തിരയുക

ഫ്രാൻസീസ് പാപ്പായുടെ വെനീസ് യാത്ര 28/04/24 ഫ്രാൻസീസ് പാപ്പായുടെ വെനീസ് യാത്ര 28/04/24  

ഫ്രാൻസീസ് പാപ്പായുടെ ഇടയസന്ദർശനം വെനീസിൽ!

ഏപ്രിൽ 28-ന്, ഞായറാഴ്‌ച, രാവിലെ പാപ്പാ വത്തിക്കാനിൽ നിന്ന് ഹെലിക്കോപ്റ്റർ മാർഗ്ഗം വെനീസിലേക്കു പുറപ്പെടും. അന്ന് ഉച്ചവരെയായിരിക്കും പാപ്പാ അവിടെ തങ്ങുക. വെനീസിലെ അന്താരാഷ്ട്ര കലാപ്രദർശനത്തിൽ പങ്കെടുക്കുന്ന കലാകാരന്മാരുമായി പാപ്പാ കൂടിക്കാഴ്ച നടത്തും. പാപ്പായുടെ വെനീസിൽ എത്തുന്നത് നടാടെ ആയിരിക്കും.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പാപ്പാ ഇറ്റലിയിലെ വെനീസ് നഗരത്തിൽ ഞായറാഴ്‌ച (28/04/24) ഇടയസന്ദർശനത്തിനെത്തുന്നു.

“ക്രിസ്തുവിൻറെ സ്നേഹത്തിൽ നിലനിൽക്കുക” എന്നതാണ് ഈ യാത്രയുടെ മുദ്രാവാക്യം.

ഞായറാഴ്ച രാവിലെ പ്രാദേശിക സമയം 6.30-ന്, ഇന്ത്യയിലെ സമയം രാവിലെ 10 മണിക്ക്, ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ നിന്ന് ഹെലിക്കോപ്റ്റർ മാർഗ്ഗം വെനീസിലേക്കു പുറപ്പെടും.

വത്തിക്കാനിൽ നിന്ന് അഞ്ഞൂറിലേറെ കിലോമീറ്റർ അകലെ ഇറ്റലിയുടെ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന വെനീസിൽ പാപ്പാ 8 മണിയോടെ എത്തും. ജുദേക്ക ദ്വീപിലാണ് പാപ്പാ ഇറങ്ങുക. അവിടെ പാപ്പാ സ്ത്രീകളുടെ തടവറ സന്ദർശിക്കുകയും അവരെ സംബോധനചെയ്യുകയും ചെയ്യും. അതിനു ശേഷം പാപ്പാ വെനീസിലെ അന്താരാഷ്ട്ര കലാപ്രദർശനത്തിനെത്തിയിരിക്കുന്ന കലാകാരന്മാരുമായി വിശുദ്ധ മഗ്ദലനയുടെ ദേവാലയത്തിൽ വച്ച് കൂടിക്കാഴ്ച നടത്തും. തദ്ദനന്തരം പാപ്പാ ആരോഗ്യനാഥയുടെ ബസിലിക്കയിലെത്തുകയും ബസിലിക്കാങ്കണത്തിൽ വച്ച് യുവജനങ്ങളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. അതിനുശേഷം, പാപ്പാ, വെനീസിലെ വിഖ്യാതമായ വിശുദ്ധ മർക്കോസിൻറെ നാമത്തിലുള്ള ബസിലിക്കയുടെ അങ്കണത്തിലെത്തുകയും അവിടെ ദിവ്യബലി അർപ്പിക്കുകയും വിശുദ്ധ കുർബ്ബാനയുടെ അവസാനം ബസിലിക്കയിലുള്ള വിശുദ്ധ മർക്കോസിൻറെ തിരുശേഷിപ്പു വണങ്ങുകയും ചെയ്യും. തുടർന്ന് പാപ്പാ വത്തിക്കാനിലേക്കു മടങ്ങും.

ഫ്രാൻസീസ് പാപ്പായുടെ പ്രഥമ വെനീസ് സന്ദർശനമാണ് ഇത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 April 2024, 12:33