തിരയുക

ലിയോ പതിനാലാമൻ പാപ്പായും സമർപ്പിതരും ലിയോ പതിനാലാമൻ പാപ്പായും സമർപ്പിതരും  (ANSA)

സന്ന്യസ്തസമൂഹങ്ങളിൽ സമൂഹജീവിതവും അനുസരണവും തിരിച്ചറിവുകളും പ്രധാനപ്പെട്ടതാണ്: ലിയോ പതിനാലാമൻ പാപ്പാ

അമൂല്യമായ തിരുരക്തത്തിന്റെ മിഷനറിമാർ, മാരിസ്റ് സഭ, വിമലാംബികയുടെ ഫ്രാൻസിസ്കൻ സഹോദരങ്ങൾ, വിമലാംബികയുടെ ഊർസലീൻ സഹോദരിമാർ എന്നീ നാല് സന്ന്യസ്തസമൂഹങ്ങളുടെ ജനറൽ ചാപ്റ്ററിൽ പങ്കെടുക്കാനായി റോമിലെത്തിയ സമർപ്പിതർക്ക് ലിയോ പതിനാലാമൻ പാപ്പാ വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ചു. സന്ന്യസ്തസമൂഹങ്ങളിൽ പൊതുവായ സമൂഹജീവിതത്തിനും അനുസരണത്തിനും ഏറെ പ്രാധാന്യമുണ്ടെന്നും സമർപ്പിതർ കാലത്തിന്റെ അടയാളങ്ങൾ തിരിച്ചറിഞ്ഞും ചരിത്രബോധത്തോടെയും ജീവിക്കണമെന്നും പാപ്പാ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

സന്ന്യസ്തസമൂഹങ്ങളിൽ ഒരുമിച്ചുള്ള ജീവിതശൈലിക്കും അനുസരണത്തിനും ഏറെ പ്രാധാന്യമുണ്ടെന്നും സമർപ്പിതർ കാലത്തിന്റെ അടയാളങ്ങൾ തിരിച്ചറിഞ്ഞും ചരിത്രബോധത്തോടെയും ജീവിക്കണമെന്നും ലിയോ പതിനാലാമൻ പാപ്പാ. അമൂല്യമായ തിരുരക്തത്തിന്റെ മിഷനറിമാർ (Missionaries of the Precious Blood), മാരിസ്റ് സഭ (Society of Mary),  വിമലാംബികയുടെ ഫ്രാൻസിസ്കൻ സഹോദരങ്ങൾ (Franciscan Friars of the Immaculate), വിമലാംബികയുടെ ഊർസൊലീൻ സഹോദരിമാർ (Orsoline di Maria Immacolata) എന്നീ നാല് സന്ന്യസ്തസമൂഹങ്ങളുടെ ജനറൽ ചാപ്റ്ററിന്റെ ഭാഗമായി റോമിലെത്തിയ സമർപ്പിതർക്ക് സെപ്റ്റംബർ 18 വ്യാഴാഴ്ച രാവിലെ വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ച അവസരത്തിലാണ്, സന്ന്യസ്തസമൂഹങ്ങളിൽ ഉണ്ടാകേണ്ട വിവിധ മൂല്യങ്ങളെക്കുറിച്ച് പാപ്പാ ഉദ്ബോധിപ്പിച്ചത്.

ജനറൽ ചാപ്റ്ററിന്റേത് പരിശുദ്ധാത്മാവ് നൽകുന്ന പ്രേരണയോടെ മറ്റുള്ളവരെ ശ്രവിക്കാനും, കാര്യങ്ങൾ വിവേചിച്ചറിയാനുമുള്ള ഒരു സമയമാണെന്ന് ഓർമ്മിപ്പിച്ച പാപ്പാ, വ്യത്യസ്തങ്ങളായ സമർപ്പിതജീവിതമേഖലകളിൽ ഈ സമൂഹങ്ങൾ നൽകുന്ന സാക്ഷ്യം ഏറെ പ്രധാനപ്പെട്ടതാണെന്നും, കാലത്തിന്റെ അടയാളങ്ങളെയും ആവശ്യങ്ങളെയും തിരിച്ചറിഞ്ഞ്, നിങ്ങളുടെ സഭാസ്ഥാപകർ നടത്തിയ തീരുമാനങ്ങളും സമർപ്പണവും കൂടുതൽ അർത്ഥവത്താക്കാനും ആഴപ്പെടുത്താനുമുള്ള ഒരു സമയമാണെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

