തിരയുക

അനുതപിച്ച് തിരികെയെത്തുന്ന ധൂർത്തപുത്രൻ അനുതപിച്ച് തിരികെയെത്തുന്ന ധൂർത്തപുത്രൻ 

നമ്മുടെ ജീവിത സാക്ഷാത്ക്കാരം നാം അപരനായി ജീവിക്കുമ്പോൾ, പാപ്പാ!

ഫ്രാൻസീസ് പാപ്പാ നല്കിയ ലിഖിത പൊതുകൂടിക്കാഴ്ചാ സന്ദേശം: ധൂർത്തപുത്രൻ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ചികത്സയും വിശ്രമവും തുടരുന്ന ഫ്രാൻസീസ് പാപ്പായുടെ ആരോഗ്യസ്ഥിതി വളരെയധികം മെച്ചപ്പെട്ടിരിക്കുന്നു. ഈ ദിനങ്ങളിൽ, അല്പ സമയമാണെങ്കിലും, പാപ്പാ പൊതുവേദിയിൽ പ്രത്യക്ഷനാകുന്നതും ജനങ്ങളെ അഭിവാദ്യം ചെയ്യുന്നതും നാം നേരിട്ടോ ദൃശ്യമാദ്ധ്യമങ്ങളിലൂടെയോ കണ്ടു. ഫെബ്രുവരി 14-ന് റോമിലെ ജെമേല്ലി  ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പാപ്പാ അവിടെ നിന്ന് മുപ്പത്തിയെട്ടാമത്തെ ദിവസം, അതായത് മാർച്ച് 23-നായിരുന്നു വത്തിക്കാനിൽ, തൻറെ വാസയിടമായ, “ദോമൂസ് സാംക്തെ മാർത്തെ” മന്ദിരത്തിൽ തിരിച്ചെത്തിയത്. ശ്വാസനാളവീക്കവും ന്യുമോണിയയും ആയിരുന്നു പാപ്പായുടെ ആശുപത്രിവാസത്തിന് കാരണമായത്. പാപ്പായുടെ ശ്വസന-ചലന-സ്വനസംബന്ധിയ അവസ്ഥകൾ മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നു. ഓക്സിജൻ നല്കേണ്ടതിൻറെ ആവശ്യകത കുറഞ്ഞിട്ടുണ്ട്. ആരോഗ്യാവസ്ഥയിൽ പുരോഗതി പ്രകടമാണെങ്കിലും ബുധനാഴ്ചത്തെ പ്രതിവാര പൊതുദർശനം അനുവദിക്കുകയോ, ഞായറാഴ്ചത്തെ മദ്ധ്യാഹ്ന പ്രാർത്ഥന നയിക്കുകയോ ചെയ്യാൻ ഇപ്പോൾ പാപ്പായക്ക് സാധിക്കുന്നില്ല. അതുപോലെതന്നെ റോമാൻ കൂരിയായിലെ ഉന്നതാധികാരിളുമായുള്ള ചെറുകൂടിക്കാഴ്ചകൾ ഒഴികെയുള്ള മറ്റു പരിപാടികളിൽ നിന്നെല്ലാം പാപ്പാ തല്ക്കാലം വിട്ടുനില്ക്കുകയാണ്. പെസഹാത്രിദിന തിരുക്കർമ്മങ്ങളിൽ പാപ്പായുടെ  സാന്നിധ്യം ഉണ്ടോകുമോ എന്നതിലും ഉറപ്പില്ല. എന്നിരുന്നാലും പാപ്പായുടെ ലിഖിത ത്രികാലജപസന്ദേശവും പ്രതിവാരപൊതുകൂടിക്കാഴ്ച പ്രഭാഷണവും പരിശുദ്ധസിംഹാസനം പരസ്യപ്പെടുത്താറുണ്ട്.

