വിശുദ്ധപദവിയോടടുത്ത് ഒരു സമർപ്പിതയും വാഴ്ത്തപ്പെട്ടവരെന്ന പദവിയോടടുത്ത് ആറ് ദൈവദാസരും
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള ഡികാസ്റ്ററിയുടെ അദ്ധ്യക്ഷൻ കർദ്ദിനാൾ മർചേല്ലൊ സെമെറാറൊയ്ക്ക് കൂടിക്കാഴ്ച അനുവദിച്ച വേളയിൽ, വാഴ്ത്തപ്പെട്ട വിച്ചേൻസ മരിയ പൊളോണിയുടെ മാദ്ധ്യസ്ഥ്യത്താൽ നടന്ന അത്ഭുതം സംബന്ധിച്ചുള്ള രേഖ പുറത്തുവിടാൻ പാപ്പാ അനുവാദം നൽകി. കാരുണ്യത്തിന്റെ സഹോദരിമാർ എന്ന സ്ഥാപനത്തിന്റെ സ്ഥാപകയായ വാഴ്ത്തപ്പെട്ട പൊളോണി 1802 ജനുവരി 26-ന് ഇറ്റലിയിലെ വെറോണയിലാണ് ജനിച്ചത്. 1855 നവംബർ 11-ന് മരണമടഞ്ഞു.
അമേരിക്കയിൽനിന്നുള്ള ഫ്രാൻസിസ്കൻ വൈദികരും ദൈവദാസന്മാരുമായ പിയെത്രോ ദാ കോർപ്പ, നാല് സഹസമർപ്പിതർ, സ്വിറ്റസർലണ്ടിൽനിന്നുള്ള ദൈവദാസൻ ലികറിയോണെ മെയ് എന്നിവരുടെ രാക്ഷസാക്ഷിത്വം സംബന്ധിച്ചുള്ള രേഖ പുറത്തുവിടാനും പാപ്പാ അനുമതി നൽകി. വടക്കേ അമേരിക്കയിലെ ഇപ്പോഴത്തെ ജ്യോർജ്ജ്യയിൽ വച്ച് 1597-ലാണ് അഞ്ച് ഫ്രാൻസിസ്കൻ സന്യസ്തരും കൊല്ലപ്പെട്ടത്. 1870 ജൂലൈ 21-ന് സ്വിറ്റസർലണ്ടിലെ ബാഞ്ഞെസിൽ ജനിച്ച ലികറിയോണെയാകട്ടെ, സ്പെയിനിലെ ബാർസലോണയിൽ 1909 ജൂലൈ 27-നാണ് ക്രൈസ്തവവിശ്വാസത്തോടുള്ള വിരോധത്തിന്റെ ഭാഗമായി കൊല്ലപ്പെട്ടത്.
ഇവരെക്കൂടാതെ, ഇംഗ്ലണ്ടിൽനിന്നുള്ള ബ്രിജിറ്റൻ സഭംഗമായ ദൈവദാസി മരിയ റിക്കാർദ, ഇറ്റലിയിൽനിന്നുള്ള വൈദികനായ ദൈവദാസൻ ക്വിന്തീനോ സികൂറോ, ഇറ്റലിയിൽനിന്നുതന്നെയുള്ള ലൂയിജ്യ സിനാപി എന്ന അൽമായ എന്നിവരുടെ വീരോചിതപുണ്യങ്ങൾ സംബന്ധിച്ച ഡിക്രി പരസ്യപ്പെടുത്താനും പാപ്പാ അനുവാദം നൽകി. ഇതോടെ ദൈവദാസരെന്ന പദവിയിലേക്ക് ഇവർ ഉയർത്തപ്പെടും.
1887 സെപ്റ്റംബർ 10-ന് ലണ്ടനിൽ ജനിച്ച ദൈവദാസി മരിയ റിക്കാർദ 1966 ജൂൺ 26-ന് റോമിൽ വച്ചാണ് മരണമടഞ്ഞത്. ബ്രിജിറ്റൻ സഭയുടെ ജെനെറൽ ആബട്ടായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1920 മെയ് 29-ന് ഇറ്റലിയിലെ മെലിസ്സാനോയിൽ ജനിച്ച ദൈവദാസൻ ക്വിന്തീനോ സികൂറോ 1968 ഡിസംബർ 26-ന് ഇറ്റലിയിലെ വെർഗെറേതോയിൽ ഫ്യൂമയോളോ മലയിലെ ഒരു നടപ്പാതയിൽ വച്ചാണ് മരണമടഞ്ഞത്. 1916 സെപ്റ്റംബർ 8-ന് ഇറ്റലിയിലെ ഇത്രിയിൽ ജനിച്ച ലൂയിജ്യ സിനാപി 1978 ഏപ്രിൽ 17-ന് റോമിലാണ് മരണമടഞ്ഞത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
