ജീവകാരുണ്യം അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത് വിശ്വാസത്തിലാണ്: ലിയോ പതിനാലാമൻ പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
സമൂഹത്തിലെ അധഃസ്ഥിതരായ സഹോദരങ്ങളെ സഹായിക്കുന്നതിന്, കഴിഞ്ഞ 70 വർഷങ്ങളായി സേവനമനുഷ്ഠിക്കുന്ന ഇറ്റലിയിലെ മിലാനിൽ സ്ഥാപിതമായ, "വിശുദ്ധ ഫ്രാൻസിസിന്റെ ദരിദ്രർക്കായുള്ള പ്രവർത്തന" (ഓപ്പെര സാൻ ഫ്രാഞ്ചെസ്‌കോ പെർ ഐ പോവെരി ) സമൂഹത്തിലെ അംഗങ്ങൾ ലിയോ പതിനാലാമൻ പാപ്പായുമായി കൂടിക്കാഴ്ച്ച നടത്തി. തദവസരത്തിൽ പാപ്പാ നൽകിയ സന്ദേശത്തിൽ, സമൂഹാംഗങ്ങൾ, ദരിദ്രരായ സഹോദരങ്ങൾക്ക് ചെയ്യുന്ന വിവിധങ്ങളായ സേവനങ്ങളെ പരാമർശിക്കുകയും, അവർക്ക് നന്ദിയർപ്പിക്കുകയും ചെയ്തു. 'ആഗോള മാനുഷിക ഉന്നമനത്തെ പ്രോത്സാഹിപ്പിക്കുക' എന്ന സമൂഹത്തിന്റെ ലക്ഷ്യത്തെയും പാപ്പാ എടുത്തു പറഞ്ഞു.
ഫ്രാൻസിസ്കൻ പാരമ്പര്യത്തിന്റെ പശ്ചാത്തലത്തിലാണ് ഈ സമൂഹം രൂപം കൊണ്ടതിനാലും, പ്രവർത്തനങ്ങൾ മുൻപോട്ട് കൊണ്ടുപോകുന്നതിനാലും വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ഏതാനും ഉപദേശവാക്കുകളും പാപ്പാ ചൂണ്ടിക്കാട്ടി. "ഒരു പാവപ്പെട്ടവനെ കാണുമ്പോൾ, കർത്താവിനെയും, അവന്റെ പാവപ്പെട്ട അമ്മയെയും കണ്ണാടിയിൽ എന്ന പോലെ നമ്മുടെ മുൻപിൽ കാണണം, അതുപോലെ ഒരു രോഗിയെ കാണുമ്പോൾ, രോഗിയായി മുൻപിൽ വരുന്ന യേശുവിനെയും." ഇതായിരുന്നു പാപ്പാ ഓർമ്മപ്പെടുത്തിയ വാക്കുകൾ.
സമാധാനവും നീതിയും പ്രോത്സാഹിപ്പിക്കുന്ന ഒരു മഹത്തായ സമൂഹമായി ഇന്ന് ഈ ഫ്രാൻസിസ്കൻ സമൂഹം വളർന്നത്, വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ആണെന്നും, ഇവിടെ, ഗുണം നൽകുന്നവരും, ഗുണഭോക്താക്കളും എന്നതിന് പകരം, ദൈവത്തിന്റെ സാന്നിധ്യവും, അവന്റെ ദാനവും എന്ന നിലയിൽ പരസ്പരം മനസിലാക്കുന്ന സഹോദരീ സഹോദരന്മാരെയാണ് നാം കണ്ടുമുട്ടുന്നതെന്നും പാപ്പാ പറഞ്ഞു.
തുടർന്ന്, സമൂഹത്തിന്റെ സേവനത്തിന്റെ മൂന്നു തലങ്ങളായ, സഹായിക്കുക, സ്വാഗതം ചെയ്യുക, അഭിവൃദ്ധിപ്പെടുത്തുക എന്നതിനെക്കുറിച്ചും പാപ്പാ സംസാരിച്ചു.
മറ്റുള്ളവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞുകൊണ്ട്, അവരിലേക്ക് കടന്നുചെല്ലുന്നതാണ് യഥാർത്ഥത്തിൽ സഹായം കൊണ്ട് അർത്ഥമാക്കുന്നതെന്നും, ഇതാണ് പലവിധമായ സമൂഹത്തിന്റെ പ്രവർത്തനങ്ങളിലൂടെ സാക്ഷ്യം വഹിക്കുന്നതെന്നും പാപ്പാ പറഞ്ഞു.
ഒരാളുടെ ഹൃദയത്തിൽ, ജീവിതത്തിൽ മറ്റൊരാൾക്ക് ഇടം നൽകുക, സമയം നൽകുക, കേൾക്കുക, പിന്തുണയ്ക്കുക, പ്രാർത്ഥിക്കുക എന്നതാണ് സ്വാഗതം ചെയ്യുക എന്നതുകൊണ്ട് അർത്ഥമാക്കുന്നതെന്നും, ഇത് മറ്റുള്ളവരുടെ ഏകാന്തതയിൽ നിന്നും അവരെ കൂട്ടായ്മയിലേക്ക് എത്തുവാൻ സഹായിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.
അവസാനമായി ഓരോ വ്യക്തിയുടെയും അന്തസ്സും, സർഗ്ഗാത്മകതയും വളരാൻ, വ്യവസ്ഥകൾ ഏർപ്പെടുത്താതെ അവരെ മുൻപോട്ടു നയിക്കുന്നതാണ്, അഭിവൃദ്ധി എന്നതുകൊണ്ട് അർത്ഥമാക്കുന്നതെന്നു പാപ്പാ ഉദ്‌ബോധിപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