ജൂബിലി വത്സരാചരണത്തോടനുബന്ധിച്ച്, പൊതുകൂടിക്കാഴ്ചാവേളയിൽ, പാപ്പാ, നമ്മുടെ പ്രത്യാശയായ യേശുവിനെ അധികരിച്ച് ആരംഭിച്ചിരിക്കുന്ന പ്രബോധനപരമ്പരയിൽ, യേശുവിൻറെ ബാല്യകാലത്തെക്കുറിച്ചുള്ള പരിചിന്തനം സമാപിച്ചതിനെ തുടർന്ന് “യേശുവിൻറെ ജീവിതം. കൂടിക്കാഴ്ചകൾ”  എന്ന ശീർഷകത്തിലുള്ള പരിചിന്തനമാണ് നടത്തിപ്പോരുന്നത്. ഈ പരമ്പരയിൽ ആദ്യത്തേതായി, വിശുദ്ധ യൗസേപ്പിതാവിൻറെ തിരുന്നാൾദിനമായ മാർച്ച് 19-ാം തീയതി ബുധനാഴ്ച, പാപ്പാ,  യേശുവും നിക്കോദേമോസുമായുള്ള കൂടിക്കാഴ്ചയും ഇരുപത്തിയാറാം തീയതി യേശുവും സമറിയക്കാരിയും തമ്മിൽ കിണറിനരികിൽ വച്ച് കണ്ടുമുട്ടുന്ന സുവിശേഷ സംഭവവും  ഏപ്രിൽ 2-ന് യേശുവും സക്കേവൂസുമായുള്ള കൂടിക്കാഴ്ചയും ഏപ്രിൽ 9-ന് നിത്യജീവൻ  അവകാശമാക്കാൻ താൻ എന്തുചെയ്യണമെന്ന് ചോദിക്കുന്ന ധനികനായ മനുഷ്യനും യേശുവുമായുള്ള കൂടിക്കാഴ്ചയും വിശകലനം ചെയ്തിരുന്നു. ഈ ബുധനാഴ്ച (16/04/25) പാപ്പാ യേശു പറഞ്ഞ ഉപമകളിൽ ചിലതിനെ അധികരിച്ചുള്ള  വിചിന്തനത്തിന് തുടക്കം കുറിച്ചു. ലൂക്കായുടെ സുവിശേഷം, പതിനഞ്ചാം അദ്ധ്യായത്തിൽ 11-32 വരെയുള്ള വാക്യങ്ങളിലുടെ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന ധൂർത്തപുത്രൻറെ ഉപമയായിരുന്നു പാപ്പായുടെ പരിചിന്തനത്തിനാധാരം ഇത്തവണ.

ആഢംബര ജീവിതം നയിച്ച് സകലതും നശിപ്പിച്ച് ദാരിദ്ര്യത്തിലേക്കു കൂപ്പുകുത്തിയ മകൻ, അവസാനം പശ്ചാത്തപിച്ച് തിരിച്ചെത്തുമ്പോൾ പിതാവ് വിരുന്നൊരുക്കി ആഘോഷത്തോടുകൂടി അവനെ സ്വീകരിക്കുന്നു. എന്നാൽ പിതാവിനെ അനുസരിച്ച് പിതാവിനോടൊപ്പം കഴിഞ്ഞിരുന്ന മൂത്തപുത്രനാകട്ടെ പിതാവിൻറെ ഈ ചെയ്തി കണ്ട് കുപിതനാകുന്നു. അപ്പോൾ ആ പിതാവ് അവനോടു പറയുന്നു : “മകനേ, നീ എപ്പോഴും എന്നോടുകൂടെ ഉണ്ടല്ലോ. എനിക്കുള്ളതെല്ലാം നിൻറേതാണ്. ഇപ്പോൾ നമ്മൾ ആനന്ദിക്കുകയും ആഹ്ലാദിക്കുകയും വേണം. എന്തെന്നാൽ നിൻറെ സഹോദരൻ മൃതനായിരുന്നു; അവനിപ്പോൾ ജീവിക്കുന്നു. നഷ്ടപ്പെട്ടിരുന്നു; ഇപ്പോൾ കണ്ടുകിട്ടിയിരിക്കുന്നു. ലൂക്കായുടെ സുവിശേഷം, 15,31-32. ധൂർത്തപുത്രൻറെ ഉപമയെ അവലംബമാക്കിയുള്ള തൻറെ വിശകലനത്തിൽ പാപ്പാ ഇപ്രകാരം പറയുന്നു:

യേശുവിൻറെ ഉപമകൾ ഒരു നിലപാട് സ്വീകരിക്കാൻ ആഹ്വാനം ചെയ്യുന്നു

പ്രിയ സഹോദരീ സഹോദരന്മാരേ,

സുവിശേഷത്തിലെ ചില കഥാപാത്രങ്ങളുമായുള്ള യേശുവിൻറെ കൂടിക്കാഴ്ചകളെക്കുറിച്ച് ധ്യാനിച്ചതിനുശേഷം, ഈ പ്രബോധനം മുതൽ ചില ഉപമകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നമുക്കറിയാവുന്നതുപോലെ, ദൈനംദിന യാഥാർത്ഥ്യങ്ങളെ പുനരവതരിപ്പിക്കുന്ന സാദൃശ്യങ്ങളും സാഹചര്യങ്ങളും ഉൾക്കൊള്ളുന്ന ആഖ്യാനങ്ങളണവ. ആകയാൽ അവ നമ്മുടെ ജീവിതത്തെയും സ്പർശിക്കുന്നു. അവ നമ്മെ പ്രകോപിപ്പിക്കുന്നു. ഒരു നിലപാട് സ്വീകരിക്കാൻ അവ നമ്മോട് ആവശ്യപ്പെടുന്നു: ഈ കഥയിൽ ഞാൻ എവിടെ നില്ക്കുന്നു?

