തിരയുക

പാപ്പാ: ജീവിതം പാഴാക്കാതെ ഉന്നതോന്മുഖമാക്കാൻ നവവിശുദ്ധർ നമ്മെ ക്ഷണിക്കുന്നു!

ലിയൊ പതിനാലാമൻ പാപ്പാ പീയെർ ജോർജൊ ഫ്രസ്സാത്തി, കാർലൊ അക്കൂത്തിസ് എന്നീ യുവാക്കളെ വിശുദ്ധരായി പ്രഖ്യാപിച്ചു. സെപ്റ്റംബർ 7-ന് ഞായറാഴ്ച രാവിലെ വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിലായിരുന്നു തിരുക്കർമ്മം. ഈ ദിവ്യബലിവേളയിൽ പാപ്പാ നല്കിയ സുവിശേഷസന്ദേശത്തിലെ കേന്ദ്ര ആശയം ദൈവഹിതം തരിച്ചറിയുകയും ദൈവികപദ്ധതിയോടു സഹകരിക്കുകയും ചെയ്യേണ്ടതിൻറെ ആവശ്യകത ആയിരുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

തങ്ങളുടെ നന്നേ ഹ്രസ്വമായിരുന്ന ജീവിതം ദൈവത്തിനുള്ള സാക്ഷ്യമാക്കിത്തീർത്ത രണ്ടു യുവാക്കളെ, അതായത് പീയെർ ജോർജൊ ഫ്രസ്സാത്തി, കാർലൊ അക്കൂത്തിസ് എന്നീ വാഴ്ത്തപ്പെട്ടവരെ ലിയൊ പതിനാലാമൻ പാപ്പാ സെപ്റ്റംബർ 7-ന് ഞായാറാഴ്ച രാവിലെ വിശുദ്ധരായി പ്രഖ്യാപിച്ചു. ഈ വിശുദ്ധപദപ്രഖ്യാപനം വിവധരാജ്യക്കാരും ഭാഷാക്കാരുമായിരുന്ന എൺപതിലായിരത്തിലേറെ വിശ്വാസികളെ സാക്ഷികളാക്കി വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിലാണ് അരങ്ങേറിയത്. ആമുഖപ്രാർത്ഥനകൾക്കും വിശുദ്ധരായിപ്രഖ്യാപിക്കപ്പടേണ്ടവരുടെ ലഘുജീവചരിത്ര പാരായണത്തിനും ശേഷം സകലവിശുദ്ധരുടെയും ലുത്തീനിയ ആലപിക്കപ്പെട്ടു. തദ്ദനന്തരം ലിയൊ പതിനാലാമൻ പാപ്പാ പീയെർ ജോർജൊ ഫ്രസ്സാത്തി, കാർലൊ അക്കൂത്തിസ് എന്നീ പുണ്യാത്മാ ക്കളെ സഭയിലെ വിശുദ്ധരുടെ പട്ടികയിൽ ഔപചാരികമായി ചേർത്തു.

ഈ വിശുദ്ധപദപ്രഖ്യാപന  ദിവ്യബലി മദ്ധ്യേ പാപ്പാ പങ്കുവച്ച സുവിശേഷചിന്തകൾ:

