തിരയുക

ലിയോ പതിനാലാമൻ പാപ്പാ, മധ്യാഹ്ന പ്രാർത്ഥനാവേളയിൽ ലിയോ പതിനാലാമൻ പാപ്പാ, മധ്യാഹ്ന പ്രാർത്ഥനാവേളയിൽ   (@VATICAN MEDIA)

കലാപങ്ങളിൽ അടിസ്ഥാനമാക്കി ഭാവി പടുത്തുയർത്തുക അസാധ്യം: ലിയോ പതിനാലാമൻ പാപ്പാ

യുദ്ധത്തിന്റെ ഭീകരത പിടിമുറുക്കിയിരിക്കുന്ന രാഷ്ട്രങ്ങളിൽ കത്തോലിക്കാ സഭയിലെ അംഗങ്ങൾ നൽകുന്ന സേവനങ്ങൾക്കും, സഹായങ്ങൾക്കും പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ നന്ദിയർപ്പിച്ചു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ഗാസയിൽ യുദ്ധം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ഒരിക്കൽ കൂടി സമാധാനത്തിനു വേണ്ടിയുള്ള അഭ്യർത്ഥനകൾ ലിയോ പതിനാലാമൻ പാപ്പാ പുതുക്കി. സെപ്റ്റംബർ മാസം ഇരുപത്തിയൊന്നാം തീയതി വത്തിക്കാൻ ചത്വരത്തിൽ, മധ്യാഹ്ന പ്രാർത്ഥനയ്ക്ക് ശേഷമാണ് പാപ്പാ ഇക്കാര്യം എടുത്തു പറഞ്ഞത്.

ഗാസ മുനമ്പിലെ സാധാരണക്കാരായ ജനതയ്ക്കുവേണ്ടി വിവിധങ്ങളായ സേവനങ്ങൾ ചെയ്യുന്ന വിവിധ കത്തോലിക്കാ സംഘടനകൾക്ക് പാപ്പാ നന്ദി പറയുകയും, അവരുടെ സേവനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. രക്തസാക്ഷിത്വത്തിന്റെ മണ്ണിൽ വേദനയനുഭവിക്കുന്ന സഹോദരങ്ങൾക്ക് സമീപത്തായിരിക്കുന്ന സഭയിലെ എല്ലാ അംഗങ്ങളെയും പാപ്പാ അഭിനന്ദിച്ചു.

യുദ്ധത്തിന്റെ ഭീകരതയെ എടുത്തു പറഞ്ഞ പാപ്പാ, കലാപങ്ങളെയും, നിർബന്ധിത കുടിയൊഴിപ്പിക്കലുകളെയും, പ്രതികാരത്തെയും  അടിസ്ഥാനമാക്കിക്കൊണ്ട് ഒരു ശോഭനമായ ഭാവി രൂപപ്പെടുത്തുന്നത് അസാധ്യമാണെന്നു പാപ്പാ പറഞ്ഞു. സാധാരണക്കാരായ ജനതയ്ക്ക് ഒരേ ഒരു ആവശ്യം മാത്രമാണ് ഉള്ളതെന്നും, അത് സമാധാനം ആണെന്നും പറഞ്ഞ പാപ്പാ, അവരെ യഥാർത്ഥത്തിൽ സ്നേഹിക്കുന്നവർ സമാധാത്തിനുവേണ്ടി യത്നിക്കുമെന്നും കൂട്ടിച്ചേർത്തു.

തുടർന്ന് തീർത്ഥാടകർക്കായി റോമിൽ എത്തിച്ചേർന്നവരെ പാപ്പാ ഹൃദ്യമായി സ്വാഗതം ചെയ്തു. അവസാനമായി, മറവി രോഗം ബാധിച്ചവരെയും, അതിന്റെ പരിണിതഫലങ്ങൾ അനുഭവിക്കുന്നവരെയും പ്രത്യേകമായി  അനുസ്മരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 സെപ്റ്റംബർ 2025, 11:43