക്ക് പുതിയ മാനം നൽകുക എന്നതാണ് സംരംഭത്തിന്റെ ലക്‌ഷ്യം. കുടുംബങ്ങളിലെ നന്മ നിറഞ്ഞ സംസ്കാരങ്ങളെ വളർത്തിയെടുക്കുന്നതിനും, അത് പുതിയ തലമുറക്ക് നല്ല പാഠങ്ങളായി പകർന്നു കൊടുക്കുവാനും ഇത്തരത്തിലുള്ള പഠനങ്ങൾ സഹായകരമാകുമെന്ന് പാപ്പാ അടിവരയിട്ടു പറഞ്ഞു.വിവാഹത്തിനും കുടുംബത്തിനും അനുകൂലമായി ജീവിതം തിരഞ്ഞെടുക്കുവാൻ ദൈവം  നൽകുന്ന കൃപയോട് പ്രതികരിക്കാൻ ഈ സംരംഭം സഹായകരമാകുമെന്ന പ്രത്യാശയും പാപ്പാ പ്രകടിപ്പിച്ചു.

ഈ സംരംഭം വഴിയായി വിവിധ സർവ്വകലാശാലകൾ തമ്മിലുള്ള സംവാദ പ്രക്രിയകളും, സഹകരണവും കൂടുതൽ ത്വരിതപ്പെടുകയും, ക്രൈസ്തവ സമൂഹവും,കത്തോലിക്കാ  സർവ്വകലാശാലകളും തമ്മിൽ ആശയങ്ങളുടെയും  ലക്ഷ്യങ്ങളുടെയും കാര്യത്തിൽ കൂടുതൽ സമന്വയം സൃഷ്ടിക്കുകയും,പൊതു നയങ്ങൾക്ക് ഉപയോഗപ്രദമായ നിർദ്ദേശങ്ങളും ലക്ഷ്യങ്ങളും ഉയർന്നുവരുന്നതിന്, സമൂഹത്തിൽ കുടുംബത്തിന്റെയും ജീവിതത്തിന്റെയും സംസ്കാരം പ്രോത്സാഹിപ്പിക്കുകയും,കുടുംബത്തിനുള്ള സേവനം ആത്മീയവും അജപാലനവും സാംസ്കാരികവും നിയമപരവും രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായ വശങ്ങളിൽ സമ്പുഷ്ടമാക്കുകയും പിന്തുണയ്ക്കുകയും ചെയ്യുകയുമെന്ന നാല് തരത്തിലുള്ള ലക്ഷ്യങ്ങൾ എത്രയും വേഗം പ്രവൃത്തിപഥത്തിൽ  എത്തട്ടെയെന്ന ആശംസകളോടെയാണ് പാപ്പാ തന്റെ സന്ദേശം ഉപസംഹരിക്കുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 May 2023, 17:56