പാപ്പാ: ദൈവിക സാന്ത്വനം പകർന്നേകാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ബലഹീനതയുടെയും ദുഃഖത്തിൻറെയും വേദനയുടെയും അവസ്ഥകളനുഭവിക്കുന്ന നിരവധിയായ സഹോദരീസഹോദരന്മാർക്ക് തൻറെ സാന്ത്വനം പകർന്നു നല്കാൻ ദൈവം നമ്മെ വിളിക്കുന്നുവെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു.
2025 പ്രത്യാശയുടെ ജൂബിലിവർഷമായി ആചരിക്കപ്പെടുന്നതിൻറെ ഭാഗമായി സുവിശേഷവത്കരണത്തിനായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 15-ന് തിങ്കളാഴ്ച വത്തിക്കാനിൽ നടന്ന സാന്ത്വന ജൂബിലി ആചരണത്തിൻറെ ഭാഗമായി അന്നു വൈകുന്നേരം വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ താൻ നയിച്ച പ്രാർത്ഥനാശുശ്രൂഷവേളയിൽ, ദൈവവചന ശുശ്രൂഷയ്ക്കും സാക്ഷ്യങ്ങൾക്കും ശേഷം സുവിശേഷസന്ദേശം നല്കുകയായിരുന്നു ലിയൊ പതിനാലാമൻ പാപ്പാ.
"ആശ്വസിപ്പിക്കുവിൻ, എൻറെ ജനത്തെ സമാശ്വസിപ്പിക്കുവിൻ" എന്ന് ദൈവം ഏശയ്യാ പ്രവാചകനിലൂടെ അരുളിച്ചെയ്യുന്നത് അനുസ്മരിച്ചുകൊണ്ടാണ് പാപ്പാ നമ്മുടെ ഈ കടമയെക്കുറിച്ച് ഓർമ്മപ്പെടുത്തിയത്.
അന്ധകാരത്തിൻറെതായ കാലത്ത് ദൈവം നമ്മെ കൈവിടുന്നില്ലയെന്നും നമ്മെ ഒരിക്കലും ഉപേക്ഷിക്കാത്ത രക്ഷകനായ അവൻറെ സാമീപ്യത്തിൽ പ്രത്യാശിക്കാൻ നാം എക്കാലത്തേക്കാളും ഈ വേളയിൽ വിളിക്കപ്പെട്ടിരിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.
അശ്രുകണങ്ങൾ മുറിവേറ്റ ഹൃദയത്തിൻറെ ആഴമേറിയ വികാരങ്ങളെ ആവിഷ്കരിക്കുന്ന ഒരു ഭാഷയാണെന്നും അത് കരുണയും ആശ്വാസവും യാചിക്കുന്ന ഒരു നിശബ്ദ നിലവിളിയാണെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. കരയാൻ നാം ലജ്ജിക്കേണ്ടതില്ലെന്നും നമ്മുടെ ദുഃഖവും ഒരു പുത്തൻ ലോകത്തിനായുള്ള നമ്മുടെ ആവശ്യവും പ്രകടിപ്പിക്കാനുള്ള ഒരു മാർഗ്ഗമാണിതെന്നും ദുർബ്ബലവും പരീക്ഷിക്കപ്പെട്ടതും എന്നാൽ ആനന്ദത്തിലേക്കും വിളിക്കപ്പെട്ടതുമായ നമ്മുടെ മാനവികതയെക്കുറിച്ച് സംസാരിക്കുന്ന ഒരു ഭാഷയാണിതെന്നും പാപ്പാ കൂട്ടിച്ചേർത്തു.
തിന്മകൾ എന്തുകൊണ്ട് എന്ന ചോദ്യത്തെക്കുറിച്ചും പരാമർശിച്ച പാപ്പാ എവിടെ തിന്മയുണ്ടോ അവിടെ നാം ആശ്വാസം തേടണമെന്നും ആ തിന്മയെ ജയിക്കുന്ന സാന്ത്വനമാണിതെന്നും സഭയിൽ ആയിരിക്കുകയെന്നാൽ നാം ഒറ്റയ്ക്കല്ല താങ്ങാകുന്ന ചുമലിൽ തല ചായ്ക്കുക എന്നാണർത്ഥമാക്കുന്നതെന്നും പാപ്പാ വിശദീകരിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