സന്ന്യാസജീവിതത്തലേക്കുള്ള വിളി, നല്ലവരായ മനുഷ്യരിൽ പരിശുദ്ധാത്മാവുണർത്തുന്ന നന്മകൾ ഏറെ വർദ്ധിക്കാനും വളരാനുമുള്ള സാധ്യത നല്കുന്നതാണെന്ന് പറഞ്ഞ പാപ്പാ, നിങ്ങളുടെ പൊതുവായ സമൂഹജീവിതം വിശുദ്ധീകരണത്തിന്റെയും, മറ്റുള്ളവർക്ക് പ്രേരണ നൽകുന്നതിന്റെയും, സാക്ഷ്യത്തിന്റെയും, ശുശ്രൂഷാമേഖലയിൽ കൂടുതൽ ഊർജ്ജം പകരുന്നതിന്റെയും ഇടമാണെന്ന് ഉദ്‌ബോധിപ്പിച്ചു.

സമൂഹജീവിതത്തിന്റെ ഭാഗമായ അനുസരണം എന്നത് സ്നേഹത്തിന്റെ ഒരു പ്രവൃത്തിയാണെന്ന് പരിശുദ്ധ പിതാവ് സമർപ്പിതരെ ഓർമ്മിപ്പിച്ചു. തന്റെ പിതാവുമായുള്ള ബന്ധത്തിലൂടെ ക്രിസ്തു കാണിച്ചുതരുന്നതും ഇതുതന്നെയാണ്. സ്വന്തം സ്വാതന്ത്ര്യം ഉപേക്ഷിക്കുക എന്ന രീതിയിലാണ് ഇന്ന് അനുസരണത്തെ പലരും കണക്കാക്കുന്നതെന്ന് ഓർമ്മിപ്പിച്ച പാപ്പാ, എന്നാൽ മറ്റുള്ളവർ വളരാൻവേണ്ടി നമ്മുടെ ഹിതങ്ങളെ മാറ്റിവയ്ക്കുകയെന്ന കൂടുതൽ മഹത്തരമായ ഒരു അർത്ഥം അനുസരണത്തിനുണ്ടെന്ന് ഉദ്‌ബോധിപ്പിച്ചു. ലോകത്ത് ത്യാഗത്തിന്റെയും നീണ്ടുനിൽക്കുന്ന ബന്ധങ്ങളുടെയും മൂല്യം തിരിച്ചറിയാൻ സഹായിക്കുന്ന ഒരു പാത തുറക്കാൻ, സ്നേഹത്തിലുള്ള സ്വാതന്ത്രത്തിന്റെ പഠനയിടമായ അനുസരണത്തിന് സാധിക്കും.

പരിശുദ്ധാത്മാവിന്റെ പ്രേരണയിൽ കാലത്തിന്റെ അടയാളങ്ങളെ തിരിച്ചറിയാൻ നിങ്ങളുടെ സഭാസ്ഥാപകർക്ക് സാധിച്ചതുകൊണ്ടും, അവയ്ക്ക് അവർ പ്രാധാന്യം കൊടുത്തതുകൊണ്ടുമാണ് വിവിധ സന്ന്യസ്തസഭകൾ ഇന്നുള്ളതെന്നും, സഹോദരങ്ങളിൽ ദൈവത്തിന്റെ സ്വരം കേട്ട്, അവരുടെ ആവശ്യങ്ങളിൽ സഹായിക്കാൻ വേണ്ടി, വിവിധ ത്യാഗങ്ങൾ ഏറ്റെടുത്താണ് അവർ മുന്നോട്ടിറങ്ങിയതെന്നും പാപ്പാ ഓർമ്മിപ്പിച്ചു.. അതുകൊണ്ടുതന്നെ അത്തരം തുടക്കങ്ങളെക്കുറിച്ച് അനുസ്മരിക്കുന്നതും, അവയുടെ അടിസ്ഥാനത്തിൽ ശുശ്രൂഷ ചെയ്യുന്നതും പ്രധാനപ്പെട്ടതാണെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിങ്ങൾ ചെയ്യുന്ന അനവധിയായ നന്മകൾ മനുഷ്യരുടെ കണ്ണുകൾ കാണണമെന്ന് നിർബന്ധമില്ലെങ്കിലും അവ ദൈവം തിരിച്ചറിയുന്നുണ്ടെന്ന് ഓർമ്മിപ്പിച്ച പാപ്പാ, വിശ്വാസപൂർവ്വം ഉദാരതാമനോഭാവത്തോടെ തങ്ങളുടെ ശുശ്രൂഷ തുടരാൻ സന്ന്യസ്തരെ ആഹ്വാനം ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 സെപ്റ്റംബർ 2025, 14:44