കർത്താവേകുന്ന ജ്ഞാനവും ദൈവിക പദ്ധതികളും

പ്രിയ സഹോദരീ സഹോദരന്മാരേ,

നമ്മൾ ആദ്യ വായനയിൽ ഒരു ചോദ്യം കേട്ടു: "കർത്താവേ, നീ ജ്ഞാനം നൽകുകയും ഉന്നതത്തിൽ നിന്ന് നിൻറെ പരിശുദ്ധാത്മാവിനെ അയയ്ക്കുകയും ചെയ്തില്ലെങ്കിൽ, ആർക്കാണ് നിൻറെ ഇഷ്ടം അറിയാൻ കഴിയുക?" (ജ്ഞാനം 9:17). പീയെർ ജോർജോ ഫ്രാസാത്തി, കാർലോ അക്യുത്തിസ് എന്നീ രണ്ട് യുവവാഴ്ത്തപ്പെട്ടവരെ വിശുദ്ധരായി പ്രഖ്യാപിച്ചതിന് ശേഷമാണ് നമ്മൾ അത് കേട്ടത്, ഇത് പരിപാലനാപരമാണ്. വാസ്തവത്തിൽ, ജ്ഞാനത്തിൻറെപുസ്തകത്തിൽ, ഈ ചോദ്യം അവരെപ്പോലുള്ള ഒരു യുവാവായ സോളമൻ രാജാവുമായി ബന്ധപ്പെട്ടതാണ്. തൻറെ പിതാവായ ദാവീദിൻറെ മരണശേഷം, തൻറെ കൈവശം നിരവധി കാര്യങ്ങളുണ്ടെന്ന് സോളമൻ മനസ്സിലാക്കി: ശക്തി, സമ്പത്ത്, ആരോഗ്യം, യുവത്വം, സൗന്ദര്യം, സാമ്രാജ്യം എന്നിവ. എന്നാൽ കൃത്യമായി പറഞ്ഞാൽ, ഈ ഉപാധികളുടെ സമൃദ്ധി അവൻറെ ഹൃദയത്തിൽ ഒരു ചോദ്യം ഉയർത്തി: "ഒന്നും നഷ്ടപ്പെടാതിരിക്കാൻ ഞാൻ എന്തുചെയ്യണം?" ഉത്തരം കണ്ടെത്താനുള്ള ഏക പോംവഴി ദൈവത്തോട് അതിലും വലിയ ഒരു ദാനത്തിനായി അപേക്ഷിക്കുക എന്നതാണെന്ന് അവന് മനസ്സിലായി: അതായത്, ദൈവത്തിൻറെ പദ്ധതികൾ അറിയുകയും അവയോടു വിശ്വസ്തത പുലർത്തുകയും ചെയ്യുന്നതിന് വേണ്ടുന്നതായ അവിടത്തെ ജ്ഞാനം  എന്ന് അദ്ദേഹം മനസ്സിലാക്കി. വാസ്തവത്തിൽ, ഈ വിധത്തിൽ മാത്രമേ ഓരോന്നിനും കർത്താവിൻറെ മഹത്തായ പദ്ധതിയിൽ അതതിൻറെ സ്ഥാനം കണ്ടെത്താൻ കഴിയുകയുള്ളൂ എന്ന് അദ്ദേഹം ഗ്രഹിച്ചു. അതെ, കാരണം ജീവിതത്തിലെ ഏറ്റവും വലിയ അപകടസാധ്യത ദൈവത്തിൻറെ പദ്ധതിക്ക് പുറത്ത് ജീവിതം പാഴാക്കിക്കളയുക എന്നതാണ്.

സാഹസികത ഏറ്റെടുക്കുക

അങ്ങേയറ്റം വരെ വിശ്വസ്തതപുലർത്തേണ്ടുന്നതായ ഒരു പദ്ധതിയെക്കുറിച്ച് സുവിശേഷത്തിൽ, യേശുവും നമ്മോടു പറയുന്നുണ്ട്. അവിടന്ന് അരുളിച്ചെയുന്നു:  "സ്വന്തം കുരിശുവഹിക്കാതെ എൻറെ പിന്നാലെ വരുന്നവന് എൻറെ ശിഷ്യനായിരിക്കാൻ കഴിയില്ല" (ലൂക്കാ 14:27); വീണ്ടും അവിടന്നു പറയുന്നു: "തനിക്കുള്ളതെല്ലാം ഉപേക്ഷിക്കാതെ നിങ്ങളിലാർക്കും എൻറെ ശിഷ്യനാകാൻ കഴിയില്ല" (ലൂക്കാ 14:33). അവൻ നമ്മുടെ മുന്നിൽ വയ്ക്കുന്ന സാഹസികതയിലേക്ക്, അവൻറെ ആത്മാവിൽ നിന്ന് വരുന്ന ബുദ്ധിയും ശക്തിയും ഉപയോഗിച്ച്, നിസ്സംശയം ചാടാൻ അവൻ നമ്മെ വിളിക്കുന്നു. അവൻറെ വചനം കേൾക്കുന്നതിനു വേണ്ടി നാം നമ്മിൽ നിന്നും നമ്മെ ബന്ധിച്ചുനിർത്തുന്ന വസ്തുക്കളിലും ആശയങ്ങളിലും നിന്നും നമ്മെ ഉരിഞ്ഞുമാറ്റുന്നതിന് ആനുപാതികമായി നമുക്കതു സ്വീകരിക്കാൻ സാധിക്കും.