ധൂർത്തപുത്രൻറെ ഉപമ

ഏറെ വിശ്രുതമായ ഉപമയിൽ നിന്ന് നമുക്ക് ആരംഭിക്കാം, ഒരുപക്ഷേ നമ്മൾ ചെറുപ്പം മുതൽ തന്നെ ഓർമ്മിക്കുന്ന ഒന്ന്: പിതാവിൻറെയും രണ്ട് പുത്രന്മാരുടെയും ഉപമ (ലൂക്കാ 15:1-3.11-32). അതിൽ യേശുവിൻറെ സുവിശേഷത്തിൻറെ ഹൃദയം, അതായത് ദൈവത്തിൻറെ കാരുണ്യം നാം കണ്ടെത്തുന്നു. യേശു പാപികളോടൊപ്പം ഭക്ഷണം കഴിച്ചതിനെക്കുറിച്ച് പിറുപിറുക്കുന്ന പരീശന്മാരോടും നിയമജ്ഞരോടുമാണ് അവിടന്ന് ഈ ഉപമ പറയുന്നതെന്ന് സുവിശേഷകനായ ലൂക്കാ വ്യക്തമാക്കുന്നു. ഇക്കാരണത്താൽ, ഇത് നഷ്ടപ്പെട്ടുപോയവരെ സംബോധന ചെയ്യുന്ന ഒരു ഉപമയാണെന്ന് പറയാം, പക്ഷേ അത് അവരറിയുന്നില്ല, അവർ മറ്റുള്ളവരെ വിധിക്കുകയും ചെയ്യുന്നു.

ദൈവം നമ്മേ തേടുന്നു

സുവിശേഷം നമുക്ക് പ്രത്യാശയുടെ സന്ദേശം പ്രദാനം ചെയ്യാൻ ആഗ്രഹിക്കുന്നു, കാരണം നമ്മൾ എവിടെ നഷ്ടപ്പെട്ടാലും, എങ്ങനെ നഷ്ടപ്പെട്ടുപോയാലും, ദൈവം എപ്പോഴും നമ്മെ തേടി വരുമെന്ന് അത് നമ്മോട് പറയുന്നു! ഒരുപക്ഷേ നാം ഒരു ആടിനെപ്പോലെ വഴിതെറ്റിപ്പോയിരിക്കാം, മേയുന്നതിനായി വഴി വിട്ടുപോയിരിക്കാം, അല്ലെങ്കിൽ ക്ഷീണം മൂലം പിന്നിലായിപ്പോയിരിക്കാം (ലൂക്കാ 15:4-7 കാണുക). അല്ലെങ്കിൽ നമ്മൾ ഒരു നാണയം പോലെ നഷ്ടപ്പെട്ടിരിക്കാം, അത് നിലത്ത് വീണുപോയിരിക്കാം, ഇനി അത് കണ്ടെത്താനാകാതെ വന്നേക്കാം, അല്ലെങ്കിൽ ആരെങ്കിലും അത് എവിടെയെങ്കിലും വെച്ചിട്ട് സ്ഥലം ഓർക്കാതിരിക്കാം. അതുമല്ലെങ്കിൽ ഈ പിതാവിൻറെ രണ്ട് പുത്രന്മാരെപ്പോലെ നമ്മൾ നഷ്ടപ്പെട്ടിരിക്കാം: ഇളയവൻ, വളരെ പ്രതിബദ്ധത ആവശ്യപ്പെടുന്ന ഒരു ബന്ധത്തിൽ മടുത്തതിനാൽ വഴിതെറ്റിപ്പോകുന്നു; എന്നാൽ മൂത്തവനും വഴിതെറ്റിപ്പോയി, കാരണം ഹൃദയത്തിൽ അഹങ്കാരവും അമർഷവും ഉണ്ടെങ്കിൽ ഭവനത്തിൽ ആയിരുന്നതുകൊണ്ട് കാര്യമില്ല.

