തിരയുക

പാപ്പാ: മതബോധകൻ, ജീവിതം സ്വനാവിഷ്കാരമേകുന്ന വചനം!

മതബോധകരുടെ ജൂബിലി സെപ്റ്റംബർ 26-28 വരെ വത്തിക്കാനിൽ ആചരിക്കപ്പെട്ടു. ഈ ജൂബിലിയാചരണത്തിൻറെ സമാപന ദിവ്യബലി ലിയൊ പതിനാലാമൻ പാപ്പാ ഇരുപത്തിയെട്ടാം തീയതി ഞായറാഴ്ച അർപ്പിച്ചു. തദ്ദവസരത്തിൽ പങ്കുവച്ച സുവിശേഷ ചിന്തകളിൽ പാപ്പാ, നല്ല മതബോധകനായിരിക്കേണ്ടതിന് "നിങ്ങളെ ശ്രവിക്കുന്നവർക്ക് കേൾക്കുകവഴി വിശ്വസിക്കാനും, വിശ്വസിച്ചുകൊണ്ട് പ്രത്യാശിക്കാനും, പ്രത്യാശിച്ചുകൊണ്ട് സ്നേഹിക്കാനും കഴിയുന്ന വിധത്തിൽ എല്ലാം വിശദീകരിക്കുക" എന്ന വിശുദ്ധ അഗസ്റ്റിൻറെ ഉപദേശം ആവർത്തിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സെപ്റ്റംബർ 26-28 വരെ വത്തിക്കാനിൽ മതബോധകരുടെ ജൂബിലിയാചരണം നടന്നു. ഈ ജൂബിലിയാചരണത്തിൻറെ സമാപനദിനമായിരുന്ന ഞായറാഴ്ച ലിയൊ പതിനാലാമൻ പാപ്പായുടെ മുഖ്യകാർമ്മിത്വത്തിൽ വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ സാഘോഷമായ ദിവ്യബലി അർപ്പിക്കപ്പെട്ടു. ഭാരതീയരുൾപ്പടെ വിവിധരാജ്യക്കാരായിരുന്ന മതബോധകരും തീർത്ഥാടകരും ഉൾപ്പടെ അമ്പതിനായിരത്തോളം പേർ ഈ തിരുക്കർമ്മത്തിൽ പങ്കുകൊണ്ടു. ആമുഖപ്രാർത്ഥനകൾക്കും വിശുദ്ധഗ്രന്ഥഭാഗ വായനകൾക്കുശേഷം പാപ്പാ സുവിശേഷസന്ദേശം നല്കി. ലൂക്കായുടെ സുവിശേഷം അദ്ധ്യായം 16, 19-31 വരെയുള്ള വാക്യങ്ങളിൽ അവതരപ്പിക്കപ്പെട്ടിരിക്കുന്ന ധനവാൻറെയും ലാസറിൻറെയും ഉപമയായിരുന്നു പാപ്പായുടെ വിചിന്തനത്തിന് ആധാരം.

പാപ്പാ ഇറ്റാലിയൻ ഭാഷയിൽ നടത്തിയ സുവിശേഷ പ്രഭാഷണത്തിൻറെ മലയാള പരിഭാഷ:

