ദൈവമക്കളെന്ന നിലയിൽ ഒരുമിച്ച് ഐക്യത്തിന്റെയും സമാധാനത്തിന്റെയും സംസ്കാരം വളർത്തുക: ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ആയുധരഹിതവും, നിരായുധീകരിക്കുന്നതും, എളിമയുള്ളതും നിലനിൽക്കുന്നതും, കരുണാമയവും, സഹനങ്ങളിലൂടെ കടന്നുപോകുന്നവർക്ക് സമീപസ്ഥരായിരിക്കാൻ പ്രേരിപ്പിക്കുന്നതുമായ സമാധാനം ദൈവത്തിൽനിന്നാണ് വരുന്നതെന്നും, അത്തരമൊരു സംസ്കാരം വളർത്തിയെടുക്കാൻ നാമെല്ലാവരും പരിശ്രമിക്കണമെന്നും ലിയോ പതിനാലാമൻ പാപ്പാ. "സഹോദരീസഹോദരങ്ങൾക്കിടയിൽ ഒരുമയുടെ സംസ്കാരം പ്രോത്സാഹിപ്പിക്കുക" എന്ന പേരിൽ സെപ്റ്റംബർ ആറ് മുതൽ പന്ത്രണ്ട് വരെ തീയതികളിലായി ബംഗ്ലാദേശിൽ നടന്നുവരുന്ന മതാന്തരസമ്മേളനത്തിലേക്കായി നൽകിയ സന്ദേശത്തിലൂടെയാണ് സമാധാനസ്ഥാപനത്തിൽ എവർക്കുമുള്ള കടമയെക്കുറിച്ച് പാപ്പാ ഓർമ്മിപ്പിച്ചത്.
രണ്ടാം വത്തിക്കാൻ കൗൺസിലിലെ, സഭയും ക്രൈസ്തവേതരമതങ്ങളുമായുള്ള ബന്ധത്തെക്കുറിച്ച് പ്രതിപാദിക്കുന്നതുമായ "നോസ്ത്ര എത്താത്തെ" (Nostra aetate, 28 october 1965, n. 1) എന്ന രേഖ പരാമർശിച്ചുകൊണ്ട്, ദൈവമക്കളെന്ന നിലയിൽ നാമെല്ലാവരും സഹോദരീസഹോദരങ്ങളാണെന്ന് ഓർമ്മിപ്പിച്ച പാപ്പാ, അതുകൊണ്ടുതന്നെ ഒരുമയുടെയും സമാധാനത്തിന്റെയും ഒരു സംസ്കാരം വളർത്തിയെടുക്കാൻ നമുക്ക് ലഭിക്കുന്ന അവസരങ്ങളും നമുക്കുള്ള കടമയും ഒന്നുചേർന്ന് നിർവ്വഹിക്കാൻ വിളിക്കപ്പെട്ടവരാണെന്ന് തന്റെ സന്ദേശത്തിലൂടെ ഉദ്‌ബോധിപ്പിച്ചു.
സംസ്കാരം എന്ന വാക്കിന്റെ വിവിധ അർത്ഥങ്ങളെക്കുറിച്ച് വിശദീകരിച്ച പാപ്പാ, ആരോഗ്യകരമായ ഒരു സാമൂഹ്യസാംസ്‌കാരം വ്യത്യസ്തങ്ങളായ സമൂഹങ്ങളെ ഒരുമയിൽ വളരാൻ അനുവദിക്കുന്നതാണെന്ന് പ്രസ്താവിച്ചു. അത്തരം ഒരു സംസ്കാരമാണ് നാം വളർത്തിയെടുക്കേണ്ടതെന്ന് പാപ്പാ കൂട്ടിച്ചേർത്തു. ഒരുമയുടെ സംസ്കാരത്തെ അവഗണിക്കുമ്പോൾ സമാധാനത്തെ ഇല്ലാതാക്കുന്ന കളകളാണ് വളർന്നുവരികയെന്നും, അവിടെ പരസ്പരമുള്ള സംശയങ്ങൾ വളരാനും, തീവ്രവാദസ്വഭാവമുള്ളവർക്ക് സമൂഹത്തിൽ ഭിന്നതകൾ വിതയ്ക്കാനും അവസരങ്ങൾ ലഭിക്കുമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. മതാന്തരസംവാദങ്ങൾക്കായി ശ്രമിക്കുന്നവർ എന്ന നിലയിൽ മുൻവിധികളുടെ കളകളെ ഇല്ലാതാക്കാനും ഫലപ്രദമായ സംവാദങ്ങൾ തുടരാനും നാം ശ്രമിക്കണമെന്നും പാപ്പാ കൂട്ടിച്ചേർത്തു.
നമ്മുടെ ഭിന്ന മതവിശ്വാസങ്ങളും ജന്മയിടങ്ങളും നമ്മെ വേർതിരിക്കേണ്ടതില്ലെന്നതിന്റെ സാക്ഷ്യമാണ് ഇപ്പോൾ നടക്കുന്ന ഈ മതാന്തരസമ്മേളനമെന്ന് എഴുതിയ പാപ്പാ, സൗഹൃദപൂർവ്വമുള്ള ഈ കൂടിക്കാഴ്ചയും സംവാദങ്ങളും, മാനവികതയെ മുറിവേൽപ്പിക്കുന്ന ഭിന്നിപ്പുകളുടെയും വെറുപ്പിന്റെയും അക്രമത്തിന്റെയും ശക്തികൾക്കെതിരെ ഒരുമിച്ച് നിൽക്കാൻ നമ്മെ സഹായിക്കട്ടെയെന്ന് ആശംസിച്ചു.
ഐക്യത്തിന്റെ മാർഗ്ഗം പിന്തുടരാനുള്ള കത്തോലിക്കാസഭയുടെ തീരുമാനം ആവർത്തിച്ച പാപ്പാ, പരസ്പരം ധൈര്യം പകർന്നുകൊണ്ട് ഈ യാത്രയിൽ മുന്നേറാൻ ഏവരെയും ആഹ്വാനം ചെയ്തു. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായെ പരാമർശിച്ചുകൊണ്ട്, "സ്നേഹത്തിന്റെ സംസ്‌കാരത്തെ" പടുത്തുയർത്താനുളള കല്ലുകളാണ് ഇത്തരം സംവാദങ്ങളും പരസ്പരമുള്ള പങ്കിടലുമെന്ന് പാപ്പാ കൂട്ടിച്ചേർത്തു.
ബംഗ്ലാദേശിൽ നടന്നുവരുന്ന മതാന്തരസമ്മേളനത്തിൽ സംബന്ധിച്ചുവരുന്ന, മതാന്തര സംഭാഷണങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററിയുടെ അദ്ധ്യക്ഷൻ കർദ്ദിനാൾ ജോർജ്ജ് കൂവക്കാടാണ് പാപ്പായുടെ സന്ദേശം വായിച്ചത്. മാനവിക സാഹോദര്യം വളർത്തിയെടുക്കുന്നതാണ് യഥാർത്ഥ ക്രൈസ്തവ ആധ്യാത്മികതയെന്ന് സെപ്റ്റംബർ ആറാം തീയതി നടത്തിയ തന്റെ പ്രഭാഷണത്തിൽ അദ്ദേഹം പ്രസ്താവിച്ചിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
