തിരയുക

ആഫ്രിക്കയിൽ നിന്നുള്ള  കുട്ടികളുമായി നടന്ന കൂടികാഴ്ച ആഫ്രിക്കയിൽ നിന്നുള്ള കുട്ടികളുമായി നടന്ന കൂടികാഴ്ച 

പാപ്പാ : ആഫ്രിക്കൻ കുട്ടികൾ സമ്പന്നമായ സാംസ്കാരിക വൈവിധ്യത്തിന്റെ അടയാളമാണ്

മെയ് 29 ആം തിയതി ആഫ്രിക്കയിൽ നിന്നുള്ള കുട്ടികളുമായി നടന്ന കൂടികാഴ്ചയിൽ അവരെ കണ്ടതിലുള്ള തന്റെ സന്തോഷം പാപ്പാ പങ്കുവച്ചു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

ആഫ്രിക്കൻ ദിനത്തോടനുബന്ധിച്ച് പാപ്പായെ സന്ദർശിക്കാൻ 1500 ലധികം പേരടങ്ങുന്ന സംഘം വത്തിക്കാനിലെത്തി. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള കുട്ടികൾ അവരുടെ മാതാപിതാക്കന്മാരും നിരവധി അംബാസഡർമാർക്കുമൊപ്പമാണ് പാപ്പായുമായി കൂടിക്കാഴ്ചയ്ക്കായി എത്തിയത്. അവരുമായി നടന്ന കൂടികാഴ്ച്ചയിൽ പാപ്പാ സന്ദേശം നൽകി.

ആഫ്രിക്കൻ ദിനമാഘോഷിക്കുന്ന ദിവസം തന്നെ അവരെ കണ്ടുമുട്ടാൻ കഴിഞ്ഞതിലുള്ള തന്റെ സന്തോഷം പങ്കുവച്ച പാപ്പാ മാതാപിതാക്കളും, അംബാസഡർമാരും  ചെയ്യുന്ന കാര്യങ്ങൾക്ക്  നന്ദി പറഞ്ഞു കൊണ്ട് അവരിലൂടെ, കുട്ടികളുടെ മാനുഷികവും ആത്മീയവുമായ വളർച്ചയ്ക്കായി പ്രവർത്തിക്കുന്ന എല്ലാവർക്കും നന്ദി പറയാൻ താൻ ആഗ്രഹിക്കുന്നതായും പാപ്പാ അറിയിച്ചു.

1963 മെയ് 25ന് ആഫ്രിക്കൻ യൂണിയൻ സ്ഥാപിതമായതിന്റെ വാർഷികം അനുസ്മരിച്ച് ആഘോഷിക്കപ്പെടുന്ന ആഫ്രിക്ക൯ ദിനം, വിമോചനം, വികസനം, സാമ്പത്തികവും സാമൂഹികവുമായ പുരോഗതി, എന്നിവപോലെ തന്നെ ആഫ്രിക്കയുടെ സംസ്കാരിക പൈതൃകം ശക്തിപ്പെടുത്തുന്നതിനും ആഴത്തിലാക്കുന്നതിനുമുള്ള മുഴുവൻ ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെയും പോരാട്ടത്തിന്റെയും കൂടി പ്രതീകമാണ് എന്ന് പാപ്പാ സന്ദേശത്തിൽ പറഞ്ഞു.

സമ്പന്നമായ സാംസ്കാരിക വൈവിധ്യത്തിന്റെ അടയാളമാണ് അവർ എന്ന് ചൂണ്ടിക്കാട്ടിയ പാപ്പാ ഔദാര്യം, സേവനം, വിശുദ്ധി, ധൈര്യം, ക്ഷമ, നീതിക്കും പൊതുനന്മയ്ക്കും വേണ്ടിയുള്ള പോരാട്ടം, ദരിദ്രരോടുള്ള സ്നേഹം, സാമൂഹിക സൗഹൃദം എന്നിവയുടെ സൗന്ദര്യത്തിന് സാക്ഷ്യം വഹിക്കാൻ "വ്യത്യസ്തരാകാൻ" വേണ്ട ധൈര്യമുള്ളവരാകാൻ അവരെ പാപ്പാ ക്രിസ്തൂസ് വിവിത് (36) എന്ന അപ്പോസ്തോലിക പ്രബോധനം ഉദ്ധരിച്ചു കൊണ്ട് ഓർമ്മപ്പെടുത്തി.

ആഫ്രിക്കൻ ഭൂഖണ്ഡം ഭീകരവാദം, ദുർഭരണം, അഴിമതി, വൻതോതിലുള്ള യുവജന തൊഴിലില്ലായ്മ, കുടിയേറ്റം, സമൂഹങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ, കാലാവസ്ഥ, ഭക്ഷ്യപ്രതിസന്ധി തുടങ്ങിയ വലിയ വെല്ലുവിളികൾ നേരിടുന്നത് അനുസ്മരിച്ച പാപ്പാ  ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ അവർക്ക് നിസ്സഹായതയും, നിരുത്സാഹവും അനുഭവപ്പെടുകയും, അവരുടെ ഭാവി ഇരുളടഞ്ഞതും പ്രതീക്ഷകളില്ലാത്തതുമാണെന്ന് ചിന്തിച്ചേക്കാമെന്ന് പറഞ്ഞു കൊണ്ട്  അവരുടെ വേദന താൻ അറിയുന്നത് പാപ്പാ വെളിപ്പെടുത്തി.

