തിരയുക

പൊതുകൂടിക്കാഴ്ചാവേളയിൽ ലിയോ പതിനാലാമൻ പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽ ലിയോ പതിനാലാമൻ പാപ്പാ   (ANSA)

മനുഷ്യജീവിതത്തിന്റെ നിലവാരം, നേട്ടങ്ങളെയല്ല മറിച്ച് സ്നേഹത്തെ ആശ്രയിച്ചാണുള്ളത്: ലിയോ പതിനാലാമൻ പാപ്പാ

തലച്ചോറിലെ നാഡീകോശങ്ങളെയും സുഷുമ്നയെയും ബാധിക്കുന്ന അമിയോട്രോഫിക് ലാറ്ററൽ സ്ക്ലിറോസിസ് (എ എൽ എസ്) രോഗബാധിതർക്കു വേണ്ടി, ലെസ് ടർണർ എഎൽഎസ് ഫൗണ്ടേഷൻ,"ജീവിതത്തിനായി സഞ്ചരിക്കുക" എന്ന പേരിൽ ചിക്കാഗോയിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തവരെ ലിയോ പതിനാലാമൻ പാപ്പാ അഭിസംബോധന ചെയ്തു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ലെസ് ടർണർ എഎൽഎസ് ഫൗണ്ടേഷൻ, തലച്ചോറിലെ നാഡീകോശങ്ങളെയും സുഷുമ്നയെയും ബാധിക്കുന്ന അമിയോട്രോഫിക് ലാറ്ററൽ സ്ക്ലിറോസിസ് (എ എൽ എസ്) രോഗബാധിതർക്കു വേണ്ടി, ചിക്കാഗോയിൽ സംഘടിപ്പിച്ച  സമ്മേളനത്തിൽ സംബന്ധിക്കുന്നവരെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ലിയോ പതിനാലാമൻ പാപ്പായുടെ വീഡിയോ സന്ദേശത്തിൽ, മോട്ടോർ ന്യൂറോൺ രോഗങ്ങളെ മനസ്സിലാക്കുന്നതിനും, അവ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനും പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞരെയും ഗവേഷകരെയും അഭിനന്ദിക്കുകയും, അവർക്ക് നന്ദിയർപ്പിക്കുകയും ചെയ്തു.  ഗവേഷകരും, പരിചരണത്തിൽ ഉൾപ്പെടുന്നവരും, രോഗബാധിതരും, അവരുടെ കുടുംബാംഗങ്ങൾ തുടങ്ങിയവർ സമ്മേളനത്തിൽ സംബന്ധിച്ചു.

"ഒരു കലാകാരനെ അവന്റെ സർഗ്ഗാത്മകത ഉപയോഗിക്കുന്നതിൽ നിന്ന് തടയാൻ കഴിയുന്നില്ലെങ്കിൽ, ശാസ്ത്ര സാങ്കേതിക വിദ്യയുടെ പുരോഗതിക്കായി  ദൈവം നൽകിയ പ്രത്യേകമായ  കഴിവുകൾ ആർജ്ജിച്ചവരെ  മറ്റുള്ളവരുടെ സേവനത്തിനായി ഉപയോഗിക്കുന്നതിൽ നിന്നും തടയരുത്", എന്ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പപ്പയുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് പാപ്പാ പറഞ്ഞു. ഇസ്ലാം മതവിശ്വാസത്തിൽ, പരിചരണത്തിൽ ഏർപ്പെടുന്നവർ മാലാഖമാരാണെന്നു പ്രത്യേകം എടുത്തു പറയുന്നതുപോലെ, ഈ രോഗം ബാധിച്ചവരെ ശുശ്രൂഷിക്കുന്നവർ മാലാഖമാരാണെന്നു താൻ  വിശ്വസിക്കുന്നുവെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.

ഭക്തി, അറിവ്, വൈദഗ്ധ്യം  എന്നിവയ്ക്ക് പുറമെ ഈ രോഗികൾക്ക് നൽകുന്ന വ്യക്തിപരവും, ത്യാഗപൂർണ്ണവുമായ പരിചരണം, മനുഷ്യത്വത്തിന്റെ ഏറ്റവും മികച്ച മാതൃകയാണെന്നും, അതിനാൽ അവരാണ് നല്ല സമരിയക്കാരെന്നും പാപ്പാ പറഞ്ഞു.

തുടർന്ന് രോഗം ബാധിച്ചവരോട്, തന്റെ ചിന്തകളിലും, പ്രാർത്ഥനകളിലും അവർക്ക്  ഒരു പ്രത്യേക സ്ഥാനമുണ്ടെന്നു എടുത്തു പറഞ്ഞു. മനുഷ്യജീവിതത്തിന്റെ ഗുണനിലവാരം നേട്ടത്തെ ആശ്രയിച്ചല്ലായെന്നും മറിച്ച് സ്നേഹത്തെ മാത്രം ആശ്രയിച്ചാണെന്നു പാപ്പാ പറഞ്ഞു. സഹനങ്ങളിൽ മനുഷ്യസ്നേഹത്തിന്റെ അഗാധത ഉൾക്കൊള്ളുവാനും, തങ്ങൾക്ക് ലഭിക്കുന്ന  പരിചരണത്തിന് കൃതജ്ഞതയോടെ വർത്തിക്കുവാനും രോഗത്തിന്റെ ഈ കാലഘട്ടം സഹായിക്കട്ടെയെന്നും, അപ്രകാരം, സൃഷ്ടിയുടെ സൗന്ദര്യത്തെയും, ലോകത്തിലെ ജീവിതത്തെയും, സ്നേഹത്തിന്റെ രഹസ്യാത്മകതയും മനസിലാക്കുവാൻ സാധിക്കട്ടെയെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു.

നിരാശയിൽ നിന്നും മോചിതരാകണമെന്നും, അതിനായി താൻ  പ്രാർത്ഥിക്കുന്നുവെന്നും പാപ്പാ വാത്സല്യപൂർവ്വം അടിവരയിട്ടു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 സെപ്റ്റംബർ 2025, 16:09