തിരയുക

ലിയോ പതിനാലാമൻ പാപ്പായും ഇസ്രായേൽ പ്രസിഡന്റും - ഫയൽ ചിത്രം ലിയോ പതിനാലാമൻ പാപ്പായും ഇസ്രായേൽ പ്രസിഡന്റും - ഫയൽ ചിത്രം  (ANSA)

മദ്ധ്യപൂർവ ദേശങ്ങളിലെ സംഘർഷം വളരെ ഗുരുതരമായ അവസ്ഥയിൽ: ലിയോ പതിനാലാമൻ പാപ്പാ

സെപ്റ്റംബർ 9 ചൊവ്വാഴ്ച ഇസ്രായേൽ ദോഹയിൽ നടത്തിയ ആക്രമണത്തെക്കുറിച്ചുള്ള പത്രപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവേ, ഗുരുതരമായ അവസ്ഥയിലൂടെയാണ് കാര്യങ്ങൾ പോകുന്നതെന്ന് ലിയോ പതിനാലാമൻ പാപ്പാ. സമാധാനത്തിനായി നാം ഏറെ പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും വേണമെന്ന് ആവശ്യപ്പെട്ട പാപ്പാ, ഗാസായിലെ തിരുക്കുടുംബദേവാലയത്തിന്റെ വികാരിയുമായി ബന്ധപ്പെടാൻ സാധിച്ചില്ലെന്ന് അറിയിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

മദ്ധ്യപൂർവ ദേശങ്ങളിലെ സംഘർഷം വളരെ ഗുരുതരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും, സമാധാനം സ്ഥാപിക്കപ്പെടാനായി നാം വളരെയേറെ പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യണമെന്നും ലിയോ പതിനാലാമൻ പാപ്പാ. സെപ്റ്റംബർ 9 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ്, കസ്തേൽ ഗാന്തോൾഫോയിലുള്ള വില്ല ബാർബരീനി എന്ന തന്റെ വേനൽക്കാലവസതിയിൽനിന്ന് തിരികെ വത്തിക്കാനിലേക്ക് മടങ്ങുന്നതിന് മുൻപായി പത്രപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവെയാണ്, ഇസ്രായേൽ-പാലസ്തീന യുദ്ധത്തിന്റെ ഭാഗമായി നടന്നുവരുന്ന ദാരുണ അക്രമണങ്ങളെക്കുറിച്ച് പാപ്പാ സംസാരിച്ചത്.

ഹമാസിന്റെ ചില നേതാക്കൾക്കെതിരായ ആക്രമണത്തിന്റെ ഭാഗമായി ഇസ്രായേൽ ഖത്തറിലെ ദോഹയിൽ ജനവാസപ്രദേശത്തുള്ള വിവിധ കെട്ടിടങ്ങൾക്കുനേരെ നടത്തിയ അക്രമണങ്ങളെക്കുറിച്ച് ഇറ്റാലിയൻ ചാനലായ "റായ് ന്യൂസ്" ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി പറയവേ, സ്ഥിതിഗതികൾ ഏറെ ഗൗരവതരമാണെന്ന് പ്രസ്താവിച്ച പാപ്പാ, ഇത് എങ്ങോട്ടാണ് പോകുന്നതെന്ന് വ്യക്തമാകുന്നില്ലെന്നും, സമാധാനം സ്ഥാപിക്കപ്പെടാൻ വേണ്ടി നാം ഏറെ ശക്തമായി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും വേണമെന്നും പറഞ്ഞു.

ഗാസാ സിറ്റിയിൽനിന്ന് ആളുകൾ ഒഴിഞ്ഞുപോകണമെന്ന ഇസ്രയേലിന്റെ നിബന്ധനയെക്കുറിച്ച് പരാമർശിക്കവെ, അവിടെയുള്ള തിരുക്കുടുംബദേവാലയത്തിന്റെ വികാരി ഫാ. ഗബ്രിയേൽ റൊമനെല്ലിയുമായി താൻ ബന്ധപ്പെടാൻ ശ്രമിച്ചുവെന്നും, എന്നാൽ അവിടെനിന്ന് മറുപടിയൊന്നും ലഭിച്ചില്ലെന്നും പാപ്പാ അറിയിച്ചു. അവിടെ അവർ സുരക്ഷിതരായിരുന്നുവെന്നും, എന്നാൽ നിലവിലെ ഉത്തരവിന് ശേഷം അവിടുത്തെ സ്ഥിതി എപ്രകാരമാണെന്ന് അറിയില്ലെന്നും പാപ്പാ വ്യക്തമാക്കി.

തിങ്കളാഴ്ച വൈകുന്നേരമായിരുന്നു പാപ്പാ കസ്തേൽ ഗാന്തോൾഫോയിലെത്തിയ. പാപ്പാ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ്‌ തിരികെ വത്തിക്കാനിലേക്ക് പുറപ്പെട്ടത്.

ഹമാസിന്റെ രാഷ്ട്രീയനേതൃത്വത്തിലെ ചിലർ ചൊവ്വാഴ്ച ഇസ്രായേൽ-പാലസ്തീന സംഘർഷവുമായി ബന്ധപ്പെട്ട് ദോഹയിൽ ഒത്തുചേർന്ന അവസരത്തിലാണ് ഇസ്രായേൽ അവിടം ആക്രമിച്ചത്. സംഭവത്തിൽ ആറ് പേർ മരണമടഞ്ഞതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 സെപ്റ്റംബർ 2025, 14:02