തിരയുക

പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ വിശുദ്ധ പദവി പ്രഖ്യാപന ചടങ്ങിൽ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ വിശുദ്ധ പദവി പ്രഖ്യാപന ചടങ്ങിൽ   (@Vatican Media)

ദൈവം യുദ്ധമല്ല, സമാധാനമാണ് ആഗ്രഹിക്കുന്നത്: പാപ്പാ

വിശുദ്ധ ജോർജോ ഫ്രസാത്തിയെയും, വിശുദ്ധ കാർലോ അക്കൂത്തിസിനേയും സഭയിൽ വിശുദ്ധരായി പ്രഖ്യാപിച്ച തിരുക്കർമ്മങ്ങൾക്കു ശേഷം, ലിയോ പതിനാലാമൻ പാപ്പാ, മധ്യാഹ്ന പ്രാർത്ഥനയ്ക്കും കാർമ്മികത്വം വഹിച്ചു. തദവസരത്തിൽ ലോകസമാധാനത്തിനു വേണ്ടിയുള്ള തന്റെ അഭ്യർത്ഥന പാപ്പാ ഒരിക്കൽക്കൂടി പുതുക്കി.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

സെപ്റ്റംബർ മാസം ഏഴാം തീയതി, വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ വച്ചു  ജോർജോ ഫ്രസാത്തിയെയും,  കാർലോ അക്കൂത്തിസിനേയും  വിശുദ്ധരായി പ്രഖ്യാപിച്ച തിരുക്കർമ്മങ്ങൾക്ക് ശേഷം, ലിയോ പതിനാലാമൻ പാപ്പാ, മധ്യാഹ്ന പ്രാർത്ഥനയ്ക്കും നേതൃത്വം നൽകി. പ്രാർത്ഥനയ്ക്ക് മുൻപായി, ലോകത്തിൽ സമാധാനം പുലരുന്നതിനു, ഏവരുടെയും മനഃസാക്ഷികളെ പാപ്പാ ക്ഷണിച്ചു. ദൈവം "സമാധാനം ആഗ്രഹിക്കുന്നു" എന്ന കാര്യം ഒരിക്കലും മറന്നു പോകരുതെന്നും, അതിനാൽ മനുഷ്യ മനസാക്ഷിയുടെ സ്വരത്തിനു ചെവി കൊടുക്കുവാൻ ഭരണാധികാരികൾ ശ്രദ്ധിക്കണമെന്നും പാപ്പാ ഓർമ്മപ്പെടുത്തി.

ഉക്രെയ്‌നിനെയും വിശുദ്ധ നാടിനെയും പ്രത്യേകം പരാമർശിച്ച പാപ്പാ, അന്നാട്ടിലെ ആളുകളെ വിശുദ്ധരുടെയും, പരിശുദ്ധ അമ്മയുടെയും മധ്യസ്ഥതയ്ക്ക് ഭരമേല്പിച്ചു പ്രാർത്ഥിച്ചു. വിശുദ്ധ പദവി പ്രഖ്യാപന ചടങ്ങിന്, ഇറ്റാലിയൻ രാഷ്ട്രപതി ഉൾപ്പെടെയുള്ള നിരവധി ഭരണാധികാരികൾ എത്തിയിരുന്നു. അവർക്കേവർക്കും, മെത്രാന്മാർ വൈദികർ എന്നിവർക്കും, മറ്റെല്ലാവർക്കും പാപ്പാ പ്രത്യേകം നന്ദിയർപ്പിച്ചു.

ലോകത്തിന്റെ വിവിധ ഇടങ്ങളിൽ  നിലനിൽക്കുന്ന ആക്രമണങ്ങളെ പരാമർശിച്ച പാപ്പാ, മരണവും നാശവും മാത്രം വിതച്ച, ആയുധങ്ങളുടെ വിജയങ്ങൾ യഥാർത്ഥത്തിൽ പരാജയങ്ങളായിരുന്നുവെന്നു അടിവരയിട്ടു പറഞ്ഞു. ഇവ ഒരിക്കലും സമാധാനവും സുരക്ഷിതത്വവും കൊണ്ടുവരുന്നില്ല എന്നും പാപ്പാ കൂട്ടിച്ചേർത്തു.

ദൈവം യുദ്ധം ആഗ്രഹിക്കുന്നില്ല, മറിച്ച്  സമാധാനമാണ്  ആഗ്രഹിക്കുന്നതെന്നും, അതിനാൽ വെറുപ്പിന്റെ പാതയിൽ നിന്നും പുറത്തുകടന്നുകൊണ്ട്, സംഭാഷണത്തിന്റെ പാതയിൽ മുൻപോട്ടുപോകുവാൻ പാപ്പാ, ഏവരെയും ആഹ്വാനം ചെയ്തു.

എസ്റ്റോണിയയുടെ തലസ്ഥാനമായ ടാലിനിൽ 1942-ൽ സോവിയറ്റ് ഭരണകൂടത്തിന്റെ പീഡനത്തിൽ ജീവൻ നഷ്ടമായ ഈശോ സഭാ അംഗവും, ആർച്ചുബിഷപ്പുമായ എഡ്വേർഡ് പ്രോഫിറ്റ്ലിച്ച്, ഹംഗറിയിലെ വെർസ്പ്രെമിൽ, 1945-ൽ തന്നെ ബലാത്സംഗം ചെയ്യാൻ ആഗ്രഹിക്കുന്ന സൈനികരെ ചെറുത്തതിന്റെ പേരിൽ കൊല്ലപ്പെട്ട മരിയ മദ്ദലേന ബോധി, എന്നിവർ സഭയിൽ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെട്ടതിന്റെ സന്തോഷവും പാപ്പാ സന്ദേശത്തിൽ പരാമർശിച്ചു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 സെപ്റ്റംബർ 2025, 13:16