പ്രകൃതി ദുരന്ത ബാധിതരായ ഏഷ്യൻ ജനതയ്ക്കു പാപ്പായുടെ പ്രാർത്ഥനകൾ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
കഴിഞ്ഞ ദിവസങ്ങളിൽ, ഏഷ്യൻ രാജ്യങ്ങളായ, ഫിലിപ്പീൻസ്, തായ്‌വാൻ ദ്വീപ്, ഹോങ്കോംഗ് നഗരം, ഗുവാങ്‌ഡോംഗ് മേഖല, വിയറ്റ്നാം എന്നിവിടങ്ങളിൽ നാശനഷ്ടങ്ങളും, ജീവഹാനിയും വിതച്ച ചുഴലിക്കൊടുങ്കാറ്റു ദുരിതത്തിൽ വേദനയനുഭവിക്കുന്നവർക്ക്, തന്റെ പ്രാർത്ഥനകളും സാമീപ്യവും ലിയോ പതിനാലാമൻ പാപ്പാ അറിയിച്ചു. മതബോധന ജൂബിലി ആഘോഷങ്ങളുടെ അവസരത്തിൽ, സെപ്റ്റംബർ മാസം ഇരുപത്തിയെട്ടാം തീയതി ഞായറാഴ്ച്ച, ത്രികാല പ്രാർത്ഥന ചൊല്ലുന്നതിനു മുൻപാണ് പാപ്പാ പ്രത്യേകം ദുരിതത്തിൽ ഇരകളായവരെയും, കഷ്ടപ്പെടുന്നവരെയും പരാമർശിച്ചു സംസാരിച്ചത്.
"ദുരിതബാധിതരായ ജനത്തോട്, പ്രത്യേകമായും ദരിദ്രരായവരോട് എന്റെ അടുപ്പം അറിയിക്കുന്നു. ഇരകളായവർക്കും, കാണാതായവർക്കും, കുടിയിറക്കപ്പെട്ട നിരവധി കുടുംബങ്ങൾക്കും, ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന നിരവധി ആളുകൾക്കും, രക്ഷാപ്രവർത്തകർക്കും, ഭരണാധികാരികൾക്കും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. ദൈവത്തിൽ ആശ്രയിക്കാനും, ദുരിതബാധിതരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനും ഞാൻ എല്ലാവരെയും ക്ഷണിക്കുന്നു. എല്ലാ പ്രതികൂല സാഹചര്യങ്ങളെയും തരണം ചെയ്യാനുള്ള ശക്തിയും ധൈര്യവും കർത്താവ് നിങ്ങൾക്ക് നൽകട്ടെ.", ഇതായിരുന്നു പാപ്പായുടെ വാക്കുകൾ.
2025-ൽ ലോകത്തിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായിരുന്നു രാഗസാ. ഇരുപതു ലക്ഷത്തിനു അടുത്ത ആളുകളെ ചൈനയിലെ ഗുവാങ്‌ഡോംഗ് മേഖലയിൽ മാത്രം കുടിയൊഴുപ്പിക്കേണ്ടതായി വന്നു. ഫിലിപ്പൈൻസിൽ ഇരുപത്തിയഞ്ചോളം ആളുകൾ മരണപ്പെട്ടു. തായ്‌വാനിൽ പതിനാലോളം ആളുകളാണ് മരണപ്പെട്ടത്. മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ച കാറ്റും 4 മീറ്റർ വരെ ഉയരത്തിൽ എത്തിയ തിരമാലകളും ഈ നഗരങ്ങളെ പൂർണ്ണമായി സ്തംഭിപ്പിച്ചു. തായ്‌വാനിൽ 120-ലധികം പേരെ കാണാതായതായും റിപ്പോർട്ടുകൾ ഉണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