എങ്കിലും അവർ യുവത്വം നിറഞ്ഞവരും സമ്പന്നരുമാണെന്നും അവർക്ക് ഉയർന്ന അഭിലാഷങ്ങളും വലിയ സ്വപ്നങ്ങളുമുണ്ടെന്നും അവ പിന്തുടരണമെന്നും പാപ്പാ പറഞ്ഞു. അവരുടെ സ്വപ്നങ്ങളെ ഒരിക്കലും ഉപേക്ഷിക്കരുതെന്നും, തങ്ങൾക്ക് ലഭിച്ച വിളിയെ മുഴുവനായി കുഴിച്ചു മൂടരുതെന്നും ഒരിക്കലും പരാജിതരാകരുതെന്നും പാപ്പാ അവരെ പ്രോൽസാഹിപ്പിച്ചു.

ആഫ്രിക്കയുടെ സമ്പത്തുകളിലൊന്ന് അവിടെയുള്ള യുവജനങ്ങളുടെ തീക്ഷ്ണമായ ബുദ്ധിശക്തിയാണ്. പഠനത്തോടുള്ള അവരുടെ പ്രതിബദ്ധത സമൂഹത്തിന്റെ മാനുഷികവും സമഗ്രവുമായ വികസനത്തിന് സംഭാവന നൽകട്ടെ, പാപ്പാ ആശംസിച്ചു.

എല്ലാത്തരം സംഘർഷങ്ങൾക്കും ഇരയാകുന്നവരേയും അവിടെ സന്നിഹിതരായ കുട്ടികളുടെ സൗഹൃദം ആവശ്യമുള്ള ബാല സൈനികരെ രേയും താൻ മറക്കുന്നില്ലെന്നും അവർ തിരസ്ക്കപ്പെടാതിരിക്കാനും കളങ്കപ്പെടുത്തപ്പെടാതിരിക്കാനും അവരുടെ സമീപസ്ഥായിരിക്കണമെന്നും പാപ്പാ അവരെ ഓർമ്മിപ്പിച്ചു.

യുവജനങ്ങളേ എന്ന് അവരെ അഭിസംബോധന ചെയ്ത പാപ്പാ വളരെ പ്രധാനപ്പെട്ട മറ്റൊരു കാര്യം പറയാൻ താൻ ആഗ്രഹിക്കുന്നുവെന്ന് പറയുകയും യുവജനത്തെ മുതിർന്നവരുടെ ഉപദേശവും സാക്ഷ്യവും പ്രബുദ്ധരാക്കട്ടെ എന്നാശംസിക്കുകയുംചെയ്തു. നമ്മുടെ വേരുകളോടും, നമ്മുടെ മുതിർന്നവരോടും, നമുക്ക് മുമ്പേ വന്നവരോടും സംവദിക്കുന്നത് നമ്മെ മുന്നോട്ട് കൊണ്ടുപോകാൻ അനുവദിക്കുന്നു എന്ന് പാപ്പാ കൂട്ടി ചേർത്തു.

 ജീവിതത്തിന്റെ വെല്ലുവിളികളിലൊന്ന് സമാധാനത്തിനായുള്ള പോരാട്ടമാണ് എന്ന് പറഞ്ഞ പാപ്പാ അവർക്കറിയാവുന്നതുപോലെ, നാം പ്രയാസകരമായ കാലഘട്ടത്തിലാണ് ജീവിക്കുന്നതെന്നും നമ്മുടെ മനുഷ്യവംശം വലിയ അപകടത്തിലാണെന്നും ഓർമ്മപ്പെടുത്തി. ലോകം വലിയ അപകടത്തിലാണ് എന്ന് പറഞ്ഞ പാപ്പാ അതിനാൽ അവരുടെ ചുറ്റിലും ഉള്ളിലും സമാധാനത്തോടെ ജീവിക്കുവാൻ അവരോടു ആവശ്യപ്പെട്ടു. സമാധാനത്തിന്റെ അംബാസഡർമാരാകുക, അതുവഴി ലോകത്തിന് സ്നേഹത്തിന്റെയും ഒരുമിച്ചു ജീവിക്കുന്നതിന്റെയും സാഹോദര്യത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും സൗന്ദര്യം വീണ്ടും കണ്ടെത്താനാകും പാപ്പാ അവരെ ഉദ്ബോധിപ്പിച്ചു. അവരെയും അവരുടെ കുടുംബങ്ങളെയും ആഫ്രിക്കയിലെ എല്ലാ യുവജനങ്ങളെയും പാപ്പാ അനുഗ്രഹിക്കുകയും തനിക്ക് വേണ്ടി പ്രാർത്ഥിക്കാൻ  അവരോടു  ആവശ്യപ്പെടുകയും ചെയ്തു കൊണ്ട് പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 May 2023, 15:55