തിരയുക

പ്ലൂയെർമെൽ ക്രൈസ്തവ വിദ്യാഭ്യാസ സഹോദര സഭയുടെ പൊതു സമ്മേളനത്തിന് എത്തിയ സന്യാസ സഹോദരരുമായി ഫ്രാൻസിസ് പാപ്പാ. പ്ലൂയെർമെൽ ക്രൈസ്തവ വിദ്യാഭ്യാസ സഹോദര സഭയുടെ പൊതു സമ്മേളനത്തിന് എത്തിയ സന്യാസ സഹോദരരുമായി ഫ്രാൻസിസ് പാപ്പാ.   (VATICAN MEDIA Divisione Foto)

പാപ്പാ : ദൈവത്തിന്റെ ആർദ്രതയുടേയും കരുണയുടേയും മുഖം പ്രതിഫലിപ്പിക്കുക

വിദ്യാഭ്യാസത്തിലൂടെ കുട്ടികളുടേയും യുവാക്കളുടേയും സുവിശേഷവൽക്കരണം നടത്തുന്ന പ്ലൂയെർമെൽ ക്രൈസ്തവ വിദ്യാഭ്യാസ സഹോദര സഭയുടെ പൊതു സമ്മേളനത്തിന് എത്തിയ സന്യാസ സഹോദരർക്ക് ഫ്രാൻസിസ് പാപ്പാ സന്ദേശം നൽകി.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങൾ പ്രകടമാകുന്ന അവരുടെ സിദ്ധിക്ക് കർത്താവിന് നന്ദി പറഞ്ഞ ഫ്രാൻസിസ് പാപ്പാ രണ്ടാം ശതാബ്ധി ആഘോഷങ്ങളോടനുബന്ധിച്ചുള്ള ഈ പൊതുസമ്മേളനം അവരെ അവരുടെ സഭാ സ്ഥാപകരായ ദൈവദാസൻ ജീൻ മീ ദെ ലാ മെന്നായ്സിനെയും ഫാ. ഗബ്രിയേൽ ദഷായെനാനെയും നയിച്ച അടിസ്ഥാനപരമായ പ്രചോദനങ്ങളിലേക്ക് മടങ്ങാൻ ഇടയാക്കട്ടെ എന്നാശംസിച്ചു. എല്ലാം കർത്താവിലർപ്പിച്ച്, ഓരോ വ്യക്തിയുടെയും സമഗ്ര വികസനത്തിനായാണ് അവർ സേവനം ചെയ്തത്. നമ്മൾ എവിടെ നിന്നാണ് ഉത്ഭവിച്ചതെന്നും നമ്മുടെ പ്രവർത്തികളുടെ ഉദ്ദേശമെന്താണെന്നും മറക്കാതിരിക്കുക എന്നും പാപ്പാ അവരെ ഓർമ്മിപ്പിച്ചു.

ദാരിദ്ര്യവും, യുവാക്കളുടെ തൊഴിലില്ലായ്മയും സകലവിധ സാമൂഹിക പ്രതിസന്ധികളും കൊടുമ്പിരി കൊണ്ടിരിക്കുന്ന ലോകത്തിന്റെ മേഖലകളിൽ പ്രവർത്തിക്കുന്ന അവരോടു അവർ അയക്കപ്പെടുന്നിടത്ത് ദൈവത്തിന്റെ സ്നേഹവും ദയയുമുള്ള മുഖം പ്രതിഫലിപ്പിക്കുന്നവരാകാൻ പാപ്പാ ആവശ്യപ്പെട്ടു. ആരും ചെല്ലാത്ത പ്രാന്തപ്രദേശങ്ങളിൽ പുറന്തള്ളപ്പെട്ടവരുടെയും, ജീവിതത്തിൽ മുറിവേൽക്കപ്പെട്ടവരുടെയും അടുത്തെത്താനുള്ള അവരുടെ വിളിയും അവിടെയുള്ള അവരുടെ സാന്നിധ്യവും അനേകർക്ക് പ്രത്യാശയുടെ ഉറവിടമാകട്ടെ എന്ന് പാപ്പാ ആശംസിച്ചു.

സഭ ഒരു കുടുംബമാണെന്നും സിദ്ധികളുടെയും ദൈവവിളികളുടേയും വൈവിധ്യങ്ങൾ കൊണ്ട് മനുഷ്യന്റെ രക്ഷയ്ക്കായി നമുക്ക് സഹകരിക്കാമെന്ന് പറഞ്ഞ പാപ്പാ, അവരോടു, അവർ പ്രവർത്തിക്കുന്ന രൂപതകളും ദൈവജനവുമായി സഹകരിക്കാനും അഹങ്കാരവും, സ്വയം അടഞ്ഞുകൂടലും, വിഭാഗീയതയും, അപവാദം പറച്ചിലുകളും ഒഴിവാക്കാനും ആവശ്യപ്പെട്ടു.

പൊതുസമ്മേളനത്തിന്റെ അവസാനത്തിൽ മറിയത്തിന്റെ വിമലഹൃദയത്തോടുള്ള സമർപ്പണം നവീകരിക്കുന്ന അവരുടെ പ്രവർത്തന രീതിക്ക്, തന്റെ ആത്മവൈശിഷ്ട്യത്തിൽ മനുഷ്യകുലത്തിനായുള്ള ദൈവത്തിന്റെ രക്ഷാകര പദ്ധതി നിറവേറ്റാൻ അനുവദിച്ച പരിശുദ്ധ കന്യകയുടെ സമ്മതമറിയിച്ച “അതേ” യിൽ നിന്ന്, പ്രചോദനമുൾക്കൊള്ളാനും പാപ്പാ ആവശ്യപ്പെട്ടു. എളിമയിലും ദൈവ വിശ്വാസത്തിലും വളർന്ന് സേവനത്തിന്റെ പാതയിൽ ദൈവത്തിന്റെ ആർദ്രതയുടേയും കരുണയുടേയും സേവകരാകാൻ പരിശുദ്ധ കന്യക അവരെ സഹായിക്കട്ടെ എന്നാശംസിച്ചു കൊണ്ടാണ് പാപ്പാ ഉപസംഹരിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 April 2024, 13:50