ദൈവം സർവ്വത്ര നമ്മെ നിരീക്ഷിക്കുന്നു                 

പ്രിയ സഹോദരീ സഹോദരന്മാരേ,

ദൈവം ലോകത്തെ എല്ലാ സമയത്തും സ്ഥലത്തും എങ്ങനെ നോക്കുന്നുവെന്ന് യേശുവിൻറെ വാക്കുകൾ നമ്മോട് പറയുന്നു. നമ്മൾ ഇപ്പോൾ ശ്രവിച്ച സുവിശേഷത്തിൽ (ലൂക്കാ 16:19-31), അവൻറെ കണ്ണുകൾ ദരിദ്രനായ മനുഷ്യനെയും ധനികനെയും, പട്ടിണിയാൽ മരിക്കുന്നവനെയും അവൻറ മുമ്പിൽ സുഭിക്ഷമായി ഭുജിച്ചവനെയും നിരീക്ഷിക്കുന്നു; ഒരാളുടെ മനോഹരമായ വസ്ത്രങ്ങളും മറ്റൊരാളുടെ, നായ്ക്കൾ നക്കിയ മുറിവുകളും അവൻറെ നയനങ്ങൾ കാണുന്നു (ലൂക്കാ 16:19-21 കാണുക). അതു മാത്രമല്ല: കർത്താവ് മനുഷ്യരുടെ ഹൃദയങ്ങളിലേക്ക് നോക്കുന്നു, അവൻറെ കണ്ണുകളിലൂടെ നാം ഒരു ദരിദ്രനെയും നിസ്സംഗനായ ഒരുവനെയും തിരിച്ചറിയുന്നു. ലാസറിൻറെ മുന്നിലുള്ളവർ, വീടിൻറെ വാതിലിനുള്ളിൽ നിൽക്കുന്നവർ അവനെ മറക്കുന്നു, പക്ഷേ ദൈവം അവൻറെ ചാരെയുണ്ട്, അവൻറെ പേര് ഓർക്കുന്നു. എന്നിരുന്നാലും, സമൃദ്ധിയിൽ ജീവിക്കുന്ന മനുഷ്യൻ നാമരഹിതനാണ്, കാരണം അവൻ സ്വയം നഷ്ടപ്പെട്ടിരിക്കുന്നു, തൻറെ അയൽക്കാരനെ അവൻ മറന്നുപോകുന്നു. അവൻ തൻറെ ഹൃദയത്തിൻറെ വിചാരങ്ങളിൽ മുഴുകിയിരിക്കുന്നു, അത് പദാർത്ഥങ്ങളാൽ പൂരിതവും സ്നേഹത്താൽ ശൂന്യവുമാണ്. അവൻറെ സ്വത്തുക്കൾ അവനെ നല്ലവനാക്കുന്നില്ല.

ഇന്നും ലാസറിൻറെയും ധനവാൻറെയും കഥ തുടരുന്നു

ക്രിസ്തു നമ്മോട് പറയുന്ന കഥ, ദൗർഭാഗ്യവശാൽ, വളരെ കാലോചിതമാണ്. യുദ്ധവും ചൂഷണവും കൊണ്ട് വലയുന്ന മുഴുവൻ ജനങ്ങളുടെയും ദുരിതം ഇന്ന് സമ്പന്നതയുടെ കവാടങ്ങളിൽ കാണാം. നൂറ്റാണ്ടുകളുടെ ഗതിയിൽ, ഒന്നും മാറിയതായി തോന്നുന്നില്ല: നീതിയെ അവഗണിക്കുന്ന അത്യാഗ്രഹത്തിന് മുന്നിൽ, ഉപവിയെ ചവിട്ടിമെതിക്കുന്ന ലാഭേച്ഛയ്ക്കു മുന്നിൽ, ദരിദ്രരുടെ വേദനയോട് അന്ധതകാട്ടുന്ന സമ്പന്നതയ്ക്കു മുന്നിൽ എത്രയെത്ര ലാസറുമാർ മരിക്കുന്നു! എന്നിരുന്നാലും ലാസറിൻറെ കഷ്ടപ്പാടുകൾക്ക് അവസാനമുണ്ടെന്ന് സുവിശേഷം നമുക്ക് ഉറപ്പുനൽകുന്നു. ധനികൻറെ അത്യാഹ്ലാദം അവസാനിക്കുന്നതുപോലെ അവൻറെ വേദനകൾക്ക് അന്ത്യം സംഭവിക്കുന്നു, ദൈവം ഇരുവരുടെയും കാര്യത്തിൽ നീതി നടപ്പാക്കുന്നു: "ദരിദ്രൻ മരിച്ചു, ദൂതന്മാർ അവനെ അബ്രഹാമിൻറെ മടിയിലേക്കു സംവഹിച്ചു. ധനികനും മരിച്ചു, അടക്കപ്പെട്ടു" (ലൂക്കാ 146, 22). നമ്മുടെ ഹൃദയങ്ങളെ പരിവർത്തനം ചെയ്യുന്നതിനായി സഭ കർത്താവിൻറെ ഈ വചനം അക്ഷീണം പ്രഘോഷിക്കുന്നു.