ഫ്രാൻസീസ് അസ്സീസിയുൾപ്പടെയുള്ള വിശുദ്ധരുടെ ജീവിത മാതൃക

നൂറ്റാണ്ടുകളുടെ ഗതിയിൽ, നിരവധി യുവജനങ്ങൾ ജീവിതത്തിലെ ഈ വഴിത്തിരിവിൽ എത്തിയിട്ടുണ്ട്. അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസിനെക്കുറിച്ച് നമുക്ക് ചിന്തിക്കാം: സോളമനെപ്പോലെ, അദ്ദേഹവും ചെറുപ്പവും സമ്പന്നനുമായിരുന്നു, മഹത്വത്തിനും പ്രശസ്തിക്കും വേണ്ടി ദാഹിക്കുന്നവനായിരുന്നു. ഇക്കാരണത്താൽ, അവൻ യുദ്ധത്തിനായി പുറപ്പെട്ടു. “വീരയോദ്ധാവ്” പട്ടം കിട്ടുകയും ബഹുമതികളാൽ മൂടപ്പെടുകയും ചെയ്യുന്നമെന്ന്  പ്രതീക്ഷിച്ചു. എന്നാൽ വഴിമദ്ധ്യേ യേശു അവനു പ്രത്യക്ഷപ്പെടുകയും അവൻ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാൻ അവനെ  പ്രേരിപ്പിക്കുകയും ചെയ്തു. സുബോധം വന്നപ്പോൾ അവൻ ദൈവത്തോട് ലളിതമായ ഒരു ചോദ്യം ചോദിച്ചു: "കർത്താവേ, ഞാൻ എന്തുചെയ്യണമെന്നാണ് നീ ആഗ്രഹിക്കുന്നത്?" അവിടെ നിന്ന്, അവൻറെ ചുവടുകളിലേക്ക് മടങ്ങിക്കൊണ്ട് അവൻ വ്യത്യസ്തമായ ഒരു കഥ എഴുതാൻ തുടങ്ങി: നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ, ദാരിദ്ര്യത്തിൽ ജീവിക്കുകയും തൻറെ പിതാവിൻറെ സ്വർണ്ണം, വെള്ളി, വിലയേറിയ വസ്ത്രങ്ങൾ എന്നിവയേക്കാൾ  സഹോദരങ്ങളോട്, പ്രത്യേകിച്ച്, ഏറ്റവും ദുർബ്ബലരും ചെറിയവരുമായവരോടുള്ള സ്നേഹത്തിന് മുൻഗണന നല്കുകയും ചെയ്തുകൊണ്ട്, കർത്താവിനെ അനുഗമിക്കാൻ സർവ്വവും ത്യജിച്ചുകൊണ്ടുള്ള വിശുദ്ധിയുടെ വിസ്മയ കഥ (ലൂക്കാ 14:33 കാണുക).

മറ്റ് എത്രയേറെ വിശുദ്ധന്മാരെ നമുക്ക് ഓർമ്മിക്കാൻ കഴിയും! ചിലപ്പോൾ നമ്മൾ അവരെ മഹാന്മാരായി ചിത്രീകരിക്കുന്നു, ചെറുപ്പത്തിൽ തന്നെ, അവർ ദൈവത്തിന് "അതെ" എന്ന് ഉത്തരം നൽകുകയും അവനവനുവേണ്ടി ഒന്നും സൂക്ഷിച്ചുവയ്ക്കാതെ സ്വയം പൂർണ്ണമായും അവനു സമർപ്പിക്കുകയും ചെയ്തപ്പോഴാണ് ഇതെല്ലാം ആരംഭിച്ചതെന്ന് നാം മറക്കുന്നു. ഇതെക്കുറിച്ച് വിശുദ്ധ അഗസ്റ്റിൻ വിവരിക്കുന്നു, തൻറെ ജീവിതത്തിലെ "ദുർഘടവും സങ്കീർണ്ണവുമായ കെട്ടിൽ", തൻറെ ഉള്ളിൻറ ആഴത്തിൽ ഒരു ശബ്ദം തന്നോടു പറഞ്ഞു: "എനിക്ക് നിന്നെ വേണം" എന്ന്. അങ്ങനെ ദൈവം അവന് ഒരു പുതിയ ദിശ, ഒരു പുതിയ പാത, ഒരു പുതിയ യുക്തി പ്രദാനം ചെയ്തു, അതിൽ അവൻറെ അസ്തിത്വത്തിൽ നിന്ന് ഒന്നും നഷ്ടപ്പെട്ടില്ല.

