സങ്കല്പാതീത രീതികളിലൂടെയും ദൈവം യുവതയെ വിളിക്കുന്നു, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ദൈവവിളി ശ്രവിക്കുന്ന യുവതയുടെ അഭിവാഞ്ഛകളും സന്ദേഹങ്ങളും ഉൾക്കൊള്ളാൻ സഭാസമൂഹത്തിനു കഴിയുന്നതിനായി പ്രാർത്ഥിക്കണമെന്ന് പാപ്പാ.
വൈദിക സമർപ്പിത ജീവിതാന്തസ്സുകളിലേക്കുള്ള ദൈവവിളികൾക്കായി പ്രാർത്ഥിക്കുകയെന്ന ഫെബ്രുവരി മാസത്തിലെ പ്രാർത്ഥനാനിയോഗത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ക്ഷണമുള്ളത്.
തൻറെ ദൈവവിളിയെക്കുറിച്ച് പാപ്പാ ഈ പ്രാർത്ഥനാ നിയോഗത്തിൽ പറയുന്നുണ്ട്. ഒരു പുരോഹതിനാകുന്നതിനെക്കുറിച്ചുള്ള യാതൊരു ചിന്തയും മനസ്സിൽ പേറാതെ സ്വന്തമായ ചില പദ്ധതികളുമായി പഠിക്കുകയും ഒപ്പം ജോലിചെയ്യുകയും ചെയ്തിരുന്ന താൻ 17 വയസ്സുള്ളപ്പോൾ ഒരു പള്ളിയിൽ പോയപ്പോൾ, അവിടെ, ദൈവം തന്നെ കാത്തു നില്പ്പുണ്ടായിരുന്നുവെന്ന് പാപ്പാ ഈ നിയോഗത്തിൽ അനുസ്മരിക്കുന്നു.
ഇന്നും ദൈവം യുവജനത്തെ വിളിക്കുന്നുണ്ടെന്നും, ചില സന്ദർഭങ്ങളിൽ നമുക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത വിധത്തിലാണ് ദൈവം അതു ചെയ്യുന്നതെന്നും പാപ്പാ പറയുന്നു. ചിലപ്പോഴൊക്കെ നമ്മൾ ആ വിളി ശ്രവിക്കാറില്ലെന്ന വസ്തുത ചൂണ്ടിക്കാട്ടുന്ന പാപ്പാ, അതിനു കാരണം നാം സ്വന്തം കാര്യങ്ങളിൽ, സ്വന്തം പദ്ധതികളിൽ, സഭയിലെ കാര്യങ്ങളിൽ പോലും മുഴുകി നമ്മൾ തിരിക്കിലായിപ്പോകുന്നതാണെന്ന് വിശദീരിക്കുന്നു.
എന്നാൽ പരിശുദ്ധാത്മാവ് സ്വപ്നങ്ങളിലൂടെയും യുവജനങ്ങളുടെ ഹൃദയങ്ങളിൽ അവർക്കനുഭവപ്പെടുന്ന അസ്വസ്ഥതകളിലൂടെയും നമ്മോട് സംസാരിക്കുന്നുവെന്നും അവരുടെ യാത്രയിൽ നമ്മൾ അവരെ തുണച്ചാൽ, ദൈവം അവരിലൂടെ പുതിയ കാര്യങ്ങൾ ചെയ്യുന്നത് എങ്ങനെയെന്ന് നമുക്ക് കാണാൻ കഴിയുമെന്നും പറയുന്ന പാപ്പാ ഇന്ന് സഭയ്ക്കും ലോകത്തിനും ഏറ്റവും ഉപകാരപ്രദമാംവിധം അവിടത്തെ വിളി സ്വീകരിക്കാൻ നമുക്ക് സാധിക്കുമെന്ന് ഉദ്ബോധിപ്പിക്കുന്നു.
യുവജനത്തിൽ വിശ്വാസമർപ്പിക്കണമെന്നും സർവ്വോപരി, എല്ലാവരെയും വിളിക്കുന്ന ദൈവത്തിൽ ആശ്രയിക്കണമെന്നും പാപ്പാ ഓർമ്മിപ്പിക്കുന്നു.
ജീവിതത്തിൽ, അത് പൗരോഹത്യ ജീവിതത്തിലാകട്ടെ, സമർപ്പിതജീവിതത്തിലാകട്ടെ, യേശുവിൻറെ ദൗത്യം ജീവിക്കാനുള്ള വിളി ശ്രവിക്കുന്ന യുവജനത്തിൻറെ ആശകളും സംശയങ്ങളും സഭാ സമൂഹം ഉൾക്കൊള്ളുന്നതിനായി പ്രാർത്ഥിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