പരനന്മയ്ക്കായി സ്വയം സമർപ്പിക്കാനുള്ള ക്ഷണം

പ്രിയ സുഹൃത്തുക്കളെ, സവിശേഷമായ ഒരു യാദൃശ്ചികതയാൽ, കരുണയുടെ വിശുദ്ധ വർഷത്തിലെ മതബോധകരുടെ ജൂബിലിവേളയിൽ ഇതേ സുവിശേഷ ഭാഗംതന്നെ പ്രഘോഷിക്കപ്പെട്ടു. ആ അവസരത്തിൽ റോമിൽ ഒത്തുകൂടിയ തീർത്ഥാടകരെ സംബോധന ചെയ്തുകൊണ്ട് ഫ്രാൻസിസ് പാപ്പാ, ദൈവം നമ്മുടെ രക്ഷയ്ക്കായി തൻറെ ജീവൻ നൽകി ലോകത്തെ എല്ലാ തിന്മകളിലും നിന്ന് വീണ്ടെടുക്കുന്നുവെന്ന് ഊന്നിപ്പറഞ്ഞു. അവൻറെ പ്രവൃത്തി നമ്മുടെ ദൗത്യത്തിൻറെ തുടക്കമാണ്. കാരണം അത് സകലരുടെയും നന്മയ്ക്കായി സ്വയം സമർപ്പിക്കാൻ നമ്മെ ക്ഷണിക്കുന്നു. "സകലവും കറങ്ങുന്നത് ഇതു കേന്ദ്രമാക്കിയാണ്, എല്ലാത്തിനും ജീവൻ നൽകുന്ന തുടിക്കുന്ന ഈ ഹൃദയം, ഉത്ഥാന വിളംബരം, ആദ്യ പ്രഖ്യാപനം ആണ്: കർത്താവായ യേശു ഉയിർത്തെഴുന്നേറ്റു, കർത്താവായ യേശു നിന്നെ സ്നേഹിക്കുന്നു, അവൻ നിനക്കുവേണ്ടി സ്വന്തം ജീവൻ നൽകി; അവൻ ഉയിർത്തെഴുന്നേറ്റു, ജീവിച്ചിരിക്കുന്നു, അവൻ നിൻറെ അരികിലുണ്ട്, എല്ലാ ദിവസവും നിന്നെ കാത്തിരിക്കുന്നു" (സുവിശേഷപ്രഭാഷണം, സെപ്റ്റംബർ 25, 2016). സുവിശേഷത്തിൽ നാം കേട്ട ധനികനും അബ്രഹാമും തമ്മിലുള്ള സംഭാഷണത്തെക്കുറിച്ച് ചിന്തിക്കാൻ ഈ വാക്കുകൾ നമ്മെ പ്രേരിപ്പിക്കുന്നു: തൻറെ സഹോദരങ്ങളെ രക്ഷിക്കാൻ ധനികൻ നടത്തുന്ന ഒരു യാചനയാണിത്, അത് നമുക്ക് ഒരു ആഹ്വാനമായി മാറുന്നു.