നവവിശുദ്ധർ - ഫ്രസാത്തിയും അക്കൂത്തിസും

ഈ ചട്ടക്കൂട്ടിലാണ്, ഇന്ന് നമ്മൾ വിശുദ്ധ പീയെർ ജോർജോ ഫ്രാസാത്തിയെയും വിശുദ്ധ കാർലോ അക്കൂത്തിസിനെയും നോക്കുന്നത്: ഇരുപതാം നൂറ്റാണ്ടിൻറെ തുടക്കത്തിൽ ജീവിച്ചിരുന്ന ഒരു ചെറുപ്പക്കാരനും നമ്മുടെ കാലത്തെ ഒരു കൗമാരക്കാരനും, യേശുവിനെ സ്നേഹിക്കുകയും അവനുവേണ്ടി സകലവും നൽകാൻ സന്നദ്ധരാകുകയും ചെയ്തു.

വിദ്യാലയം,കത്തോലിക്കാ പ്രവർത്തനം, വിശുദ്ധ വിൻസെൻറ് ഡി പോൾ സംഘങ്ങൾ, ഇറ്റാലിയൻ കത്തോലിക്കാ സർവ്വകലാശാലാ സംയുക്തസമതി (FUCI), ഡൊമിനിക്കൻ മൂന്നാംസഭ തുടങ്ങിയ സഭാസംഘടനകൾ എന്നിവയിലൂടെ പീയെർ ജോർജൊ കർത്താവുമായി കണ്ടുമുട്ടി, പ്രാർത്ഥനയിലും സൗഹൃദത്തിലും ഉപവിയിലും ജീവിക്കുകയും ക്രിസ്ത്യാനിയായിരിക്കുകയും ചെയ്യുന്നതിലുള്ള ആനന്ദത്തിലൂടെ അദ്ദേഹം ഇതിന് സാക്ഷ്യം വഹിച്ചു. ദരിദ്രർക്കുള്ള സഹായങ്ങൾ നിറച്ച വണ്ടികളുമായി അദ്ദേഹം ടൂറിനിലെ തെരുവുകളിൽ കറങ്ങിനടന്നിരുന്നതിനാൽ അദ്ദേഹത്തിൻറെ സുഹൃത്തുക്കൾ അദ്ദേഹത്തിന് "ഫ്രാസാത്തി ട്രാൻസ്പോർട്ട് കമ്പനി" എന്ന് വിളിപ്പേര് നൽകി! ഇന്നും, പീയെർ ജോർജൊയുടെ ജീവിതം അല്മായ ആത്മീയതയുടെ ഒരു ദീപസ്തംഭമായി നിലകൊള്ളുന്നു. അദ്ദേഹത്തിന് വിശ്വാസം എന്നത് ഒരു സ്വകാര്യ ഭക്തിയായിരുന്നില്ല: സുവിശേഷത്തിൻറെ ശക്തിയാലും സഭാ സംഘടനകളിലെ അംഗത്വത്താലും നയിക്കപ്പെട്ട അദ്ദേഹം, സമൂഹത്തിൽ ഉദാരമായി ഇടപെട്ടു, രാഷ്ട്രീയ ജീവിതത്തിൽ സംഭാവന നൽകി, ദരിദ്രരെ സേവിക്കുന്നതിനായി തീവ്രമായി യത്നിച്ചു.