പരനുവേണ്ടി ജീവിക്കുമ്പോൾ

സ്നേഹം എപ്പോഴും ഒരു പ്രതിബദ്ധതയാണ്, അപരനുമായി കണ്ടുമുട്ടുന്നതിന് നമുക്ക് എപ്പോഴും എന്തെങ്കിലും നഷ്ടപ്പെടുത്തേണ്ടി വരും. എന്നാൽ ഉപമയിലെ ഇളയ മകൻ ബാല്യത്തിൻറെയും കൗമാരത്തിൻറെയും ചില ഘട്ടങ്ങളിൽ സംഭവിക്കുന്നതുപോലെ, അവനെക്കുറിച്ച് മാത്രമേ ചിന്തിക്കുന്നുള്ളൂ. വാസ്തവത്തിൽ, ഇതുപോലുള്ള നിരവധി മുതിർന്നവരെ നമുക്ക് ചുറ്റും കാണാം, സ്വാർത്ഥരായതിനാൽ അവർക്ക് ഒരു ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ല. സ്വയം കണ്ടെത്തുകയാണെന്ന് കരുതുന്ന അവർ മറിച്ച്, സ്വയം നഷ്ടപ്പെടുത്തുകയാണ്, കാരണം ആർക്കെങ്കിലും വേണ്ടി ജീവിക്കുമ്പോൾ മാത്രമേ നമ്മൾ യഥാർത്ഥത്തിൽ ജീവിക്കുന്നുള്ളൂ.

സ്നേഹമെന്ന അമൂല്യ ദാനം

ഈ ഇളയ മകനും, നമ്മളെയെല്ലാം പോലെ, വാത്സല്യത്തിനായി ദാഹിക്കുന്നു, സ്നേഹിക്കപ്പെടാൻ ആഗ്രഹിക്കുന്നു. എന്നാൽ സ്നേഹം ഒരു അമൂല്യ ദാനമാണ്, അത് സശ്രദ്ധം കൈകാര്യം ചെയ്യണം. പകരം, അവൻ അത് പാഴാക്കുന്നു, സ്വയം വിലകളയുന്നു, സ്വയാദരവ് കാണിക്കുന്നില്ല. അവനെ ആരും തന്നെ ശ്രദ്ധിക്കാതിരിക്കുന്ന ദരിദ്രകാലത്ത് അവൻ അത് മനസ്സിലാക്കുന്നു. ആ ഘട്ടങ്ങളിൽ, നമ്മൾ വാത്സല്യത്തിനായി യാചിക്കാൻ തുടങ്ങുകയും, നമ്മൾ ആദ്യം കണ്ടുമുട്ടുന്ന യജമാനനോട് ചേർന്നുനിൽക്കുകയും ചെയ്യുന്ന അപകടമുണ്ട്.

ഒരു തെറ്റിന് പ്രായശ്ചിത്തം ചെയ്യുന്നതുപോലെയോ യഥാർത്ഥ സ്നേഹത്തിന് അസ്തിത്വമില്ല എന്നതുപോലെയോ, സേവകരായി മാത്രമേ നമുക്ക് ഒരു ബന്ധത്തിൽ ആയിരിക്കാൻ കഴിയൂ എന്ന വികലമായ ബോധ്യം നമ്മുടെ ഉള്ളിൽ ഉളവാക്കുന്നത് ഈ അനുഭവങ്ങളാണ്. വാസ്തവത്തിൽ, ഇളയ മകൻ അഗാധതയിൽ സ്പർശിച്ചപ്പോൾ, കുറച്ച് സ്നേഹത്തിൻറെ നുറുങ്ങുകൾ നിലത്തുനിന്ന് പെറുക്കിയെടുക്കാൻ പിതാവിൻറെ വീട്ടിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുന്നു.

നമ്മെ സനേഹിക്കുന്നവർ

നമ്മളെ ആത്മാർത്ഥമായി സ്നേഹിക്കുന്നവർക്ക് മാത്രമേ സ്നേഹത്തെക്കുറിച്ചുള്ള ഈ പ്രമാദ ദർശനത്തിൽ നിന്ന് നമ്മെ മോചിപ്പിക്കാൻ കഴിയൂ. ദൈവവുമായുള്ള നമ്മുടെ ബന്ധത്തിൽ നമുക്ക് ഈ അനുഭവമാണ് ഉണ്ടാകുന്നത്. മഹാനായ ചിത്രകാരൻ റെംബ്രാന്ത്ത്, ഒരു വിഖ്യാത ചിത്രത്തിൽ, മുടിയനായ പുത്രൻറെ തിരിച്ചുവരവ് വിസ്മയകരമായ രീതിയിൽ ചിത്രീകരിച്ചിരിക്കുന്നു. അതിൽ രണ്ട് സവിശേഷതകൾ എന്നെ പ്രത്യേകം സ്പർശിക്കുന്നു: ആ യുവാവിൻറെ തല ഒരു പശ്ചാത്താപ വിവശൻറെതെന്നപോലെ മൊട്ടയടിച്ചിട്ടുണ്ട്, എന്നാൽ അത് ഒരു കുട്ടിയുടെ ശിരസ്സ് പോലെയും കാണപ്പെടുന്നു, കാരണം ഈ കുട്ടി വീണ്ടും ജനിക്കുകയാണ്. പിന്നെ പിതാവിൻറെ കൈകൾ: ഒന്നിന് പൗരുഷവും മറ്റേതിനെ സ്ത്രൈണതയും ആരോപിച്ചിരിക്കുന്നു. അത്, ക്ഷമയുടെ ആലിംഗനത്തിലടങ്ങിയ ശക്തിയും ആർദ്രതയും വിശദീകരിക്കുന്നതിനാണ്.