സ്നേഹത്തിൻറെ അനിവാര്യത

അബ്രഹാമിനോട് സംസാരിക്കുമ്പോൾ അദ്ദേഹം ഉദ്‌ഘോഷിക്കുന്നു: "മരിച്ചവരിൽ നിന്ന് ആരെങ്കിലും അവരുടെ അടുക്കൽ ചെന്നു പറഞ്ഞാൽ അവർ മാനസാന്തരപ്പെടും" (ലൂക്കാ 16:30). അബ്രഹാം ഇങ്ങനെ പ്രതികരിക്കുന്നു: " മോശയും പ്രവാചകന്മാരും പറയുന്നത് അവർ ശ്രവിക്കുന്നില്ലെങ്കിൽ, മരിച്ചവരിൽ നിന്ന് ഒരുവൻ ഉയിർത്തെഴുന്നേറ്റാലും അവർക്ക് ബോധ്യമാവുകയില്ല" (ലൂക്കാ 16:31). തീർച്ചയായും, മരിച്ചവരിൽ നിന്ന് ഒരാൾ ഉയിർത്തെഴുന്നേറ്റു: യേശുക്രിസ്തു. അപ്പോൾ, തിരുലിഖിതത്തിലെ വാക്കുകൾ നമ്മെ നിരാശപ്പെടുത്താനോ നിരുത്സാഹപ്പെടുത്താനോ അല്ല, മറിച്ച് നമ്മുടെ മനസ്സാക്ഷിയെ ഉണർത്താനാണ്. മോശയെയും പ്രവാചകന്മാരെയും കേൾക്കുക എന്നതിനർത്ഥം ദൈവത്തിൻറെ കൽപ്പനകളും വാഗ്ദാനങ്ങളും ഓർമ്മിക്കുക എന്നാണ്, അവൻറെ കരുതൽ ആരെയും ഒരിക്കലും ഉപേക്ഷിക്കുന്നില്ല. ക്രിസ്തു മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേറ്റതിനാൽ എല്ലാവരുടെയും ജീവിതത്തിന് മാറാൻ കഴിയുമെന്ന് സുവിശേഷം നമ്മോട് പറയുന്നു. നമ്മെ രക്ഷിക്കുന്ന സത്യമാണ് ഈ സംഭവം: ആകയാൽ, അത് അറിയുകയും പ്രഘോഷിക്കുകയും വേണം, പക്ഷേ അത് മാത്രം പോരാ. അത് സ്നേഹിക്കപ്പെടണം: ഈ സ്നേഹമാണ് സുവിശേഷം മനസ്സിലാക്കാൻ നമ്മെ പ്രാപ്തരാക്കുന്നത്, കാരണം അത് ദൈവവചനത്തിലേക്കും നമ്മുടെ അയൽക്കാരൻറെ വദനത്തിലേക്കും നമ്മുടെ ഹൃദയങ്ങൾ തുറന്നുകൊണ്ട് നമ്മെ രൂപാന്തരപ്പെടുത്തുന്നു.

യേശുസാക്ഷികളായി മാറുക

ഇക്കാര്യത്തിൽ, നിങ്ങൾ, മതബോധകർ യേശുവിൻറെ സാക്ഷികളായി മാറുന്ന ശിഷ്യന്മാരാണ്: നിങ്ങൾ നടത്തുന്ന ശുശ്രൂഷയുടെ പേര്, വാമൊഴിയായി പഠിപ്പിക്കുക, പ്രതിധ്വനിപ്പിക്കുക എന്നൊക്കെ അർത്ഥം വരുന്ന ഗ്രീക്ക് ക്രിയാപദമായ കറ്റേക്കെയിൻ (katēchein)  എന്നതിൽ നിന്നാണ് വരുന്നത്. ഇതിനർത്ഥം മതാദ്ധ്യാപകൻ വചനത്തിൻറെ ഒരു വ്യക്തിയാണ്, സ്വന്തം ജീവിതംകൊണ്ട് ഉച്ചരിക്കുന്ന ഒരു വാക്കാണ് എന്നാണ്. അതിനാൽ, ആദ്യ മതബോധകർ, ആദ്യം നമ്മോട് സംസാരിക്കുകയും നമ്മെ സംസാരിക്കാൻ പഠിപ്പിക്കുകയും ചെയ്തവരായ നമ്മുടെ മാതാപിതാക്കളാണ്. നാം നമ്മുടെ മാതൃഭാഷ പഠിച്ചതുപോലെ തന്നെ, വിശ്വാസപ്രഘോഷണവും മറ്റുള്ളവരെ ഏൽപ്പിക്കാൻ കഴിയില്ല, നമ്മൾ താമസിക്കുന്നിടത്താണ് ഇത് സംഭവിക്കുന്നത്. സർവ്വോപരി, നമ്മുടെ വീടുകളിൽ, മേശയ്ക്കു ചുറ്റും: ക്രിസ്തുവിലേക്ക് ആനയിക്കുന്ന ഒരു സ്വരം, ഒരു ആംഗ്യം, ഒരു മുഖം ഉണ്ടാകുമ്പോൾ, കുടുംബം സുവിശേഷത്തിൻറെ സൗന്ദര്യം അനുഭവിച്ചറിയുന്നു.