കാർലൊ ആകട്ടെ യേശുവിനെ കണ്ടുമുട്ടിയത് കുടുംബത്തിലാണ്, അദ്ദേഹത്തിൻറെ രണ്ടു സഹോദരങ്ങളായ ഫ്രാൻചെസ്ക, മിഖേലെ എന്നിവരോടൊപ്പം ഇന്ന് ഇവിടെ സന്നിഹിതനായിരിക്കുന്ന മാതാപിതാക്കളായ അന്ത്രേയയ്ക്കും അന്തോണിയയ്ക്കും നന്ദി – പിന്നെ, വിദ്യാലയത്തിലും, പ്രത്യേകിച്ച് ഇടവക സമൂഹത്തിൽ ആഘോഷിക്കപ്പെടുന്ന കൂദാശകളിലും. അങ്ങനെ, പ്രാർത്ഥന, കായികവിനോദം, പഠനം, ഉപവിപ്രവർത്തനം എന്നിവ കുട്ടിക്കാലത്തെയും യുവത്വത്തിലെയും ദിനങ്ങളിൽ സ്വാഭാവികമായി സമന്വയിപ്പിച്ചുകൊണ്ട്,  അവൻ വളർന്നു.

ഇരുവരും, പീയെർ ജോർജൊയും കാർലോയും ദൈവത്തോടും സഹോദരങ്ങളോടും ഉള്ള സ്നേഹം വളർത്തിയെടുത്തത് എല്ലാവർക്കും സാധ്യമായ ലളിതമായ മാർഗ്ഗങ്ങളിലൂടെയാണ്: ദൈനംദിന വിശുദ്ധ കുർബാന, പ്രാർത്ഥന, വിശിഷ്യ, ദിവ്യകാരുണ്യ ആരാധന. കാർലോ പറയുമായിരുന്നു: "സൂര്യൻറെ മുന്നിൽ ഒരാളുടെ ചർമ്മം തവിട്ടുനിറമാകുന്നു. ദിവ്യകാരുണ്യത്തിനു മുന്നിൽ, ഒരാൾ വിശുദ്ധനായിത്തീരുന്നു!" വീണ്ടും പറയുന്നു: "ദുഃഖം എന്നത് അവനവനിലേക്കു തന്നെയുള്ള നോട്ടമാണ്, സന്തോഷമാകട്ടെ ദൈവത്തിലേക്കുള്ള നോട്ടവും. മാനസാന്തരം എന്നത് ഒരാളുടെ നോട്ടം താഴെ നിന്ന് മുകളിലേക്ക് മാറ്റുന്നതല്ലാതെ മറ്റൊന്നുമല്ല; കണ്ണുകളുടെ ലളിതമായ ഒരു ചലനം മതി." പതിവ് കുമ്പസാരം ആയിരുന്നു അവർക്ക് അത്യാവശ്യമായിരുന്ന മറ്റൊരു കാര്യം. കാർലോ എഴുതി: "നമ്മൾ യഥാർത്ഥത്തിൽ ഭയപ്പെടേണ്ട ഒരേയൊരു കാര്യം പാപമാണ്"; അദ്ദേഹം അത്ഭുതംകൂറുമായിരുന്നു,  എന്തുകൊണ്ടാണ് "മനുഷ്യർ അവരുടെ ആത്മാവിൻറെ സൗന്ദര്യത്തിലല്ല, ശരീരത്തിൻറെ സൗന്ദര്യത്തിൽ ഇത്രയധികം ശ്രദ്ധാലുക്കളാകുന്നത്" എന്ന്. ഇത് അദ്ദേഹത്തിൻറെ തന്നെ വാക്കുകളാണ്. അവസാനമായി, ഇരുവരും വിശുദ്ധരോടും കന്യകാമറിയത്തോടും വലിയ ഭക്തി പുലർത്തിയിരുന്നവരും ഉദാരമായി ഉപവിപ്രവർത്തനത്തിലേർപ്പെട്ടിരുന്നവരുമായിരുന്നു. പീയെർ ജോർജൊ പറഞ്ഞിരുന്നു: "നമുക്കില്ലാത്ത ഒരു വെളിച്ചം ദരിദ്രർക്കും രോഗികൾക്കും ചുറ്റും ഞാൻ കാണുന്നു." ഉപവിയെ "നമ്മുടെ മതത്തിൻറെ അടിത്തറ" എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. കാർലോയെപ്പോലെ, അദ്ദേഹം അത് പ്രധാനമായും അഭ്യസിച്ചത് പലപ്പോഴും മറഞ്ഞിരുന്ന കൊച്ചുകൊച്ചു സമൂർത്ത പ്രവർത്തനങ്ങളിലൂടെയാണ്, ഫ്രാൻസിസ് മാർപാപ്പ "അയൽവക്കത്തെ വിശുദ്ധി" എന്ന് വിശേഷിപ്പിച്ചിരുന്നത് ജീവിച്ചുകൊണ്ടാണ് (അപ്പോസ്തലിക് പ്രബോധനം ഗൗദേത്തെ എക്സുൾത്താത്തെ, 7).

