രക്തസാക്ഷികൾ നിരായുധമായ പ്രത്യാശയ്ക്ക് സാക്ഷ്യം വഹിക്കുന്നവരാണ്: ലിയോ പതിനാലാമൻ പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ, വിശ്വാസത്തിനു സാക്ഷ്യം വഹിച്ചരുടെയും, പുതിയ രക്തസാക്ഷികളായവരുടെയും സ്മരണയ്ക്കായി, ലിയോ പതിനാലാമൻ പാപ്പാ, സെപ്റ്റംബർ മാസം പതിനാലാം തീയതി ഞായറാഴ്ച്ച, വിശുദ്ധ പൗലോസിന്റെ ബസിലിക്കയിൽ പ്രാർത്ഥനാശുശ്രൂഷകൾക്ക് നേതൃത്വം നൽകി. ക്രിസ്തുവിന്റെ കുരിശിന്റെ ചുവട്ടിലാണ് ക്രൈസ്തവരുടെ പ്രത്യാശയും, രക്തസാക്ഷികളുടെ മഹത്വവുമായ നമ്മുടെ രക്ഷയെന്നും പറഞ്ഞ പാപ്പാ, ഈ ആശംസയയോടെ, ഓർത്തഡോക്‌സ് സഭയിലെ പ്രതിനിധികളെയും, പുരാതന പൗരസ്ത്യ സഭാ പ്രതിനിധികളെയും, എക്യൂമെനിക്കൽ അംഗങ്ങളേയും, സ്വാഗതം ചെയ്യുകയും അവരുടെ സാന്നിധ്യത്തിന് നന്ദിയർപ്പിക്കുകയും ചെയ്തു.
"സ്നേഹം മരണത്തേക്കാൾ ശക്തമാണ്" എന്ന് തെളിയിച്ചതാണ്, ഈ രക്തസാക്ഷികൾ നൽകുന്ന വലിയ പാഠം എന്ന് ഓർമ്മിപ്പിച്ച പാപ്പാ, ക്രൂശിതനായവനിലേക്ക് നമ്മുടെ ദൃഷ്ടികൾ ഉറപ്പിച്ചുകൊണ്ട്, രക്തസാക്ഷികളായ സഹോദരങ്ങളെ ഓർക്കുവാൻ ആഹ്വാനം ചെയ്തു.
യേശു തന്റെ കുരിശിലൂടെ ദൈവത്തിന്റെ യഥാർത്ഥ മുഖവും , മനുഷ്യരാശിയോടുള്ള അനന്തമായ അനുകമ്പയും നമുക്ക് കാണിച്ചുതന്നുവെന്നും, അപമാനിതരും, അടിച്ചമർത്തപ്പെട്ടവരുമായ ജനതയ്ക്കുവേണ്ടി അവൻ കഷ്ടപ്പാടുകൾ സഹിക്കുകയും നമ്മുടെ ദുഃഖങ്ങൾ ഏറ്റെടുക്കുകയും ചെയ്തുവെന്നും പാപ്പാ എടുത്തു പറഞ്ഞു.
ഇന്നും, പ്രയാസകരമായ സാഹചര്യങ്ങളിലും, ശത്രുതാപരമായ സന്ദർഭങ്ങളിലും വിശ്വാസത്തിന് സാക്ഷ്യം വഹിക്കുന്നവർ യേശുവിന്റെ അതേ കുരിശു തന്നെയാണ് വഹിക്കുന്നതെന്നു പറഞ്ഞ പാപ്പാ, സുവിശേഷത്തോടുള്ള വിശ്വസ്തതയ്ക്കും, മതസ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിനും, ദരിദ്രരോട് ചേർന്ന് നിൽക്കുവാനും, നീതിക്കുവേണ്ടിയുള്ള പ്രതിബദ്ധതയ്ക്കും വേണ്ടി ജീവൻ സമർപ്പിക്കുന്ന ഇവരുടെ പ്രത്യാശ അനശ്വരതയിലാണ് നിറഞ്ഞിരിക്കുന്നതെന്നു അടിവരയിട്ടു.
വിദ്വേഷവും, അക്രമവും, യുദ്ധവും അടയാളപ്പെടുത്തിയ ഒരു ലോകത്ത് ഇവരുടെ രക്തസാക്ഷിത്വം, ഇനിയും സുവിശേഷം പ്രഘോഷിക്കുന്നതിനു പ്രചോദനം നൽകുന്നുവെന്നും പാപ്പാ പറഞ്ഞു. അവർ ശരീരത്തിൽ കൊല്ലപ്പെട്ടിട്ടുണ്ടെങ്കിലും, അവരുടെ ശബ്ദം കെടുത്താനോ അവർ നൽകിയ സ്നേഹം മായ്ച്ചുകളയാനോ ആർക്കും കഴിയില്ലയെന്നും, കാരണം അവരുടെ സാക്ഷ്യം തിന്മയുടെ മേൽ നന്മയുടെ വിജയത്തിന്റെ പ്രവചനമായി എന്നും തുടരുമെന്നും പാപ്പാ കൂട്ടിച്ചേർത്തു.
ബലപ്രയോഗത്തിന്റെയും അക്രമത്തിന്റെയും ആയുധങ്ങൾ ഒരിക്കലും ഉപയോഗിക്കാതെ സുവിശേഷത്തിന്റെ ദുർബലവും സൗമ്യവുമായ ശക്തിയെ ആലിംഗനം ചെയ്തുകൊണ്ട് അവർ വിശ്വാസത്തിന് സാക്ഷ്യം വഹിച്ചുവെന്നും, അതിനാൽ നിരായുധമായ പ്രത്യാശയുടെ വക്താക്കളാണ് അവരെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു. ക്രിസ്തീയ മാനവികതയുടെ ഒരു വലിയ ചുവർച്ചിത്രമാണ് ഈ രക്തസാക്ഷികളുടെ ജീവിതമെന്നും പാപ്പാ ചൂണ്ടിക്കാട്ടി.
യേശുക്രിസ്തുവിലുള്ള വിശ്വാസത്തിനായി ജീവൻ നൽകുന്നത്, വ്യത്യസ്ത പശ്ചാത്തലങ്ങളിലുള്ള ക്രിസ്ത്യാനികളെ ഒന്നിപ്പിക്കുന്നുവെന്നും ഇത് യഥാർത്ഥ എക്യൂമെനിക്കൽ കൂട്ടായ്മയാണെന്നും പാപ്പാ അനുസ്മരിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
