തിരയുക

ലിയോ പതിനാലാമൻ പാപ്പാ സദസിൽ പങ്കെടുത്ത സന്യസ്തർക്കൊപ്പം ലിയോ പതിനാലാമൻ പാപ്പാ സദസിൽ പങ്കെടുത്ത സന്യസ്തർക്കൊപ്പം   (ANSA)

സന്യസ്തർ ദൈവത്തിന്റെ ഉപകരണങ്ങളാണ്: ലിയോ പതിനാലാമൻ പാപ്പാ

ആധുനിക യുഗത്തിൽ സന്യാസത്തിന്റെ പ്രാധാന്യം എടുത്തു കാണിച്ചുകൊണ്ട്, വിശുദ്ധ നാട്ടിലെ നിഷ്പാദുക കർമ്മലീത്ത സന്യാസിനികൾക്കും, വിശുദ്ധ കാതറിൻ സന്യാസസമൂഹത്തിലെയും, മറിയത്തിന്റെ വിമലഹൃദയ സലേഷ്യൻ മിഷനറി സന്യാസ സമൂഹത്തിലേയും, വിശുദ്ധ പോൾ ഓഫ് ചാർട്രസ് സന്യാസ സമൂഹത്തിലേയും ജനറൽ ചാപ്റ്റർ അംഗങ്ങൾക്കും, പരിശുദ്ധ പിതാവ് സ്വകാര്യ സദസ് അനുവദിക്കുകയും സന്ദേശം നൽകുകയും ചെയ്തു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

സന്യസ്തരായ സ്ത്രീകൾ ഇന്നത്തെ സമൂഹത്തിനു നൽകുന്ന ധൈര്യപൂർവ്വമായ സേവനങ്ങളെ അടിവരയിട്ടു കൊണ്ട്, വിശുദ്ധ  നാട്ടിലെ നിഷ്പാദുക കർമ്മലീത്ത സന്യാസിനികൾക്കും,  വിശുദ്ധ കാതറിൻ സന്യാസസമൂഹത്തിലെയും, മറിയത്തിന്റെ വിമലഹൃദയ സലേഷ്യൻ മിഷനറി സന്യാസ സമൂഹത്തിലേയും, വിശുദ്ധ പോൾ ഓഫ് ചാർട്രസ് സന്യാസ സമൂഹത്തിലേയും ജനറൽ ചാപ്റ്റർ അംഗങ്ങൾക്കും പരിശൂദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ സന്ദേശം നൽകി. സെപ്റ്റംബർ മാസം ഇരുപത്തിരണ്ടാം തീയതി നൽകിയ സ്വകാര്യ സദസ്സിന്റെ അവസരത്തിലാണ്, സന്യാസത്തെക്കുറിച്ചുള്ള വിവിധ കാഴ്ചപ്പാടുകൾ പാപ്പാ പങ്കുവച്ചത്. ശക്തരും ധൈര്യശാലികളുമായ നിരവധി സ്ത്രീകൾ, ക്രിസ്തുവിനെ അനുഗമിച്ചുകൊണ്ട്, തങ്ങളുടെ ജീവൻ പോലും ത്യാഗം ചെയ്യുവാൻ തയ്യാറായത് ഇന്നും അനേകർക്ക് മാതൃകയാണെന്നു പാപ്പാ ചൂണ്ടിക്കാണിച്ചു.

ധ്യാനത്തിലും അപ്പസ്തോലിക പ്രതിബദ്ധതയിലും പ്രതിഷ്ഠിക്കപ്പെട്ട സ്ത്രീകളെന്ന നിലയിൽ, സന്യസ്തർക്ക്  ഉപവാസത്തിലൂടെ ശരീരങ്ങളെ നിയന്ത്രിക്കുവാനും, പ്രാർത്ഥനയാൽ മനസിനെ പോഷിപ്പിക്കുവാനും, സ്വർഗീയ സന്തോഷത്താൽ ദാഹം ശമിപ്പിക്കുവാനും സാധിക്കണമെന്ന് പാപ്പാ പറഞ്ഞു. ദൈവത്തിൽനിന്നു ലഭിക്കുന്ന ശക്തി നിമിത്തം മാത്രമാണ് സന്യാസത്തിന്റെ സേവനങ്ങൾ ചെയ്യുവാൻ സാധിക്കുന്നതെന്നും, നാം ചെയ്യുന്ന പ്രവൃത്തികൾ കർത്താവിന്റെ കൈകളിലാണെന്നും, നാമേവരും ചെറുതും, അപര്യാപ്തവുമായ ഉപകരണങ്ങൾ മാത്രമാണെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു.

ഇന്നും നമ്മുടെ സമൂഹം ആഗ്രഹിക്കുന്നത്  ഉദാരമതികളായ സന്യസ്തരെയാണെന്നും, വിദ്വേഷവും അക്രമവും കൊണ്ട് കീറിമുറിക്കപ്പെട്ട ഇടങ്ങളിൽ പോലും, സന്യസ്തരുടെ ജാഗ്രതയും, നിശബ്ദമായ സാന്നിധ്യവും, ദൈവത്തിങ്കൽ നമ്മെ തന്നെ ഭരമേല്പിക്കുന്നതിലുള്ള സാക്ഷ്യവും , നിരന്തരമായ പ്രാർത്ഥനകളും ഏറെ ആവശ്യമാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 സെപ്റ്റംബർ 2025, 11:57