ഹ്രസ്വകാല ജീവിതത്തിൽ മെച്ചപ്പെട്ട ഫലം പുറപ്പെടുവിച്ചവർ

രോഗം അവരെ ബാധിക്കുകയും അവരുടെ യുവജീവിതം വെട്ടിച്ചുരുക്കുകയും ചെയ്തപ്പോൾ പോലും, അത് അവരെ സ്നേഹിക്കുന്നതിൽ നിന്നും, ദൈവത്തിന് സ്വയം സമർപ്പിക്കുന്നതിൽ നിന്നും, അവനെ വാഴ്ത്തുന്നതിൽ നിന്നും, അവനവനും എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നതിൽ നിന്നും തടഞ്ഞില്ല. ഒരു ദിവസം പീയെർ ജോർജൊ പറഞ്ഞു: "ഞാൻ മരിക്കുന്ന ദിവസം ആയിരിക്കും എൻറെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിനം"; വാൽ ദി ലാൻസോയിലെ ഒരു മല കയറുന്നതായി കാണിക്കുന്ന, ലക്ഷ്യത്തിലേക്കു നോക്കുന്നതായി ചിത്രീകരിച്ചിരിക്കുന്ന അവസാന ഫോട്ടോയിൽ, അദ്ദേഹം കുറിച്ചിരിക്കുന്നു: "ഉയരങ്ങളിലേക്ക്". എന്തൊക്കെത്തന്നെയായാലും, ഒരു യുവാവായിരിക്കുമ്പോൾ പോലും, സ്വർഗ്ഗം എപ്പോഴും നമ്മെ കാത്തിരിക്കുന്നുവെന്നും നാളയെ സ്നേഹിക്കുകയെന്നാൽ ഇന്ന് മെച്ചപ്പെട്ട ഫലം നാം പുറപ്പെടുവിക്കുകയെന്നാണെന്നും പറയാൻ കാർലോ ഇഷ്ടപ്പെട്ടിരുന്നു.

ജീവിതം പാഴാക്കരുത് - ദൈവികപദ്ധതിക്കുള്ളിലാക്കുക

പ്രിയപ്പെട്ടവരേ, നമ്മുടെ ജീവിതം പാഴാക്കരുത്, മറിച്ച് അതിനെ ഉന്നതോന്മുഖമാക്കാനും അത്യുത്തമ കരവേലയാക്കാനും ഉള്ള ഒരു ക്ഷണമാണ് വിശുദ്ധരായ പീയെർ ജോർജൊ ഫ്രാസാത്തിയും കാർലോ അക്കൂത്തിസും നമുക്കെല്ലാവർക്കും, പ്രത്യേകിച്ച് യുവതയ്ക്ക്. കാർലൊ പറഞ്ഞിരുന്നു: "ഞാനല്ല, ദൈവമാണ്" എന്ന്. ഈ വിശുദ്ധർ നമുക്ക് പ്രചോദനം പകരുന്നു. പീയെർ ജോർജോ പറയുന്നു: "നിൻറെ എല്ലാ പ്രവൃത്തികളുടെയും കേന്ദ്രത്തിൽ ദൈവമുണ്ടെങ്കിൽ, നീ അവസാനം വരെ എത്തും." ഇതാണ് അവരുടെ വിശുദ്ധിയുടെ ലളിതവും എന്നാൽ വിജയകരവുമായ സൂത്രവാക്യം. ജീവിതം പൂർണ്ണമായി ആസ്വദിക്കാനും സ്വർഗ്ഗീയോത്സവത്തിൽ കർത്താവുമായി കൂടിക്കാഴ്ച നടത്താനും  നാം പിൻചെല്ലാൻ വിളിക്കപ്പെട്ടിരിക്കുന്ന സാക്ഷ്യം കൂടിയാണിത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 സെപ്റ്റംബർ 2025, 14:01