മതബോധനത്തിൻറെ ശക്തി

നമ്മെക്കാൾ മുമ്പ് വിശ്വസിച്ചവരുടെ സാക്ഷ്യത്തിലൂടെ വിശ്വസിക്കാൻ പരിശീലിപ്പിക്കപ്പെട്ടവരാണ് നമ്മളെല്ലാവരും. കുട്ടികളും കൗമാരക്കാരും യുവാക്കളും, പിന്നെ മുതിർന്നവരും പ്രായമായവരും ആയിരിക്കുമ്പോഴെല്ലാം, മതബോധകർ,  ജൂബിലി തീർത്ഥാടനത്തിൽ ഈ ദിനങ്ങളിൽ ചെയ്തതുപോലെ, നിരന്തരമായ ഒരു യാത്ര പങ്കുവച്ചുകൊണ്ട് വിശ്വാസത്തിൽ നമ്മെ തുണയ്ക്കുന്നു. ഈ ചലനാത്മകത സഭ മുഴുവനെയും ഉൾക്കൊള്ളുന്നു: വാസ്തവത്തിൽ, ദൈവജനം സ്ത്രീപുരുഷന്മാരെ വിശ്വാസത്തിലേക്കാനയിക്കുമ്പോൾ, "കാര്യങ്ങളെയും പകർന്നു നല്കപ്പെട്ട വാക്കുകളെയും കുറിച്ചുള്ള ധാരണയിൽ വളരുന്നു. ഇതു സംഭവിക്കുന്നത് അവയെ ഹൃദയങ്ങളിൽ സംഗ്രഹിക്കുന്ന വിശ്വാസികളുടെ ധ്യാനത്തിലൂടെയും പഠനത്തിലൂടെയും (ലൂക്കാ 2:19, 51), ആണ്, അല്ലെങ്കിൽ ആത്മീയ കാര്യങ്ങളുടെ ആഴത്തിലുള്ള അനുഭവത്തിലൂടെ നൽകുന്ന ധാരണയിലൂടെയോ, മെത്രാനടുത്ത പിന്തുടർച്ചയിലൂടെ സത്യത്തിൻറെ സുനിശ്ചിത സിദ്ധി ലഭിച്ചവരുടെ പ്രസംഗത്തിലൂടെയോ" ആണ് (ദേയി വെർബൂം, 8). ഇത്തരമൊരു കൂട്ടായ്മയിൽ, വ്യക്തിവാദത്തിൽ നിന്നും ഭിന്നതകളിൽ നിന്നും നമ്മെ സംരക്ഷിക്കുന്ന "യാത്രോപപകരണം" ആണ് മതബോധനഗ്രന്ഥം, കാരണം അത് കത്തോലിക്കാ സഭ മുഴുവൻറെയും വിശ്വാസത്തെ സാക്ഷ്യപ്പെടുത്തുന്നു. ഓരോ വിശ്വാസിയും ചോദ്യങ്ങൾ കേട്ടുകൊണ്ടും, പരീക്ഷണങ്ങൾ പങ്കുവെച്ചുകൊണ്ടും, മനുഷ്യ മനസ്സാക്ഷിയിൽ കുടികൊള്ളുന്ന നീതിക്കും സത്യത്തിനും വേണ്ടിയുള്ള ആഗ്രഹത്തെ സേവിച്ചുകൊണ്ടും സഭയുടെ അജപാലന പ്രവർത്തനത്തിൽ സഹകരിക്കുന്നു.