ഹൃദയം കൊണ്ടുള്ള അകൽച്ച

മൂത്തമകനാകട്ടെ, ഈ ഉപമ ആരോടാണോ പറയപ്പെടുന്നത് അവരെ പ്രതിനിധീകരിക്കുന്നു: അവൻ എപ്പോഴും പിതാവിനോടൊപ്പം വീട്ടിൽ തന്നെ കഴിഞ്ഞിരുന്നു. എന്നാൽ ഈ മകൻ പിതാവിൽ നിന്ന് അകലെയായിരുന്ന, ഹൃദയം കൊണ്ട് അകലെയായിരുന്നു. ഈ മകനും പോകാൻ ആഗ്രഹിച്ചിരിക്കാം, പക്ഷേ ഭയം കൊണ്ടോ കടമ കൊണ്ടോ അവൻ അവിടെത്തന്നെ, ആ ബന്ധത്തിൽ, തുടർന്നു. എന്നാൽ നീ എപ്പോൾ മനസ്സില്ലാമനസ്സോടെ പൊരുത്തപ്പെടാൻ തുടങ്ങുന്നുവോ അപ്പോൾ, നിൻറെ ഉള്ളിൽ കോപം അടയിരിക്കാൻ തുടങ്ങും, ഇപ്പോഴല്ലെങ്കിൽ പിന്നീട് ഈ കോപം പൊട്ടിത്തെറിക്കും. വിരോധാഭാസമെന്നു പറയട്ടെ, പിതാവിൻറെ സന്തോഷത്തിൽ പങ്കുചേരാൻ കഴിയാത്തതിനാൽ, വീട്ടിൽ നിന്ന് പുറത്താക്കപ്പെടാനുള്ള അപകട സാധ്യത ആത്യന്തികമായി മൂത്ത മകനാണ്.

പിതാവ് വാതിൽ നമുക്കായി തുറന്നിടുന്നു

പിതാവ് അവനെ കാണാനും പുറത്തേക്ക് വരുന്നു. അവൻ അവനെ ശകാരിക്കുകയോ അവൻറെ കടമയെക്കുറിച്ച് ഓർമ്മിപ്പിക്കുകയോ ചെയ്യുന്നില്ല. തന്‍റെ സ്നേഹം അവൻ അനുഭവിച്ചറിയണമെന്ന് മാത്രം അവനാഗ്രഹിക്കുന്നു. അവൻ അവനെ അകത്തേക്ക് ക്ഷണിക്കുകയും വാതിൽ തുറന്നിടുകയും ചെയ്യുന്നു. ആ വാതിൽ നമുക്കായും തുറന്നുകിടക്കുന്നു. ഇതാണ്, വാസ്തവത്തിൽ, പ്രത്യാശയ്ക്കുള്ള കാരണം: പിതാവ് നമ്മെ കാത്തിരിക്കുന്നുവെന്നും, ദൂരെ നിന്ന് നമ്മെ കാണുന്നുവെന്നും, എപ്പോഴും വാതിൽ തുറന്നിടുന്നുവെന്നും നമുക്കറിയാവുന്നതിനാൽ നമുക്ക് പ്രത്യാശ പുലർത്താനാകും.

പ്രിയ സഹോദരീ സഹോദരന്മാരേ, ആകയാൽ, ഈ വിസ്മയകരമായ കഥയിൽ നമ്മൾ എവിടെയാണെന്ന് നമുക്ക് സ്വയം ചോദിക്കാം. വീട്ടിലേക്കുള്ള വഴി കണ്ടെത്താനുള്ള കൃപയ്ക്കായി നമുക്ക് പിതാവായ ദൈവത്തോട് അപേക്ഷിക്കാം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 ഏപ്രിൽ 2025, 12:48