തിരയുക

ലിയോ പതിനാലാമൻ പാപ്പാ ലിയോ പതിനാലാമൻ പാപ്പാ  (@Vatican Media)

ആദ്ധ്യാത്മികജീവിതനവീകരണത്തിന് കർമ്മലീത്താസഭാസമൂഹത്തെ ആഹ്വാനം ചെയ്‌ത്‌ ലിയോ പതിനാലാമൻ പാപ്പാ

സെപ്റ്റംബർ 9 മുതൽ 26 വരെ തീയതികളിൽ ഇൻഡോനേഷ്യയിലെ മെലങ്ങിൽ നടന്നുവരുന്ന കർമ്മലീത്താസഭാസമൂഹത്തിന്റെ ജനറൽ ചാപ്റ്ററിൽ സംബന്ധിക്കുന്നവർക്ക് ലിയോ പാപ്പാ സന്ദേശമയച്ചു. ചാപ്റ്ററിന്റെ പ്രമേയം പോലെ, തങ്ങളുടെ നിയോഗവും വിളിയും തിരിച്ചറിഞ്ഞ് ജീവിക്കാനും പ്രാർത്ഥനയിൽ ആഴപ്പെടാനും പാപ്പായുടെ ആഹ്വാനം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ജൂബിലി വർഷത്തിൽ, ജനറൽ ചാപ്റ്ററിനായി ഒരുമിച്ച് കൂടിയിരിക്കുന്ന കർമ്മലീത്താസമൂഹത്തിന് പ്രാർത്ഥനാശംസകൾ നേർന്നും, തങ്ങളുടെ നിയോഗം തിരിച്ചറിഞ്ഞ് ജീവിക്കാനും പ്രാർത്ഥനയിൽ ആഴപ്പെടാനും ആഹ്വാനം ചെയ്തും ലിയോ പതിനാലാമൻ പാപ്പാ. ഇൻഡോനേഷ്യയിലെ മെലങ്ങിൽ (Malang) സെപ്റ്റംബർ 9 മുതൽ 26 വരെ തീയതികളിൽ നടന്നുവരുന്ന കർമ്മലീത്താസഭാസമൂഹത്തിന്റെ (O.Carm.) ജനറൽ ചാപ്റ്ററിൽ സംബന്ധിക്കുന്നവർക്കായി, പ്രിയോർ ജനറൽ ഫാ. മൈക്കിൾ ഒ'നീലിനയച്ച (Míċeál O'Neill) സന്ദേശത്തിലൂടെയാണ് ആധ്യാത്മികജീവിതനവീകരണത്തിന് പാപ്പാ സമൂഹാംഗങ്ങളെ ക്ഷണിച്ചത്.

ചാപ്റ്ററിനായി തിരഞ്ഞെടുക്കപ്പെട്ട "നിയോഗം തിരിച്ചറിയാൻ സഹായിക്കുന്ന നമ്മുടെ ധ്യാനാത്മക സാഹോദര്യം" എന്ന പ്രമേയത്തെ പരാമർശിച്ചുകൊണ്ട് ഇത്, സഭയ്ക്കും ലോകത്തിനുമായുള്ള സേവനത്തിന്റെ അടിസ്ഥാനമാകേണ്ട, ഒരുമിച്ചുള്ള പ്രാർത്ഥനാജീവിതം എന്ന കർമ്മലീത്താസമൂഹത്തിന്റെ പ്രത്യേകസിദ്ധിയിലേക്കാണ് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നതെന്ന് പാപ്പാ ഓർമ്മപ്പിച്ചു.

കരുണയോടും ആർദ്രതയോടും കൂടെ ഏവരെയും ആശ്ലേഷിക്കുന്ന ക്രിസ്തുവിന്റെ സ്നേഹമയമായ കാഴ്ചപ്പാട് സ്വന്തമാക്കാനും പ്രവർത്തികമാക്കാനും നിങ്ങൾക്ക് കടമയുണ്ടെന്ന്, സമൂഹത്തിന്റെ നിയമാവലി (നമ്പർ 20) ഉദ്ധരിച്ചുകൊണ്ട് പാപ്പാ ഓർമ്മിപ്പിച്ചു. ധ്യാനപ്രസംഗങ്ങളിലൂടെയാണെങ്കിലും ആധ്യാത്മികജീവിതത്തിന് സഹായമേകുന്നതിലൂടെയാണെങ്കിലും, ഇടവകയിലോ യുവജനവിദ്യാഭ്യാസരംഗത്ത് സേവനമനുഷ്ഠിക്കുന്നതിലൂടെയോ ആണെങ്കിലും, നിങ്ങളുടെ പ്രവർത്തനങ്ങളും നിങ്ങളിലെ സ്നേഹത്തിന്റെ ഐക്യവും എല്ലായിടങ്ങളിലും, പ്രത്യേകിച്ച് ഭിന്നതകളും ധ്രുവീകരണ ചിന്തകളും മൂലം ചിതറിക്കപ്പെട്ട സമൂഹങ്ങളിൽ, ഐക്യത്തിന്റെ സാക്ഷ്യമാകട്ടെയെന്ന് പാപ്പാ ആശംസിച്ചു.

കാർമ്മൽ മലയിലെ പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യത്തിന് ജനറൽ ചാപ്റ്റർ അംഗങ്ങളെ സമർപ്പിച്ച പാപ്പാ സമൂഹാംഗങ്ങൾക്കേവർക്കും തന്റെ ആശീർവാദവും നൽകി.

“കാർമൽ മലയിലെ അനുഗ്രഹീതയായ കന്യകാമറിയത്തിന്റെ സന്ന്യസ്തസഹോദരന്മാരുടെ ക്രമം” എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന ഈ സന്ന്യാസസമൂഹം സാധാരണയായി “കർമ്മലീത്താസഭ” എന്ന പേരിലാണ് അറിയപ്പെടുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 സെപ്റ്റംബർ 2025, 14:42