ഇങ്ങനെയാണ് മതബോധകർ പഠിപ്പിക്കുന്നത്, അതായത്, അവർ ഒരു ആന്തരിക അടയാളം അവശേഷിപ്പിക്കുന്നു: വിശ്വാസ പരിശീലനമേകുമ്പോൾ നാം വെറും പ്രബോധനങ്ങൾ നല്കുകയല്ല, മറിച്ച് അത് സൽജീവൻറെ ഫലം പുറപ്പെടുവിക്കുന്നതിനായി അവരുടെ ഹൃദയങ്ങളിൽ ജീവൻറെ വചനം ഇടുകയാണ്. ഒരു നല്ല മതബോധകനാകുന്നത് എങ്ങനെയെന്ന് ചോദിച്ച ശെമ്മാശൻ ദേവൊഗ്രാസിയാസിനോട് വിശുദ്ധ അഗസ്റ്റിൻ പ്രത്യുത്തരിച്ചു: "നിങ്ങളെ ശ്രവിക്കുന്നവർക്ക് കേൾക്കുകവഴി വിശ്വസിക്കാനും, വിശ്വസിച്ചുകൊണ്ട് പ്രത്യാശിക്കാനും, പ്രത്യാശിച്ചുകൊണ്ട് സ്നേഹിക്കാനും കഴിയുന്ന വിധത്തിൽ എല്ലാം വിശദീകരിക്കുക" (De catechizandis rudibus, 4, 8).

അത്യാഗ്രഹവും നിസ്സംഗതയും നമ്മെ കവർന്നെടുക്കരുത്

പ്രിയ സഹോദരീ സഹോദരന്മാരേ, ഈ ക്ഷണം നമുക്ക് നമ്മുടെ സ്വന്തമാക്കാം! ആരും തങ്ങൾക്കില്ലാത്തത് നൽകുന്നില്ലെന്ന് നമുക്ക് ഓർമ്മിക്കാം. സുവിശേഷത്തിലെ ധനികൻ ലാസറിനോട് കരുണ കാണിച്ചിരുന്നെങ്കിൽ, അവൻ ദരിദ്രന് മാത്രമല്ല, തനിക്കും നന്മ ചെയ്യുമായിരുന്നു. ആ പേരില്ലാത്ത മനുഷ്യന് വിശ്വാസമുണ്ടായിരുന്നെങ്കിൽ, ദൈവം അവനെ എല്ലാ പീഡകളിൽ നിന്നും രക്ഷിക്കുമായിരുന്നു: ലൗകിക സമ്പത്തിനോടുള്ള അവൻറെ ആസക്തിയാണ് സത്യവും ശാശ്വതവുമായ നന്മയെ സംബന്ധിച്ച പ്രതീക്ഷ അവനിൽ നിന്ന് കവർന്നെടുത്തത്. നമ്മളും അത്യാഗ്രഹത്താലും നിസ്സംഗതയാലും പ്രലോഭിപ്പിക്കപ്പെടുമ്പോൾ, ഇന്നത്തെ നിരവധി ലാസറുമാർ യേശുവിൻറെ വാക്കുകൾ നമ്മെ ഓർമ്മിപ്പിക്കുന്നു, ഈ ജൂബിലിയിൽ നമുക്ക് കൂടുതൽ ഫലപ്രദമായ ഒരു മതബോധനമായി മാറുന്നു, ഈ ജൂബിലി എല്ലാവർക്കും മാനസാന്തരത്തിൻറെയും ക്ഷമയുടെയും, നീതിയോടുള്ള പ്രതിബദ്ധതയുടെയും സമാധാനത്തിനായുള്ള ആത്മാർത്ഥമായ അന്വേഷണത്തിൻറെയും സമയമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 സെപ്റ്റംബർ 2025, 11:36