തിരയുക

പത്രോസ് പൗലോസ് അപ്പസ്തോലന്മാരുടെ തിരുനാൾ ദിനത്തിൽ വചനസന്ദേശമേകുന്ന ലിയോ പതിനാലാമൻ പാപ്പാ പത്രോസ് പൗലോസ് അപ്പസ്തോലന്മാരുടെ തിരുനാൾ ദിനത്തിൽ വചനസന്ദേശമേകുന്ന ലിയോ പതിനാലാമൻ പാപ്പാ  (ANSA)

ക്രിസ്തുവിനും സഭയ്ക്കുമായി ജീവിതം സമർപ്പിച്ച പത്രോസും പൗലോസും ഐക്യത്തിന് നമ്മെ ക്ഷണിക്കുന്നു: ലിയോ പതിനാലാമൻ പാപ്പാ

സഭാ ഐക്യവും വിശ്വാസത്തിന്റെ ചൈതന്യവും വളർത്തുന്നതിന് പരിശ്രമിച്ച റോമിന്റെ സ്വർഗ്ഗീയമദ്ധ്യസ്ഥരും സഭയുടെ നേടും തൂണുകളുമായ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ ആഘോഷങ്ങൾ ജൂൺ 29 ഞായറാഴ്ച വത്തിക്കാനിൽ നടന്നു. തിരുനാൾ ദിനത്തിൽ വിശുദ്ധ പത്രോസിന്റെ ബസലിക്കയിലും പുറത്തുമായി പതിനായിരത്തിലധികം ആളുകളുടെ പങ്കാളിത്തത്തോടെ നടന്ന വിശുദ്ധ ബലിമധ്യേ സഭയ്ക്ക് ഇരുവിശുദ്ധരും നൽകിയ സംഭാവനകൾ എടുത്ത് പറഞ്ഞ് ലിയോ പതിനാലാമൻ പാപ്പാ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

തങ്ങളുടെ ജീവിതം പൂർണ്ണമായും ക്രിസ്തുവിനായി സമർപ്പിക്കുകയും വിശ്വാസത്തിനായി രക്തസാക്ഷിത്വം വഹിക്കുകയും ചെയ്ത രണ്ട് അപ്പസ്തോലന്മാരുടെ തിരുനാളാണ് നാം ആഘോഷിക്കുന്നതെന്ന് പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാളിനോടനുബന്ധിച്ച് ജൂൺ 29 ഞായറാഴ്ച വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽ അർപ്പിച്ച വിശുദ്ധബലിയിൽ ലിയോ പതിനാലാമൻ പാപ്പാ. വിശുദ്ധബലിമധ്യേ വായിക്കപ്പെട്ട ലേഖനങ്ങളെ ആധാരമാക്കി, പത്രോസും പൗലോസും തടവറയിലടയ്ക്കപ്പെട്ടതിനെക്കുറിച്ച് പരാമർശിച്ച പാപ്പാ, സുവിശേഷത്തിനായാണ് ഇരുവരും തങ്ങളുടെ ജീവിതം നൽകിയതെന്ന് എടുത്തുപറഞ്ഞു.

ഗലീലിയിലെ ഒരു മീൻപിടുത്തക്കാരനായിരുന്ന ശിമെയോനും, ഫരിസേയനും ബൗദ്ധികനുമായ പൗലോസും വ്യത്യസ്തങ്ങളായ വഴികളിലൂടെയാണ് കർത്താവിനുവേണ്ടി ജീവിതം അർപ്പിക്കാൻ തയ്യാറാക്കുന്നതെന്ന്, പതോസിന്റെ ശിഷ്യത്വത്തെയും, പൗലോസിന്റെ ക്രൈസ്തവർക്കെതിരായ പീഡനങ്ങളെയും പരാമർശിച്ചുകൊണ്ട് പാപ്പാ അനുസ്മരിച്ചു. പത്രോസ് പ്രധാനമായും യഹൂദരോടും പൗലോസ് വിജാതീയരോടുമാണ് സുവിശേഷം പ്രഘോഷിക്കുന്നതെന്ന കാര്യവും പാപ്പാ അനുസ്മരിച്ചു.

പത്രോസും പൗലോസും തമ്മിലുണ്ടായിരുന്ന ആശയപരമായ ഭിന്നാഭിപ്രായങ്ങളും സംഘർഷങ്ങളും തന്റെ പ്രഭാഷണത്തിൽ എടുത്തുപറഞ്ഞ പാപ്പാ, കർത്താവ് നമ്മെ വിളിക്കുന്നത് ഐക്യത്തിലേക്കാണെന്നും, അതേസമയം അവൻ ഒരിക്കലും നമ്മുടെ സ്വാതന്ത്ര്യത്തെ എടുത്തുകളയുന്നില്ലെന്നും ഓർമ്മിപ്പിച്ചു.

വിവിധങ്ങളായ സിദ്ധികളും വരങ്ങളും നിയോഗങ്ങളുമുള്ളപ്പോഴും സഭയിലും വിശ്വാസികൾക്കിടയിലും പരസ്പരബന്ധത്തിന്റെ പാലങ്ങൾ ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യം പാപ്പാ എടുത്തുപറഞ്ഞു.

വിശ്വാസചൈതന്യം

വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും തിരുനാൾ, നമ്മുടെ വിശ്വാസജീവിതത്തിന്റെ ചൈതന്യത്തെയും ആഴത്തെയും കുറിച്ച് ചിന്തിക്കാൻ നമ്മെ ആഹ്വാനം ചെയ്യുന്നുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ശിഷ്യരെന്ന നിലയിലുള്ള നമ്മുടെ വിശ്വാസജീവിതത്തിൽ, അവർത്തനവിരസത, ആചാരാനുഷ്ടാങ്ങളിലേക്ക് ചുരുങ്ങിപ്പോകാനുള്ള സാധ്യത, വർത്തമാനകാലപ്രതിസന്ധികളെയും വെല്ലുവിളികളെയും കണക്കിലെടുക്കാത്ത അജപാലനരീതികൾ തുടങ്ങിയ അപകടസാധ്യതകളെക്കുറിച്ച് പാപ്പാ പരാമർശിച്ചു.

പത്രോസ് പൗലോസ് അപ്പസ്തോലന്മാരുടെ ജീവിതത്തിൽ, മാറ്റങ്ങളെയും സമൂഹത്തിലെ സമൂർത്തങ്ങളായ അവസ്ഥകളെയും അഭിമുഖീകരിക്കാനുള്ള കഴിവ് നാം കാണുന്നുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. വിശ്വാസികൾ മുന്നോട്ടുവയ്ക്കുന്ന ചോദ്യങ്ങളുടെയും പ്രശ്നങ്ങളുടെയും മുന്നിൽ പുതിയ സുവിശേഷവത്കരണമാർഗ്ഗങ്ങൾ കണ്ടെത്താൻ അവർക്ക് സാധിച്ചിരുന്നുവെന്നും പാപ്പാ അനുസ്മരിച്ചു.

ഞാൻ ആരാണെന്ന ക്രിസ്തുവിന്റെ ചോദ്യം

സുവിശേഷവുമായി ബന്ധപ്പെട്ട് സംസാരിക്കവെ, ശിഷ്യരോട് ക്രിസ്തു ചോദിച്ച ചോദ്യം ഇന്ന് നമ്മോടും അവൻ ചോദിക്കുന്നുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. നമ്മുടെ വിശ്വാസജീവിതത്തിന്റെ ചലനാത്മകതയും ചൈതന്യവും ഇപ്പോഴും നിലനിൽക്കുന്നുണ്ടോയെന്നും, കർത്താവുമായുള്ള ബന്ധത്തിന്റെ ജ്വാല ഇപ്പോഴും ശോഭിക്കുന്നുണ്ടോയെന്നും വിചിന്തനം ചെയ്യാനും വിലയിരുത്താനും "ഞാൻ ആരാണെന്നാണ് നിങ്ങൾ പറയുന്നതെന്ന" ക്രിസ്തുവിന്റെ ചോദ്യം (മത്തായി 16,15) നമ്മെ സഹായിക്കുമെന്ന് പാപ്പാ വിശദീകരിച്ചു.

വിശ്വാസജീവിതത്തെക്കുറിച്ചുള്ള വിചിന്തനം തുടരേണ്ടതിന്റെ പ്രാധാന്യം ആവർത്തിച്ച പാപ്പാ, ഇത് സഭയെയും നമ്മെയും വിശ്വാസപരമായി നവീകരണത്തിനും, സുവിശേഷപ്രഘോഷണത്തിനുള്ള പുതിയ മാർഗ്ഗങ്ങൾ തേടുന്നതിനും സഹായിക്കുമെന്ന് പറഞ്ഞു.

ഐക്യത്തിന്റെയും ഒരുമയുടയും അടയാളമായി തുടരാൻ റോമിലെ സഭയ്ക്കുള്ള വിളിയുടെ പ്രാധാന്യവും പാപ്പാ പ്രത്യേകം അനുസ്മരിച്ചു. വിശുദ്ധബലിമദ്ധ്യേ വിവിധ രാജ്യങ്ങളിൽനിന്നെത്തിയ ആർച്ച്ബിഷപ്പുമാർക്ക് പാലിയം നൽകുന്നതുമായി ബന്ധപ്പെട്ട് സംസാരിക്കവെ, ഇത് റോമിന്റെ മെത്രാനുമായുള്ള ഐക്യത്തിന്റെ അടയാളം കൂടിയാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

വിശുദ്ധബലിയിൽ പങ്കെടുക്കാനെത്തിയ ഉക്രൈനിലെ ഗ്രീക്ക് കത്തോലിക്കാ സഭയുടെ സിനഡ് അംഗങ്ങളെ പാപ്പാ പ്രത്യേകം അഭിവാദ്യം ചെയ്‌തു. ബുദ്ധിമുട്ടേറിയ ഒരു സമയത്തുകൂടി കടന്നുപോകുമ്പോഴും ആ സഭ നടത്തുന്ന അജപാലനപ്രവർത്തനങ്ങളെ പ്രശംസിച്ച പാപ്പാ, ഉക്രൈൻ ജനതയ്ക്ക് കർത്താവ് സമാധാനം നൽകട്ടെയെന്ന് ആശംസിച്ചു.

പരിശുദ്ധ ബർത്തലോമിയോ പാത്രിയർക്കീസിന്റെ പ്രതിനിധിയെയും പാപ്പാ തന്റെ പ്രഭാഷണമധ്യേ അഭിവാദ്യം ചെയ്തിരുന്നു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 ജൂൺ 2025, 17:04